വന്യമൃഗങ്ങളുടെയും വനസമ്പത്തിന്റെയും രക്ഷകനാണ് കഥയിലെ ടാര്സന്. ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കന്‍ കാടുകളിലെ കൊടും കള്ളന്മാരുടെ ശത്രു. ടാര്സന് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രമാവട്ടെ, ലോകമെങ്ങുമുള്ള കുട്ടികളുടെ കൂട്ടുകാരനുമാണ്. അതുകൊണ്ടാവണം കാട്ടുകള്ളന്മാരുടെ പേടി സ്വപ്നമായ യാവിയെ ഝാര്‍ഖണ്ഡുകാര്‍ ലേഡി ടാര്സന് എന്നു വിളിച്ചാദരിച്ചത്. വനസമ്പത്ത് സംരക്ഷിക്കാനുള്ള ആ വീട്ടമ്മയുടെ ശ്രമങ്ങള്‍ പുറംനാട്ടുകാരറിഞ്ഞതാവട്ടെ, ‘പത്മശ്രീ’ പ്രഖ്യാപനം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ മാത്രവും.
സിറായ്കേല ഖര്‍സാവന്‍ ജില്ലയിലെ ബാഗ്റായ് ബായ് ഗ്രാമത്തില്‍ 1973 ലാണ് ചാമി മുര്‍മു ജനിച്ചത്. കുട്ടിക്കാലത്ത് അച്ഛനെയും സഹോദരനെയും നഷ്ടപ്പെട്ട ചാമി രോഗിയായ അമ്മയുടെയും ഇളയ കുഞ്ഞുങ്ങളുടെയും കാവല്‍ മാലാഖയായി ജീവിച്ചു. ഗതിയില്ലാതെ പത്താംതരത്തില്‍ പഠനം അവസാനിപ്പിച്ചു; ഒരു നേരത്തെ ആഹാരത്തിനായി പാടത്ത് പണിയെടുത്തു തുടങ്ങി. അങ്ങനെയിരിക്കെയാണ് അയല്‍നാട്ടിലെ ഒരു ചെറുയോഗത്തില്‍ അവര്‍ പങ്കെടുക്കുന്നത്. ആ യോഗം അവരെ പരിസ്ഥിതിയുടെ പ്രാധാന്യം പഠിപ്പിച്ചു: വനങ്ങളുടെ മാഹാത്മ്യം പറഞ്ഞുകൊടുത്തു. പുത്തനറിവുമായി മടങ്ങിയെത്തിയ ചാമി സ്വന്തം ഗ്രാമത്തിലെ തരിശ് ഭൂമികളില്‍ മരം നട്ടു തുടങ്ങി. കാട് സംരക്ഷിക്കാന്‍ വീട്ടമ്മമാരുടെ കൂട്ടത്തിന് രൂപംനല്കി. ‘സഹയോഗി മഹിള’ എന്ന പേരാണ് ചാമി തന്റെ അയല്‍ക്കൂട്ടത്തിനു നല്‍കിയത്.
കേവലം 11 പേരാണ് സഹയോഗി മഹിളയില്‍ അംഗത്വമെടുക്കാന്‍ ആദ്യമെത്തിയത്. ക്രമേണ അംഗസംഖ്യ നൂറിലേക്കും ആയിരത്തിലേക്കും ഉയര്‍ന്നു. സഹയോഗിയുടെ പ്രവര്‍ത്തനം അയല്‍നാടുകളിലേക്ക് വ്യാപിച്ചു. തരിശുഭൂമികളില്‍ മരംനട്ടു വളര്‍ത്തുകയായിരുന്നു സംഘടനയുടെ ആദ്യ ലക്ഷ്യം. മരങ്ങളെ കാട്ടു കള്ളന്മാരുടെ കോടാലിയില്‍നിന്ന് കാത്തുരക്ഷിക്കുകയെന്നതായിരുന്നു തൊട്ടടുത്ത ലക്ഷ്യം. കാട്ടുകള്ളന്മാര് മരം വെട്ടാനൊരുങ്ങുന്ന നിമിഷം അവിടെ പാഞ്ഞെത്തുന്ന ചാമിയെ നാട്ടുകാര്‍ ‘ലേഡി ടാര്സന്’ എന്ന് വിളിച്ചു.
ക്രമേണ സഹയോഗി മഹിള അന്‍പത് ഗ്രാമങ്ങളിലേക്ക് പടര്‍ന്നു. അംഗസംഖ്യ കാല്‍ലക്ഷത്തിന് മുകളിലെത്തി. ഏതാനും വര്‍ഷംകൊണ്ട് സഹയോഗി നട്ടുവളര്ത്തിയെടുത്തത്. 30 ലക്ഷത്തിലധികം മരങ്ങള്‍. വൃക്ഷ രക്ഷയ്ക്കു പുറമെ ജലരക്ഷ, ജൈവകൃഷി. സ്ത്രീ ശാക്തീകരണം, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സംഘടന സാന്നിധ്യമറിയിച്ചു. ഗ്രാമീണ കുടുംബങ്ങളില്‍ സാമ്പത്തിക സുസ്ഥിതി ഉറപ്പാക്കുന്നതിനും ചാമിയും കൂട്ടരും മുന്‍ഗണന നല്കി. മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യവും കുഞ്ഞുങ്ങളുടെ പോഷണവും ചാമിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ മേഖലകളായി. ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ആദരവുകള്‍ ചാമിയെ തേടിയെത്തി. ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, നാരിശക്തി പുരസ്കാരം തുടങ്ങിയവ. ഒടുവില്‍ ഭാരത സര്‍ക്കാരിന്റെ പദ്മപുരസ്കാരവും… ചാമിയെക്കുറിച്ചു പറയുമ്പോല്‍ ഓര്‍മയില്‍ വരുന്ന മറ്റൊരു പേരാണ് ‘ഗാഛ്ദാദു’ എന്ന് നാട്ടുകാര്വിളിക്കുന്ന ഡുക്കു മാഞ്ചിയുടേത്. മാഞ്ചിയും മരങ്ങളുടെ കാവല്‍ക്കാരനാണ്. വനവല്ക്കരണത്തിന്റെ പ്രചാരകനാണ്. ബ്ലോക്കാഫീസില്‍ വച്ച് 12-ാം വയസ്സില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് വനവല്ക്കരണത്തിന്റെ ആദ്യ പാഠങ്ങള്‍ മാഞ്ചിക്ക് പറഞ്ഞുകൊടുത്തത്. മരം ഒരു വരമാണെന്നും പ്രാണവായു ഉണ്ടാവണമെങ്കില്‍ നാട്ടില്‍ നിറയെ മരം നട്ടു വളര്‍ത്തണമെന്നും അന്നാണ് കൊച്ചു മാഞ്ചി അറിഞ്ഞത്. അന്നുമുതല്‍ ഡുക്കു മാഞ്ചിയുടെ ജീവിതത്തിന് ഒരേയൊരു ലക്ഷ്യം മാത്രം. വിത്തുകളും തൈകളും സംഭരിക്കുക. തന്റെ പഴയ സൈക്കിളില്‍ വിത്തും കൈക്കോട്ടുമായി രാവിലെ വീട്ടില്നിന്നറങ്ങുക… ഊഷരമായ പ്രദേശം കണ്ടാലുടന്‍ ഡുക്കു സൈക്കിളില്നിന്നിറങ്ങും. കുഴിയെടുക്കും. തൈ നടും. നട്ട തൈകള്‍ക്ക് വെള്ളം നല്‍കാനും ഡുക്കു മാഞ്ചി മറക്കില്ല. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ വലയുമ്പോഴും അദ്ദേഹം തന്റെ പതിവ് മുടക്കിയില്ല.
നട്ടുപിടിപ്പിച്ച മരങ്ങളെ ചവിട്ടി നശിപ്പിക്കുന്നവരെ അകറ്റാനും ഡുക്കു ഒരു മാര്‍ഗം കണ്ടെത്തി. അവയ്ക്ക് വേലി കെട്ടുക. അതിനുപയോഗിക്കുന്നത് ശ്മശാനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന എരിഞ്ഞുതീരാത്ത വിറകുകളും ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും. ആ വേലികള്മറികടന്ന് മരങ്ങളെ ഉപദ്രവിക്കാന്‍ അന്ധവിശ്വാസികളായ ഗ്രാമീണര്‍ മടിച്ചു. ഫലം, തൈകള്‍ വളര്‍ന്നു, വളര്‍ന്നു വലുതായി. ഗ്രാമങ്ങളില്‍ അവ ശാഖകള്‍ വിടര്‍ത്തി പരിലസിച്ചു. അതിന്റെ സുഖത്തില്‍ അദ്ദേഹം തന്റെ മണ്കുടിലില് ചുരുണ്ടുകൂടി. സ്വപ്നങ്ങള്‍ നെയ്തു.
പുരുളിയ ജില്ലയിലെ സിന്ദരി ഗ്രാമത്തിലെ നാട്ടുകാര്‍ അദ്ദേഹത്തെ ആദരപൂര്‍വം ‘ഗാഛ്ദാദു’ എന്നു വിളിച്ചു. പക്ഷേ മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ മഹത്വമറിഞ്ഞത് ‘രുഖുമാട്ടി, ദിവു മാഞ്ചി’ എന്ന ഡോക്യുമെന്ററി സിനിമ പുറത്തുവന്നപ്പോഴായിരുന്നു. സോമനാഥ് മണ്ഡലിന്റെ ഈ ഹ്രസ്വചിത്രം 2023 ല്‍ ദേശീയ ഫിലിം പുരസ്കാരം നേടുകയും ചെയ്തു. മരങ്ങള്‍ നട്ടുവളര്‍ത്തി ഗ്രാമങ്ങളെ ഹരിതാഭമാക്കിയ, വൃക്ഷരക്ഷ ഉറപ്പുവരുത്തിയ, വനങ്ങളെക്കുറിച്ച് ഗ്രാമീണര്‍ക്ക് ബോധവല്‍ക്കരണം നല്കിയ ഡുക്കു മാഞ്ചിയെ രാജ്യം പത്മശ്രീ ബഹുമതി നല്കി ആദരിച്ചു.
ഹരിത മേഖലയ്ക്കു നല്കിയ സംഭാവനകളുടെ പേരില്‍ 2024 ല്‍ പത്മപുരസ്കാരം നേടിയ ഒരാളെക്കൂടി ഇവിടെ സ്മരിക്കാതിരിക്കുന്നത് ശരിയല്ല. ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ ചെല്ലമ്മാള്‍ എന്ന മാതൃകാ കര്‍ഷക. ദക്ഷിണ ആന്തമാനിലെ തന്റെ പത്തേക്കര്‍ കൃഷിയിടത്തില്‍ മാതൃകാ കൃഷി നടത്തിവരുന്ന ചെല്ലമ്മാള്‍ നട്ടുവളര്ത്താത്തതായി ഒന്നുമില്ല. ഗ്രാമ്പുവും ഇഞ്ചിയും പൈനാപ്പിളും വാഴയുമൊക്കെ ചെല്ലമ്മാളിന്റെ തോട്ടത്തില്‍ തനിവിളകളായി കൃഷി ചെയ്യുന്നു. അതിനു പുറമെ ഒരുപിടി ഇടവിളകളും. ഇതേ മാതൃക പിന്തുടര്ന്ന് മണ്ണിനും മനുഷ്യനും ഒരുപോലെ ഗുണമുണ്ടാക്കാന്‍ അവര്‍ ഗ്രാമീണരെ പ്രേരിപ്പിച്ചു. തെങ്ങ്, ഈന്തപ്പന എന്നിവയെ നിരന്തരം ബാധിക്കുന്ന രോഗകീടങ്ങളെ നിയന്ത്രിക്കുന്നതിനും ചെലവ് കുറച്ച് കൃഷി ലാഭകരമാക്കുന്നതിനും യോജിച്ച നവീനമായ ജൈവമാര്‍ഗങ്ങള്‍ അവര്‍ വികസിപ്പിച്ചെടുത്തു. കേവലം ആറാം തരം വരെ മാത്രം പഠിച്ച ചെല്ലമ്മാള്‍ അരനൂറ്റാണ്ടായി ജൈവകൃഷി നടത്തുന്നു. നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത് ‘നാരിയല്‍ അമ്മ’ എന്ന പേരില്‍.
ഏറ്റവും വലിയ പാമ്പ്
അനാക്കോണ്ട എന്ന പേര് കേള്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല- പ്രത്യേകിച്ചും 1997 ലെ ക്ലാസിക് സിനിമ, ‘അനാക്കോണ്ട’ പുറത്തുവന്നതിനുശേഷം. ലോകത്തിലെ ഏറ്റവും വലിയ പാമ്പായി അതോടെ നാം അനാക്കോണ്ടയെ പ്രഖ്യാപിച്ചു. എന്നാല്‍ അതുക്കും മേലെ വലിപ്പമുള്ള പുതിയൊരിനം ആനക്കോണ്ടയെ ശാസ്ത്രസംഘം കണ്ടെത്തിയിരിക്കുന്നു. അതിന് നീളം 26 അടി അഥവാ എട്ട് മീറ്റര്‍. ഭാരം 200 കിലോഗ്രാം. ഒരു ലക്ഷ്വറി ബസിനെക്കാളും വലുത്.
ഡച്ച് ജീവശാസ്ത്രജ്ഞന്‍ പ്രൊഫ. ഫ്രീക്ക് വോങ്ക് (ആംസ്റ്റര്‍ ഡാം സര്‍വകലാശാല) തന്റെ സഹപ്രവര്‍ത്തകരുമൊത്ത് നടത്തിയ ഒരു ‘നാഷണല്‍ ജിയോഗ്രാഫിക്’ സാഹസിക-പഠന യാത്രയിലാണ് പച്ചനിറമുള്ള ഈ അനാക്കോണ്ടയെ കണ്ടെത്തിയത്. ലക്ഷണ ശാസ്ത്രപ്രകാരം ഇത് പുതിയൊരു സ്പീഷീസ് അനാക്കോണ്ടയാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: