പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂര്‍ ഒരുങ്ങിക്കഴിഞ്ഞു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെ ഒരിക്കല്‍ക്കൂടി വരവേല്‍ക്കാന്‍. ഓരോ വര്‍ഷവും മേല്ക്കുമേല് ആഘോഷത്തിമര്പ്പിലമരുന്ന പൂരത്തിന് ഇക്കുറി 226 വയസ്സ് പൂര്‍ത്തിയാവുകയാണ്. 1798 ല്‍ ശക്തന് തമ്പുരാന് തുടങ്ങിവച്ചതാണ് പൂരം. പൂരം തുടങ്ങിയാല്‍പ്പിന്നെ ആനകളുടെ സ്വന്തം നാടായി പൂരപ്പറമ്പ് മാറുന്നു. പൂരത്തിന് കൊടിയേറിയാല്പ്പിന്നെ കൊട്ടും മേളവും തിരുതകൃതി.
ആളുകളും ആനകളുമാണ് പൂരത്തിന് ആധികാരികമായി ക്ഷണിക്കപ്പെടുന്നത്. പൂരം കണ്ടല്ല, തൊട്ടറിയണമെന്നാണ് അനുഭവസ്ഥരുടെ പഴമൊഴി. തൃശൂര്‍ പൂരത്തിനോട് ഹരംപൂണ്ട മഹാപ്രതിഭകള്‍ അനേകം. ന്യൂസ്പേപ്പര്‍ ബോയ് എന്ന പഴയ ചിത്രത്തിലൂടെ സത്യജിത് റേയുടെ കണ്ണിലുണ്ണിയായ പി.രാമദാസ് പൂരത്തെ അടിസ്ഥാനമാക്കി നിറമാല എന്ന ചിത്രം സംവിധാനം ചെയ്തു. അക്കാലത്ത് മലയാളത്തിലെ കളക്ഷന്‍ റെക്കോഡു നേടിയ സൂപ്പര്‍ഹിറ്റ് ചിത്രമായി ഇത് മാറി. പൂരത്തിന്റെ വീറും വാശിയുമാര്‍ന്ന ചെണ്ടമേളത്തില്‍ നടന് ജയറാം പങ്കെടുത്തിരുന്നതും ഇവിടെ ഓര്‍ക്കാം.
പൂരം ഓണംപോലെ തൃശൂക്കാര് സര്‍വ്വം മറന്നാഘോഷിക്കുന്ന ജനകീയ ഉത്സവം കൂടിയാണ്. കൊട്ടും വെളിച്ചാലങ്കാരവും വെടിക്കെട്ടും സില്ബന്ദികള്. പൂരപ്പറമ്പും സ്വരാജ് റൗണ്ടും അരങ്ങേറ്റ സ്ഥലങ്ങള്‍.
പൂര ആചാരം വളരെ ഭക്തിനിര്‍ഭരവും ലളിതവുമാണ്. തിരുവമ്പാടിയില്‍നിന്ന് ശ്രീകൃഷ്ണ വിഗ്രഹവുമായി പതിനഞ്ച് അലങ്കരിച്ച ആനകള്‍ വടക്കുനാഥ പ്രദക്ഷിണ വഴിയിലെത്തും. ഒപ്പം പാറേമക്കാവ് ക്ഷേത്രത്തില്‍നിന്നും ദേവിയുടെ തിടമ്പേറ്റി പതിനഞ്ച് ആനപ്പടയും സന്നിധാനമെത്തും. ഇരുചേരികള്‍ മുഖാമുഖം നിന്ന് ചെണ്ടമേളത്തില്‍ ഉത്സവപ്രതീതി തീര്‍ക്കും. ഇലഞ്ഞിത്തറമേളവും പഞ്ചാരിയും കുടമാറ്റവും കമനീയമാക്കും. പിന്നെ വെടിക്കെട്ട്. ഒടുവില്‍ ഇരുചേരിയും വടക്കുംനാഥനെ വന്ദിച്ച് പിരിയുന്നതോടെ പൂരം സമാപിക്കും.
പാറമേക്കാവും തിരുവമ്പാടിയും തമ്മിലാണ് പൂരമത്സരം. ഇഞ്ചോടിഞ്ച് പൂരം കൊഴുപ്പിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. എക്സിബിഷന് മറ്റൊരു പൂരപൊലിമയാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ നിരക്കുന്ന സ്റ്റോളുകളില്നിന്നും വിലപേശി വാങ്ങാം. പുസ്തകച്ചന്തയും ഫയര്‍ഫോഴ്സു വക ബോധവല്‍ക്കരണം വേറെ. മെഡിക്കല്‍ കോളജ് എയ്ഡ് സെല്ലില്‍നിന്നു അടിയന്തര രോഗപ്രതിവിധികളും ശ്രദ്ധ ചെലുത്തിയാല്‍ പഠിക്കാം. ഇതൊക്കെ പോരാഞ്ഞ് അര്‍ദ്ധരാത്രിവരെ നാടകം, കഥകളി തുടങ്ങി കലാപരിപാടികളും.
പൂരപ്പറമ്പും ആനച്ചന്തവും
മൊബൈല്‍ ഗെയിമുകള്‍ നടമാടിയിട്ടും കളിക്കോപ്പുകാര്‍ക്കും കുപ്പിവളക്കാര്‍ക്കും തെല്ലും കുറവില്ല. മെഷിന്ഗണ്ണിന്റെ വലുപ്പംകണ്ടാല് ആന ഭയക്കും. തണ്ണിമത്തന് സ്റ്റോളുകളുടെ സുലഭത ദാഹം ഇരട്ടിപ്പിക്കും. കരിമ്പും മോരുസമ്പാരവും പൊരിയുന്ന ഉഷ്ണത്തിനുള്ള മറുമരുന്ന്. ഹലുവയും പൊരിയും മുറുക്കും മോതിരവടയും ഈന്തപ്പഴവും മധുരസേവയുംരുചിയൂറുന്ന പൂരപ്പലഹാരങ്ങള്‍. പൂരപ്പറമ്പ് പാതിമുക്കാലും കച്ചവടക്കാര്‍ കയ്യേറിയിരിക്കും. പോരാഞ്ഞ് മാജിക് ഷോകളും.
തൃശൂര്‍പൂരം വിശ്വപ്രസിദ്ധമായത് ആനകളുടെഎണ്ണക്കൂടുതലുകൊണ്ടെന്ന് പഴമക്കാര്‍ പറയും. ഒരുപരിധിവരെ പരമാര്‍ത്ഥമാണിത്. ഇക്കൊല്ലം എത്ര ആനയുണ്ടെന്നാണ് ഉല്‍ക്കണ്ഠാഭരിതമായ വരവുകാരുടെ ആദ്യത്തെ ചോദ്യം. കാട്ടിലെ ഏറ്റവും വലിയ സസ്യജീവി ഉന്മാദത്തില് കുണുങ്ങികുണുങ്ങി നാട്ടിലിറങ്ങുന്നത് പൂരങ്ങള്‍ക്കാണ്. ആനകളെ പൂരങ്ങളുടെ മഹാരാജാവായി എഴുന്നുള്ളിച്ച് വാഴിച്ചുപോരുന്നു. നാടുവാഴികള്‍ ഗജവീരന്മാരെ ഭഗവാന് തിരുമുല്‍ക്കാഴ്ച്ചയായി നടയിരുത്തിയിരുന്ന പതിവുമുണ്ട്. പൂജാരി, ശ്രേഷ്ഠമായ തിരുക്കുറി കയ്യെത്തിച്ച് മസ്തിഷ്ക്കം തൊടുവിക്കാന്‍ നന്നായി കുനിഞ്ഞ് കൊടുക്കും.
ചൊല്ലൊള്ളിയുള്ള ആനകള്‍ ഈശ്വരനേം പ്രണമിക്കുന്ന ശീലമുണ്ട്. തലമുറകളായി കൊണ്ടാടുന്ന പൂരത്തിരക്കിന്റെ കാരണം ആനയും അമ്പാരിയും തന്നെ. സമൃദ്ധമായി കൊമ്പന്മാരില്ലാത്ത പൂരം തൃശൂര്‍ക്കാര്‍ക്ക് സങ്കല്പ്പിക്കാന് പ്രയാസം. തലയെടുപ്പുള്ള പ്രധാന കരിവീര പേരുകള്‍ ദേവസ്വക്കാര്‍ പുറത്തുവിട്ടുകഴിഞ്ഞു. വരവുകാരുടെ ബഹളം പുരുഷാര പൊലിമ. തമിഴരും തെലുങ്കരും കന്നഡക്കാരും പൂരപ്പറമ്പില്‍ തമ്പടിക്കും. ഇപ്പോള്‍ ബംഗാളിക്കും അസംകാരനും പൂരം കണ്ണിനും തലയ്ക്കും ഹരംപകരുന്നു.
കൂട്ടത്തില്‍ വിദേശീയരുടെ ഉറക്കമൊഴിച്ചുള്ള പരക്കംപാച്ചിലും. അവര്‍ക്ക് തിക്കിലും തിരക്കിലും ചാടിവീണ് കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ജ്വരം. തൃശൂര്‍പൂരം എന്ന് ശീര്‍ഷകമിട്ട് ഏഴാംകടലിനക്കരെ പാശ്ചാത്യ നാട്ടിലും ലൈവാക്കണം. ലക്ഷക്കണക്കിന് വര്‍ണശബള ലൈക്കടിക്കാം. പൂരപ്രേമികളുടെ ഭ്രമം ലോകമെമ്പാടും പരക്കുന്നു. ഒപ്പം വടക്കുംനാഥന്റെ ശക്തിയും ഭക്തിയും.
പമ്പരം കറക്കുന്ന പട്ടുകുടകള്‍
നെറ്റിപ്പട്ടംവച്ച ഗജരാജാക്കന്മാരങ്ങനെ നിരനിരയായിനിന്ന് കുണുങ്ങും. ആള്‍ക്കൂട്ടം അപാരം. ആനപ്പുറത്ത് മഹായുദ്ധം. വിവിധതരം വെഞ്ചാമരം, താലവട്ടം വീശുന്നവര്‍ ആനമേല്‍ സ്ഥാനം പിടിച്ചിരിക്കും. പോരാഞ്ഞ് പട്ടുകുട പേറുന്നവരും. താഴെ മേളക്കാരുടെ മത്സരം മുറയ്ക്ക് നടക്കും. ചെണ്ട, ചേങ്ങല, ജില്ലംകാരുടെ താളലയം ഒപ്പിച്ചാണ് ആനപ്പുറം ശോഭിക്കുക. ഇടക്കിട്ട് പെപ്പര പെരപ്പെര പേ, കൊമ്പുവിളി. കുഴലൂത്ത്. പാഞ്ചാരി. ഇലഞ്ഞിത്തറ മേളം. എല്ലാറ്റിനും കഥകളി ചേലുള്ള ചില മുഖമുദ്രകളുണ്ട്. വെഞ്ചാമരം വീശി പട്ടുകുട പമ്പരം കറക്കുന്ന മികവ് കാണാം. കൊട്ടിക്കൊട്ടികേറി ഉച്ചസ്ഥായിയില്‍ എത്തും. മാനത്ത് അമിട്ടുപ്പൊട്ടി കുടവിരിയുന്ന നാനാവര്‍ണ്ണ ഭംഗി!
അപ്പുറത്തെ ആനപ്പുറത്തുകാര്‍ പട്ടുകുടകള്‍ പരസ്പരം മാറുന്ന വര്‍ണ്ണഭംഗി. കണ്ണഞ്ചിച്ചു പോകും. ആനപ്പുറത്തും മാനത്തും മിന്നല്തിളക്കം. താളമേളങ്ങള്‍ മത്സരമായി മുറുകും. ആളുകളുടെ ഇമ്പമാര്ന്നകോലാഹലം. ആനകളുടെ സഹിക്കെട്ട ഞെരുക്കം. തഞ്ചംപിഴച്ച ചിന്നംവിളി. കാരണം പലതാണ്. ശബ്ദകോലാഹലത്തിന്റെ അസാധാരണ ആള്‍ക്കൂട്ട ലഹരി. പുറത്തെ വാരിയെല്ലുകളിലെ ചവിട്ടികൂട്ട് ദുസ്സഹം. മാത്രവുമല്ല കൊട്ടും കുടമാറ്റവും പിമ്പിരികൊള്ളുന്നതക്കത്തില് ആനവാല് വലിച്ചുപൊട്ടിച്ചെടുക്കുന്ന മുശ്ശട ശല്യം. എല്ലാംകൂടി ഒരു വീര്‍പ്പുമുട്ടിലായ ആനഏനക്കേട് കാട്ടും. ആനമദിച്ചേന്നുള്ള കൂക്കുവിളി ഉയരും. പാപ്പാന്മാര് തൃശ്ശങ്കുവില്‍. ചങ്ങലക്കൂച്ചിട്ട കരിവീരന്മാര് എങ്ങനെ ഓടും? ഓടാന്‍ ഇടമില്ല. പാപ്പാന്റെ കണ്ണുവെട്ടിച്ച് വയറുകൊണ്ട് കുത്തുകൂടിക്കളിക്കാം.
എവിടെതിരിഞ്ഞാലും പനമ്പട്ടയും ആനപ്പിണ്ടവുമാണ്. സ്വരാജ് റൗണ്ട് വാഹനരഹിതമെങ്കിലും ജനനിബിഡം. എംഒ റോഡും കുറുപ്പം റോഡും ഷൊര്‍ണ്ണൂര്‍ റോഡുമൊക്ക നിറഞ്ഞുകവിയുന്ന അസാധാരണ കാഴ്ച! പൂരക്കമ്പത്തിന്റെ മഹിമയെ മാറ്റുരയ്ക്കലാണെല്ലാം. തെക്കുവടക്ക് പ്രതിധ്വനിക്കുന്ന അനൗണ്‍സുമെന്റുകള്‍ മുഴങ്ങുകയായി. പോലീസും പൂരക്കമ്മിറ്റിയും മാറിമാറി സുരക്ഷാ വിളംബരം. എന്തെന്ത് പൊടിപ്പൂരച്ചന്തം!
പൂരവാതില്‍ പന്തലുകള്‍
തൃശൂരിന് പട്ടുകുടയുടെ ഭംഗിയും പൊലിമയുംനല്കുന്ന ഇടങ്ങളിലൊന്നാണ് വടക്കുംനാഥ ക്ഷേത്രം. ക്ഷേത്രവട്ടമെന്നു പറയുമ്പോള്‍ കുടയ്ക്ക് ശീലയും നെടുംതൂണും മുഖ്യം. അതാണ് ശിവപ്രതിഷ്ഠയുള്ള ആസ്ഥാനം. പ്രത്യക്ഷത്തില്‍ മൂന്നു നടകളായി തിരിച്ചിരിക്കുന്നു. രാപകല്‍ പൂരപ്പറമ്പില്‍ അന്തേവാസികളായി രണ്ടുതരം മിണ്ടാപ്രാണികള്‍. കഴുക്കോല്ക്കൂടുകളില് ശ്ലോകോച്ഛാരണങ്ങള്‍ കുറുകുന്ന മാടപ്രാവുകള്‍. ആനക്കൊട്ടിലില്‍ തളയ്ക്കപ്പെടുന്ന വന്യമൃഗവും പൂരഭക്തരാണ്.
തിരുവമ്പാടിയും പാറമേക്കാവും ഇരുചേരി. വാതുവച്ച വാശിയേറിയ പൊരുതലാണ് നടപ്പന്തലുകളുടെ വലുപ്പത്തിലും അലങ്കാരത്തിലും. നിരവധി നിലകളുള്ള പന്തലുകളാണ് കമനീയ കലാവിരുതോടെകെട്ടിപ്പൊക്കുക. മണികണ്ഠനാലും നായ്ക്കനാലും നടുവിലാലും വിശേഷാല്‍ സന്ധ്യാരത്ന പ്രകാശത്തില്‍ തിളങ്ങി വിസ്മയം വരുത്തും. സ്വരാജ് റൗണ്ടിലെ മര്‍മ്മപ്രധാന ഭാഗങ്ങളാണവ. വൈദ്യുതിയുടെ മാസ്മര ഒഴുക്ക് മായാപ്രപഞ്ചമാക്കും. കൊട്ടുകാര്‍ക്കും തുള്ളലിനും അളവുകോല്‍ വെളിച്ചമിന്നായിപ്പാണ്.
ചെറുപൂരങ്ങളുടെ സംഗമം
പൂരനാള്‍ ചെറുപൂരങ്ങളുടെ കൈലാസമാണ് വഴിനീളെ. കൂര്‍ക്കഞ്ചേരി, കണിമംഗലം, വെളിയന്നൂര്‍, നടചുറ്റിയെത്തുന്ന ചെറുപൂരങ്ങള്‍. അമ്പതിലേറെയുണ്ട്. ഓരോന്നിനും ഒരാനവച്ചുകൂട്ടിയാല് കണക്കസ്സലായി. ഷൊര്‍ണൂര്‍ റോഡില്‍നിന്നും നടതിരിഞ്ഞുവരുന്ന പൂരങ്ങളും ഏതാണ്ടിത്രയുണ്ട്. വടക്കുംനാഥനില്‍ വന്ന് ഇവ യഥാവിധി ലയിക്കുന്നതാണ് ആചാരാനുഷ്ഠാനം. സമീപവാസികളായ ദേവീദേവന്മാരുടെ അസുലഭ സംഗമ മുഹൂര്‍ത്തം.
സമയം പുലര്‍ച്ചെ രണ്ടുമൂന്നിനോട് അടുത്താല്‍ സമാപന വെട്ടിക്കെട്ടിനുള്ള നിശ്ശബ്ദത. മേലെനിന്നും പൂഴി താഴെയിട്ടാല്‍ നിലംതൊടാത്തത്ര പുരുഷാരം തിങ്ങിനിറയുന്ന വേള. നറുക്കെടുപ്പിലൂടെയാണ് വെടിക്കെട്ട് തുടക്കകാരനെ നിശ്ചയിക്കുന്നത്. അക്ഷമരായി കാത്തുനില്ക്കുമ്പോള് പൊട്ടലാരംഭം. കതിനയുംഅമിട്ടും ഗുണ്ടും ആകാശം കത്തിപ്പിടിക്കുംവിധം പ്രകാശിക്കും. കണ്ണുചിന്നും. ചെവിപൊട്ടും. ചവിട്ടിനില്ക്കുന്ന ഭൂമി തെറമ്പും. ഭൂഗര്‍ഭ പൊട്ടുകള്‍ കിടിലംകൊള്ളിക്കും. കലാശകൊട്ടില്‍ ഒരു ഭൂകമ്പപര്യവസാനം. പ്രഥമ ഊഴം തീര്‍ന്നു. പിന്നെ അടുത്ത ചേരിവക കത്തിക്കല്‍. അതിലും വീറും വാശിയിലും. പാറേമക്കാവോ തിരുവമ്പാടിയോ കെങ്കേമന്‍? അഭിപ്രായവ്യത്യാസത്തോടെ കാഴ്ചക്കാര്‍ ആവേശമൊതുങ്ങതെ പിരിയുന്നു. പൊട്ടുനിലച്ചാലും പുലര്‍കാലംവരെ അമിട്ടുകള്‍ വര്‍ണ്ണക്കുട വിരിച്ച് മാനത്തുനിന്നും ഉതിരുന്ന ഭംഗിവാല് നക്ഷത്രമായി അനുഗമിക്കും.
ചരിത്രമായും ഐതിഹ്യമായും പൂരം സൃഷ്ടിച്ചവര്‍ ഹരമറിയുന്നു. ആനയില്ലാത്ത പൂരം വിഭാവനംചെയ്യാനാവില്ല. കണ്ടുപിടുത്തങ്ങള്‍ എത്ര നടന്നാലുംബദല് സംവിധാനങ്ങളില്ലതിന്. അതുകൊണ്ടുതന്നെആനക്കാര്യം പൂരംപോലെ ശ്രേഷ്ഠമായി നിലകൊള്ളുന്നു. തലമുറകളുടെ അഭിരുചികളിലെ വൈവിധ്യങ്ങള്‍ നീന്തികടന്ന്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: