Categories: Kerala

കര്‍ണാടക സംഗീതജ്ഞന്‍ മാങ്ങാട് കെ. നടേശന്‍ അന്തരിച്ചു

Published by

തൃശ്ശൂര്‍: കര്‍ണാടക സംഗീതജ്ഞന്‍ മാങ്ങാട് കെ. നടേശന്‍(90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു മരണം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

കൊല്ലം മാങ്ങാട് സ്വദേശിയായ അദ്ദേഹം ആകാശവാണിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് തൃശ്ശൂരില്‍ സ്ഥിരതാമസമാക്കിയത്. ആകാശവാണിയില്‍ നിരവധി കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്നാണ് സംഗീതം അഭ്യസിച്ചത്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ 2016ല്‍ സ്വാതി സംഗീത പുരസ്‌കാരം നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്‌ന ഫെലോഷിപ്, സംഗീതകലാ ആചാര്യ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ 86 കലാകാരന്മാര്‍ക്ക് പ്രഖ്യാപിച്ച പ്രത്യേക അമൃത് പുരസ്‌കാരത്തിനും
അര്‍ഹനായി.

പ്രൊഫ. മാവേലിക്കര ആര്‍. പ്രഭാകരവര്‍മ്മയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സംഗീത പ്രഭാകര പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി 2013ല്‍ ഫെലോഷിപ്പും 2015ല്‍ സ്വാതി സംഗീത പുരസ്‌കാരവും നല്‍കി ആദരിച്ചു. മാങ്ങാട് നടേശനും സുധാവര്‍മയും ചേര്‍ന്നുള്ള ആകാശവാണിയിലെ കര്‍ണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു. സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു. ഭാര്യ: നിര്‍മല. മക്കള്‍. ഡോ. മിനി, പ്രിയ, പ്രിയദര്‍ശിനി. മരുമക്കള്‍: സജിത്ത്, സുനില്‍, സുനില്‍.

മാങ്ങാട് കെ. നടേശന്റെ നിര്യാണത്തില്‍ കേരള സംഗീത നാടക അക്കാദമി അനുശോചിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന് വേണ്ടി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും അക്കാദമിക്ക് വേണ്ടി അക്കാദമി വൈസ് ചെയര്‍മാന്‍ പു
ഷ്പവതി പി.ആറും വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by