ന്യൂദല്‍ഹി: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ കോളജ് കാമ്പസിനകത്തുവെച്ച് നേഹ ഹിരേമത്ത് എന്ന വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് എബിവിപി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രമസമാധാന പാലനത്തില്‍ പരാജയപ്പെട്ടെന്ന് ഇതിലൂടെ വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല പ്രസ്താവനയില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി ഉറപ്പാക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ കോളജ് കാമ്പസിനകത്തുപോലും പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ് ഭരണം സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. കുറ്റവാളിയായ ഫയാസിന് പരമാവധി ശിക്ഷ ഉറപ്പാക്കണം. നിയമത്തിന്റെ യാതൊരു പഴുതിലൂടെയും കുറ്റവാളി രക്ഷപ്പെടാന്‍ ഇടവരരുത്. വിചാരണ നടപടികള്‍ ഉള്‍പ്പെടെ വേഗത്തിലാക്കണം. ഫയാസിന് വധശിക്ഷ തന്നെ നല്‍കണമെന്നും യാജ്ഞവല്‍ക്യ ശുക്ല ആവശ്യപ്പെട്ടു.
കാമ്പസുകളില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ആഭ്യന്തരവകുപ്പ് മന്ത്രി ജി. പരമേശ്വരയുടെ വസതിയിലേക്ക് മാര്‍ച്ചും നടത്തി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: