Categories: SamskritiAstrology

പൊരുത്തശോധനയുടെ പ്രാധാന്യം

എവിടെയോ പിശകുപറ്റിയെന്നു വ്യക്തം. പറ്റിയ തെറ്റിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടു വന്നാല്‍ജീവിതം താറുമാറായി അകന്നവര്‍ അടുക്കുകയില്ലെങ്കിലും അതു നല്‍കുന്ന ശുദ്ധപാഠം ഭാവിതലമുറയ്ക്കു ഗുണകരമാകും. അതാണു കാര്യം.

Published by

ചൊവ്വാ ദോഷത്തിന് ശാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്ന പരിഹാര നിര്‍ദ്ദേശങ്ങള്‍ പ്രായോഗിക തലത്തില്‍ കാര്യക്ഷമമാകുന്നുണ്ടോ എന്നതാണ് ചിന്താവിഷയം. കേവലം സാങ്കേതികത്വത്തിന്റെ ഘടനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒഴിവുകളെ ആശ്രയിച്ച് ദോഷവിമുക്തമാക്കി ജാതകങ്ങള്‍ തമ്മില്‍ ചേര്‍ത്തു കൊടുക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്ക് നേരെ നിര്‍വികാരമായി മുഖം തിരിക്കുന്നത് ശാസ്ത്രനിഷേധമാണ്. പൊരുത്തശോധനയില്‍ ഉത്തമമെന്നും ഉല്‍കൃഷ്ടമെന്നുമൊക്കെയുള്ള സാക്ഷ്യപത്രത്തിന്റെ ബലത്തില്‍ മനസ്സു നിറഞ്ഞ് ആഹ്ലാദത്തോടെ വിവാഹിതരാകുന്നവര്‍ ഒരിക്കലും അടുക്കാന്‍ കഴിയാത്തവിധം വിഭിന്നധ്രുവങ്ങളിലേക്കു അകന്നു പോകുന്നതിനു എന്ത് ന്യായീകരണമാണുള്ളതെന്നു കണ്ണീരിന്റെ നനവാര്‍ന്ന രോഷത്തോടെയും നിസ്സഹായതയോടെയും, ചോദിക്കുമ്പോള്‍ അവരെ സമനിലയില്‍ കൊണ്ടുവന്നു സാന്ത്വനപ്പെടുത്തുവാന്‍ നന്നേ പാടുപെടേണ്ടിവരുന്നു. എവിടെയോ പിശകുപറ്റിയെന്നു വ്യക്തം. പറ്റിയ തെറ്റിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടു വന്നാല്‍ജീവിതം താറുമാറായി അകന്നവര്‍ അടുക്കുകയില്ലെങ്കിലും അതു നല്‍കുന്ന ശുദ്ധപാഠം ഭാവിതലമുറയ്‌ക്കു ഗുണകരമാകും. അതാണു കാര്യം.

പൊരുത്തശോധനയില്‍ പ്രഥമ പരിഗണന നല്‍കുന്നത് ആയുര്‍യോഗത്തിനാണ.് അതു ശുഭസൂചകമായാല്‍ സന്താനസൗഭാഗ്യത്തെക്കുറിച്ചു ചിന്തിക്കുന്നു. അനന്തരം ഭാവിജീവിതം ശുഭശോഭനമാകുമോ എന്നു പ്രശ്‌നോദയം കൊണ്ടു വിചിന്തനം ചെയ്യുന്നു. എല്ലാം അനുകുലമായാലേ അവര്‍ തമ്മിലുള്ള വിവാഹത്തിനു അനുകൂലവിധി കല്‍പ്പിക്കാവൂ. എത്രത്തോളം ശാസ്ത്രീയവും വിശുദ്ധവുമാണ് ഈ വിധികല്പനയുടെ ഗഹനത എന്നതു ചിന്തിച്ചു നോക്കുക. ഇന്നത്തെ സാഹചര്യത്തില്‍ പ്രശ്‌നത്തിനു പരിമിതികളുണ്ടന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. ജാതകവും സൂക്ഷ്മമായി ഗണിച്ച ഗ്രഹസ്ഫുടങ്ങളും ഭാവസ്ഫുടങ്ങളും മുന്നിലുണ്ടല്ലോ അതു തന്നെ ധാരാളം. ഇക്കാലത്തു നടത്തുന്ന പൊരുത്തശോധനയില്‍ അവശ്യം വേണ്ടുന്ന മൂന്നു കാര്യങ്ങളും നിഷ്‌കൃഷ്ടമായി ദീക്ഷിച്ചു കാണുന്നില്ല. ചൊവ്വാദോഷം, പാപസാമ്യം, ദശാസന്ധി, സമദശ ഇവയുടെ നിജസ്ഥിതി സൂക്ഷ്മമായി ആരാണറിഞ്ഞു സംശയ നിവൃത്തി വരുത്തുന്നതിന് ജ്യോതിഷാലയങ്ങളില്‍ പലതവണ കയറിയിറങ്ങി ജ്യോത്സ്യന്മാരെ കണ്ടു പരിശോധിച്ചിട്ടും തൃപ്തി കൈവരാതെ ‘വരുന്നത് വരട്ടെ, വരേണ്ടത് വഴിയില്‍ തങ്ങില്ല’ എന്നു ചഞ്ചലമനസ്‌കരായി വിവാഹത്തിനു സമ്മതം നല്‍കിയവരും ഒഴുവിനെ അന്ധമായി ശരണം പ്രാപിച്ചവരുമാണ് ജീവിത ക്ലേശങ്ങളില്‍പ്പെട്ടു ഗതിമുട്ടുന്നവരില്‍ ഭൂരിഭാഗവും. പൊരുത്തം സംബന്ധിച്ച് ശരിയായ ധാരണയില്ലാതെ നടത്തുന്ന വിവാഹങ്ങളില്‍ ‘അവര്‍ അങ്ങനെയൊക്കെ തട്ടീം മുട്ടീം അങ്ങു ജീവിച്ചോളും’ എന്നിങ്ങനെ വായ്‌മൊഴിയില്‍ അലസമായി ചുറ്റിത്തിരിയുന്ന ഒരന്തര്‍ധാര ശക്തമായി കാണുന്നു. ശരിയായ മാര്‍ഗ്ഗങ്ങള്‍ക്കു കാലതാമസം നേരിട്ട് അടഞ്ഞുവെന്ന തോന്നലില്‍ മനസ്സുമടുത്ത് നൈസര്‍ഗ്ഗിക ശക്തി ചോര്‍ന്നുപോകുമ്പോള്‍ വിവേചന ബുദ്ധി നിഷ്‌ക്രിയമാകും. നെല്ലും പതിരും വേര്‍തിരിച്ചറിയാനുള്ള ക്ഷമ കിട്ടിയെന്നു വരില്ല. പിടി വിട്ടു പോകുന്നുവെന്നു തോന്നുന്ന സാഹചര്യത്തില്‍ മുന്നിലേക്കു നീളുന്ന കപടരൂപങ്ങളും വലിയ ആശ്വാസമായി തോന്നും. അങ്ങനെ അനിവാര്യമായതു സംഭവിക്കുന്നു.

ദോഷങ്ങള്‍, ജീവിതപങ്കാളി ആരായാലും ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നല്‍കുന്ന ജാതകവുമായി ഒരു സ്ത്രീ സമീപിച്ചു. ഏഴാം ഭാവാധിപനായ ചൊവ്വ ഏഴാം ഭാവത്തില്‍ സ്വക്ഷേത്ര സ്ഥിതന്‍. ശുക്രന്റെ സ്ഥിതി ചൊവ്വാ ക്ഷേത്രത്തില്‍ ശനി ദൃഷ്ടി. പുരുഷ ജാതകത്തില്‍ രണ്ടില്‍ നില്‍ക്കുന്ന ചൊവ്വയുമായി പൊരുത്തപ്പെടത്തി ഒപ്പിച്ചു നടത്തിയ വിവാഹം. പാപസാമ്യമില്ല സ്ത്രീപാപമൂല്യം പുരുഷപാപമൂല്യത്തെക്കാള്‍ വളരെ കൂടുതല്‍. രണ്ടു പേര്‍ക്കും ജോലിയുണ്ട്. സ്ത്രീ വിദേശത്തും പുരുഷന്‍ സ്വദേശത്തും. പുരുഷനു സര്‍ക്കാര്‍ ജോലി കേരളത്തിലായതിനാല്‍ വിദേശത്തു പോയി താമസിക്കാന്‍ പരിമിതികളുണ്ട്. സ്ത്രീ, പേരിനു നാട്ടില്‍ വരും മടങ്ങി പോകും. ജാതകങ്ങള്‍ പരിശോധിച്ചു. സ്ത്രീജാതകത്തില്‍ ജീവിത പങ്കാളി വഴിവിട്ട ബന്ധത്തിനു വഴിപ്പെട്ടേക്കാമെന്നു സൂചന. പുരുഷ ജാതകത്തിലും അപഥസഞ്ചാരം നടത്താവുന്ന ചില ലക്ഷണങ്ങള്‍. വരനെ മുന്‍പ് കണ്ടിട്ടുണ്ടെന്നും ആ വഴിക്ക് ചെയ്ത ശുപാര്‍ശ പ്രകാരം നടത്തിയ വിവാഹമാണെന്നും പറഞ്ഞു.

ഇവിടെ ഒരു കാര്യം വളരെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. സ്ത്രീ ജാതകത്തില്‍ ചൊവ്വ ഏഴാം ഭാവത്തില്‍ സ്വക്ഷേത്രത്തിലാണ് നില്‍ക്കുന്നത്. സ്വക്ഷേത്രത്തില്‍ ചൊവ്വാ ദോഷത്തിനു പരാമര്‍ശിക്കുന്ന ഒഴിവിന്റെ ആനുകൂല്യം ജാതകര്‍ക്കു ലഭിക്കേണ്ടതല്ലേ? അത് ലഭിക്കുന്നില്ലെന്നു മാത്രമല്ല ദാമ്പത്യം അനുദിനം സങ്കീര്‍ണതയിലേക്കു നീളുന്നു. ഒരു അനുനയത്തിനും ഇരുവരും വഴങ്ങുന്നില്ല. മാതാപിതാക്കള്‍ പരിഹാരമന്വേഷിച്ചും തീര്‍ത്ഥാടനം നടത്തിയും വലയുന്നു. ഒഴിവിനെ മാത്രമാശ്രയിച്ച് ചൊവ്വാദോഷക്കാരെ സമ്പൂര്‍ണ പാപ വിമുക്തരാക്കി നടത്തിയ, അറിവില്‍പ്പെട്ട മറ്റു ദമ്പതിമാരുടെ കാര്യവും ഇതുപോലെ തന്നെ. ഒഴിവിന്റെ ഒരാനുകൂല്യവും അനുഭവപ്പെടുന്നില്ല. പരിഹാര കര്‍മ്മങ്ങള്‍ വിവിധതരത്തില്‍ നടത്തിയിട്ടും ക്ലേശപരമ്പര തുടരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: MARRIAGE