Categories: Kerala

ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥിയെന്ന് തോമസ് ചാഴികാടന്റെ പത്രപ്പരസ്യം; അന്തം വിട്ട് യുഡിഎഫ്

കോട്ടയം: വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി അവസാനവട്ടം വോട്ടുനേടാന്‍ കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രപ്പരസ്യം. ബാലറ്റിലും ‘ഒന്നാമത്’ എന്ന തലക്കെട്ടോടെ വോട്ടഭ്യര്‍ത്ഥിച്ച് തോമസ് ചാഴികാടന്‍ ഇന്നലെ നല്കിയ പരസ്യത്തിലാണ് എല്‍ഡിഎഫ്-ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥിയെന്ന് കാണിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്‍ഡി മുന്നണി സംവിധാനമില്ലെന്നും അതിനാലാണ് യുഡിഎഫ്-എല്‍ഡിഎഫ് കക്ഷികള്‍ മത്സരിക്കുന്നതെന്നുമാണ് ഇരു മുന്നണികളുടെയും നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ആവര്‍ത്തിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ഇരുമുന്നണിയിലെയും കക്ഷികള്‍ ഒന്നിച്ചാണ് മത്സരിക്കുന്നതും.

സംസ്ഥാനത്ത് ഇന്‍ഡി മുന്നണി സംവിധാനമില്ലാതെ ഇരുചേരിയായി മത്സരിക്കുമ്പോഴാണ് കോട്ടയം ലോക്‌സഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യം. ഇത് ഇടത് മുന്നണി പ്രവര്‍ത്തകരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ രാഹുല്‍ ഭക്തി. രാഹുല്‍-പിണറായി വാക്‌പോര് നാടകമാണെന്ന എന്‍ഡിഎയുടെ പ്രചാരണത്തിന് ശക്തി പകരുന്നതു കൂടിയായിരിക്കുകയാണ് ചാഴികാടന്റെ പത്രപ്പരസ്യം.

കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇടത്-വലത് മുന്നണികളേക്കാള്‍ പ്രചാരണരംഗത്ത് ഏറെ മുന്നിലെത്തിയിരുന്നു. ഇത് ഇരുമുന്നണികളെയും ആശയക്കുഴപ്പത്തിലാക്കി. പരമ്പരാഗത വോട്ടുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ച ഭയമാണ് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പരസ്യത്തിന് പിന്നിലെന്നാണ് സൂചന.

കോട്ടയത്ത് രാഹുല്‍ ഗാന്ധി എത്തുന്നത് തനിക്കുവേണ്ടിയെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞതു മുതല്‍ മണ്ഡലത്തില്‍ ആശയക്കുഴപ്പം രൂപപ്പെട്ടിരുന്നു. കോട്ടയത്ത് എത്തിയ രാഹുലാകട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരുപറയാതെ ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.

കോട്ടയത്ത് എത്തിയ രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണെന്നും മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടന്‍ എംപിയും ഇന്‍ഡി മുന്നണിയുടെ പ്രവര്‍ത്തനത്തിന് പിന്തുണ നല്കിയിരുന്നതായും ജോസ് കെ. മാണി എംപി പറയുന്നു. യുഡിഎഫ് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി പരമാവധി വോട്ടുനേടാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമമെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക