കാസര്‍കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്റെ പേരില്‍ ഇറക്കിയ ഈദ് ആശംസാ കാര്‍ഡ് വിവാദത്തില്‍. കറുത്ത പശ്ചാത്തലത്തില്‍ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ചേര്‍ത്തിറക്കിയ കാര്‍ഡ് മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.
ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്റെ പേരില്‍ 25,000 കാര്‍ഡുകളാണ് അച്ചടിച്ചതെന്ന് കാര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയിലെത്താന്‍ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് തൊടുക്കുന്നതിനിടെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ഈദ് ആശംസാ കാര്‍ഡ് പുലിവാലായത്. കാര്‍ഡ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ നേതൃത്വത്തിനു ഗുരുതര വീഴ്ചയുണ്ടായെന്നും എതിരാളികള്‍ക്ക് അടിക്കാന്‍ വടി നല്‍കുകയായിരുന്നെന്നുമാണ് ഉയരുന്ന ആക്ഷേപം.
അരിവാളിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രക്കല പോലെ തോന്നുന്ന കാര്യം ശ്രദ്ധയില്‍ പെട്ടെന്നും അതിനാല്‍ വിതരണം ചെയ്തില്ലെന്നുമായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: