ചരിത്രത്തില്‍ ആദ്യമായി പോലീസിന്റെ അനാവശ്യ നിയന്ത്രണവും ബലപ്രയോഗവും മൂലം തൃശൂര്‍ പൂരം അലങ്കോലമായതിലൂടെ സാംസ്കാരിക കേരളം അപമാനിക്കപ്പെട്ടിരിക്കുകയാണ്. പൂരാഘോഷത്തിന്റെ അവിഭാജ്യ ഘടകമായ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ബാരിക്കേഡുവച്ച് തടഞ്ഞ പോലീസിന്റെ നടപടി ഹൈന്ദവ ജനതയുടെ ആരാധന സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എതിരായ കടന്നാക്രമണമായിട്ടു മാത്രമേ കരുതാനാവൂ. ഇതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസിന്റെ നടപടി വലിയ അമര്ഷത്തിനിടയാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു. പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് വിദ്വേഷ പൂര്‍ണമായ നടപടികള്‍ ഉണ്ടായതോടെ പകല്‍ പൂരം അവസാനിപ്പിച്ച് ഒരു ആനപ്പുറത്ത് മാത്രമായി എഴുന്നള്ളത്ത് പൂര്‍ത്തിയാക്കേണ്ടി വന്നത് ഭക്തരെ അങ്ങേയറ്റം വേദനിപ്പിച്ചിരിക്കുകയാണ്. പൂരപ്പറമ്പിലെ ലൈറ്റുകള്‍ കെടുത്തേണ്ടി വന്നതും, പുലര്‍ച്ചെയുള്ള വെടിക്കെട്ട് മുടങ്ങിയതും പൂരപ്രേമികളെ കടുത്ത നിരാശയിലാഴ്ത്തി. ബിജെപി നേതാവും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ്ഗോപിയെപ്പോലുള്ളവര്‍ സമയോചിതമായി ഇടപെട്ട് അധികൃതരുമായി ചര്‍ച്ച നടത്തിയതു കൊണ്ട് മാത്രമാണ് രാവിലെ ഏഴിനുശേഷം വെടിക്കെട്ട് നടത്തിയതും, പകല്‍ പൂരം ആരംഭിക്കാന്‍ കഴിഞ്ഞതും. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഉത്സവവും സാംസ്കാരിക മേളയുമാണ് തൃശൂര്‍ പൂരം. പോലീസിന്റെ ധാര്‍ഷ്ട്യവും തികച്ചും അനാവശ്യമായ നടപടികളും ഈ മഹോത്സവത്തിന്റെ ശോഭ കെടുത്തിയത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. അത്രവേഗമൊന്നും അത് കെട്ടടങ്ങാനും പോകുന്നില്ല. ശനിയാഴ്ചയിലെ പകല്‍ പൂരത്തിന്റെ നിയന്ത്രണം പോലീസ് പൂര്‍ണ്ണമായി ഒഴിവാക്കിയത് കൂടുതല്‍ പ്രതിഷേധം ഭയന്നാണ്. ജനരോഷം കനക്കുമെന്ന് മനസ്സിലാക്കി പോലീസ് ബാരിക്കേഡുകള്‍ മാറ്റിയതോടെയാണ് പൂരം സുഗമമായി നടന്നത്.
എന്തുകൊണ്ടാണ് പോലീസിന്റെ ഭാഗത്തുനിന്ന് പൂരാഘോഷത്തിനെതിരെ ഏകപക്ഷീയമായ ഇത്തരം നടപടികള്‍ ഉണ്ടായതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. സാംസ്കാരിക കേരളത്തിന്റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ തൃശ്ശൂര്‍ പൂരത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ചില ശക്തികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടുള്ള എഴുന്നള്ളത്തിനോടാണ് ചിലര്‍ക്ക് എതിര്‍പ്പ്. ആനകളെ പീഡിപ്പിക്കുന്നു എന്നാണ് ഇക്കൂട്ടരുടെ പതിവ് പരാതി. വെടിക്കെട്ട് പാടില്ലെന്നാണ് മറ്റു ചിലരുടെ പിടിവാശി. ഈ രണ്ടുകൂട്ടരും വര്‍ഷങ്ങളായി പൂരാഘോഷത്തിന് എതിരെ പ്രചാരവേല നടത്തുന്നവരാണ്. ഇതിന്റെ ചുവടു പിടിച്ചു തന്നെ പൂരാഘോഷത്തിന്റെ ആകര്‍ഷകത്വവും ജനപങ്കാളിത്തവും കുറയ്ക്കാന്‍ മറ്റുചില നടപടികളും തല്പര കക്ഷികളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. പൂരത്തിരക്കിലെ കച്ചവടം അവതാളത്തിലാക്കാന്‍ ലക്ഷ്യമിട്ട് കട വാടക നിരക്ക് കുത്തനെ ഉയര്‍ത്തിയതിനു പിന്നില്‍ ഗൂഢാലോചന സംശയിക്കണം. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇതില്‍ ചില ഇളവുകള്‍ വരുത്താന്‍ അധികൃതര്‍ തയാറായത്. വടക്കുന്നാഥന്റെ സന്നിധാനത്താണല്ലോ പൂരാഘോഷം നടക്കുന്നത്. തേക്കിന്‍കാട് വടക്കുന്നാഥനായ സാക്ഷാല്‍ ശിവന്റെ സങ്കേതവുമാണ്. എന്നാല്‍ ഇത് ബോധപൂര്‍വ്വം വിസ്മരിച്ചുകൊണ്ട് പൂരത്തെ അഹൈന്ദമായ ആഘോഷവും മതേതര കൂട്ടായ്മയുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ കുറെ കാലമായി നടന്നുവരുന്നുണ്ട്. പൂരം അടിസ്ഥാനപരമായി ഒരു ക്ഷേത്രോത്സവം ആണെന്ന സത്യം മറച്ചു പിടിച്ച് വെറും ആള്‍ക്കൂട്ടത്തിന്റെ ആഘോഷമാണെന്ന് വരുത്താനുള്ള രഹസ്യ അജണ്ടയോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവര്‍ സന്തോഷത്തോടെ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഓരോ വര്‍ഷവും പൂരത്തിന്റെ വരവറിയിക്കാനെ ന്നോണം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ‘പെറ്റ’ പോലുള്ള സംഘടനകളുടെ പങ്ക് സംശയത്തോടെ കാണേണ്ടിയിരിക്കുന്നു.
തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും ആകര്‍ഷകവും ഭവ്യവുമായ ചടങ്ങാണ് വര്‍ണ്ണാഭമായ കുടമാറ്റം. പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങ ളുടെ ആഭിമുഖ്യത്തില്‍ അത്യന്തം വാശിയോടെ, എന്നാല്‍ ഏറെ ആഹ്ലാദത്തോടെ നടക്കുന്ന ഈ ചടങ്ങു കാണാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്തുന്നു. ഇത്തവണത്തെ കുടമാറ്റത്തെ ആകര്‍ഷകമാക്കിയത് അയോധ്യയിലെ ബാലകരാമന്റെ ചിത്രമുള്ള കുടകള്‍ ആയിരുന്നു. ഇത് ചില കേന്ദ്രങ്ങളെ അരിശം കൊള്ളിച്ചിരിക്കണം. ജിഹാദി ശക്തികളെ പ്രീണിപ്പിച്ച് വോട്ടുനേടാന്‍ ശ്രമിക്കുന്ന ഇടതു- വലത് മുന്നണികളുടെ വക്താക്കള്‍ക്ക് സ്വാഭാവികമായും അയോധ്യയോടും രാമക്ഷേത്രത്തോടും ബാലകരാമനോടുമുള്ള വിരോധം കുപ്രസിദ്ധമാണല്ലോ. പോലീസിനെ ഉപയോഗിച്ച് പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഇവരുടെ പ്രേരണയുണ്ടാവണം. പ്രശ്നത്തില്‍ ഇടപെടാന്‍ നാട്ടുകാരായ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും റവന്യൂമന്ത്രി കെ. രാജനും തയാറാവാത്തത് ഇക്കാരണത്താലാണെന്ന് കരുതേണ്ടിയിരിക്കുന്നു. സിപിഐ നേതാവും തൃശൂര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ വി.എസ്. സുനില്‍കുമാര്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാതെയാണ് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒത്തനടുവില്‍ ആയതുകൊണ്ട് മാത്രമാണ് സുനില്‍കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനും മടിച്ചുമടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. അല്ലായിരുന്നുവെങ്കില്‍ ഇരുവരും കുടമാറ്റത്തിനെതിരെ രംഗത്തുവരുമായിരുന്നുവെന്ന് ഉറപ്പാണ്. ജിഹാദികളുടെ മാനസപുത്രനെപ്പോലെ പെരുമാറുന്ന മുന്‍ എംപി ടി. എന്‍. പ്രതാപന്റെ കാര്യം പറയേണ്ടതില്ലല്ലോ. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട വന്‍ അഴിമതി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ സ്ഥിതിക്ക് ഹിന്ദുക്കളുടെമേല്‍ കുതിര കയറി ജനശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമവും പോലീസിന്റെ പൂരം അലങ്കോലപ്പെടുത്തലിനു പിന്നില്‍ ഉണ്ടാവാം. ജിഹാദികളുടെ കമാന്‍ഡര്‍ ആയി മാറിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ഇങ്ങനെയൊക്കെ പെരുമാറുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: