വര്‍ക്കല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വര്‍ക്കല ജനാര്‍ദ്ദന സാമി ക്ഷേത്രത്തിലെ ചക്രതീര്‍ത്ഥക്കുളം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായെന്ന് ഭക്തരുടെ പരാതി. ഈ പരാതികളൊന്നും കണ്ടഭാവമില്ല ദേവസ്വം അധികൃതര്‍ക്ക്. പരാതി ഉയര്‍ന്നിട്ടും കുളത്തിനു സമീപം വൈദ്യുതിവിളക്കുകള്‍ സ്ഥാപിക്കാനോ വാച്ചറെ നിയമിക്കാനോ തയ്യാറാകുന്നില്ല. കുളത്തിനു മുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പരിസരത്ത് മദ്യക്കുപ്പികളും ബിയര്‍ ബോട്ടിലുകളും വലിച്ചെറിഞ്ഞ നിലയിലാണ്.
വിദൂരദേശങ്ങളില്‍ നിന്നും കേവലം വിനോദസഞ്ചാരത്തിനുമാത്രമായെത്തുന്നവര്‍ ഇവിടെ മദ്യപിക്കുകയും മദക്കുപ്പികള്‍ വലിച്ചെറിയുകയുമാണ്. കുളത്തിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിയ കുപ്പിച്ചില്ലുകള്‍ ഭക്തര്‍ക്കും ഭീഷണിയായിട്ടുണ്ട്. കുളത്തിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികളും സോപ്പ് കവറുകളും വലിച്ചെറിയുന്നതും പതിവാണ്. സമീപത്ത് ഇരുട്ടുപരക്കുന്നതോടെ സാമൂഹ്യവിരുദ്ധര്‍ കുളത്തിന്റെ പടിക്കെട്ടുകളില്‍ ഒത്തുകൂടി മദ്യപാനം പതിവാണ്. ക്ഷേത്രതീര്‍ത്ഥം പതിക്കുന്ന ഓവിനു സമീപത്ത് മലമൂത്ര വിസര്‍ജനവും പതിവാക്കിയിരിക്കുന്നു.
2015 ല്‍ പണി തുടങ്ങി 2023 ല്‍ പുനരുദ്ധാരണം നടത്തി ഭക്തര്‍ക്കായി കുളം തുറന്നു കൊടുത്തു. വരള്‍ച്ച സമയത്തും പരിസരവാസികളും നാട്ടുകാരും ചക്രതീര്‍ഥ കുളത്തിനെയാണ് ആശ്രയിക്കുന്നത്. കുളത്തിന്റെയും ക്ഷേത്രത്തിന്റെയും പരിസരത്താണ് ദേവസ്വം ബോര്‍ഡ് ഓഫീസ്. എന്നാല്‍ ഇവരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ചക്രതീര്‍ത്ഥക്കുളം അടിയന്തരമായി ശുദ്ധമാക്കണമെന്നും കുളത്തിന് കാവല്‍ക്കാരനെ നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: