തൃശൂര്‍: തെക്കന്‍ കൈലാസത്തില്‍ ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. അനുഗ്രഹം ചൊരിഞ്ഞ് ദേവതാ ഗണം. മനം നിറഞ്ഞ്, മതിമറന്ന് ജനസാഗരം. മാനത്തുയര്‍ന്ന് മിന്നിമാഞ്ഞ കുടകളുടെ മഴവില്ലഴക്, താളവിസ്മയം തീര്‍ത്ത് വാദ്യകുലപതികള്‍, കരിമേഘക്കൂട്ടം പോലെ ആകാശം മുട്ടെ നിലവെടുത്ത് ഗജരാജാക്കന്മാര്. പൂരം വീണ്ടുമൊരു മതിവരാക്കാഴ്ചയായി.
രാവിലെ ഏഴു മണിയോടെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുന്നാഥന് മുന്നില്‍ ആദ്യമെത്തിയത്. തുടര്‍ന്ന് അയ്യന്തോള്‍, ലാലൂര്‍, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ്, ചെമ്പുക്കാവ്, കാരമുക്ക് ഭഗവതിമാരും പനമുക്കംപിള്ളി ശാസ്താവും ആനകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ വടക്കുന്നാഥന്റെ സന്നിധിയിലെത്തി.
ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാടായി. തുടര്‍ന്ന് മഠത്തില്‍ ഇറക്കി പൂജ. പത്തരയോടെ പ്രസിദ്ധമായ മഠത്തില്‍ വരവ്. പഞ്ചവാദ്യത്തിന് കോങ്ങാട് മധുവിന്റെ പ്രമാണം. തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരന്. ഇടം വലം കൂട്ടായി പുതുപ്പള്ളി സാധുവും കുട്ടന്‍കുളങ്ങര അര്‍ജുനനും. മൂന്നിന് നായ്ക്കനാലില്‍ പഞ്ചവാദ്യം പാണ്ടിക്ക് വഴിമാറി. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാരുടെ പ്രമാണം.
പാറമേക്കാവിന്റെ പുറപ്പാട് ഉച്ചക്ക് പന്ത്രണ്ടരക്ക്. തിടമ്പേറ്റി ഗുരുവായൂര്‍ നന്ദന്. കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തില്‍ മുന്നൂറോളം കലാകാരന്മാര് നിരന്ന മേളം. രണ്ടരക്ക് ഇലഞ്ഞിത്തറയില്‍ മേളത്തിന് ആദ്യ കോല് വീണു. കാത്തുനിന്ന പുരുഷാരം ആര്‍ത്തിരമ്പി.
മേളം കലാശിച്ച് അഞ്ച് മണിയോടെ തെക്കോട്ടിറക്കം. തെക്കേ ഗോപുരവാതില്‍ വഴി ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും. വടക്കുന്നാഥന്റെ മൈതാനത്ത് ആര്‍പ്പുവിളിയുമായി ജനലക്ഷങ്ങള്‍. ഇരുവിഭാഗവും അഭിമുഖം നിരന്നതോടെ കുടമാറ്റത്തിന് തുടക്കം. മുപ്പത് സെറ്റിലേറെ കുടകള്‍ ഇരുവിഭാഗവും വാനിലുയര്‍ത്തി. ഏഴു മണിയോടെ കുടമാറ്റം സമാപിച്ച് ഭഗവതിമാര്‍ മടങ്ങി. തുടര്‍ന്ന് പൂരങ്ങളുടെ തനിയാവര്‍ത്തനം.
ഇന്ന് രാവിലെ ഏഴിന് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ പകല്‍പ്പൂരത്തിന് തുടക്കമാകും. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ശ്രീമൂലസ്ഥാനത്തെത്തി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ മുപ്പതു മണിക്കൂറിലേറെ നീണ്ട പൂരത്തിന് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: