ഈ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വിശദീകരിക്കുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജനം
ദാരിദ്ര്യ നിര്‍മ്മാര്‍ജനമാണ് പ്രകടന പത്രികയില്‍ ഒന്നാം അദ്ധ്യായമായി രേഖപ്പെടുത്തിയിട്ടുള്ളത്. 80 കോടി ജനങ്ങള്‍ക്ക് കഴിഞ്ഞ 4 വര്‍ഷങ്ങളായി പ്രതിമാസം 5 കിലോ അരി സൗജന്യമായി നല്കുന്നു. ഈ പദ്ധതി അടുത്ത 5 വര്‍ഷത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചു. പ്രതിവര്‍ഷം രണ്ടര ലക്ഷം കോടിയാണ് ഇതിന്റെ ചെലവ്. 2014 ല്‍ 35 കോടിയാളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരുന്നെങ്കില്‍ ഇന്ന് അതിദരിദ്രരുടെ എണ്ണം 3% ആയി കുറഞ്ഞതായി ഇത് സംബന്ധിച്ച് ആഗോളതലത്തില്‍ പഠനം നടത്തുന്ന സംഘടനകള്‍ ചൂണ്ടികാട്ടുന്നു. 3% എന്നത് 80 ലക്ഷം കുടുംബങ്ങളാണ്. ഇവര്‍ ഏറിയ കൂറും നാടോടികളും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തവരും തെരുവില്‍ കഴിയുന്നവരുമാണ്. ഇവരെ കണ്ടുപിടിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്കി റേഷന്‍ കാര്‍ഡ് അനുവദിച്ച് സൗജന്യ റേഷന്‍ നല്കണമെങ്കില് പോലീസിന്റെയും പാരാമിലിട്ടറിയുടെയും സേവനവും സഹായവും അത്യന്തപേക്ഷിതമാണ്.
4 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്കി
2024 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം 27 കോടി കുടുംബങ്ങളാണ് ഭാരതത്തിലുള്ളത്. 27 കോടി കുടുംബങ്ങളിലായി ജനസംഖ്യ 144 കോടി. ഭാരതത്തിന് ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് കുറ്റമറ്റ നയം ഉണ്ട്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ കുടുംബങ്ങളില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. 27 കോടി കുടുംബങ്ങളില്‍ 4 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയമടക്കം 4.25 ലക്ഷം രൂപയുടെ വാസയോഗ്യമായ വീടുകള്‍ കഴിഞ്ഞ 10 വര്‍ഷമായി നിര്‍മ്മിച്ചു നല്കി. ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത് 2017 മുതല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുന്ന യുപിയിലാണ്. അടുത്ത 5 വര്‍ഷം കൊണ്ട് 3 കോടി വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രകടന പത്രികയില്‍ മോദി ഗ്യാരന്റി നല്കുന്നു. ഇത്രയും ബൃഹത്തായ ഒരു ഭവന നിര്‍മ്മാണ പദ്ധതി ലോകത്തൊരിടത്തും നടപ്പാക്കിയിട്ടില്ല.
നാരീശക്തി
3 കോടി ദീദിമാരെ ലക്ഷാധിപതികളാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളാല്‍ സാധിച്ചു. ഖാദിഗ്രാമ വ്യവസായങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍ എന്നിവ തുടങ്ങാന്‍ മുദ്രാവായ്പ എടുത്തതുകൊണ്ടാണ് ഇവര്‍ക്ക് ഇതിനു കഴിഞ്ഞത്. മുദ്രാവായ്പയുടെ പരിധി 20 ലക്ഷമായി ഉയര്‍ത്തി. കേരളത്തില്‍ 54 ലക്ഷം പേര് മുദ്രാവായ്പയെടുത്ത് സംരംഭങ്ങള്‍ ആരംഭിച്ചു. ഭാരതത്തെ നിക്ഷേപ സൗഹൃദമാക്കാനും വനിതകളെയടക്കം തൊഴില്‍ സംരംഭകരാക്കാനുമുള്ള പദ്ധതികളാണ് പ്രകടന പത്രികയില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കാര്‍ഷിക മേഖല
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 11 കോടി കൃഷിക്കാര്‍ക്ക് 6000 രൂപാ വീതം വര്‍ഷംതോറും നല്കി. ഈ തുക വര്‍ധിപ്പിക്കാന്‍ ബിജെപി ഭരിക്കുന്ന ചില സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നെല്ല്, ഗോതമ്പ്, ചോളം, റാഗി, കരിമ്പ് എന്നിവയുടെ താങ്ങുവില ഗണ്യമായി വര്‍ധിപ്പിച്ചു. റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുകയും റബ്ബര്‍ കയറ്റുമതി ചെയ്യുന്നതിന് കിലോയ്ക്ക് 5 രൂപ സബ്സിഡി നല്‍കാനും തീരുമാനിച്ചു. 1951 ലെ റബ്ബര്‍ ആക്ട് ഭേദഗതി ചെയ്ത് റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാനും പ്രകൃതിദത്ത റബ്ബറിന്റെ വില വര്‍ധിപ്പിക്കാനും നടപടികള്‍ സ്വീകരിച്ചുവരുന്നു. കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി നല്കി. വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. കൃഷിക്കാര്‍ ഉപയോഗിക്കുന്ന ട്രാക്ടര്‍, ട്രില്ലര്‍, നടീല്‍ യന്ത്രം, കൊയ്ത്ത്, മെതി യന്ത്രം എന്നിവ വാങ്ങുന്നതിന് 90% സബ്സിഡി നല്കി. 4% പലിശ നിരക്കില്‍ 3 ലക്ഷം വരെ കാര്‍ഷിക വായ്പകള്‍ നല്കി വരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡി നല്കി.
വ്യവസായ മേഖല
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും സംരക്ഷിക്കാന്‍ പഴഞ്ചന്‍ നിയമങ്ങള്‍ റദ്ദാക്കുമെന്നും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ്, ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കും. കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണനത്തിന് പ്രത്യേക ഊന്നല്‍ നല്കി. മരുന്ന് നിര്‍മ്മാണ മേഖലയില്‍ ഫാര്‍മ സിറ്റിയും ബയോടെക് പാര്‍ക്ക് യൂണിറ്റുകളും സ്ഥാപിക്കാന്‍ പ്രോത്സാഹനങ്ങള്‍ നല്കി. ബഹിരാകാശ ഗവേഷണത്തിലും മരുന്നുനിര്മ്മാണത്തിലും 100% വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നു. ഭാരതത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ 1985 ലെ രോഗബാധിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തി 2002 സര്‍ഫാസി നിയമം ഭേദഗതി ചെയ്യണം. ഇങ്ങനെ ഭാരതത്തെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ കഴിയും. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്താന്‍ തൊഴിലാളികളെ ഇശ്രം പോര്‍ട്ടലിലൂടെ ശാക്തീകരിക്കും.
വിദ്യാഭ്യാസവും സംസ്കാരവും
കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങും. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 310 മെഡിക്കല്‍ കോളജുകളും 390 സര്‍വകലാശാലകളും ആരംഭിച്ചു. ഐഐടികളും ഐസറുകളും മാനേജ്മന്റ് ഇന്സ്റ്റിറ്റിയൂകളും എഐഎംഎസ്സുകളും സ്ഥാപിച്ചു. വര്‍ഷംതോറും 60 ലക്ഷം പേര് ബിരുദവും ഡിപ്ലോമയും നേടി തൊഴില്‍ പരിശീലനം നടത്തുന്ന ഏക രാഷ്ട്രം ഭാരതമാണ്. ഭാരതം ലോകത്തിന് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരെ സംഭാവന ചെയ്യുന്നു.
ആരോഗ്യ രക്ഷ
2014 ല്‍ ഭാരതീയരുടെ ആയുര്ദൈര്ഖ്യം ശരാശരി 65 ആയിരുന്നു. എന്നാല്‍ 2024ല്‍ പുരുഷന്മാരുടെ ആയുര്ദൈര്ഖ്യം 71 ഉം സ്ത്രീകളുടേത് 74 ഉം ആയി വര്‍ധിച്ചു. കഴിഞ്ഞ 10 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ആരോഗ്യ രക്ഷാ പദ്ധതികള്‍ മൂലമാണ് ഇതിനു കഴിഞ്ഞത്. അങ്കണവാടികള്‍ വഴിയും ആശാ വര്‍ക്കര്‍ പദ്ധതി പ്രകാരവും പോഷകാഹാരങ്ങളും മരുന്നുകളും വിതരണം ചെയ്യുകയും ശുദ്ധജല ലഭ്യതക്കായി 11 കോടി കുടുംബങ്ങള്‍ക്ക് ജലമിഷന്‍ വഴി ശുദ്ധ ജലം നല്‍കുകയും ചെയ്തു. ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം 5 ലക്ഷം രൂപയുടെ സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്കി വരുന്നു. ഇപ്പോഴത്തെ പ്രകടന പത്രിക പ്രകാരം 70 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്യാരന്റി നല്കുന്നു.
അടിസ്ഥാന മേഖലാ വികസനം
അടിസ്ഥാന മേഖലാ വികസനത്തിനായി 5 വര്‍ഷത്തേക്ക് 110 ലക്ഷം കോടിയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇവയ്ക്ക് സാമ്പത്തിക സഹായം നല്കാന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. റെയില്‍വേ കൂടാതെ അഞ്ചര ലക്ഷം കോടിയുടെ അടിസ്ഥാന മേഖലാ വികസനമാണ് 2023-24ല്‍ പൂര്‍ത്തീകരിച്ചത്. റെയില്‍വേ വികസനം ത്വരിത ഗതിയില്‍ നടത്തുന്നു. ബുള്ളറ്റ് ട്രെയിന്‍, വന്ദേ ഭാരത് ട്രെയിന്‍, 20 നഗരങ്ങളില്‍ മെട്രോ ട്രെയിന്‍, വാട്ടര്‍ മെട്രോ എന്നിവ വികസിപ്പിക്കുന്നു. 2014 ല്‍ 10 ലക്ഷം ജീവനക്കാരുണ്ടായിരുന്ന ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരുടെ എണ്ണം ഇപ്പോള്‍ 13 ലക്ഷമായി. അത് 15 ലക്ഷമായി വര്‍ധിപ്പിക്കാനുള്ള നിയമന നടപടികള്‍ സ്വീകരിച്ചുവരുന്നു. ദേശീയ പാതകളുടെ നിര്‍മ്മാണം ത്വരിത വേഗത്തിലാണ്. കാസര്‍ഗോഡ് കന്യാകുമാരി എന്‍എച്ച്-66 പണി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. കൊല്ലം-തേനി-മധുര ദേശീയ പാതയുടെ നിര്‍മ്മാണവും ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നു. കേരളത്തില്‍ ശബരിമല വിമാനത്താവളം ഇതിന്റെ ഭാഗമാണ്. കപ്പല്‍ ഗതാഗതത്തിനും ചരക്ക് നീക്കത്തിനുമുള്ള തുറമുഖങ്ങള്‍ സ്ഥാപിക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ പുരോഗതിക്ക് വഴി തുറക്കുന്നു. കൊച്ചിന് ഷിപ്പിയാര്‍ഡ് അന്തര്‍ദേശീയ തലത്തില്‍ മികവുറ്റ സ്ഥാപനമായി മാറി. നദീ സംയോജനവും ശുദ്ധീകരണവും അതിവേഗം പുരോഗമിക്കുന്നു. മത്സ്യ മേഖലയ്ക്ക് പ്രത്യേകം മന്ത്രാലയം തുടങ്ങുകയും മത്സ്യ ബന്ധന തുറമുഖങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ബോട്ട് ഇന്‍ഷുറന്‍സ്, മത്സ്യ സംസ്കരണ യൂണിറ്റുകള്‍, സാറ്റലൈറ്റ് വഴിയുള്ള വിവരശേഖരണം എന്നിവ ഇതിന്റെ ഭാഗമാണ്.
പൊതു സിവില്‍ നിയമം
ഭാരതം എല്ലാവരെയും ഒന്നായി കാണുന്നു. ഭരണഘടനയുടെ 42-ാം അനുച്ഛേദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊതു സിവില്‍ നിയമം നടപ്പാക്കും. ജാതിഭേദവും മത വിദ്വേഷവും ഇതുവഴി ഇല്ലാതാവുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളെയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെയും സംവരണം നല്കി മുന്‍ നിരയിലെത്തിക്കുന്നു. പ്രധാനമന്ത്രി സ്വാനിധിയും വിശ്വകര്‍മ യോജനയും ഇതിന്റെ ഭാഗമാണ്. മതന്യൂന പക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന സംരക്ഷണം നല്കി മുഖ്യധാരയിലെത്തിക്കുന്നു. തീവ്രവാദത്തിനെതിരെ രാജ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്കി നിയമനടപടി സ്വീകരിക്കുന്നു.
പൈതൃകവും വികസനവും
ഭാരതത്തിന്റെ പൈതൃകം ഋഷി സംസ്കാരത്തില്‍ അധിഷ്ഠിതമാണ്. ആരാധനാലയങ്ങളും പൗരാണിക ശാസ്ത്രങ്ങളും ഇതിന്റെ ഭാഗമാണ്. യോഗ, ആയുര്‍വേദം, ശാസ്ത്രീയ സംഗീതം, നൃത്തം, നാടകങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. അയോദ്ധ്യ, കാശി, തിരുപ്പതി, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആത്മീയ ടൂറിസം പദ്ധതികള്‍ (ആത്മീയ ടൂറിസം സര്‍ക്യൂട്ട്) നടപ്പാക്കും. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍, തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം തുടങ്ങിയവയുള്ള കേരളത്തിന് ഈ പദ്ധതി വളരെ ഗുണകരമാകും. വികസനത്തിന് തടസ്സം നില്‍ക്കുന്നത് തീവ്രവാദവും അഴിമതിയുമാണ്. അഴിമതിക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്, സിബിഐ, ഇ ഡി, ആദായനികുതി വകുപ്പ് എന്നിവ നടപടികള്‍ സ്വീകരിക്കുന്നു. തീവ്രവാദത്തിനെതിരെ എന്‍ഐഎ, സിബിഐ എന്നിവ ശക്തമായ നടപടി എടുക്കുന്നു.
സാമ്പത്തിക രംഗം
2014ല്‍ 14 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ് മാത്രമുണ്ടായിരുന്ന രാജ്യം ഇപ്പോള്‍ 2024-25 ലേക്ക് 48 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റാണ് അവതരിപ്പിച്ചത്. 2023-24ല്‍ നികുതി വരുമാനം 8 ലക്ഷം കോടി അധികം ലഭിച്ചു. നികുതിയേതര വരുമാനവും 4 കോടിയായി ഉയര്‍ന്നു. 12 ലക്ഷം കോടി കടം തിരിച്ചടച്ചു ഭാരതം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. 2024 മാര്‍ച്ച് 31ന് ഭാരതത്തിലെ കമ്പനി നിക്ഷേപം 450 ലക്ഷം കോടിയായി. അപ്രകാരം നിക്ഷേപക മേഖലയില്‍ ജര്‍മ്മനിയെ പുറന്തള്ളി നാലാം സ്ഥാനത്തെത്തി. ഐടി അധിഷ്ഠിത വ്യവസായങ്ങളില്‍ ഒന്നാമതാണ്. ലോകത്തിനാവശ്യമുള്ള മരുന്ന് നിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനത്താണ്. സൈനിക ശക്തിയില്‍ നാലാം സ്ഥാനത്തെത്തി.
ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ബഹിരാകാശ ഗവേഷണരംഗത്ത് രാജ്യം വമ്പിച്ച പുരോഗതി നേടി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 4 കോടി അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അധികമായി തൊഴില്‍ ലഭിച്ചു. ഇങ്ങനെ ഭാരതം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി മാറും. സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷം ആകുന്ന 2047ന് മുമ്പ് രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പ് ഭാരതത്തെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള വികസിത രാജ്യമാക്കി മറ്റും. അതിനുള്ള രൂപ രേഖയാണ് മോദി കി ഗ്യാരന്റി എന്ന പേരില്‍ ബിജെപി അവതരിപ്പിച്ചിട്ടുള്ള പ്രകടന പത്രിക. ഈ പ്രകടന പത്രിക നടപ്പാക്കുക വഴി ഭാരതത്തില്‍ ‘ഭദ്രമായ സാമ്പത്തിക അടിത്തറയ്ക്ക് മുകളില്‍ സുശക്തമായ സാംസ്കാരിക മേല്‍ക്കൂര ഉയര്‍ന്നു വരും’. അവിടെ എല്ലാവരും തുല്യരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: