1999ല്‍ കെഐഐഎഫ് ആക്ട് പ്രകാരം കേരള സര്‍ക്കാര്‍ രൂപീകരിച്ച അടിസ്ഥാനമേഖലാ നിക്ഷേപ വികസനത്തിന് വേണ്ടിയുള്ള ബോര്‍ഡാണ് കിഫ്ബി. 1999നവംബര്‍ 11ന് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കിഫ്ബിയുടെ വെബ്സൈറ്റില്‍ ഇതൊരു ബോഡി കോര്‍പ്പറേറ്റ് ആണെന്ന് പറയുന്നുണ്ടെങ്കിലും ബോഡി കോര്‍പ്പറേറ്റ് രൂപീകരിക്കാന്‍ യാതൊരു അധികാരവും നിലവിലുള്ള നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിനോ കേരളാ നിയമസഭയ്ക്കോ ഇല്ല. ബോഡി കോര്‍പ്പറേറ്റിനെ കോര്പ്പറേറ്റ്ബോഡി എന്നും വിളിക്കാറുണ്ട്.
1956ലെ കമ്പനി നിയമപ്രകാരം അഥവാ 2013ലെ കമ്പനി നിയമപ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) മുമ്പാകെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികളെയാണ് ബോഡി കോര്‍പ്പറേറ്റ് അഥവാ കോര്‍പ്പറേറ്റ് ബോഡി എന്ന് പറയുന്നത്. അതിനാല്‍ കിഫ്ബിയുടെ വെബ്സൈറ്റില്‍ പറയുന്ന ബോഡി കോര്‍പ്പറേറ്റ് എന്ന പ്രയോഗം നിയമലംഘനവും അതുകൊണ്ട് തന്നെ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. കേന്ദ്രസര്‍ക്കാരിന്റെ കമ്പനി കാര്യമന്ത്രാലയം പ്രത്യേകമായി വിജ്ഞാപനം ചെയ്താല്‍ മാത്രമേ സംസ്ഥാന നിയമസഭ പാസാക്കിയ നിയമം മൂലം രൂപീകരിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ബോഡി കോര്‍പ്പറേറ്റ് അഥവാ കോര്‍പ്പറേറ്റ് ബോഡി എന്ന പദവി ലഭിക്കൂ. കിഫ്ബിയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി വിജ്ഞാപനം നടത്തിയിട്ടില്ല. അതിനാല്‍ കിഫ്ബി ബോഡി കോര്‍പ്പറേറ്റല്ല.
2011-16 കാലത്തും 2016-21 കാലത്തും ടി.എം. തോമസ് ഐസക്ക് കേരളത്തിന്റെ ധനമന്ത്രിയായിരുന്നു. കടമെടുക്കൂ ചെലവഴിക്കൂ എന്ന തത്വപ്രകാരമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ പൊതുകടം 2024 മാര്‍ച്ച് 31ന് 4.5 ലക്ഷം കോടിയാണ്. കിഫ്ബിയുടെയും പെന്ഷന് കമ്പനിയുടെയും കേരള സര്‍ക്കാര്‍ ഉടമയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഗ്യാരന്റിയിന്മേല് എടുത്ത കടങ്ങള്‍ കൂടി കൂട്ടിയാല്‍ ഇത് 5.5 ലക്ഷം കോടിയാവും. കേരളത്തിന്റെ ആകെ ജിഡിപി 11 ലക്ഷം കോടിയാണ്. ജിഡിപിയുടെ 50% കടമെടുത്താല്‍ ഏതൊരു സംസ്ഥാന സര്‍ക്കാരും കടക്കെണിയില്‍പ്പെടും. ദൈനംദിന ചെലവുകള്‍ക്ക് പണമില്ലാതാവും. ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷന്‍ക്കാര്‍ക്കുള്ള പ്രതിമാസ പെന്ഷന് തുകയും മുടങ്ങും. 2024 ജനുവരിമാസത്തെ ശമ്പളവും പെന്‍ഷനും കേരളാ സര്‍ക്കാര്‍ നല്‍കിയത് ഫെബ്രുവരി 13നാണ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ കുടിശ്ശിക നല്‍കിയതുമില്ല. കടമെടുക്കൂ ചെലവഴിക്കൂ എന്ന തോമസ്ഐസക്കിന്റെ സിദ്ധാന്തം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് കടമെടുക്കൂ ധൂര്ത്തടിക്കൂ എന്നായി മാറിയതിന്റെ ദുരന്തഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. കൂടുതല്‍ പണം കടമെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കാര്യമായ ഇളവുകള്‍ ലഭിച്ചില്ല. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഏക മാര്‍ഗം ഉല്‍പ്പാദന മേഖലകളെ ശക്തിപ്പെടുത്തി വരുമാനം വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ്. അതിന് ഉല്പാദന മേഖലകളെ തകര്‍ക്കുന്ന തെറ്റായ നയസമീപനങ്ങള്‍ മാറണം. ഇല്ലെങ്കില്‍ സിപിഎമ്മിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയണം.
2017 മുതലുള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ 60000 കോടിയുടെ പദ്ധതികള്‍ അംഗീകരിച്ചു എന്ന് പറയുമ്പോഴും കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി 15000 കോടിയുടെ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. വാര്‍ഷിക ശരാശരി 2200 കോടി മാത്രം. കേരളാ പൊതുമരാമത്ത് വകുപ്പ് വര്‍ഷം തോറും 20000 കോടിയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാറുണ്ട്. ഇപ്പോള്‍ കരാറുകാര്‍ക്ക് 40000 കോടി രൂപയുടെ കുടിശ്ശികയുണ്ട്. 2023-24 ലെ വാര്‍ഷിക ബജറ്റ് അടങ്കല്‍ 170000 കോടിയാണ്. അപ്പോള്‍ കിഫ്ബി ചെലവഴിക്കുന്നത് ബജറ്റ് അടങ്കലിന്റെ ഒന്നര ശതമാനത്തില്‍ താഴെ മാത്രമാണ്. 2016 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് ശേഖരിക്കാനായി കിഫ്ബി നിയമം ഭേദഗതി ചെയ്തു. ഇതിന്റെ ഭാഗമായി മസാലാ ബോണ്ട് ഇറക്കി. കാനഡയിലെ ലാവലിനുമായി ബന്ധമുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നും 2150 കോടി രൂപ കടമെടുത്തു. ലണ്ടണ്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബി മസാലാ ബോണ്ട് ലിസ്റ്റ് ചെയ്തു കൊണ്ട് കേരളാ മുഖ്യമന്ത്രി മണിയടിച്ചു. ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് മുന്‍കൈ എടുത്താണ് ഇത് ചെയ്തതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച കിഫ്ബി, ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് മീറ്റിംഗിന്റെ മിനിറ്റ്സ് ഇ ഡിക്ക് ലഭിച്ചു. കിഫ്ബി കടമെടുക്കുന്ന തുക കേരളാ സര്‍ക്കാരിന്റെ കടബാധ്യതയില്‍ ഉള്‍പ്പെടും എന്ന് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തുടര്‍ച്ചയായ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്കി. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കിഫ്ബിയുടെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും കടം സംസ്ഥാനസര്‍ക്കാരിന്റെ കടം തന്നെയാണെന്ന് സിഎജി റിപ്പോര്‍ട്ടുകളില്‍ തറപ്പിച്ച് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക് സിഎജിയെയും ഇ ഡിയെയും ആദായനികുതി വകുപ്പിനെയും ചീത്ത വിളിച്ചു. സഭ്യതയുടെയും രാഷ്ട്രീയ മര്യാദയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചു. സിഎജി റിപ്പോര്‍ട്ടിനെതിരെ തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന 2016-21 കാലത്ത് കേരളാ നിയമസഭ പ്രമേയം പാസാക്കി. കാനഡയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മസാലാ ബോണ്ട് നല്കി 2150 കോടി രൂപ കടമെടുത്തതിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഇ ഡിയെ കേരളാ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാല്‍ തോമസ് ഐസക്കിന്റെ ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ട് അവസാനിക്കുന്നതല്ല 1999ലെ വിദേശ നാണയ വിനിമയ നിയമങ്ങളും ചട്ടങ്ങളും (ഫെമ) ലംഘനത്തിനെതിരെ ഇ ഡി എടുക്കുന്ന കേസുകള്‍. ഇത്തരം നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി നടത്തിവന്ന കിഫ്ബിയുടെ തലപ്പത്ത് ചീഫ് സെക്രട്ടറിയായി സര്‍വീസില്‍ നിന്നും വിരമിച്ച ഡോ. കെ. എം. എബ്രഹാമിനെ തുടര്‍ന്നും നിയമിച്ചു. ഇപ്പോഴും അദ്ദേഹം മന്ത്രിമാര്‍ക്ക് തുല്യമായ ക്യാബിനറ്റ് പദവി സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് െ്രെപവറ്റ് സെക്രട്ടറിയായി തുടരുന്നു. ഡോ. കെ.എം. എബ്രഹാം 5 വര്‍ഷക്കാലം ബോംബയിലെ സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിലെ(സെബി) അംഗമായി പ്രവര്‍ത്തിച്ചു എന്നുള്ള കാരണം പറഞ്ഞാണ് അദ്ദേഹത്തെ കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയി നിയമിച്ചത്. എന്നാല്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ മാത്രമാണ് സെബിക്ക് നിയന്ത്രണാധികാരമുള്ളത്. കിഫ്ബി ലിസ്റ്റ് ചെയ്ത കമ്പനിയല്ല.
ഇതിനിടയില്‍ വിദേശ നാണയ വിനിമയ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ചൂണ്ടിക്കാട്ടി ഇ ഡി കിഫ്ബിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥന്മാരും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും ഹാജരാകാന്‍ നോട്ടീസ് നല്കി. ഈ നോട്ടീസുകള്‍ക്കെതിരെ കിഫ്ബി ഉദ്യോഗസ്ഥരും തോമസ് ഐസക്കും കേരളാ ഹൈക്കോടതിയില്‍ റിട്ട് നല്കി. ഉദ്യോഗസ്ഥന്മാരോട് ഇ ഡി മുമ്പാകെ ഹാജരായി തെളിവ് നല്കാന് കോടതി ആവശ്യപ്പെട്ടു. അപ്രകാരം കിഫ്ബി ഉദ്യോഗസ്ഥര്‍ ഇ ഡി മുമ്പാകെ ഹാജരായി തെളിവുകള്‍ നല്കി. തെളിവുകളുടെ അടിസ്ഥാനത്തില്‍ 2024 മാര്‍ച്ച് 12ന് വീണ്ടും ഹാജരാകാന്‍ തോമസ് ഐസക്കിന് നോട്ടീസ് നല്കി. ഇപ്പോള്‍ തോമസ് ഐസക്ക് പറയുന്നത് താന്‍ പത്തനംതിട്ടയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും അതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നുമാണ്. കേസ് പരിഗണിച്ച കേരളാ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിനു ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന് ഉത്തരവായി. ഈ ഉത്തരവിനെതിരെ ഇ ഡി ഡിവിഷന് ബെഞ്ച് മുമ്പാകെ അപ്പീല്‍ നല്കി. കേരളാ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചു.
സലിം ഗംഗാധരന് എന്ന മുന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ കിഫ്ബിയില്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറാക്കി. കാനഡയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മസാലാ ബോണ്ട് വഴി 2150 കോടി കടമെടുക്കാന്‍ ആക്സിസ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ എന്‍ഒസി നിയമപരമായി നിലനില്‍ക്കുന്നതല്ലന്ന് സിഎജി കണ്ടെത്തി. ഇ ഡി നോട്ടീസുകള്‍ക്കുള്ള മറുപടിയായി തോമസ് ഐസക്ക് എഴുതി നല്‍കിയത് മുഖ്യമന്ത്രി ചെയര്‍മാനും വിദഗ്ധ മെമ്പര്‍മ്മാര്‍ അംഗങ്ങളുമായിട്ടുള്ള കിഫ്ബി ബോര്‍ഡാണ് കാനഡയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മസാലാ ബോണ്ട് നല്കി പണം കടം വാങ്ങാന്‍ തീരുമാനിച്ചത് എന്നാണ്. എന്നാല്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്ട്സ് പരിശോധിച്ച ഇ ഡി കണ്ടെത്തിയത് ധനകാര്യ സെക്രട്ടറിയുടെയും മറ്റും നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ഉയര്‍ന്ന പലിശ നിരക്കില്‍ ഫെമ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം നടത്തി കാനഡയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മസാലാ ബോണ്ട് നല്കി പണം കടം വാങ്ങാന്‍ നിര്‍ബന്ധിച്ചത് ധനകാര്യമന്ത്രിയും കിഫ്ബിയുടെ വൈസ് ചെയര്‍മാനും ആയിരുന്ന തോമസ് ഐസക്കാണ് എന്നാണ്. ഏഴാമത് സമന്‍സ് ലഭിച്ചപ്പോള്‍ ഇ ഡി എന്നെ പൊടിയാക്കി മൂക്കില്‍ കേറ്റുമോ എന്നാണ് ഐസക് ചോദിച്ചത്. ഇത് കേരളമാണെന്ന് പറഞ്ഞു അദ്ദേഹം ഇ ഡിയെ ഭീഷണിപ്പെടുത്തുകയുണ്ടായി.
കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതിയോടെ വിദേശത്തുനിന്നും പണം കടമെടുക്കാനുള്ള അധികാരം കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ബോഡി കോര്‍പറേറ്റുകള്‍ക്ക് മാത്രമാണുള്ളത്. ഇത് സംബന്ധിച്ച് ഹാജരായി തെളിവു നല്കാന് ഏഴു തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. ഇ ഡി എട്ട് തവണ നോട്ടീസ് അയച്ചിട്ട് ഹാജരാകാത്ത ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ മാതൃകയാണ് തോമസ് ഐസക്ക് പിന്തുടരുന്നത്. ഹൈക്കോടതി മുമ്പാകെ നിലവിലുള്ള ഈ കേസില്‍ ഇപ്പോള്‍ സാക്ഷിയായ തോമസ് ഐസക്കിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചാല്‍ ഏത് സമയത്തും പ്രതിയാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് നന്നായി അറിയാവുന്ന ആളാണ് തോമസ് ഐസക്ക്.
ഈ സാഹചര്യത്തില്‍ ഏഴു തവണ നിയമപ്രകാരം നോട്ടീസ് ലഭിച്ചിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ ഡി മുമ്പാകെ ഹാജരാകാതെ മുന്‍ ധനമന്ത്രി തോമസ്ഐസക്ക് ഇപ്പോള്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. ഉയര്‍ന്ന നിരക്കില്‍ ഫീസ് വാങ്ങി കേസുകളില്‍ ഹാജരാവുന്ന സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് ഐസക്കിന് വേണ്ടി കേരളാ ഹൈക്കോടതി മുമ്പാകെ ഹാജരാകുന്നത്. ഇവര്‍ക്ക് നല്കുന്ന പണത്തിന്റെ സ്രോതസ് അന്വേഷിക്കാനും ആദായനികുതി വകുപ്പിനും ഇ ഡിക്കും നിയമപരമായ അധികാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: