കുറച്ചു കാലം മുമ്പു വരെ ഷൂട്ടിംഗിനായി കോഴിക്കോട്ടെത്തുന്ന സിനിമാക്കാരുടെ ഇഷ്ട കേന്ദ്രമായിരുന്നു മഹാറാണി ഹോട്ടല്‍. ഇന്നത്തേതുപോലെ വലിയ ഹോട്ടലുകളൊന്നുമില്ലാത്ത ആ കാലത്ത് കോഴിക്കോട്ടെ ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ഈ ഹോട്ടല്‍. ഇവിടെ താമസിക്കുന്ന താരങ്ങളെ ഒരു നോക്കു കാണാനും സംവിധായകരോട് ചാന്‍സ് അഭ്യര്‍ത്ഥിക്കാനുമായി രാവിലെ മുതല്‍ നൂറു കണക്കിന് പേര് അക്കാലത്ത് ഗേറ്റിന് പുറത്ത് കാത്തു നില്ക്കാറുണ്ടായിരുന്നു. ഹോട്ടലിനടുത്തായി പുതിയറയിലെ തയ്യല്‍ക്കടയില്‍ ജീവിതം തുന്നിയെടുക്കാനുള്ള പെടാപ്പാടിലായിരുന്നു അക്കാലത്ത് മുരുകന്. സിനിമ അയാളുടെ സ്വപ്നത്തില്‍ പോലുമില്ലായിരുന്നു. എന്നാല്‍ പരിശ്രമമൊന്നും കൂടാതെ അപ്രതീക്ഷിതമായി മുരുകന് സിനിമയിലെത്തി. തയ്യല്‍ക്കാരനില്‍ നിന്ന് വസ്ത്രാലങ്കാര പ്രതിഭയിലേക്കുള്ള യാത്രയായിരുന്നു അത്. സ്വതന്ത്രമായി പ്രവര്‍ത്തിച്ച ആദ്യ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും രണ്ടാമത്തെ സിനിമയിലൂടെ മുരുകന് എന്ന പേര് സിനിമാ ലോകത്ത് അടയാളപ്പെടുത്തപ്പെട്ടു. സിനിമയില്‍ ഒരു പാട് മുരുകന്മാര് ഉള്ളതു കൊണ്ട് സിനിമാക്കാര് മുരുകനെ മുരുകന്‍സ് എന്നു വിളിച്ചു. എന്‍. ശങ്കരന് നായരുടെ സത്രത്തില്‍ ഒരു രാത്രി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ തുടങ്ങി പിന്നീടങ്ങോട്ട് കാലങ്ങളോളം വെള്ളിത്തിരയില്‍ വസ്ത്രാലങ്കാരം മുരുകന്‍സ് എന്ന പേര് തെളിഞ്ഞു.
മുരുകന്‍സിന്റെ ചെറുപ്പ കാലത്ത് കുടുംബം കോഴിക്കോട് പുതിയറയിലായിരുന്നു താമസിച്ചിരുന്നത്. അച്ഛന് ചിന്നപ്പന് തൃശ്ശൂര്‍ ചേലക്കര സ്വദേശിയായിരുന്നു. അമ്മ വേലമ്മാള്‍ തമിഴ്നാട്ടിലെ സേലം സ്വദേശിനിയും. നല്ലൊരു ജോലിയും ജീവിതവും തേടി അവര്‍ കോഴിക്കോട്ടെത്തുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ വലിയ ജോലിയൊന്നും ലഭിക്കാതെ വന്നപ്പോള്‍ അച്ഛന് നഗരത്തില്‍ കടല വിറ്റ് ജീവിതം കണ്ടെത്തി. പുതിയറയില്‍ താമസിക്കുമ്പോഴായിരുന്നു ഒരിക്കല്‍ വലിയൊരു വെള്ളപ്പൊക്കമുണ്ടായത്. വീട്ടില്‍ വെള്ളം കയറി. വീട്ടുസാധനങ്ങള്‍ നശിച്ചു. ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ തമിഴ്നാട്ടിലെ അമ്മയുടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് മുരുകന് പത്തുവയസ്സുള്ളപ്പോഴാണ് കുടുംബം കോഴിക്കോട്ട് തിരിച്ചെത്തുന്നത്. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ മുരുകന് പുതിയറയില്‍ ഒരു തയ്യല്‍ക്കടയില്‍ ജോലി തുടങ്ങി. വെറും പന്ത്രണ്ട് വയസു മാത്രമായിരുന്നു മുരുകനെന്ന് പ്രായം. എന്നാല്‍ വളരെ വേഗം തന്നെ തരക്കേടില്ലാത്ത തയ്യല്‍ക്കാരനെന്ന പേര് ലഭിച്ചു. കടയ്ക്കടുത്തുള്ള മഹാറാണി ഹോട്ടലിന് മുന്നില്‍ നടന്മാരെ കാണാന്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് മുരുകന് കാണാറുണ്ടായിരുന്നു.
ഒരു ദിവസം ദൊരൈ എന്നയാള്‍ മുരുകന്റെ കടയിലേക്ക് കയറി വന്നു. സിനിമയുടെ കോസ്റ്റ്യൂം മേഖലയിലായിരുന്നു അയാള്‍ക്ക് ജോലി. നടന്മാര്ക്കുള്ള കുറച്ച് വസ്ത്രങ്ങള്‍ തയ്പ്പിച്ച് അയാള്‍ പോകുമ്പോള്‍ മുരുകന് അറിഞ്ഞിരുന്നില്ല തന്റെ ജീവിതം മാറാന്‍ പോകുകയാണെന്ന്. ദൊരൈ കടയിലേക്ക് വീണ്ടും വന്നു. സിനിമയില്‍ താത്പര്യമുണ്ടോ എന്നായിരുന്നു അയാള്‍ക്കറിയേണ്ടിയിരുന്നത്. സിനിമയെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നെങ്കിലും മുരുകന് സമ്മതം മൂളി. ഷൂട്ടിംഗ് സ്ഥലത്തുപോയി അവര്‍ പറഞ്ഞ കോസ്റ്റ്യൂംസ് എല്ലാം ചെയ്തുകൊടുത്തു. പിന്നീട് കുറേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ വസ്ത്രാലങ്കാര സഹായിയായി ജോലി ചെയ്തു. ഇതിനിടയിലായിരുന്നു മുരുകന് മുരുകന്‍സ് ആയി മാറുന്നത്.
യൂസഫ് എന്നൊരു പരസ്യ സംവിധായകനാണ് പേരിന് കൂടെ എസ് ചേര്‍ത്തു നല്‍കിയത്. സ്വന്തമായി വസ്ത്രാലങ്കാരം ചെയ്യുമ്പോള്‍ മുരുകന്‍സ് എന്ന് പേര് ഉപയോഗിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയിലാണ് സ്വതന്ത്രമായൊരു വര്‍ക്ക് ലഭിക്കുന്നത്. വാല്‍ക്കണ്ണാടി എന്നായിരുന്നു സിനിമയുടെ പേര്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജയന് അടിയാട്ട് സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയില്ല. ഇന്നസെന്റ്, രവികുമാര്‍, ഫിലോമിന, ഒടുവില്‍ ഉണ്ണിക്കൃഷ്ണന് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍. തിരിച്ചടിയില്‍ വേദന തോന്നിയെങ്കിലും ഒരു സുവര്‍ണാവസരം കാലം മുരുകന്സിനായി കാത്തുവച്ചിരുന്നു. മലയാളത്തിലെ ശ്രദ്ധേയമായ സിനിമകളിലൊന്നായി മാറിയ ധ്വനിയിലേക്കുള്ള അവസരമായിരുന്നു അത്. മാക് അലി നിര്‍മ്മിച്ച് എ.ടി. അബു സംവിധാനം ചെയ്ത ധ്വനി പ്രേംനസീറിന്റെ അവസാന ചിത്രവും കൂടിയായിരുന്നു. നൗഷാദ്-യൂസഫലി കേച്ചേരി കൂട്ടുകെട്ടിലുള്ള മാനസ നിളയില്‍, ജാനകീ ജാനേ തുടങ്ങിയ മനോഹര ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ ചിത്രം. ജയറാം, ശോഭന, ജയഭാരതി തുടങ്ങി പ്രശസ്തരായ നിരവധി നടീനടന്മാര് വേഷമിട്ട് 1988 ല്‍ പുറത്തിറങ്ങിയ ധ്വനിയാണ് മുരുകന്സിനെ മലയാള സിനിമയില്‍ ചേര്‍ത്തു നിര്‍ത്തിയത്. ധ്വനി ഹിറ്റായതോടെ മുരുകന്സിനും കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചു തുടങ്ങി. മുരുകന്‍സിന്റെ സുഹൃത്ത് മേയ്ക്കപ്പ്മാന് സലിം കടയ്ക്കല്‍ നടന് കമല്‍ഹാസന്റെ പേഴ്സണല്‍ മേയ്ക്കപ്പ്മാനായിരുന്നു. കോസ്റ്റ്യൂം അസിസ്റ്റന്റായി വിശ്വസിക്കാവുന്ന ഒരാള്‍ വേണമെന്ന് കമല്ഹാസന് സലീമിനോട് പറഞ്ഞു. സലീം പറഞ്ഞതു പ്രകാരം മുരുകന്‍സ് മദ്രാസിലെത്തി കമല്‍ഹാസനെ കണ്ടു. ഭരതന് സംവിധാനം ചെയ്യുന്ന തേവര്മകന് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു ആ കൂടിക്കാഴ്ച. പിന്നീട് ഒരു വര്‍ഷത്തോളം കമല്‍ഹാസന്റെ അസിസ്റ്റന്റായി ജോലി ചെയ്തു. 93 ല്‍ പുറത്തിറങ്ങിയ ജി ബി വിജയ് സംവിധാനം ചെയ്ത കലൈഞ്ജന്‍, ജി.എന്‍. രംഗരാജന് സംവിധാനം ചെയ്ത മഹാരാസന്‍ തുടങ്ങിയ സിനിമകളിലെല്ലാം കമല്‍ ഹാസന്റെ കൂടെ സഹായിയായി മുരുകന്സുമുണ്ടായിരുന്നു. എം. വിനീഷ്, എം. പ്രബീഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത തീ കുളിക്കും പച്ചൈമരം ഉള്‍പ്പെടെ നാലോളം തമിഴ് സിനിമകളും ധര്‍മ്മേന്ദ്ര, ആദിത്യ പഞ്ചോലി തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ മാഫിയ എന്ന ഹിന്ദി സിനിമയിലും വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു. വസ്ത്രാലങ്കാര കലാകാരനെന്ന നിലയില്‍ മുരുകന്‍സിന്റെ ഏറ്റവും ശ്രദ്ധേയമായ വര്‍ക്ക് ഭരതന് സംവിധാനം ചെയ്ത ദേവരാഗമായിരുന്നു. വേറിട്ടൊരു കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമായിരുന്നു സിനിമയുടേത്. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചു. അരവിന്ദ് സ്വാമിയും ശ്രീദേവിയും അഭിനയിച്ച് 1996 ല്‍ പുറത്തുവന്ന ഈ ചിത്രം വലിയ അഭിനന്ദനങ്ങളും മുരുകന്സിന് നേടിക്കൊടുത്തു. ഹരിദാസിന്റെ ജയറാം, ചിത്രമായ ജോര്‍ജ്ജൂട്ടി ര/ീ ജോര്ജ്ജൂട്ടിയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. ഹരിദാസിന്റെ കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം, കണ്ണൂര്‍ തുടങ്ങിയ സിനിമകളിലും മുരുകന്‍സ് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു. ജോസ് തോമസ് സംവിധാനം ചെയ്ത അടിവാരം ഗ്രാമീണപശ്ചാത്തലത്തിലുള്ള പ്രതികാര കഥയായിരുന്നു.
കെ.കെ. ഹരിദാസിനൊപ്പം കല്ല്യാണപ്പിറ്റേന്ന്, ഇക്കരെയാണെന്റെ മാനസം, സി ഐ മഹാദേവന് അഞ്ചടി നാലിഞ്ച് തുടങ്ങിയ സിനിമകള്‍ ചെയ്തു. ജയന് അടിയാട്ടിന്റെ ചൈതന്യം, വിനയന് സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ, കണ്ണന് താമരക്കുളത്തിന്റെ ആടുപുലിയാട്ടം തുടങ്ങിയ സിനിമകളും ശ്രദ്ധിക്കപ്പെട്ടു. ഇതുകൂടാതെ ചാര്‍ലി ചാപ്ലിന്, ചെറിയ കള്ളനും വലിയ പോലീസും, കഥ സംവിധാനം കുഞ്ചാക്കോ, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്, മിഴി, ലയം, ദി ജഡ്ജ്മെന്റ്, ചേനപ്പറമ്പിലെ ആനക്കാര്യം, കല്ലായി എഫ് എം, തീരുമാനം, ഒരു ഓര്‍ഡിനറി പ്രണയം, ബോബി, ആകസ്മികം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. പല സിനിമകളിലും ചെറു വേഷങ്ങളിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ജോലിയില്‍ പൂര്‍ണ വിജയമായ ഒരു കലാകാരനായിരുന്നു മുരുകന്‍സ്. നിര്‍മാതാവിന്റെ പരിമിതികള്‍ മനസിലാക്കി ആര്‍ഭാടങ്ങള്‍ കുറച്ച്, എന്നാല്‍ ഏറ്റവും മനോഹരമായി ജോലി ചെയ്ത കലാകാരന്.
പ്രതിസന്ധികള്‍ തരണം ചെയ്ത് സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയ ഈ കലാകാരന് അടുത്തിടെ യാത്രയായി. സൈഡ് സ്റ്റോറികള്‍ പോലുമില്ലാതെ പത്രങ്ങളില്‍ ഒറ്റക്കോളം വാര്‍ത്തയിലൊതുങ്ങി ആ മരണം. അനുശോചന യോഗങ്ങളൊന്നുമുണ്ടായില്ല. സിനിമാക്കാരുടെ അനുശോചനങ്ങളും കണ്ടില്ല. എന്നാലും ആ പേര് പ്രേക്ഷക മനസില്‍ എന്നുമുണ്ടാവും. പഴയ ചിത്രങ്ങളുടെ ടൈറ്റിലുകള്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ മുരുകന്‍സ് എന്ന പേര് മിന്നിമായും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: