പാരമാര്ഥികമായ ഈശ്വരഭാവത്തിന് (പുരുഷന്) എന്നും നിലനില്പുണ്ടെങ്കിലും സ്ത്രീയെന്ന ശക്തിയില്ലെങ്കില്‍ അതിന് ഒരിക്കലും സൃഷ്ടിയെ ഈവിധം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയില്ല. (കാരണം സൃഷ്ടിയെ ഉണ്ടാക്കുവാനുള്ള തന്റെ കഴിവിനെയാണല്ലോ അദ്ദേഹം സ്ത്രീയായി പുറത്തെടുത്തത്). അങ്ങനെ പ്രകൃതി പ്രത്യക്ഷമായി തന്നെ സ്ത്രീയേയും പുരുഷനേയും ബന്ധിപ്പിച്ചിരിക്കുകയാണ്. ആ ഈശ്വരീയ ഭാവങ്ങള്‍ രമിച്ച് ഉണ്ടാക്കുന്ന ഏകാത്മകതയുടെ ഒരു താളത്തിലാണ് ഈ ലോകത്തിന്റെ സൃഷ്ടിയും സ്ഥിതിയും, ഒടുവില്‍ വിഘടനത്തിലൂടെ നാശവും നടക്കുന്നത്.
ഒന്നായിരിക്കുന്ന അവരെ ഒരുകാരണവശാലും ഭിന്നിച്ച് കാണരുതെന്നുള്ളത് ഭാരതീയ ദര്‍ശനങ്ങളുടെ അടിസ്ഥാന സത്യമാണ്. പ്രകൃതിയുടെ അന്തസ്സത്തയില്‍ ഇവര്‍ ഒന്നാണെന്ന് മാത്രമല്ല, വേര്‍പെടുത്താന്‍ കഴിയാത്ത രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് ഈശ്വരസത്തകളാണ്. ഈ അറിവാണ് ഹൈന്ദവ ആദ്ധ്യാത്മികതയിലേക്കുള്ള ആദ്യത്തെ ചുവട്.
കാലത്തിനപ്പുറമുള്ളതില് നിന്ന് (കാലകാലനില് നിന്ന്) രൂപപ്പെടുന്ന, കളിക്കുന്ന കാലത്താല്‍ അഥവാ കാളിയാല്‍ പ്രകടമാക്കപ്പെടുന്നതാണ് ഈ ലോകമെന്ന ഇന്ദ്രജാലം. (കാലത്തിന്റെ ഈ ദര്‍ശനത്തെ തന്നെയാണ് മറ്റൊരു വഴിയില്‍ കൂടി നാരായണനായി അവതരിപ്പിച്ചത്. അവിടെ പ്രകൃതിയായി വ്യാപിച്ചു കിടക്കുന്ന നാരായണനെ, ഇവിടെ ‘അമ്മേ നാരായണ’യായി വ്യാഖ്യാനിക്കുന്നു, അത്രേയുള്ളൂ). പരമമായ സത്യത്തെ രൂപങ്ങളില്‍ ഒതുക്കിയപ്പോള്‍ കാളി, തന്റെ തന്നെ വ്യാകരണത്തെയാണ് ഓരോ സ്ത്രീശരീരത്തിന് പിന്നിലും അവലംബിച്ചത്. അതായത്, കാലത്തിന്റെ കല്പിത രൂപമായ കാളി, സ്വയം രൂപങ്ങളിലൂടെ പ്രകടിപ്പിച്ച് പ്രകൃതിയായപ്പോള്, സ്ത്രൈണതയുടെ ഭാവത്തില്‍ തന്നെത്തന്നെയാണ് അവതരിപ്പിച്ചത്. ഇത് സ്ത്രീകള്‍ക്ക് നല്കുന്ന വിശേഷണമല്ല, നാം അറിഞ്ഞിരിക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്. കാലരൂപമായ കാളി തന്നെയാണ് സ്ത്രീ. ഇവളിലെ ഉണര്‍ന്നിരിക്കുന്ന കാലത്തെ കണ്ടിട്ടാണ്, സ്ത്രീഹത്യ മഹാപാപമാണെന്നും, അവളെ ഒരിക്കലും ഉപദ്രവിക്കരുതെന്നും, അതെല്ലാം ചിലപ്പോള്‍ ജന്മാന്തരങ്ങളിലൂടെയേ നിങ്ങള്‍ക്ക് വീട്ടുവാന് കഴിയൂ എന്നെല്ലാം ഓര്‍മ്മിപ്പിച്ചത്. കാരണം, നിങ്ങള്‍ അവളില്‍ ഏല്‍പ്പിക്കുന്ന ഓരോ അത്യാചാരവും കാലത്തിനോട് നേരിട്ട് വാങ്ങുന്ന കടങ്ങളാണ്. മറവിയില്ലാത്ത കാലം, എന്നായാലും അതൊക്കെ തിരിച്ച് ചോദിക്കും.
എന്നാല്‍ ഈ സാധ്യതയോടൊപ്പം പരിമിതിയും സ്ത്രീ ശരീരങ്ങള്ക്കുണ്ട്. കാലസത്തയില് ഒതുങ്ങി നില്ക്കുന്നതിനാല് അതിനപ്പുറം കടക്കുവാന്‍ അതിന് കഴിയില്ല. അതായത് കാലമാകുന്ന പരിധിക്കുള്ളില്‍ നില്‍ക്കുന്നത് കൊണ്ടാണല്ലോ പരമമായ സത്യത്തില്‍ നിന്നും ഒരകലത്തിലാണ് ഈ സൃഷ്ടി നടക്കുന്നതെന്ന ഒരു ഭ്രമത്തെ ഉണ്ടാക്കുവാന്‍ പ്രകൃതിയ്ക്ക് കഴിയുന്നത്. ആയതിനാല്‍ വ്യാവഹാരിക സത്തയായ ഈ പ്രകൃതിയ്ക്ക് കാലത്തിനുള്ളിലേ പ്രസക്തിയുള്ളൂ. അതുതന്നെയാണ് സ്ത്രീ ശരീരങ്ങള്‍ക്ക് വന്നുപെടുന്നതും. ഈ ലോകത്തെ മുറുകെപ്പിടിച്ച് ജീവിക്കുവാനുള്ള നൈസര്‍ഗിക സ്വഭാവമായി സ്ത്രീയില്‍ പ്രകടമാകുന്നതും ഇതേ പരിമിതിയാണ്. കാരണം അവരെ സംബന്ധിച്ച് പ്രത്യക്ഷമായ ഈ ലോകമാണ് സാരമായ സംഗതി. എന്നാല്‍ ആ ജീവിതത്തിലെ ഭംഗങ്ങള്‍ അവള്‍ക്ക് മാത്രമല്ല, കൂടെനില്‍ക്കുന്ന പുരു ഷനും എന്നും പ്രശ്നമായിരുന്നു.
ജീവിത സമസ്യകള്‍ക്ക് ആദ്ധ്യാത്മികത ഉത്തരം നല്കിയപ്പോള്, ഭാരതീയര്‍ക്ക് സംന്യാസം പരമമായ ആദര്‍ശമായി. അസ്ഥിത്വ ചിന്തകള്‍ സ്വഭാവത്തിന്റെ ഭാഗമായിരുന്നതിനാല്‍ പുരുഷന്മാര് എണ്ണത്തില്‍ കൂടുതലും, അങ്ങനെ അല്ലാത്തതിനാല്‍ സ്ത്രീകള്‍ കുറവുമായിരുന്നെങ്കിലും, രണ്ടുപേരും സംന്യാസ ത്തിലേക്ക് എത്തിയിരുന്നു.
എന്നാല്‍ കാലത്തില്‍ അവരുടെ കടങ്ങള്‍ ഇല്ലാതാകുന്ന നാളിലേ, സ്വീകരിക്കപ്പെട്ട ആ സംന്യാസങ്ങള് ലക്ഷ്യം കണ്ടിരുന്നുള്ളൂ. അതായത് കാലമായ പ്രകൃതി സമ്മതിച്ചെങ്കിലെ സംന്യാസത്തില്‍ ഒരാള്‍ക്ക് മുന്നേറു വാന്‍ കഴിയൂ. അതിനാല്‍ അത്യാവശ്യമായ കാലത്തിന്റെ ആ സമ്മതപത്രം കയ്യിലില്ലാതെ ജീവിക്കുന്നവര്‍ക്കെല്ലാം (കാവി ഉടുത്തവരായാലും അല്ലെങ്കിലും) ജനനമരണങ്ങളുടെ ഒരു വഴിയേ മുമ്പിലുള്ളൂ. (അര്‍ത്ഥമാക്കുന്നത് സംന്യാസം ഒരു നിമിഷത്തെ ആഗ്രഹമോ, സമ്മര്ദ്ദമോകൊണ്ട് എടുക്കേണ്ടതല്ല, അത് സഹജമായി കിട്ടേണ്ടതാണ്. കാലത്തിന്റെ ഈ ശക്തമായ ഇടപെടലാണ്, ‘ആത്മാവിനെ എല്ലാപേര്‍ക്കും കിട്ടില്ല, ആത്മാവ് ആരെയാണോ അന്വേഷിക്കുന്നത് അവന് മാത്രമേ കിട്ടൂ’ എന്ന വാചകത്തിന്റെ അന്തസ്സത്ത).
ആയതിനാല്‍ സത്യത്തെ അറിയുവാന്‍ ജീവിതങ്ങളെ ഉപേക്ഷിച്ചുപോകുന്ന ഭാരതീയമായ രീതി മഹാഭൂരിപക്ഷത്തിനും പറഞ്ഞിട്ടുള്ളതല്ല. പ്രത്യേകിച്ച് ഭൂരിപക്ഷങ്ങളെ, സംന്യാസത്തിന്റെ ശത്രുക്കളായി മാറ്റപ്പെടുന്ന ഈ കാലത്ത്. അതുകൊണ്ട് തന്നെ ഭാരതീയ ജീവിതങ്ങളില്‍ നിന്ന് അന്യവല്‍കരിക്കപ്പെടുന്ന സംന്യാസത്തിനും അല്ലാതെയുമുള്ള ജീവിതത്തിനും പിന്നിലെ സത്യമെന്തെന്ന് നാം അറിഞ്ഞിരിക്കണം.
ഈ ലോകത്തെ, വിദ്യയെന്ന പുരുഷഭാവവും അവിദ്യയെന്ന പ്രകൃതിഭാവവും ചേര്‍ത്താണല്ലോ ഈശ്വരന് സൃഷ്ടിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ സ്ത്രീയും പുരുഷനുമായ നമ്മള് നമ്മളിലേക്ക് നോക്കി, ചിലത് തിരിച്ചറിയണം. ഇവിടെ വ്യാവഹാരിക സത്തയായ സ്ത്രീശരീരങ്ങള്‍ക്ക് അവരിലുള്ള പാരമാര്‍ത്ഥി കസത്തയിലേക്ക് (തങ്ങളുടെ ഉള്ളിലെ പൂര്ണഈശ്വരഭാവത്തിലേക്ക്) കാലത്തെ കടന്ന് ചെന്നെത്തുവാന്‍ പരിമിതിയുണ്ട്. അത് ഈ സൃഷ്ടിയെ ഉണ്ടാക്കി പരിപാലിക്കുവാന്‍ ഈശ്വരന് കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ്. എന്നാല്‍ ആ കുറവിനാല്‍ കാലമുണ്ടാക്കുന്ന ഈ ലോകത്ത് കാലരൂപിണികളായ സ്ത്രീകള്‍ക്ക് അസാദ്ധ്യമായി ഒന്നുമുണ്ടാവില്ല. ആ സത്യത്തെ സ്ത്രീയും പുരുഷനും മറന്നുപോകരുത്.
എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പുരുഷശരീരങ്ങള്‍. പ്രകൃതി അതില്‍ സ്വീകരിച്ചിരിക്കുന്നത് പാരമാര്ത്ഥികതയുടെ വ്യാകരണമാണ്.
സ്ത്രീകള്‍ക്ക് സ്വന്തം ശരീരങ്ങളില്‍ ഇല്ലാത്തെ പൂര്‍ണനിയന്ത്രണം, പുരുഷശരീരങ്ങള്‍ക്ക് അത് നല്‍കിയിട്ടുണ്ട്. അതുകാരണം ആഗ്രഹിക്കുകയും, തീവ്രമായി പരിശ്രമിക്കുകയും ചെയ്താല്‍, തന്റെ ഉള്ളിലെ ബോധമാകുന്ന വെളിച്ചത്തെ കൂടുതല്‍ കൂടുതല്‍ ഏകാഗ്രമാക്കുവാന്‍ അവന് കഴിയുന്നു, അതി ല്‍ വിജയിക്കുമ്പോള്‍, ആ ബോധത്തിന് താന്‍ വന്ന സ്ഥലത്തേക്ക് തിരിച്ച് പോകുവാനുള്ള ശക്തിയാണ് ലഭിക്കുന്നത്. അങ്ങനെ അത് ‘ജാഗ്രത്’ ‘സ്വപ്ന,’ ‘സുഷുപ്തി എന്ന മനസ്സിന്റെ പരിമിതികള്‍ കടന്ന് കാലങ്ങള്‍ക്ക് അപ്പുറമുള്ള തന്റെ സ്വരൂപത്തെ പ്രാപിക്കുന്നു.
മഹാതപസ്സിലൂടെ ആ സങ്കല്പശക്തി പിന്നിടുന്ന ദൂരത്തെയും ലക്ഷ്യത്തെയും നമ്മുടെ സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ അത് സംവത്സരങ്ങളും പ്രകാശവര്ഷങ്ങളും യുഗങ്ങളും കടന്ന് മന്വന്തരങ്ങളും കല്പവും താണ്ടി, (‘സ്വ’ ശരീരത്തിലെ ഓരോ ബിന്ദുവിലേയും യോഗശക്തിയെ ഉണര്‍ത്തി) കാല സര്‍പ്പങ്ങള്‍ക്ക് അപ്പുറമുള്ള തന്റെ ശിവഭാവത്തിലേക്ക് (പരമാര്ത്ഥസത്തയിലേക്ക്) വിലയിക്കുവാന്‍ അവന് സാധിക്കുന്നു. ഇങ്ങനെയാണ് മഹാതാപസന്മാരായ യോഗികള്‍ ഈശ്വരന്മാരായി മാറുന്നത്. (സംന്യാസ ജീവിതങ്ങളുടെ ലക്ഷ്യവും ഇതാണ്) ഇങ്ങനെ ശരീരതലം വിട്ട് ഈശ്വരനുമായി ലയിച്ച്, തന്നേയും ഈശ്വരനേയും ഒന്നാക്കുന്ന ഈ ശ്രേഷ്ഠതയാണ് സൃഷ്ടിയില്‍ പുരുഷനെ മുന്നില്‍ നിര്‍ത്തുന്നത്.
കാലത്തെ കടക്കുവാനുള്ള ആണ് ശരീരങ്ങളിലെ ഈ കഴിവാണ് ധാരാളം മഹായോഗിമാരേയും അവതാരങ്ങളേയും പുരുഷരൂപത്തിന് എന്നും സൃഷ്ടിക്കുവാന്‍ കഴിയുന്നത്. ഈ അറിവാണ് പുത്രന്മാര്ക്ക് പ്രത്യേക പരിഗണനയായി പൂര്‍വികര്‍ നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ വിഭാവന ചെയ്ത ‘പ്രത്യേക പരിഗണന’ പ്രകൃതിയെ അവഗണിക്കുന്നതല്ല. ‘അമ്മയ്ക്ക്’ ഈശ്വരനെക്കാളും ഉയര്‍ന്ന സ്ഥാനമാണ് അവര്‍ നല്‍കിയിരുന്നത്. അതിന് കാരണങ്ങളുമുണ്ട്.
തപസ്സിലൂടെ ഒരു സ്ത്രീ ആര്‍ജിക്കുന്നത് ‘യോഗമായ’യുടെ തലമാണ്. അത് യഥാര്‍ഥത്തില്‍ പരമമായ മാതൃഭാവമാണ്. അതുകൊണ്ടാണ് പുരാണത്തില്‍, ഭഗവാന് വിഷ്ണുവിനെ അസുരനിഗ്രഹത്തിനായി ഉണര്‍ത്തുവാന്‍ ബ്രഹ്മാവ് ആവശ്യപ്പെടുമ്പോള്‍, പരാശക്തിയായ ‘യോഗമായ’ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും വിട്ടുമാറിയതായി പറഞ്ഞത്. ശരിക്കും അവിടെ ‘യോഗമായ’ ചെയ്തത്, ലോകമായി വ്യാപിച്ച് നില്ക്കുന്ന ഈശ്വരേച്ഛയെ ഒരു രൂപത്തിലേക്ക് ഒതുക്കുകയായിരുന്നു. എങ്കില്‍ മാത്രമേ ഉറക്കുവാനും ഉണര് ത്തുവാനും പറ്റൂ. അതാണ് അമ്മ ചെയ്യുന്നതും, എങ്ങും നിറഞ്ഞ് നില്ക്കുന്ന ഈശ്വരനെ ഓരോ രൂപങ്ങളില്‍ ഒതുക്കുക. അതു തന്നെയാണ് അമ്മയെ ഈശ്വരനും മുകളില്‍ എത്തിക്കുന്ന പ്രധാനകാരണം.
മറ്റൊന്ന്, വ്യാവഹാരിക സത്തയായ സ്ത്രീ, ശരീരം കൊണ്ടും മനസുകൊണ്ടും ചെയ്യുന്ന സ്വാഭാവിക തപസ്സാണ് പത്ത് മാസം കൊണ്ട് ഒരു കുഞ്ഞായി ജനിക്കുന്നത്. അവരിലെ പരിശുദ്ധിയും സത്യനിഷ്ഠയുമാണ് ഓരോ കുഞ്ഞും ആര്‍ജ്ജിക്കുന്നത്. പില്ക്കാലത്ത് ഒരുവനെ മൃഗമായി താഴ്ത്തുന്നതിനും ഈശ്വരനായി ഉയര്‍ത്തുന്നതിനും പിന്നില്‍ അടിസ്ഥാനമായി വര്‍ത്തിക്കുന്നത് അമ്മയില്‍ നിന്ന് കിട്ടുന്ന ആ പരിശുദ്ധിയും സത്യനിഷ്ഠയുമാണ്. അങ്ങനെ സത്യവും ത്യാഗവും പരിശുദ്ധിയുമുള്ള അമ്മമാരെ ഈ ലോകത്തില്‍ ദിവ്യരായ സ്ത്രീപുരുഷന്മാരെ ജനിപ്പിച്ചിട്ടുള്ളൂ. പൂര്‍വ്വികര്‍ അറിഞ്ഞിരുന്ന ആ നഗ്നസത്യത്തെ വളരെ വ്യക്തമായി നമ്മുടെ ഇതിഹാസത്തില്‍ കാണുവാന്‍ കഴിയും.
മഹാതാപസനായ പരാശരമഹര്‍ഷിക്ക്, കടത്തുകാരിയായ ‘സത്യവതി’യില്‍ ജനിക്കുന്ന പുത്രനാണ് വേദവ്യാസന്. അമ്മയ്ക്ക് സത്യത്തില്‍ നിഷ്ഠയുണ്ടായിരുന്നുവെന്ന് അദ്ദേഹ ത്തിന്റെ ജന്മവൃത്താന്തം പഠിച്ചാല്‍ മനസ്സിലാകും. അവരിലെ ആ ഗുണമാണ് വ്യാസസൃഷ്ടിക്ക് അധിഷ്ഠാനമായത്. അതുപോലെ, ആ ജ്ഞാനിയായ വ്യാസന് ജനിക്കുന്ന മൂന്ന് കുഞ്ഞുങ്ങള്‍ അവരുടെ മൂന്ന് അമ്മമാരുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു. രാജകുമാരിമാരായ അവരിലെ രണ്ടുപേര്‍ക്ക് ഉണ്ടായ മാനസികമായ വീക്ഷണ വൈകല്യത്താല്‍, ജനിച്ചത് രോഗിയായ പാണ്ഡവും ജന്മനാ അന്ധനായ ധൃതരാഷ്ട്രരുമായിരുന്നു. എന്നാല്‍ ഗുണവതിയായ തോഴിയില്‍ ജനിച്ചത് സത്യനിഷ്ഠനും ജ്ഞാനിയുമായ വിദുരന്‍ ആയിരുന്നു. അച്ഛന് ഏകനായ മഹാതാപസനായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഇനി, രോഗിയായ ആ പാണ്ഡുവിന്റെ ഭാര്യ ദേവതാരാധന കൊണ്ട് സിദ്ധി നേടിയ കുന്തി ആയിരുന്നു. അതുകൊണ്ട് അവര്‍ നേടിയത് ഗുണവാന്മാരായ ദേവപുത്രന്മാരെയാണ് (വ്യാവഹാരിക തലത്തിലുള്ള കഥയെ അറിഞ്ഞിട്ട്, കുന്തി പരപൂരുഷന്മാരില് നിന്ന് വഴിവിട്ട് പുത്രന്മാരെ നേടിയെന്നാണ് ആധുനികരായ മഹാജ്ഞാനികളുടെ ഭാഷ്യം). എന്നാല്‍ തന്നിലെ സിദ്ധി കാണുവാന്‍ കൂട്ടാക്കാതെ ഭര്‍ത്താവായ ധൃതരാഷ്ട്രരെപോലെ എന്നും അന്ധയായി ജീവിക്കുവാനായി, സ്വന്തം കണ്ണുകളെ മൂടിക്കെട്ടിയ ആദര്‍ശവതിയായ ഗാന്ധാരിക്ക് ജനിച്ചത് വക്രബുദ്ധിയുള്ള കുറേ കുട്ടികളുമാണ്. ഇതിലെല്ലാം സ്ത്രീയുടെ വീഴ്ചയും ഗുണവും തലമുറകളിലേക്ക് പകരുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: