Categories: Business

ബാങ്കുകള്‍ കുതിക്കുന്നു; ആക്സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സിഎസ്ബി….തുടങ്ങി നേട്ടം കൊയ്ത് ഒട്ടേറെ ബാങ്കുകള്‍

മുംബൈ: നാലാം സാമ്പത്തികപാദത്തിലെ ഫലം പുറത്തുവിട്ടപ്പോള്‍ ബാങ്കുകകള്‍ക്ക് അറ്റ ലാഭത്തില്‍ കുതിപ്പ്. 2024 ജനവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള നാലാം സാമ്പത്തിക ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സിഎസ്ബി, ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയെല്ലാം ലാഭത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുറയുമ്പോള്‍ തന്നെ അറ്റ പലിശ വരുമാനം കൂടുകയും ചെയ്യുന്നു എന്നത് ശുഭവാര്‍ത്തയാണ്.

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്കിന് 7129 കോടിയുടെ ലാഭമാണ് നാലാം സാമ്പത്തികപാദത്തില്‍ ഉണ്ടായത്. ആക്സിസ് ബാങ്കിന്റെ അറ്റ പലിശ വരുമാനത്തില്‍ 11 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ നാലാമത്തെ ബാങ്ക് എന്ന സ്ഥാനം ആക്സിസ് ബാങ്ക് സ്വന്തമാക്കി.

ബാങ്ക് ഓഫ് മഹാരാഷ്‌ട്ര

ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ഏകദേശം 1218 കോടി രൂപയാണ് നാലാം സാമ്പത്തിക പാദത്തില്‍ നേട്ടമുണ്ടാക്കിയത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വെറും 840 കോടിയായിരുന്നു ലാഭം. അതായത് ലാഭത്തില്‍ 44.95 ശതമാനത്തിന്റെ വളര്‍ച്ചയാണ് ലാഭത്തില്‍ ഉണ്ടായത്. നിഷ്ക്രിയ ആസ്തി 2.47 ശതമാനത്തില്‍ നിന്നും 1.88 ശതമാനത്തിലേക്ക് താഴ്ന്നു. അറ്റ പലിശ വരുമാനത്തില്‍ 18.17 ശതമാനം വളര്‍ച്ചയുണ്ടായി.

കാത്തലിക് സിറിയന്‍ ബാങ്ക്

കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ് ബി) 151.45 കോടിയുടെ അറ്റാദായം നേടി. അറ്റാദായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ അറ്റാദായത്തില്‍ അല്‍പം കുറവുണ്ട്. പ്രവര്‍ത്തന ലാഭത്തില്‍ 13 ശതമാനം വളര്‍ച്ച നേടി. അറ്റ പലിശ വരുമാനം 11 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് അറ്റാദായത്തില്‍ 10,708 കോടി രൂപ നേടി. 17.4 ശതമാനം വളര്‍ച്ചയുണ്ടായി. മുന്‍വര്‍ഷം സമാനകാലയളവില്‍ 9122 കോടി രൂപയായിരുന്നു ലാഭം. ഒരു ഓഹരിക്ക് 10 രൂപ വീതം ലാഭവിഹിതമായി പ്രഖ്യാപിച്ചു. അറ്റ പലിശ വരുമാനത്തില്‍ 8.1 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. നിഷ്ക്രിയ ആസ്തി 2.81 ശതമാനമത്തില്‍ നിന്നും 2.6 ശതമാനത്തിലേക്ക് കുറഞ്ഞതും ആശ്വാസമായി.

യെസ് ബാങ്ക്

യെസ് ബാങ്കിനും ലാഭത്തില്‍ കുതിപ്പുണ്ടായി. അറ്റാദായത്തില്‍ 123 ശതമാനം വര്‍ധനയുണ്ടായി. ഇക്കുറി 452 കോടിയായിരുന്നു ലാഭം. മുന്‍വര്‍ഷത്തില്‍ സമാനകാലയളവില്‍ വെറും 202 കോടി മാത്രമായിരുന്നു ലാഭം. നിഷ്ക്രിയ ആസ്തി 2.2 ശതമാനത്തില്‍ നിന്നും 1.7 ശതമാനത്തിലേക്ക് താഴ്ന്നതും യെസ് ബാങ്കിനെ ആകര്‍ഷകമാക്കുന്നു. അറ്റ പലിശ വരുമാനത്തില്‍ രണ്ട് ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts