വാഷിങടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനായി അമേരിക്ക രൂപീകരിക്കുന്ന ഉപദേശക സമിതിയില്‍ ഓപ്പണ്‍ എഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളുടെ മേധാവികള്‍ അംഗമാവും. യുഎസ് സര്‍ക്കാര്‍ രൂപം നല്കുന്ന പുതിയ എഐ സുരക്ഷാ പാനലിലാണ് വന്‍ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പടെ അംഗങ്ങള്‍ ആവുക.
വ്യോമഗതാഗതം, സുപ്രധാന നിര്‍മിതികള്‍, സേവനങ്ങള്‍ ഉള്‍പ്പടെയുള്ള മേഖലകളെ എഐ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിന്നും മറ്റ് ഭീഷണികളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ഉപദേശക സമിതി രൂപീകരിക്കാനാണ് യുഎസിന്റെ പദ്ധതി. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എന്നിവരും പ്രതിരോധ രംഗത്തെ കരാര്‍ നിര്‍മാതാക്കളായ നോര്‍ത്രോപ് ഗ്രുമ്മന്‍, വ്യോമയാന കമ്പനി യായ ഡെല്‍റ്റ എയര്‍ലൈന്‍സ് ഉള്‍പ്പടെയുള്ള വിവിധ കമ്പനികളുടെ മേധാവികളും സമിതിയിലുണ്ടാവും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രത്യേകം നിയമങ്ങള്‍ ഒന്നും നിലവില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് എഐയുടെ നേട്ടങ്ങളും കോട്ടങ്ങളും കൈകാര്യം ചെയ്യുന്നതിനായി സ്വകാര്യ പങ്കാളിത്തത്തോടെ യുഎസ് ഈ സമിതി രൂപീകരിക്കുന്നത്. ഇത്തരം ഒരു സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2023 ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയിരുന്നു.
ടെലികോം കമ്പനികള്‍, പൈപ്പ് ലൈന്‍ ഓപ്പറേറ്റര്‍മാര്‍, വൈദ്യുതി വിതരണ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എഐ ഉത്തരവാദിത്വത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന നിര്‍ദേശങ്ങള്‍ ഈ സമിതി നല്കുമെന്നും എഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തയാറെടുപ്പുകള്‍ക്കുള്ള സഹായവും സമിതി നല്കുമെന്നും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു.
ആമസോണ്‍ വെബ് സര്‍വീസസ്, ഐബിഎം, സിസ്‌കോ, ചിപ്പ് നിര്‍മാതാക്കളായ എഎംഡി, എഐ കമ്പനിയായ ആന്ത്രോപിക്, മനുഷ്യാവകാശ സംഘടനകളായ ലോയേഴ്സ് കമ്മറ്റി ഫോര്‍ സിവില്‍ റൈറ്റ്സ് അണ്ടര്‍ ലോ എന്നിവരുടെ നേതൃനിരയിലുള്ളവരും ഫെഡറല്‍, സ്റ്റേറ്റ്, പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍ എന്നിവരും സമിതിയുടെ ഭാഗമാവും. 22 അംഗങ്ങളാണ് സമിതിയിലുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: