Categories: Kerala

രാഷ്‌ട്രീയസമ്മര്‍ദ്ദമെന്നു സൂചന, വി.ആര്‍.എസ് വാങ്ങി പിരിഞ്ഞു പോയത് 56 എസ്.ഐ മാര്‍

Published by

കോട്ടയം: 2023 സെപ്റ്റംബര്‍ വരെ പിണറായി സര്‍ക്കാരിന്റെ കാലത്ത് രാഷ്‌ട്രീയവും രാഷ്‌ട്രീയേതരവുമായ കാരണങ്ങളില്‍ ജോലിസമ്മര്‍ദ്ദം മൂലം 169 പൊലീസ് ഉദ്യോഗസ്ഥര്‍ വോളണ്ടറി റിട്ടയര്‍മെന്‌റിന് (വി.ആര്‍.എസ്) അപേക്ഷിച്ചുവെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതില്‍ 148 പേര്‍ വി.ആര്‍,എസ് നേടി പിരിഞ്ഞു പോയി. സ്റ്റേഷന്‍ചുമതലയുള്ള 13 എസ്.ഐ മാരും 43 ഗ്രേഡ് എസ്‌ഐമാരും ഇക്കൂട്ടത്തിലുണ്ട്.
ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഇനിയും ഏറെ പേര്‍ അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പോലീസ് മേധാവിമാര്‍ നല്‍കിയ റിപ്പോര്‍ട്ട്. സ്വയം വിരമിച്ച നാലുപേര്‍ 15 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള വരും, 16 പേര്‍ പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരുമാണ്. അഞ്ചുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ 128 പേര്‍. 3 സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്.
റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നില്ലെങ്കിലും ആത്മാഭിമാനം പണയം വച്ച് ജോലി ചെയ്യാന്‍ കഴിയില്ലെന്ന തോന്നലാണ് പലരെയും പോലീസ് സേന വിട്ട് പുറത്തു പോകാന്‍ പ്രേരിപ്പിക്കുന്നത.് രാഷ്‌ട്രീയസമ്മര്‍ദ്ദങ്ങള്‍ അസഹനീയമാണ്. പാര്‍ട്ടി ജില്ലാ ഏരിയ ബ്രാഞ്ച് ഘടകങ്ങളുടെ നിയന്ത്രണത്തിലാണ് പല പോലീസ് സ്റ്റേഷനുകളും എന്ന യാഥാര്‍ത്ഥ്യവും റിപ്പോര്‍ട്ടിന്‌റെ വെളിച്ചത്തില്‍ തെളിയുന്നു.
പോലീസ് സേനയില്‍ നിന്നുള്ള കൂടുതല്‍ പേരുടെ കൊഴിഞ്ഞുപോക്ക് അംഗബലം കുറയ്‌ക്കാനും നിലവിലുള്ളവരുടെ ആത്മബലം നഷ്ടപ്പെടുത്താനും ഇടയാക്കുമെന്നുകണ്ട് പരിഹാര നടപടികള്‍ക്കുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ എല്ലാ ജില്ലകളിലും സംവിധാനം വേണം, ജോലിസമയം എട്ടുമണിക്കൂര്‍ ആക്കണം, കൂടുതല്‍ വിശ്രമസമയം അനുവദിക്കണം, ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യം പരിശോധിക്കണം, പരാതികള്‍ അവതരിപ്പിക്കാന്‍ സൗകര്യം വേണം, കൂടുതല്‍ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഈ പഠന റിപ്പോര്‍ട്ട് തന്നെ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by