ശരീരത്തിലുള്ള യോഗശക്തി ഉണര്‍ന്ന അവസ്ഥയിലാണ് ഭഗവാന് ശിവനെ താപസന്മാര് ദര്‍ശിച്ചത്. അതുകൊണ്ടാണ് ആ മഹായോഗിയുടെ കഴുത്തിലും കരങ്ങളിലുമെല്ലാം നാഗങ്ങള്‍ ചുറ്റി നില്‍ക്കുന്നത്.
ഇവിടെ ഫണം വിടര്‍ത്തിയ വലിയ നാഗമായിട്ട് അനന്തമായ കാലം, അനന്തനെന്ന പേരോടെ പാലാഴിയില്‍ ശയിക്കുന്നു. അതിന്മേല് പരിണാമദശകള്‍ താണ്ടേണ്ട ഈശ്വരേച്ഛ അതായത് മത്സ്യവും കൂര്‍മ്മവും വരാഹവും കടന്ന് ഒടുവില്‍ മൃഗഭാവവും താണ്ടി മനുഷ്യനായി തീരേണ്ട ‘ഇച്ഛ’, ഒരു പുരുഷന്റെ രൂപത്തില്‍ അനന്തശയനവും ചെയ്യുന്നു.
വിഷ്ണുവിന്റെ പ്രത്യേകരീതിയിലുള്ള ശയനത്തിലൂടെ വെളിവാക്കുന്നത്, ലോകത്തിന്റെ സൃഷ്ടിയും സ്ഥിതിയുമായ കര്‍മ്മങ്ങള്‍ മാറി നിന്ന് ചെയ്യുന്ന ഈശ്വരന്റെ നിലയാണ്. അദ്ദേഹം ഒന്നും ചെയ്യുന്നില്ല. ശിരസ്സ് ഒരു കൈ കൊണ്ട് താങ്ങി നിദ്രയിലാണ്. എന്നാല്‍ അത് ഉറക്കമല്ല. എന്തെന്നാല്‍ നല്ല ഉള്‍ബോധത്തോടെ മാത്രമേ ഒരാള്‍ക്ക് ഈവിധം കിടക്കുവാന് കഴിയൂ. ഇതാണ് യോഗനിദ്ര. ഇവിടെ എന്ത് നടക്കുന്നുവെന്ന് വ്യക്തമായി അറിയാമെങ്കിലും കാലം ഒന്നിലും ഇടപെടാതെ ഒരു സാക്ഷിയെപോലെ മാറി വര്‍ത്തിക്കുകയാണെന്നും, അതേസമയം ഇവിടുത്തെ (നമ്മുടെ) എല്ലാ ചലനങ്ങളും അവന് അറിയുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമാണ് ഈ അനന്തശയനം.
(കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് ഈശ്വരസത്തയിലെ രഹസ്യം. എല്ലാം ചെയ്യുമ്പോഴും മാറിനില്‍ക്കുന്ന അവന്റെ ഭാവമാണ് പാരമാര്‍ത്ഥികം. എന്നാല്‍ എല്ലാം ചെയ്ത് ഈ ലോകമായി നില്ക്കുന്ന അവന്റെ ഭാവമാണ് വ്യാവഹാരികം. ജീവനുള്ളതും ഇല്ലാത്തതുമായി ഇവിടെ കാണുന്ന എല്ലാ വസ്തുക്കളുമായി ഈശ്വരന് നില്‍ക്കുന്നത്, ഈ രണ്ട് ഭാവത്തിലാണ്. ഈ രഹസ്യം അറിഞ്ഞാലേ ഭഗവദ്ഗീതയില്‍ അദ്ദേഹം പറഞ്ഞതിന്റെ എല്ലാം പൊരുള്‍ നമുക്ക് വ്യക്തമാകൂ. ഒരിടത്ത് അദ്ദേഹം പറയുന്നത് ചാതുര്‍വര്‍ണ്യം എന്ന ജാതിവ്യവസ്ഥ ഉണ്ടാക്കിയത് ഞാനാണ് (ഇത് അദ്ദേഹത്തിന്റെ വ്യാവഹാരികഭാവമാണ്), അതേസമയം അവ്യയനായ ഞാനല്ല ഇതിനെ സൃഷിടിച്ചതെന്നും നീ അറിയണം (അത് പാരമാര്‍ത്ഥികഭാവവും). മറ്റൊന്ന് ഹേ പാര്‍ത്ഥാ, എനിക്ക് കര്‍ത്തവ്യമായി മൂന്ന് ലോകങ്ങളിലും ഒന്നുമില്ല (പാരമാര്‍ത്ഥികം), എന്നാലും ഞാന്‍ കര്‍മ്മത്തില്‍ തന്നെ വര്‍ത്തിക്കുന്നു (വ്യാവഹാരികം). ഇനിയൊന്ന്, ഞാന്‍ ജനനരഹിതനാണ്, അവ്യയാത്മാവാണ് (പാരമാര്‍ത്ഥികം), എങ്കിലും എന്റെ പ്രകൃതിയെ അധിഷ്ഠാനം ചെയ്തിട്ട് ഞാന്‍ സ്വമായകൊണ്ട് ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്നു (വ്യാവഹാരികം). ഈശ്വരന്റെ ഈ രണ്ട് അസ്ഥിത്വങ്ങളും അറിഞ്ഞാലേ, സംഭവിക്കുന്നതിനെയെല്ലാം ഒരു സാക്ഷിയായി നിന്ന് അനുഭവിക്കുവാന്‍ പറഞ്ഞതിന്റെ അര്‍ത്ഥവും ശരിയായി മനസ്സിലാകൂ)
ഇവന്റെ നാഭിയില്‍ നിന്ന് വളര്‍ന്ന ഒരു താമരയിലാണ് ബ്രഹ്മാവ് ഇരിക്കുന്നത്. താമരയിലെ ഓരോ ദളവും പ്രതിനിധീകരിക്കുന്നത് യോഗാവസ്ഥകളില്‍ ഒതുങ്ങിയ കാലസര്‍പ്പങ്ങളുടെ ഫണങ്ങളെയാണ്. അങ്ങനെയുള്ള അനേകം യോഗാവസ്ഥകള്‍ ചേര്‍ന്ന് വിടര്‍ത്തുന്ന താമര ഈ ലോകം തന്നെയാണ്. ഇതിനകത്താണ് ബ്രഹ്മാവിന്റെ സ്ഥാനം. എന്ത്, എങ്ങനെ ആയിരിക്കണമെന്ന ജ്ഞാനം, ലോകത്തിലെ ഓരോ കണികയിലും ഉള്‍ചേര്‍ന്നിട്ടുണ്ടന്നും അതിന് പ്രകാരം സ്വയം രൂപപ്പെട്ട് നാല് ഭാഗത്തേക്കും ദളങ്ങളായി വിടര്‍ന്നിറങ്ങുന്ന ഈശ്വരശക്തിയെയാണ്, നാല് മുഖങ്ങളുമായി, വേദങ്ങള്‍ കയ്യില്‍ പിടിച്ചു കൊണ്ട് താമരയ്ക്കുള്ളില്‍ ഇരിക്കുന്ന സൃഷ്ടികര്‍ത്താവായി നാം കാണുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: