പൂഷന്നേകര്‍ഷേ യമ സൂര്യ
പ്രാജാപത്യ വൂഹ രശ്മീന്‍ സമൂഹ
തേജോ യത്തേ രൂപം കല്യാണതമം തത്തേ
പശ്യാമി യോസാവസൗ പുരുഷഃ സോ ളഹമസ്മി
(ശ്ലോകം 16)
(അല്ലയോ പൂഷാവേ… ലോകത്തെ പോഷിപ്പിക്കുന്നവനേ, ഒറ്റയ്ക്ക് ഗമിക്കുന്നവനേ, എല്ലാറ്റിനെയും നിയന്ത്രിക്കുന്നവനേ.., അല്ലയോ സൂര്യ… എല്ലാ രസങ്ങളെയും സ്വീകരിക്കുന്നവനേ, പ്രജാപതിപുത്രാ… രശ്മികളെ ഒതുക്കിനിര്‍ത്തിയാലും, താപകമായ ജ്യോതിസ്സിനെ ഉപസംഹരിച്ചാലും. അങ്ങയുടെ മംഗളതമമായ രൂപം യാതൊന്നാണോ അതിനെ അങ്ങയുടെ ഞാന്‍ കാണുന്നു. യാവനൊരുത്തനാണോ ഈ പുരുഷന് അവന് ഈ ഞാന്‍ തന്നെയാകുന്നു.)
കഴിഞ്ഞഭാഗം, ജനിക്കുകയും വിദ്യ അഭ്യസിക്കുകയും ചെയ്യുന്ന മനുഷ്യന്റെ ബാലഭാവമായിരുന്നു. അതുകൊണ്ടാണ് പ്രഭാതത്തിലെ (സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള) സൂര്യനോട് നടത്തുന്ന ഒരു പ്രാര്‍ത്ഥനയായി അത് അവതരിപ്പിച്ചത്. വസ്തുക്കളെ കാണേണ്ട രീതിയാണ് അവിടെ പഠിച്ചത്. ഇവിടെ, പഠനകാലം കഴിഞ്ഞു. ഇനി എന്താണോ പഠിച്ചത് അത് പ്രയോഗത്തില്‍ വരുത്തേണ്ട മനുഷ്യ ജീവിതത്തിലെ കര്മ്മദശയുടെ ഘട്ടമാണ്. അതായത് സൂര്യന് വളര്‍ന്ന് കഴിഞ്ഞു.
‘അല്ലയോ സൂര്യാ… ലോകത്തെ പോഷിപ്പിക്കുന്നവനേ…’ (ശരിയാണ്, ഈ ലോകത്തെ പോഷിപ്പിക്കുന്നത് ഈ കാണുന്ന നക്ഷത്രമായ സൂര്യന് തന്നെയാണ്. ഈ ഭൂമിയ്ക്കും ഇതിലെ ആവാസവ്യവസ്ഥയ്ക്കുമെല്ലാം ഒറ്റ ഉത്തരമേയുള്ളൂ അത് ഈ സൂര്യനാണ്. ഇതിന്റെ ഊര്‍ജ്ജ വിന്യാസത്താലാണ് എല്ലാം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യപ്പെടുന്നത്). ‘ഒറ്റയ്ക്ക് ഗമിക്കുന്നവനേ…’ (അതും ശരിയാണ് ഒരു കൂട്ടില്ലാതെയാണ് ഇവന് സഞ്ചരിക്കുന്നത്). ‘എല്ലാറ്റിനെയും നിയന്ത്രിക്കുന്നവനേ…’ (അത് ശരിയാകില്ല. സൗരയൂഥത്തിലുള്ളവ മാത്രമാണ് സൂര്യന്റെ നിയന്ത്രണത്തില്‍ വരുന്നത്. കോടാനുകോടി സൂര്യന്മാരായ നക്ഷത്രങ്ങള്‍ അടങ്ങിയ ഈ ബ്രഹ്മാണ്ഡത്തിന്റെ മൂഴുവന്‍ നിയന്ത്രണവും സൂര്യനിലല്ല). അതായത് വ്യാവഹാരികതലത്തിലുള്ള ഒരു സൂര്യനെയല്ല ഇവിടെ കാണൂന്നതും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതും. അത് പാരമാര്ത്ഥികതലത്തിലുള്ള മറ്റൊരു ജ്യോതിസ്സാണ്. അതിനെയാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നവനെന്ന് വിശേഷിപ്പിച്ചത്. പക്ഷെ പാരമാര്‍ത്ഥികമായ ജ്യോതിസ്സ് സഞ്ചരിക്കുന്നില്ലല്ലോ? ഇല്ല…, എന്നാല്‍ സഞ്ചരിക്കുന്നവയെയെല്ലാം പിന്നിലാക്കി അവന് ഇപ്പോഴേ അവിടെയുണ്ട്. എവിടെ? ഇവിടെ ഒരിടത്ത് നിന്നുകൊണ്ട് അവന് ഓടാതെ ഓടി എല്ലാത്തിനേയും തോല്‍പ്പിക്കുകയാണ്. അതായത് നിസംഗനായി നിന്ന് സൃഷ്ടി ചെയ്യുന്നതിനാലാണ് ഒറ്റയ്ക്ക് ഗമിക്കുന്നവനും എല്ലാറ്റിനെയും നിയ ന്ത്രിക്കുന്നവനുമായി പറഞ്ഞത്.
‘അല്ലയോ സൂര്യ എല്ലാ രസങ്ങളെയും സ്വീകരിക്കുന്നവനേ…’ (ഈ സൂര്യനിലുള്ള അഗ്നി തന്നെയാണ് എന്നില്‍ ജഢരാഗ്നിയായി നില്ക്കുന്നതും. ആ അഗ്നിയാണല്ലോ ആഹാരത്തില്‍ നിന്ന് ഊര്‍ജ്ജത്തെ വേര് തിരിക്കുന്ന, എന്നിലെ ദഹനത്തെ നടത്തു ന്നത്. അതായത് ഒരേ അഗ്നി തന്നെയാണ് ഊര്‍ജ്ജത്തെ ഉണ്ടാക്കുന്നതും അതിനെ അനുഭവിക്കുന്നതും. ഇതുതന്നെയാണ് ഈശ്വരന്റെ നിലയും. സൃഷ്ടിയായി നില്‍ക്കുകയും സൃഷ്ടിയുടെ ഉള്ളില്‍ കയറി എല്ലാത്തിനേയും അനുഭവിക്കുന്നതും ഒരാള്‍ തന്നെയാണ്. അങ്ങനെയാണ് അവന് എല്ലാ രസങ്ങളെയും സ്വീകരിക്കുന്നവനായത്). ‘പ്രജാപതിപുത്രാ… രശ്മികളെ ഒതുക്കിനിര്‍ത്തിയാലും…’ (ഇവിടെ എന്തുണ്ടോ അതെല്ലാം കാലരൂപനായ ആ സംവത്സരപ്രജാപതിയുടെ സൃഷ്ടിയാണ്, അവന്റെ സന്താനങ്ങളാണ്. ഇതില്‍ ഒരു സന്താനമായ എനിക്ക് അവനെ കാണുവാനും അനുഭവിക്കാനും കഴിയാത്ത വിധം തീക്ഷ്ണമായ രശ്മികളെ വമിച്ചുകൊണ്ട്, മറ്റൊരു പുത്രനായ ഈ സൂര്യന് നില്‍ക്കുകയാണ്… അതിനെ ഒന്ന് ഒതുക്കിനിര്‍ത്തൂ..) ‘താപകമായ ജ്യോതിസ്സിനെ ഉപസംഹരിച്ചാലും…’ (ഈ ചൂടോടു കൂടി തിളങ്ങി നില്ക്കുന്ന മുഖാവരണത്തെ/മുഖംമൂടിയെ ഒന്ന് മാറ്റിതരൂ.. എന്തെന്നാല്‍ ‘അങ്ങയുടെ ഈ ഞാന്‍, ലോകത്തെ മുഴുവനും ജീവസുറ്റതാക്കുമ്പോഴും ഇവിടുത്തെ കണ്ണുകളില്‍ നിന്ന് മറയ്ക്കപ്പെടുന്ന നിന്റെ മംഗളതമമായ രൂപത്തെ, ഈ വിഗ്രഹത്തിന് പിന്നില്‍ വ്യക്തമായി കാണുന്നുണ്ട്.’
ഉള്ളില്‍ ഈ പ്രാര്‍ത്ഥനയുമായി കര്‍മ്മവഴികളിലൂടെ നാളുകള്‍ താണ്ടിയ അവന് കുഞ്ഞ് ഒരുനാള്‍ അവനിലെത്തി; സ്വയം കണ്ടെത്തി. സൂര്യനിലെ ദേവതയെ കണ്ടറിഞ്ഞപ്പോള്‍ വെളിവായത് തന്നെ തന്നെയാണ്. കാരണം, സൂര്യനെ സൂര്യനാക്കുന്ന അതേ ഇച്ഛ തന്നെയാണല്ലോ ഇവിടെ എന്നെ ഞാനാക്കുന്നതും. ഒരേ സത്ത തന്നെയാണ് ഞാനായും ലോകമായും വിളങ്ങുന്നതെന്ന് അനുഭവമായി… (അങ്ങനെയാണ് അവനെ അറിഞ്ഞവന്, എല്ലാം അറിയപ്പെട്ടവനായി തീരുന്നത്)
‘അല്ലയോ ആദിത്യമണ്ഡലസ്ഥനായ ദേവാ നീ തന്നെയാണ് ഈ ഞാന്‍… ഞാന്‍ തന്നെയാണ് ആ നീ…. (തത്ത്വമസി)’.
നോക്കൂ… ഈ വരികളില്‍ നിന്ന് ആദ്ധ്യാത്മികതയേയും ഭൗതികതയേയും നിങ്ങള്‍ക്ക് വേര്‍തിരിക്കുവാന്‍ കഴിയില്ല, വിദ്യയും അവിദ്യയും ഒന്ന് ചേര്‍ന്നിരിക്കുന്ന ദര്‍ശനമാണിത്. വാതകഗോളമായ സൂര്യനില്‍, ഈ ലോകത്തെ ഒന്നാകെ പോഷിപ്പിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ ആത്മജ്യോതിസ്വരൂപനെ ചേര്‍ത്താണ് നിര്‍ത്തിയിരിക്കുന്നത്. ഈ സൂര്യനിലൂടെ പ്രവഹിക്കുന്ന അവന്റെ ഊര്‍ജ്ജമാണ് എല്ലാ ശരീരങ്ങളായും, അവയുടെ ഉള്പ്പൊരുളായും നിന്ന് ജ്വലിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ ജീവിതത്തിലെ കര്മ്മദശയെ, അവനെ അനുഭവപ്പെ ടുത്തേണ്ട കാലങ്ങളാക്കി മാറ്റൂ.
ലോകമാകുന്ന വിഗ്രഹത്തിലൂടെ ഓരോരുത്തരും ജീവിതം കൊണ്ട് അവരവരുടെ ആത്മാവില്‍ എത്തിച്ചേരണം. മനുഷ്യരായ നമ്മുടെ അന്ത്യവിശ്രമസ്ഥാനം അവിടെയാണ്.
‘ഈശാവാസ്യമിദം സര്‍വ്വം’ എന്ന ദര്‍ശനമാണ് എല്ലാ ദേവതാരാധനയ്ക്കും പിന്നിലുള്ളത്. അതറിഞ്ഞ് നീ ചരിക്കുമ്പോള്‍, ദേവന്മാരാല് പ്രവര്‍ത്തിക്കുന്ന ഈ പ്രകൃതിയും, ‘നീ’യാകുന്ന ദേവന് അഭിമുഖമായി ചരിക്കും. ഈ ലോകത്തിനെ, നീ ഭൗതിക ബുദ്ധിയാല്‍ നോക്കിയാല്‍ ഇതെല്ലാം ഭൗതികമാണ്. എന്നാല്‍ കാഴ്ച ആദ്ധ്യാത്മികമായാല് ഇതെല്ലാം ആദ്ധ്യാത്മികവുമാകും. അപ്പോഴേ, ചുറ്റുമുള്ളവയ്ക്ക് നിന്നെ തന്നെ വെളിപ്പെടുത്തുവാനുള്ള ശക്തിയുണ്ടാകൂ.
പക്ഷെ നമ്മള് പഠിച്ചു വരുന്ന ഇന്നത്തെ ശാസ്ത്രവും പൂര്‍വികര്‍ പറഞ്ഞു തരുന്ന ശാസ്ത്രവും തമ്മില്‍ വ്യക്തമായ ഒരു അന്ത രമുണ്ട്. അത് ഇന്നത്തെ ശാസ്ത്രം ഈ സൃഷ്ടിക്ക് പുറകില്‍ ഒരു ഇച്ഛയെ കാണുന്നില്ല. എന്നാല്‍ ഭാരതീയര്‍ അങ്ങനെ ഒന്നിനെ വ്യക്തമായി കണ്ടു, ആ കാഴ്ചയില്‍, ഇച്ഛാരൂപിയായ ഈശ്വരന് തന്നെയാണ് ഇവിടെ യുള്ള എല്ലാ നാമരൂപങ്ങളുമായിരിക്കുന്നതെന്ന് അവര്‍ക്ക് ബോധ്യമായി. സര്‍വ്വതിനും കാരണഭൂതനായ ഈശ്വരനെ എങ്ങും കണ്ടപ്പോള്‍…, എല്ലാത്തിനും മുമ്പില്‍ തൊഴുത് നില്‍ക്കുകയും, അവരുടെ ജീവിതശാസ്ത്രത്തില്‍ അവന് മുഖ്യസ്ഥാനത്തെ നല്‍കുകയും ചെയ്തു. നമുക്കും, ആ കാഴ്ചയാണ് വേണ്ടത്. എന്തെന്നാല്‍, ഓരോ മനുഷ്യനും. പ്രപഞ്ചം ഇട്ടിരിക്കുന്ന ഓരോ കടങ്കഥകളാണ്. ജീവിതം കൊണ്ട് മാത്രം ഉത്തരം കണ്ടെത്തേണ്ട കടങ്കഥകള്‍.
സര്‍വ്വതിനും പുറകിലുള്ള ആ ബുദ്ധി വൈഭവത്തെ അനുഭവപ്പെടുത്തിയ ഒരു ജനതയുടെ പിന്‍ഗാമികളെ, ആധുനികമായ ശാസ്ത്രസത്യങ്ങള്‍ പഠിപ്പിക്കേണ്ട രീതി കണ്ടെത്തുവാന്‍ നമുക്ക് കഴിഞ്ഞില്ല. അതുകാരണം നമ്മുടെ പഠിപ്പ് തന്നെയാണ് നമ്മളെ വീഴ്ത്തികൊണ്ടിരിക്കുന്നത്. ചുറ്റുമുള്ള ദിവ്യത്വത്തെ കാണുവാന്‍ കഴിയാത്ത നമ്മുടെ കണ്ണുകളില്‍ നിന്നും മറയുന്നത്, ജീവിതത്തിന്റെ അര്‍ത്ഥവും സ്വന്തം ദിവ്യത്വവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: