Categories: Kerala

കൂടല്‍മാണിക്യത്തിന്റെ മാത്രം സവിശേഷതയായ താമരക്കഞ്ഞി വിതരണം രണ്ടാം വര്‍ഷവും

Published by

തൃശ്ശൂര്‍: ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തനത് സവിശേഷതകളില്‍ ഒന്നായ താമരക്കഞ്ഞി പുനരാരംഭിച്ചിട്ട് രണ്ട് വര്‍ഷം. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി മുടങ്ങിപ്പോയ താമരക്കഞ്ഞി രണ്ടുവര്‍ഷമായി വിഷുത്തലേന്ന് മുടങ്ങാതെ തുടരുന്നു. ക്ഷേത്രത്തിലെ പ്രധാന കഴകക്കാരായ തെക്കേവാര്യത്തെ പൂര്‍വികരില്‍ നിന്നാണ് താമരക്കഞ്ഞിയുടെ ഉത്ഭവം. താമരമാല കെട്ടുന്നവര്‍ക്കുള്ള കഞ്ഞിയെന്ന നിലയിലാണ് പണ്ട് താമരക്കഞ്ഞി പ്രസിദ്ധമായത്.

ഇത്രയേറെ താമരയും മാലയും ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍ വിരളമാണ്. താമര സമ്യദ്ധിയായി വളര്‍ത്തുന്നതിനും ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നതിനും എട്ട് നാഴിക വടക്ക് ഭാഗത്ത് ചെമ്മ എന്ന സ്ഥലത്ത് ദേവസ്വത്തിന്റെ അധീനതയിലുള്ള താമരച്ചാല്‍ എന്ന പ്രദേശം ക്ഷേത്രകഴകക്കാരായ തെക്കേവാര്യത്തുകാര്‍ക്ക് പതിച്ചു നല്കിയിരുന്നു.

തെക്കേവാര്യത്ത് ജോതിഷി ഈശ്വര വാര്യര്‍, ശങ്കരന്‍കുട്ടി വാര്യര്‍ എന്നിവര്‍ കുറെ അമ്പലവാസികളെയും കുട്ടി അവിടെച്ചെന്ന് വഞ്ചിയിലും ചെമ്പിലും സഞ്ചരിച്ച് പൂക്കള്‍ പറിച്ച് തലച്ചുമടായും സൈക്കിളിലും ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു.
ദേവപ്രീതിക്കായി അമ്പലവാസികള്‍ പ്രതിഫലേച്ഛ കൂടാതെയായിരുന്നു ഇതൊക്കെ ചെയ്തിരുന്നത്. അതിന്റെ സ്മരണക്കായി അമ്പലവാസികള്‍ എല്ലാം ഒത്തുചേരുകയും താമരക്കഞ്ഞിയും മറ്റ് വിഭവങ്ങളും ഒരുക്കി തെക്കേ ഊട്ടുപുരയില്‍ എല്ലാ വര്‍ഷവും വിഷുത്തലേന്ന് വിതരണം ചെയ്യുകയും പതിവായിരുന്നു.

വേനല്‍ക്കാലത്ത് വിശപ്പിനും ദാഹത്തിനും കഞ്ഞി അനുയോജ്യമായതുകൊണ്ടാകാം ഇങ്ങനെയാക്കിയത്. സ്വാമിയുടെ പ്രസാദമായ തിരുമധുരം, മാങ്ങാക്കറി, പപ്പടം, മുതിരപ്പുഴുക്ക്, വെന്നി എന്നിവയാണ് വിഭവങ്ങള്‍. തെക്കേ വാര്യക്കാര്‍ക്ക് തുടര്‍ന്ന് നടത്താന്‍ കഴിയാതിരുന്നതിനാല്‍ കഴിഞ്ഞ 40 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു താമരക്കഞ്ഞി. അമ്പലവാസി കുടുംബങ്ങളുടെ സഹകരണത്തോടെ രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ താമരക്കഞ്ഞി വിതരണം പുനരാരംഭിച്ചു. ഇന്നലെ നടന്ന താമരക്കഞ്ഞി വിതരണത്തില്‍ സുരേഷ് ഗോപി പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by