കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രം എന്ന പേരില്‍ പുകഴ്പെറ്റതാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ കാവ്. ഇപ്പോള്‍ ക്ഷേത്രമെന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും കാവ് എന്ന വാക്കാണ് അനുയോജ്യം. കാരണം കൊടുങ്ങല്ലൂര്‍ കാവില്‍ ഗോത്രാരാധന തൊട്ട് വൈദിക ആരാധന വരെ നീണ്ടുകിടക്കുന്നുണ്ട് . അതിലെ ചില ചരിത്ര ഏടുകള്‍ നോക്കാം.
ആദിമ ഗോത്രാരാധന
കൊടുങ്ങല്ലൂര്‍ കാവിന്റെ മൂലം, ഗോത്രാരാധനയിലൂടെയാണെന്ന് നിസ്സംശയം പറയാനാകും. തന്റെ ദൈവത്തെ കല്ലില്‍ സങ്കല്പിച്ചു ഒരു മരച്ചുവട്ടില്‍ വെച്ചാരാധിച്ചിരുന്നതാണ് ആദിമ ഗോത്രാരാധന. വെയിലും മഴയുമേറ്റ് ആ ദേവത പ്രകൃതിയില്‍ അലിഞ്ഞു ജീവിച്ചിരുന്നു, പൊതുവായി മുത്തിയെന്നും, നീലിയെന്നും, കുരുംബയെന്നുമൊക്കെ (വസൂരി കുരുക്കള്‍ പരത്തുന്നവള്‍) ആ ദേവത അറിയപ്പെട്ടിരുന്നു.
സംഘകാലഘട്ടത്തിലെ രണദേവത
സംഘ കാലഘട്ടത്തെ തിണകളെ (ദേശങ്ങള്‍) അഞ്ചായി തിരിച്ചിരുന്നു. പൊതുവെ ഐന്തിണകള് എന്നാണ് അവ അറിയപ്പെട്ടിരുന്നത്. മരുതം, കുറിഞ്ഞി, മുല്ലൈ, നെയ്തല്‍, പാലൈ എന്നിവയാണ് ഐന്തിണകള്, ഇതില്‍ പാലലൈ നിലത്തിലെ ദേവതയാണ് കൊട്രവൈ അല്ലെങ്കില്‍ കൊറ്റവൈ എന്നറിയപ്പെടുന്ന ദേവത. പാലൈ വനത്തിലെ ജനങ്ങളായ മറവരായിരുന്നു കൊട്രവൈയെ ആരാധിച്ചിരുന്നവര്‍. സംഘകാല കൃതികളായ ചിലപ്പതികാരത്തില് കൊട്രവൈ ആരാധനയുടെ പരാമര്‍ശം കാണാം. ശാലിനി എന്ന പൂജാരി കൊട്രവൈയേ ആരാധിക്കുന്ന രീതി വേട്ടുവവരിയായ് ചിലപ്പതികാരത്തില് ചിത്രീകരിക്കുന്നു. പിന്നീട് ഈ ദേവതയെ യുദ്ധത്തില്‍ വിജയം കണ്ടെത്താന്‍ പല രാജാക്കന്മാരും ആരാധിച്ചു തുടങ്ങി. കൊട്രവൈ പരാമര്‍ശമുള്ള മറ്റൊരു കൃതിയാണ് കലിംഗത്തുപ്പരണി. ഒന്നാം കുലോത്തുംഗ ചോളന്റെ കലിംഗയുദ്ധ വിജയത്തെക്കുറിച്ചുള്ള ഒരു കൃതിയാണ് കലിംഗത്ത്പ്പരണി. ഇതില്‍ പറയുന്ന പരണിയാണോ പിന്നീട് ഭരണിയായ് മാറിയത് എന്ന് സംശയിക്കേണ്ടതാണ്. ഇവയിലെല്ലാം പരാമര്‍ശിക്കുന്ന കൊട്രവൈയ്ക്ക് പിന്നീട് 108 ദുര്ഗാക്ഷേത്രങ്ങളുണ്ടായി. ഈ മാറ്റം കൊടുങ്ങല്ലൂരിലും ഉണ്ടായി.
ചിലപ്പതികാരത്തിലെ കണ്ണകി
കൊടുങ്ങല്ലൂരിനും കണ്ണകി്ക്കും വേര്‍പിരിയാത്ത ബന്ധമുണ്ട്. സംഘകാല കൃതിയായ ചിലപ്പതികാരം ഇളങ്കോവടികള്‍ രചിക്കുകയും തന്റെ ജ്യേഷ്ഠനായ ചേരന് ചെങ്കുട്ടുവന്റെ പക്കല്‍ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. ഈ കഥയിലെ പ്രധാന കഥാപാത്രമായ കണ്ണകിയോടെ ചെങ്കുട്ടുവന് ആരാധന തോന്നുകയും തന്റെ രാജഭരണ സ്ഥലമായ കൊടുങ്ങല്ലൂരില്‍ കണ്ണകിയുടെ വിഗ്രഹം പണികഴിപ്പിക്കാന്‍ ഹിമാലയത്തില്‍ നിന്നും കല്ല് കൊണ്ടുവരികയും വിഗ്രഹം പണിത് പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ പ്രതിഷ്ഠ ഒറ്റമുലച്ചി (കണ്ണകി മധുര ചുട്ടെരിച്ചു തന്റെ ഇടതുമുല അറുത്തെറിഞ്ഞു എന്നൊരു ഐതിഹ്യവും ഉണ്ട്) എന്ന് അറിയപ്പെട്ടിരുന്നു. പക്ഷേ ചരിത്രം ഇന്ന് ബാക്കി വെച്ചിരിക്കുന്നത് കൊടുങ്ങല്ലൂര്‍ കാവില്‍ നിന്നും കുറച്ച് മുമ്പിലായി സ്ഥിതി ചെയ്യുന്ന ശ്രീകുരുംബ എന്ന പേരിലുള്ള ഒരു ചെറിയകാവ് മാത്രമാണ്. ഈ സ്ഥലത്താണ് പണ്ട് ചെങ്കുട്ടുവന് കണ്ണകിയെ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്നു. പക്ഷെ ആ പ്രതിഷ്ഠയ്ക്ക് ചരിത്രപരമായി ഒരു സവിശേഷതയുമില്ല. അത് മൂന്നാമത് പ്രതിഷ്ഠിച്ച ശിലയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ചെങ്കുട്ടുവനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശില ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ എവിടേയും കാണാനാവില്ല.
രുരുജിത്ത് വിധാനം
പിന്നീട് കൊടുങ്ങല്ലൂരില്‍ ഉണ്ടായ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ട് കാവ് മാറി ക്ഷേത്രമായി. താന്ത്രിക ക്രിയകളാല്‍ പൂജിക്കപ്പെടുന്ന ക്ഷേത്രമായ് കൊടുങ്ങല്ലൂര്‍ കാവ് രൂപാന്തരപ്പെട്ടു. ഭദ്രകാളി ആരാധനാ ക്രമങ്ങള്‍ താന്ത്രിക പരമായ് കേരളത്തില്‍ മൂന്ന് വിധാനത്തിലാണ് ഉള്ളത്. ദാരുകജിത്ത് (ദാരികന് എന്ന അസുരനെ വധിച്ച കാളി), മഹിഷജിത്ത് (മഹിഷാസുരനെ വധിച്ച കാളി), രുരുജിത്ത് (രുരു എന്ന അസുരനെ വധിച്ച കാളി). ഇതില്‍ മൂന്നാമത്തെ ആരാധനാക്രമമായ രുരുജിത്ത് വിധാനമാണ് ഇന്നും കൊടുങ്ങല്ലൂരില്‍ തുടരുന്നത്. രുരുജിത്ത് വിധാനത്തിന്റെ ഉറവിടം കാശ്മീര്‍ ആണ്. കാശ്മീര ശൈവാരാധന പദ്ധതിയില്‍പ്പെടുന്ന ക്രമകാളി ആരാധനാക്രമമാണ് രുരുജിത്ത് വിധാനം . മാതൃസദ്ഭാവം, രുരുജിത്ത് വിധാനപദ്ധതി, ശേഷസമുച്ചയം എന്നീ ഗ്രന്ഥങ്ങളിലെല്ലാം രുരുജിത്ത് വിധാനത്തെ പറ്റി വിശദമായ് വര്‍ണിക്കുന്നു. മുഖ്യദേവത കാളിയോ ഉഗ്രചണ്ഡികയോ (കാലസംഘര്‍ഷിണി) ആയിരിക്കും. വടക്കോട്ടു നോക്കി ദേവിയും സപ്തമാതൃക്കളും, കിഴക്കോട്ടു നോക്കി ശിവന് (ഭൈരവന്) പടിഞ്ഞാറോട്ടു നോക്കി ക്ഷേത്രപാലകനും എന്നീ വിധാനത്തിലായിരിക്കും ക്ഷേത്രസമുച്ചയം. ഇവിടെ പൂജ ചെയ്യുന്നവരെ പിടാരര് ഭട്ടാരക്കാര് അടികള്‍ എന്നീ പേരുകളില്‍ ആണ് അറിയപ്പെടുന്നത് (കൊടുങ്ങല്ലൂരില്‍ അടികള്‍), കേരളത്തില്‍ ഈ വിധാനത്തിലുള്ള 13 ശാക്തേയക്കാവുകള്‍ ഉണ്ട്. മന്നംപുറത്ത് കാവ്, മാടായി കാവ്, മാമാനികാവ്, തിരുവഞ്ചേരി കാവ്, കളിയാംവള്ളി കാവ്, കളരിവാതുക്കല്‍, കൊല്ലം പിഷാരികാവ്, തിരുവളയനാട് കാവ്, കൊടുങ്ങല്ലൂര്‍ കാവ്, കൊടിക്കുന്നത്ത് കാവ്, തിരുമാന്ധാംകുന്ന്, പനയന്നാര്‍ കാവ്, മുത്തൂര്‍ കാവ് എന്നിവയാണവ. കൊടുങ്ങല്ലൂരിലെ ക്ഷേത്രപാലകന് കോവിലനാണോ (കോവലന്) എന്ന് സംശയമുണ്ട്. ഇങ്ങനെ പല ആചാരാനുഷ്ഠാനങ്ങളിലൂടെ കടന്നു പോയ കാവാണ് കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബക്കാവ്. ബുദ്ധ, ജൈന പാരമ്പര്യവും ഇതിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അതിനുള്ള ചരിത്ര ശേഷിപ്പുകള്‍ ഇപ്പോള്‍ വിരളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: