തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നവകേരള സദസിന് യാത്ര ചെയ്യാന്‍ വാങ്ങിയ ആഡംബര ബസ് ബെംഗളൂരുവില്‍ പോയി രണ്ടു മാസം പിന്നിട്ടിട്ടും യാതൊരു വിവരവുമില്ല. 1.15 കോടി രൂപയ്‌ക്ക് കാബിനറ്റിന് ഒന്നടങ്കം സഞ്ചരിക്കാനാണ് അത്യാഢംബര രീതിയില്‍ തയ്യാറാക്കിയ നവേകരള ബസ് വാങ്ങിയത്. നവകേരള സദസ് കഴിഞ്ഞാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബസ് വാടകയ്‌ക്ക് നല്‍കും എന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും ബസിനെപ്പറ്റി ഒരു വിവരവും ഇല്ലാത്ത അവസ്ഥയിലായി.
2023 നവംബര്‍ 18നാണ് നവകേരള സദസ് കാസര്‍ഗോഡ് നിന്നും യാത്രതിരിച്ചത്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ബസില്‍ കയറുന്നതിനു വേണ്ടി ലിഫ്റ്റ,് ബസിനുള്ളില്‍ ടോയ്‌ലറ്റ് സംവിധാനം, ഏത് ദിശയിലേക്കും കറങ്ങാവുന്ന കസേരകള്‍, ക്ഷീണം നേരിട്ടാല്‍ കിടന്നുറങ്ങാനുള്ള കിടക്കകള്‍ ഇവയൊക്കെ ബസില്‍ ഒരുക്കിയിട്ടുണ്ട്.
എല്ലാ നിയമസഭാ മണ്ഡലത്തിലും യാത്ര ചെയ്താണ് നവകേരള സദസ് അവസാനിച്ചത്. സദസ്സ് തുടങ്ങുന്നതിനു മുമ്പ് തന്നെ കോടിക്കണക്കിന് രൂപയ്‌ക്ക് അത്യാഢംബര ബസ് വാങ്ങിയത് സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. ഇതോടെ നവകേരള സദസ് കഴിഞ്ഞപ്പോള്‍ ബസ് ടൂറിസത്തിന് നല്‍കും, കല്ല്യാണ ആവശ്യത്തിന് വാടകയ്‌ക്ക് നല്‍കും, കെഎസ്ആര്‍ടിസിക്ക് ബജറ്റ് ടൂറിസത്തിന് നല്‍കുമെന്നൊക്കെ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
ബസില്‍ 25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് ബജറ്റ് ടൂറിസം സര്‍വീസിന് സാധിക്കില്ല. എസിയാണെങ്കിലും സ്ലീപ്പര്‍ അല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രയ്‌ക്കും അനുയോജ്യമല്ല. അതിനാല്‍ വിനോദയാത്ര, തീര്‍ത്ഥാടനം, വിവാഹം തുടങ്ങിയവയ്‌ക്ക് നല്‍കാന്‍ ആലോചന തുടങ്ങി. ഇതിലേക്കായി ബസില്‍ മറ്റ് സംവിധാനങ്ങള്‍ ഒരുക്കണം. അതിനായി ബസ് വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടു
പോയി.
ബെംഗളൂരുവിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്റെ ബോഡി നിര്‍മിച്ചത്. ചോക്ലേറ്റ് നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയത്. ബസിന് പുറത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്റെ ടാഗ്‌ലൈനും ഇംഗ്ലീഷില്‍ നല്‍കിയിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിക്കാണ് ബസ് നിര്‍മിച്ച് നല്‍കിയതെങ്കിലും എംബ്ലം മാത്രമാണ് കോര്‍പറേഷന്റെ വകയായിട്ടുണ്ടായിരുന്നത്.
ബസ് ബെംഗളൂരുവിലെ കമ്പനിയിലേക്ക് കൊണ്ടുപോയി രണ്ട് മാസം പിന്നിട്ടിട്ടും യാതൊരു വിവരവുമില്ല. ബസ് വാങ്ങിക്കാന്‍ ചിലവാക്കിയ 1.15 കോടി രൂപ ആറുമാസം കൊണ്ട് വാടകയ്‌ക്ക് നല്‍കി വരുമാനം ഉണ്ടാക്കുമെന്ന് പറഞ്ഞതും വെറുതെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: