ഇരുപത്തഞ്ചുവര്‍ഷം പഴക്കമുള്ള വീട്ടിലാണ് കുടുംബസമേതം താമസിക്കുന്നത്. വീടിന്റെ ചുറ്റുമതിലിനോടു ചേര്‍ന്ന് പടിഞ്ഞാറുഭാഗം ഉയര്‍ന്ന ഭൂമിയാണ്. ഇവിടെ മുമ്പേ തന്നെ വറ്റാത്തൊരു നീരുറവ ഉണ്ട്. വീടു പണികഴിപ്പിച്ചപ്പോള്‍ ഈ നീരുറവ കോമ്പൗണ്ടിനകത്താക്കിയാണ് പണിതത്. വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് ഇതു നിലനില്‍ക്കുന്നത്. നീരുറവയുടെ സ്ഥാനം തെറ്റാണെന്ന് പലരും അഭിപ്രായപ്പെടുന്നു. നല്ല കണ്ണീരുപോലുള്ള വെള്ളമാണ്. വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളവും ഇതാണ്. ഇക്കാര്യത്തില്‍ വേണ്ട ഉപദേശം തരുമോ?
പ്രകൃതിദത്തമായുള്ള നീരുറവകള്‍ ഒരു കാരണവശാലും നശിപ്പിക്കരുത്. വീടു പണിഞ്ഞ സമയത്ത് ഈ നീരുറവ കോമ്പൗണ്ടിന് പുറത്താക്കി മതില്‍ കെട്ടിയാല്‍ മതിയായിരുന്നു. കിണറിന്റെ സ്ഥാനങ്ങള്‍ നോക്കുമ്പോള്‍ ഈ സ്ഥാനം തെറ്റാണെങ്കിലും പ്രകൃതിയുടെ കണക്കില്‍ സ്ഥാനം ശരിയാണ്. കഴിയുമെങ്കില്‍ പ്രസ്തുത ഊറ്റുകുഴി ചെറിയ മതില്‍കെട്ടി വീടുമായിട്ടു വേര്‍തിരിക്കുക. അവിടെ കയറുന്നതിനുള്ള വഴി വടക്കു ഭാഗത്തോ കിഴക്കു ഭാഗത്തോ കൊടുക്കുക. അനാവശ്യമായ ഭീതിയും ആശങ്കയും ഒഴിവാക്കുക.
മൂന്നുവര്‍ഷം പഴക്കമുള്ള ഒരു വീട് വാങ്ങി താമസം തുടങ്ങിയ ശേഷം വീട്ടിലുള്ളവര്‍ക്ക് അസുഖങ്ങളാണ്. ഒരു വാസ്തുപണ്ഡിതന്‍ വീടു പരിശോധിച്ച്, വീടിനകത്തു കുറച്ച് ക്രമീകരണങ്ങള്‍ ചെയ്യാന്‍ പറഞ്ഞു. അതെല്ലാം ചെയ്‌തെങ്കിലും പ്രശ്‌നം തീര്‍ന്നിട്ടില്ല. വീടിന്റെ ചുമരില്‍നിന്നും നാലടി വിട്ടു വീടിന്റെ മൂന്നു ഭാഗത്തും ചുറ്റിവരുന്ന രീതിയില്‍ ഓട നിര്‍മിച്ചിട്ടുണ്ട്. ആ വെള്ളം തെക്കോട്ടാണ് ഒഴുകിപ്പോകുന്നത്. ഇതു ദോഷമുണ്ടാക്കുമൈങ്കില്‍ പ്രതിവിധി നിര്‍ദേശിക്കാമോ?
വീടിന്റെ അകത്തുള്ള വാസ്തുദോഷം പരിഹരിച്ചിട്ടുണ്ടെങ്കില്‍, ഓട തന്നെയാണു പ്രശ്‌നക്കാരന്‍. വീടു പണിഞ്ഞ്, അതിനുചുറ്റും മതില്‍ കെട്ടി കഴിഞ്ഞാല്‍ അതൊരു വാസ്തുമണ്ഡലമായി മാറും. അതിനകത്തുള്ള പ്രാപഞ്ചികോര്‍ജമായാലും ഭൗമോര്‍ജമായാലും അതു ക്രമമായി വീടിനുള്ളിലേക്കു വമിക്കണം. വീടിനു ചുറ്റും ഓട പണിഞ്ഞു തെക്കോട്ടു വെള്ളം പോകേണ്ട വഴി ഉണ്ടാക്കി ഇട്ടാല്‍ നിലവിലുള്ള ഊര്‍ജപ്രവാഹം മൊത്തം എര്‍ത്തായി പോകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഒരു കാരണവശാലും തെക്കോട്ടു വെള്ളം ഒഴുക്കിവിടാന്‍ പാടില്ലാത്തതാണ്.
നാല്‍പ്പതുസെന്റ് ഭൂമിയില്‍, താമസിക്കുന്ന വീടും വീടിന്റെ വടക്കു ഭാഗത്തായി ഗൃഹനാഥന്‍ നടത്തിക്കൊണ്ടിരിക്കുന്ന നെയ്‌ത്തുശാലയും ഉണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നെയ്‌ത്തുശാല പ്രവര്‍ത്തിക്കുന്നില്ല. നല്ല രീതിയില്‍ ഫൗണ്ടേഷനും ചുമരുകളും കെട്ടി പണികഴിപ്പിച്ച ഹാളാണ്. ഇതു വീടാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
നെയ്‌ത്തുശാല അതല്ലെങ്കില്‍ ഇതു പോലെയുള്ള സ്ഥാപനങ്ങള്‍ വീടാക്കിമാറ്റുവാന്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രധാന ബെഡ്‌റൂമുകള്‍ എടുക്കുമ്പോഴും അടുക്കളയുടെ സ്ഥാനം നിര്‍ണയിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. നിലവിലുള്ള പൂമുഖവാതില്‍ മാറ്റി ഗൃഹാന്തരീക്ഷത്തിനു അനുയോജ്യമായ രീതിയില്‍ മുന്‍വാതില്‍ കൊടുക്കേണ്ടതാണ്. വീടിന്റെ തറ ലെവല്‍ ഒരേ രീതിയില്‍ തന്നെയായിരിക്കണം. വീടാക്കി മാറ്റുമ്പോള്‍ ചുറ്റളവു കൃത്യമായിരിക്കണം. വാഹനം കൊണ്ടിടുന്ന ദിക്കും അനുയോജ്യമായിരിക്കണം. നല്ല സൂര്യപ്രകാശവും വായുവും കടക്കത്തക്കവിധത്തില്‍ വാതിലും ജനലുകളും കൊടുക്കണം. ഒരു വാസ്തുപണ്ഡിതനെ കാണിച്ചശേഷം വീടാക്കി മാറ്റുന്നതാണ് ഉത്തമം.
അഞ്ചുവര്‍ഷം പഴക്കമുള്ള വീട് വിലയ്‌ക്കു വാങ്ങി. അതിനകത്തെ കാര്യങ്ങള്‍ എല്ലാം വാസ്തുശാസ്ത്രത്തിനു വിരുദ്ധമായിട്ടാണ് നില്‍ക്കുന്നത്. അതെല്ലാം ശരിയാക്കാന്‍ ഉദ്ദേശിക്കുകയാണ്. വാസ്തുനിയമാനുസരണം അകത്തെ ക്രമീകരണങ്ങള്‍ ഏതു രീതിയില്‍ ആയിരിക്കണം?
ആദ്യമായി വീടിന്റെ പൂമുഖവാതില്‍ ഉച്ചസ്ഥാനത്തു മാറ്റണം. പൂമുഖവാതിലിനു നേരെ പില്ലറുകളോ അകത്ത് സ്‌റ്റെയര്‍കെയ്‌സ് വന്നിറങ്ങുന്ന ഭാഗമോ ഉണ്ടാകാന്‍ പാടില്ല. സ്‌റ്റെയര്‍കെയ്‌സ് ക്ലോക്ക് വൈസില്‍ ആയിരിക്കുന്നതാണ് ഉത്തമം. പൂജാമുറി എടുക്കുന്നുണ്ടെങ്കില്‍ വടക്കുകിഴക്ക് ഭാഗമായ ഈശാനകോണില്‍ വരു ന്നതാണ് ഉത്തമം. പ്രധാന ബെഡ്‌റൂം തെക്കു പടിഞ്ഞാറ് കന്നിമൂലയില്‍ വരുന്നതാണ് ഉത്തമം. അടുക്കള തെക്കുകിഴക്ക് അഗ്നികോണിലോ വടക്കുകിഴക്കു ഈശാനകോണിലോ വരുന്നതാണ് ഉത്തമം. പഴയ വീട് മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ ഈ രീതിയില്‍ ക്രമീകരിക്കുന്നതാണു നല്ലത്.
ഇരുപതുവര്‍ഷം പഴക്കമുള്ളൊരു വീട്. ആദ്യം വീടുപണിഞ്ഞപ്പോള്‍ 400 സ്‌ക്വയര്‍ഫീറ്റ് മാത്രമുള്ളതായിരുന്നു. പലപ്രാവശ്യമായി എക്സ്റ്റന്റ് ചെയ്ത് ഇപ്പോള്‍ 1200 സ്‌ക്വയര്‍ഫീറ്റ് ആയി. വീടിനകത്തെ തറനിരപ്പ് കയറിയും ഇറങ്ങിയുമുള്ള നിലയിലാണ്. അടുത്ത കാലത്ത് തെക്കുഭാഗത്തായി ഒരു മുറി കൂടി എക്സ്റ്റന്റ് ചെയ്തു. ഇപ്പോള്‍ കുടുംബത്തിന്റെ അവസ്ഥ കഷ്ടപ്പാടു നിറഞ്ഞതാണ്. സാമ്പത്തിക ക്ലേശങ്ങളും ആരോഗ്യപ്രശ്‌നങ്ങളും വല്ലാതെ അലട്ടുന്നു. വീടിനു ശക്തമായ വാസ്തുദോഷമുണ്ടെന്നറിയാം. പരിഹാരം നിര്‍ദേശിക്കാമോ?
വീടിന്റെ അവസ്ഥയില്‍ നിന്നും അവിടെ, ശരിയായ രീതിയിലുള്ള ഊര്‍ജപ്രവാഹം കിട്ടുന്നില്ല എന്നതാണ്. ഭൗമോര്‍ജവും പ്രാപഞ്ചികോര്‍ജവും വീടിന് പ്രാണവായുവാണ്. അതില്‍ വസിക്കുന്ന മനുഷ്യര്‍ക്കും ഇതു ബാധകമാണ്. വീടിന്റെ തറനിരപ്പ് ഒരേ ലെവലില്‍ അല്ലെങ്കില്‍ ഭൗമോര്‍ജം വികര്‍ഷിക്കും. കൂടാതെ ക്രമംതെറ്റിയുള്ള ജനല്‍, വാതിലുകള്‍ അവശ്യം വേണ്ട ഊര്‍ജപ്രവാഹത്തെ ശരിയായ രീതിയില്‍ കടത്തിവിടുകയില്ല. പല പ്രാവശ്യങ്ങളായി ഒരു ഗൃഹം എക്സ്റ്റന്റ് ചെയ്യുന്നതു ദോഷകരമാണ്. വാസ്തുദോഷം അറിയാവുന്ന വ്യക്തിയെ കാണിച്ചു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്, ഉത്തമം.
ഒരു ക്ലിനിക്ക് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നു. പ്രസ്തുത പ്ലാനില്‍ വാസ്തുശാസ്ത്രപരമായി എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം?
കെട്ടിടത്തിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറ് ആയിരിക്കണം പരിശോധനാമുറി. ഡോക്ടര്‍ രോഗികളെ പരിശോധിക്കേണ്ടതു കിഴക്ക് അല്ലെങ്കില്‍ വടക്കുനോക്കി നിന്നുവേണം. മെഡിക്കല്‍ യന്ത്രങ്ങള്‍ സജ്ജീകരിക്കേണ്ടതു വലിയ ഹാള്‍ ആണെങ്കില്‍ തെക്കു കിഴക്ക് ഭാഗത്തായിരിക്കണം. പെട്ടെന്ന് അസുഖം ഭേദമാകാന്‍ രോഗികളെ തെക്കുപടിഞ്ഞാറ് മുറിയില്‍ കിടത്തുന്നത് ഉത്തമം. രോഗികളുടെ തല തെക്കോട്ട് വരത്തക്കവിധത്തില്‍ കിടത്തുന്നത് നല്ലതാണ്. തീവ്രപരിചരണവിഭാഗമുറിയും തെക്കുപടിഞ്ഞാറ് വരുന്നത് ഉത്തമമാണ്. ഓപ്പറേഷന്‍ തിയേറ്ററുകള്‍ കിഴക്കുഭാഗത്തും പടിഞ്ഞാറ് ഭാഗത്തും വരുന്നത് ഉത്തമം. ക്ലിനിക്കുകള്‍ സമചതുരമായോ ദീര്‍ഘചതുരമായോ പണിയുന്നത് ഊര്‍ജപ്രവാഹം ക്രമീകരിക്കുവാന്‍ സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: