അന്യദേവാഹൂര്‍വിദ്യയാ
അന്യദാഹുരവിദ്യയാ
ഇതി ശുശ്രമ ധീരാണാം
യേ നസ്തത് വിചചക്ഷിരേ
(ശ്ലോകം 10)
വിദ്യകൊണ്ടുള്ള (ഫലം), വേറെതന്നെയാണ് (എന്ന്), പറയുന്നു, അവിദ്യകൊണ്ടുള്ള (ഫലം), വേറെതന്നെയാണ് (എന്ന്), പറയുന്നു, യാവചിലര്‍, നമുക്ക്, അത് (രണ്ടും), വിവരിച്ചു പറഞ്ഞുതന്നിട്ടുണ്ടോ, ആ ബുദ്ധിമാന്മാരായ (ആചാര്യന്മാരുടെ), ഇങ്ങനെയുള്ള (വാക്കിനെ), നാം കേട്ടിട്ടുണ്ട്.
ഇവിടെ ‘കേട്ടിട്ടുണ്ട്’ എന്ന വാക്കിനെ ശ്രദ്ധിക്കണം. കാരണം ഉപനിഷത്തിന്റെ കാലത്ത് സത്യദര്‍ശനത്തിന്റെ ജ്ഞാനം വാമൊഴിയിലൂടെയാണ് പകര്‍ന്നിരുന്നത്. അതിനാല്‍ ‘കേട്ടിട്ടുണ്ട്’ എന്നത് അന്നത്തെ വാര്‍ത്തയല്ല. അത് മറ്റൊരു കാലത്തുള്ളവരോട് സംസാരിക്കുകയാണ്. എന്തെന്നാല്‍ ഇന്നത്തെപ്പോലെ ആത്മവിദ്യയെ മറികടന്ന് നില്ക്കുന്ന ഒരു ശാസ്ത്രത്തെ അഭിമുഖീകരിച്ചല്ല ഉപനിഷത്ത് ഈ സത്യത്തെ വെളിവാക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ശ്ലോകം.
പരമമായ സത്തതന്നെയാണ്, കാലരൂപമായ ഏകജ്ഞാനമായി തീര്‍ന്ന് എല്ലാ നാമരൂപങ്ങളായും പരിണമിച്ച്, പരിപാലിക്കപ്പെടുന്നതെന്നുള്ള സത്യത്തെ അറിഞ്ഞിട്ടും, എന്തിനാണ് ആ അവശ്യം അറിയേണ്ടതിനെ, വിദ്യയെന്നും അവിദ്യയെന്നുമുള്ള രണ്ട് വഴികളിലൂടെ വേര്‍തിരിച്ചത് (കാലം അനുകൂലമായിരുന്നല്ലോ)? മറ്റൊന്ന് അങ്ങനെ ചെയ്തവര്‍ എങ്ങനെ ബുദ്ധിമാന്മാരാകും?
ഇവിടെ ക്ഷണികമായ കാലസത്തയോട് ചേര്‍ന്ന് നിന്ന് ഒരുവന് നേടുന്ന ജ്ഞാനവും ക്ഷണികമാണ്. അതെല്ലാം മരണത്തോടെ തീരുന്നതാണ്, മരണത്തെ കടന്നുനില്‍ക്കുന്ന അറിവ് പ്രത്യക്ഷമായി കിട്ടുന്നതല്ലെന്നും, പ്രകൃതിയുടെ മറയ്ക്കപ്പെട്ട ഭാഗത്തുള്ള ആ അറിവാണ്, ശാശ്വതമായതിനെ അറിയിക്കുന്നതെന്നും വ്യക്തമായതുകൊണ്ടാണ്, പ്രത്യക്ഷ ജ്ഞാനത്തെ അവിദ്യയായും അല്ലാതെയുള്ളതിനെ ‘വിദ്യ’ യായും ഗണിക്കപ്പെട്ടത്. എന്നാല്‍ ഈ ലോകം, ചൈതന്യമായ വിദ്യയേയും ജഡമായ അവിദ്യയേയും ചേര്‍ത്താണല്ലോ സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ പ്രക്യതിയുടെ പ്രത്യക്ഷമായ അറിവിനോട് (അവിദ്യയോട്) ഒട്ടി നില്ക്കുന്ന ഒരുവനിലെ സത്ത, മരണശേഷം ചന്ദ്രനേപോലെ ഈ ലോകത്തെ തന്നെ ചുറ്റികൊണ്ടിരിക്കും. പുനര്‍ജ്ജന്മം കാത്ത്കിടക്കുന്ന ആ പ്രേതാവസ്ഥയല്ല, കാലസത്തയ്ക്ക് അതീതമായ ജ്ഞാനം കൊണ്ട് (വിദ്യകൊണ്ട്) ഒരുവന് നേടുന്നത്. ആത്മ ജ്യോതിസ്സിലേക്കുള്ള വഴിയില്‍ നിന്ന് നേടിയതായതിനാല്‍, മരണാനന്തരയാത്രയില്‍, അത് ജഡലോകത്തെ വിട്ട് ചൈതന്യലോകത്തിലേക്ക് നീളും. അതായത് ചന്ദ്രനെ താണ്ടി അത് സൂര്യനിലേക്ക് പോകും. ആ യാത്രയുടെ അന്ത്യഫലം സ്വരൂപപ്രാപ്തിയാണ്. അഥവാ സര്‍വവ്യാപിയായ ആത്മാവിന്റെ നിജസ്ഥിതിയെ പ്രാപിക്കലാണ്. അതോടെ നിന്നെ ഒരു ശരീരത്തില്‍ ഒതുക്കുവാന്‍ നിന്നിലെ പ്രാണസത്തയ്ക്ക് കഴിയാതെവരും. അതായത് ആ പദത്തില്‍ എത്തിയാല്‍ പിന്നെ ഒരു തിരിച്ച് വരവ് ഉണ്ടാവില്ല. അതാണ് മുക്തി. എന്നാല്‍ ആദ്യത്തെ മാര്‍ഗം സചേതനവും അചേതനവുമായ ശരീരങ്ങളിലൂടെ നിന്നെ പ്രകൃതി വീണ്ടും വീണ്ടും ജനിപ്പിക്കുന്നതാണ്. ഇതാണ് രണ്ട് തരം ജ്ഞാനങ്ങളും രണ്ട് തരം ഫലങ്ങളെയാണ് തരുന്നതെന്ന് പറയുന്നതിന് പിന്നിലെ യാഥാര്‍ത്ഥ്യം.
പ്രകൃതി നിന്നെ പുനര്‍സൃഷ്ടിക്കമ്പോള്‍ കിട്ടുന്ന ശരീരം ഒരു മനുഷ്യന്റേത് അല്ലാത്തതോ അല്ലെങ്കില്‍ നന്നായി ജീവിക്കുവാന്‍ സാഹചര്യമില്ലാത്ത ഒരു മനുഷ്യന്റേതാണെങ്കിലോ, ആ ജന്മങ്ങള് മിക്കവാറും നിത്യനരകങ്ങളായിരിക്കും. ഇത് അറിയാതെയാണ് സ്ത്രീ പുരുഷന്മാര് ജീവിതം കൊണ്ടാടുന്നത്. സാരമായതിനെ കാണാതെയുള്ള ഈ ജീവിതങ്ങളെ കണ്ട് ക്രാന്തദര്‍ശികളായ ആചാര്യന്മാര് ഒരുവനിലെ കാലാതീതമായ സത്തയെ മുന്‍നിര്‍ത്തിയും, അതേസമയം പരമമായ സത്യത്തെ, അപക്വമായ അവസ്ഥയില്‍ അവന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല, എന്ന യാഥാ ര്‍ത്ഥ്യത്തേയും കണ്ടത്കൊണ്ട്, ഇപ്പോള്‍ അവന് അറിയുന്ന പ്രത്യക്ഷ വിദ്യയോട് യഥാര്‍ത്ഥ വിദ്യയും ചേര്‍ത്തുവച്ചു. പ്രത്യേകം ഓര്‍മ്മിപ്പിച്ചു, നീ ഇപ്പോള്‍ അറിയുന്ന വിദ്യയില്‍ പൂര് ണനാകുന്നില്ല. ‘നിന്നെ’ അറിയിച്ച് തരുന്നതാണ് യഥാര്‍ത്ഥവിദ്യ. രണ്ടും രണ്ടാണ്. അങ്ങനെയാണ് ഒന്നായി അറിയേണ്ട ജ്ഞാനത്തിനെ രണ്ടായി പറഞ്ഞുതന്നത്. അവര്‍ വ്യാവഹാരികതയെ പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് പാരമാര്‍ത്ഥികതയിലേക്ക് നിങ്ങളെ വഴി നടത്തിക്കുകയായിരുന്നു. ആ സത്യമാണ് നമ്മള് തിരിച്ചറിയേണ്ടത്. ‘ജ്ഞാനം’ ഏത് കാലത്തും ഭേദഭാവമില്ലാത്തതും, അന ശ്വരവും, ഏകവുമായതിനാല്‍, വളരുന്ന മനുഷ്യര്‍ ഒരിക്കല്‍ ഈ രണ്ട് ജ്ഞാനത്തേയും അവരുടെ സത്തയില്‍ ഒരുമിപ്പിച്ച്, പൂര്‍ണനാകൂമെന്ന് അവര്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. ദീര്‍ഘദൃഷ്ടിയുള്ളവരും ബുദ്ധിമാന്മാരുമായ അവരുടെ ആ തീരുമാനമാണ്, ഇന്ന് വിദ്യയായും അവിദ്യയായും നിങ്ങള്‍ ഇവിടെ നിന്ന് കേള്‍ക്കുന്നതും ചോദ്യം ചെയ്യുന്നതും. എ ന്നാല് ജ്ഞാനത്തെ അങ്ങനെ വേര്‍തിരിച്ച് കാണുവാനുള്ള ബാദ്ധ്യത ആധുനികരായ ന മൂക്കില്ലെന്നും, അത്തരം ഭിന്നഭാവനയുണ്ടാകരുതെന്നുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
ലോകജീവിതത്തിന് വേണ്ട വളരെ പ്രധാനപ്പെട്ട പാഠങ്ങളാണ്, ഈ വാക്കുകള്‍ക്ക് പിന്നിലെ സങ്കല്പങ്ങള്. ഇന്നലെകളിലായാലും ഇന്നായാലും നാം എല്ലാപേരും അവരവരുടേതായ കാലത്തും, അവരവരുടേതായ ശരികളിലുമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട്, ആരെ വിധിക്കുന്നതിനും മുന്‍പ് അവര്‍ക്കുള്ള നീതിനല്കുവാന് പ്രത്യേകം ശീലിക്കുക. ഏത് പ്രവൃത്തിയുടേയും പിന്നിലെ സദുദ്ദേശ്യത്തേയും കാലത്തേയും നോക്കി ശരിയേയും തെറ്റിനേയും കണ്ടെത്തുക. ഈ ലോകത്തിനെ പീഡിപ്പിക്കാത്തതും എന്നായാലും ഇതിന് മംഗളമായിതന്നെ വരുമെന്നുറപ്പുള്ളതുമാകണം നിന്റെ എല്ലാ കര്‍മ്മങ്ങളും. അതെല്ലാം എങ്ങും നിറഞ്ഞു നില്ക്കുന്ന, കാലസ്വരൂപനായ ഈശ്വരനെ മുന്‍നിര്‍ത്തി മാത്രം ചെയ്യുവാന്‍ ശ്രദ്ധിക്കുക. അതാണ് ബുദ്ധി. എന്തെന്നാല്‍ നിത്യനായ അവനെ സാക്ഷിയാക്കി ചെയ്യുന്ന കര്‍മ്മങ്ങള്‍ എന്നായാലും ശുഭമായിത്തന്നെ വരും. ചുരുക്കത്തില്‍ ഈ വര്‍ത്തമാനകാലത്ത്, പരമമായ സത്യത്തെ അതിന്റെ വിശാലതയോടെ ഹൃദയത്തില്‍ കണ്ടുകൊണ്ട്,
ഈ വൈരുദ്ധ്യങ്ങളെയെല്ലാം ഉള്‍ക്കൊണ്ട് തന്നെ ജീവിക്കുവാനാണ് ഉപനിഷത്ത് പറയുന്നത്. അത് അടുത്ത ശ്ലോകത്തില്‍ വളരെ വ്യക്തമാകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: