കാലത്തിനും മായ്‌ക്കാനാവാത്ത കൊടും ക്രൂരതയ്‌ക്ക് മാറാട് കടപ്പുറം ദുരന്തസാക്ഷിയായ ദിനമാണ് കഴിഞ്ഞുപോയത്. മാറാട് തീരത്ത് കൂട്ടക്കൊല നടന്ന മെയ് രണ്ടിനാണ് കേരളത്തില്‍ വേരൂന്നിയ ഇസ്ലാമിക ഭീകരതയുടെ ആഴമെത്രെയെന്ന് കേരളം തിരിച്ചറിഞ്ഞത്. കടപ്പുറത്തെ അരയസമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിപുറപ്പെട്ടവര്‍ നടത്തിയ നരഹത്യയില്‍ എട്ട് മനുഷ്യജീവനുകളെയാണ് ഇല്ലാതാക്കിയത്. കേരള സമൂഹത്തിന്റെ മനഃസാക്ഷി വിറങ്ങിലിച്ച കൊടുംക്രൂരതയാണ് മെയ് രണ്ടിന് മാറാട് കടപ്പുറത്ത് അരങ്ങേറിയത്.
മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് വിശ്രമിക്കുകയായിരുന്നവരുടെ നേര്‍ക്ക് നാലുഭാഗത്തുനിന്നും നൂറുകണക്കിന് ഭീകരന്മാര്‍ ആയുധങ്ങളുമായി കടന്നുവന്ന് നിരായുധരായ കുറെ മനുഷ്യരെ തലങ്ങും വിലങ്ങും അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വൈകീട്ട് ആറര മണിയോടെ ആസൂത്രിതമായി നടത്തിയ ഭീകരാക്രമണത്തില്‍ ആവിത്താന്‍ പുരയില്‍ ദാസന്‍, പാണച്ചന്റെകത്ത് ഗോപാലന്‍, അരേച്ചന്റകത്ത് കൃഷ്ണന്‍, ചോയിച്ചിന്റകത്ത് മാധവന്‍, ചോയിച്ചിന്റകത്ത് ചന്ദ്രന്‍, തെക്കെതൊടി പ്രജിത്ത്, സഹോദരങ്ങളായ തെക്കെതൊടി പുഷ്പരാജ്, സന്തോഷ് തുടങ്ങിയ എട്ട് പേരാണ് കൊല്ലപ്പെട്ടത്. പതിമൂന്ന് പേര്‍ ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയിലാവുകയും ചെയ്തു.
ബേപ്പൂര്‍ പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് കടല്‍ തീരഗ്രാമം, കോഴിക്കോട് നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ ദൂരത്താണ് മാറാട്. കടപ്പുറത്തേക്കുള്ള പഞ്ചായത്തു റോഡില്‍ ആക്രമത്തിനിരയായി മരണ വെപ്രാളത്തില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൗകര്യമില്ലാതെ വലയുമ്പോള്‍ അവിടേക്ക് വന്ന മാര്‍ക്‌സിസ്റ്റുകാരനായ ബേപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബീരാന്‍ കോയ ഇവരെ സഹായിക്കാതെ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം തിരിച്ചുപോവുകയാണ് ചെയ്തത്. കടപ്പുറത്തിരിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിച്ച് കൃത്യനിര്‍വ്വഹണം നടത്തിയവരില്‍ പലരും കൂട്ടത്തോടെ മാറാട് ജുമാമസ്ജിദില്‍ സംഘടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആദ്യ പോലീസ് സംഘത്തോട് തങ്ങളെ ആക്രമിച്ചവര്‍ പള്ളിയിലുണ്ട് എന്ന് ഇരയായ സമൂഹം പറഞ്ഞിട്ടും പള്ളിയില്‍ കയറി അവരെ പിടിക്കാന്‍ പോലീസിന് ധൈര്യമുണ്ടായില്ല, എന്നു മാത്രമല്ല, അവരെ തടയാന്‍ നൂറുകണക്കിന് സ്ത്രീകളടക്കമുള്ളവര്‍ പള്ളിക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്ത് സംഘടിച്ചു. പിന്നീട് വന്‍പോലീസ് സന്നാഹവുമായെത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ടി.കെ. വിനോദ് കുമാറും സംഘവും പള്ളിയില്‍ കയറി രക്തം പുരണ്ട ആയുധങ്ങള്‍ സഹിതം 56 പേരെ അറസ്റ്റ് ചെയ്തു. അനേകം വാളുകളും പെപ്‌സി ടിന്നില്‍ പ്രത്യേകം തയ്യാറാക്കിയ നൂറ് കണക്കിന് ബോംബുകളും പള്ളിയില്‍ നിന്നും കണ്ടെടുത്തു. പിന്നീട് നടന്ന പരിശോധനയിലും സമീപ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അറ്റം വളഞ്ഞ നീണ്ട വാളുകളും പെപ്‌സി ടിന്‍ ബോംബുകളും നൂറ് കണക്കിനാണ് പിടിച്ചെടുത്തത്. കസ്റ്റഡിയില്‍ എടുത്തവരില്‍ 22 പേര്‍ സിപിഎമ്മുകാരും 2 പേര്‍ കോണ്‍ഗ്രസ്സുകാരും 32 പേര്‍ മുസ്ലീംലീഗ്, എന്‍ഡിഎഫില്‍ പ്പെട്ടവരാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് നിയമസഭയെ അറിയിച്ചത്. മതേതരത്വം പുലമ്പുന്നവര്‍ അരയസമൂഹത്തെ ഉന്മൂലം ചെയ്യാന്‍ കക്ഷിരാഷ്‌ട്രീയത്തിനപ്പുറം ഒന്നിക്കുകയായിരുന്നു.
ടിപ്പുവിന്റെ പടയോട്ടക്കാലത്തും 1921 ലെ മാപ്പിളലഹളക്കാലത്തും പിന്നീട് മലപ്പുറം ജില്ലാ രൂപീകരണത്തെ തുടര്‍ന്നും മലപ്പുറത്തിന്റെ തീരദേശത്ത് നടന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ ചെറുത്ത് നില്‍ക്കാനാകാതെ തീരത്തെ അരയസമുദായം പലായനം ചെയ്ത ചരിത്രമാണെങ്കില്‍, മാറാട് കടപ്പുറത്തെ ഭീകരാക്രമണത്തെ തുടര്‍ന്ന് അത്തരമൊരു ഓടിപ്പോകല്‍ ഉണ്ടായില്ല. എന്നുമാത്രമല്ല, കൊലയാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതോടെ പള്ളിക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്തവരും ആക്രമികളുടെ കുടുംബങ്ങളും കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു. ഇവരെ പുനരധിവസിപ്പിക്കാനും ഇവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പ് നടത്താനും മുസ്ലീംലീഗ്, കോണ്‍ഗ്രസ്സ്, മാര്‍ക്‌സിസ്റ്റ് സംഘങ്ങള്‍ വാശിയോടെ മത്സരിച്ചു. മതേതരത്വമെന്നും മതനിരപേക്ഷതയെന്നുമൊക്കെ ഉറക്കെ പറയുന്നവര്‍ സര്‍വ്വവും നഷ്ടപ്പെട്ട് ഇരകളായ അരയസമൂഹത്തെ സഹായിക്കാനോ, സന്ത്വനിപ്പിക്കാനോ എത്തിയില്ല. ഇവരെല്ലാം അണിനിരന്നത് വേട്ടക്കാര്‍ക്കൊപ്പമാണ്.
ഈ ഭീകരാക്രമണത്തിനു പിന്നിലെ ശക്തികളെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നീതിയാണ് നടപ്പാക്കേണ്ടത്. അത്തരത്തിലുള്ളൊരാവശ്യമാണ് മാറാട് അരയസമൂഹവും ദേശീയ താല്‍പ്പര്യക്കാരായ പൊതു സമൂഹവും മുന്നോട്ടുവെച്ചത്. കൊന്നവനെയും കൊല്ലിച്ചവരെയും കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു. എന്നാല്‍ ന്യായമായ ഈയാവശ്യത്തെ എതിര്‍ക്കാന്‍ മുസ്ലീംലീഗിനൊപ്പം സിപിഎമ്മും കോണ്‍ഗ്രസ്സും കൂട്ടുകൂടുകയാണുണ്ടായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ മുമ്പാകെ അവരത് രേഖാമൂലം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, കെപിസിസി പ്രസിഡണ്ട് കെ. മുരളീധരനും സിബിഐ അന്വേഷണത്തെ ചെറുക്കാന്‍ കോഴിക്കോട്ട് കൂട്ടായ്മ സംഘടിപ്പിച്ചു. മെയ് 4ന് മാറാട് കടപ്പുറത്തെത്തിയ മുഖ്യമന്ത്രി എ.കെ. ആന്റണി മറ്റു മന്ത്രിമാരെയും കോണ്‍ഗ്രസ്സുകാരെയും മാറ്റിനിര്‍ത്തിയാണ് അരയസമുദായക്കാരുടെ വീടുകളിലെത്തിയത്. തന്റെ നീക്കവും നടപടികളും ആത്മാര്‍ത്ഥമാണെന്ന് കാണിക്കാനാണ് അങ്ങിനെ ചെയ്തത്. മരണപ്പെട്ടവരുടെ കുടുംബത്തോടും മാറാട് അരയസമാജത്തോടും ഹിന്ദുനേതാക്കളോടും എ.കെ. ആന്റണി പറഞ്ഞത് സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നും ആക്രമികളാരായാലും മുഖം നോക്കാതെ ശക്തമായ നടപടിയുണ്ടാകുമെന്നുമാണ്. എന്നാല്‍ എല്ലാവരും ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമാണ്. അതിനെ നിരാകരിച്ചുകൊണ്ട് എ.കെ. ആന്റണി തിരുവനന്തപുരത്തെത്തി പ്രഖ്യാപിച്ചത് ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷനെയാണ്.
ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ തികച്ചും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. മുസ്ലീം ഭീകരതയുടെ മുന്‍കാല ചെയ്തികളും അതിന്റെ രേഖകളും റിപ്പോര്‍ട്ടുകളുമെല്ലാം കമ്മീഷനിലൂടെ പുറത്തു വന്നു. രാജ്യവിരുദ്ധ ശക്തികളെയും അവരെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ ഉപയോഗിക്കുന്നവരെക്കുറിച്ചും ചര്‍ച്ചയുണ്ടായി. മാറാട് സംഭവത്തില്‍ വളരെ ആഴത്തിലുള്ള ഗൂഢാലോചനയും വന്‍ സാമ്പത്തിക സ്രോതസ്സും, രാജ്യാന്തര ഭീകരബന്ധവും, ആയുധങ്ങളുടെ ഉറവിടവും കണ്ടെത്തി. ഇതെല്ലാം കൃത്യമായി അന്വേഷിച്ച് നടപടിയുണ്ടാക്കാന്‍ സിബിഐ, റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു.
മാറാട് സംഭവത്തിന് മുന്‍പുതന്നെ ഇതിന് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള റവന്യൂ, പോലീസ് നിയമനവും സ്ഥലം മാറ്റവും, ജില്ലാകലക്ടര്‍ ടി.ഒ. സൂരജിന്റെയും സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും സംഭവദിവസത്തെ അവധിയും ടി.ഒ. സൂരജിന്റെ കമ്മീഷന്‍ എന്‍ക്വയറിയിലെ മൊഴിയും നീക്കങ്ങളും ദുരൂഹതയാണുണ്ടാക്കിയത്. പൂട്ടി സീല്‍ ചെയ്ത കലക്ടറുടെ കസ്റ്റഡിയിലുള്ള ജുമാമസ്ജിദ് തുറന്നു വൃത്തിയാക്കാനും നമസ്‌ക്കരിക്കാനും ഇ. അഹമ്മദ് എം.പി നടത്തിയ നീക്കം ജില്ലാ കലക്ടറുടെ മൗനാനുവാദത്തോടെയാണ്. സംഭവം നടന്ന് 22-ാം നാള്‍ സ്ഥലത്തെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ അരയസമുദായത്തെ കാണാനല്ല, മറിച്ച് മുസ്ലീം പള്ളി ആരാധനയ്‌ക്ക് തുറന്നുകൊടുക്കാനാണാവശ്യപ്പെട്ടത്. മതേതര കേരളം എന്ന് വാഴ്‌ത്തിപ്പാടുന്ന നാട്ടില്‍ ഇത്രയും വലിയൊരു ഭീകരാക്രമണം നടന്നിട്ട് അതിനെയൊന്ന് അപലപിക്കാന്‍, ഒരൊറ്റവരി പ്രമേയം നിയമസഭയില്‍ കൊണ്ടു വരാന്‍ നിയമസഭാ സാമാജികരാരും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ താല്പര്യമെടുത്തില്ല. സിബിഐ അന്വേഷണം നടക്കാത്ത സാഹചര്യത്തില്‍ ഗൂഢാലോചനയും മറ്റും അന്വേഷിക്കാന്‍ നിശ്ചയിച്ച ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത തരത്തില്‍ തടസ്സപ്പെടുത്തി. മാറാട് കേസ്സില്‍ മാറാട് പ്രത്യേക കോടതി 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഇത് ശരിവെക്കുകയും 24 പേര്‍ക്കു കൂടി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. നേരത്തെ ഒളിവില്‍ പോയ രണ്ടുപേര്‍ക്ക് പിന്നീട് വിചാരണ നടത്തി ജിവപര്യന്തം ശിക്ഷിച്ചതോടെ 88 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച അപൂര്‍വ്വ ചരിത്രവും ഈ സംഭവത്തിനുണ്ട്.
കൊന്നവരില്‍ പലരും ശിക്ഷക്ക് വിധേയരായി. എന്നാല്‍ ഗൂഢാലോചനക്കാര്‍, സാമ്പത്തികം ഇറക്കിയവര്‍, പ്രേരിപ്പിച്ചവര്‍ അഥവാ കൊല്ലിപ്പിച്ചവര്‍, അവരെല്ലാം ഇന്നും നിയമത്തിനു മുന്നിലെത്താതെ മാന്യമായി വിലസുന്നു. ലക്ഷണമൊത്ത ഭീകരാക്രമണത്തിനെതിരെ ശരിയായ രീതിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ പിന്നീടുണ്ടായിട്ടുള്ള പല ഭീകരപ്രവര്‍ത്തനങ്ങളും ഉണ്ടാകില്ലായിരുന്നു. സകല രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്യുന്ന രാഷ്‌ട്രീയക്കാരും അധികാരികളും കാണിക്കുന്ന നിസ്സംഗതയും പ്രീണന സമീപനവുമാണ് ഭീകരവാദപ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: