ചിരിമായാത്ത നിഷ്കളങ്കമുഖം. കുപ്പുസ്വാമിയെ ഓര്‍ക്കുമ്പോള്‍ അതു മാത്രമേ മനസ്സില്‍ തെളിയൂ. ഇങ്ങനെ ഒരു രംഗകലാ ബിരുദധാരി അട്ടപ്പാടിയിലുണ്ടെന്നാരോ പറഞ്ഞു കേട്ടിരുന്നു. വനവാസി ഗോത്രത്തില്‍ നിന്ന് രംഗകലയില്‍ ബിരുദമെടുത്ത ആദ്യവ്യക്തി എന്ന നിലയ്ക്ക് കുപ്പുസ്വാമിക്ക് ഏറെ അംഗീകാരങ്ങള്‍ കിട്ടേണ്ടതായിരുന്നു. ഡോ. രാമചന്ദ്രന് മൊകേരി അട്ടപ്പാടിയില്‍ നടത്തിയ ചില നാടകപ്രവര്‍ത്തനങ്ങളുടെ സ്വാധീനത്തിലാണ് കുപ്പുസ്വാമി സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്.
ചിരപുരാതന വനവാസി സംസ്കൃതി സിരകളിലൊഴുകുന്ന ഒരാള്‍ ആധുനിക രംഗകല കൂടി പഠിച്ചാലുണ്ടാകാവുന്ന ഫലസിദ്ധിയെപ്പറ്റി ഞങ്ങള്‍ക്കൊക്കെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്റെ സുഹൃത്ത് ജിത്തു ധര്‍മരാജിന്റെ ‘സൂര്യകാന്തി ഫൗണ്ടേഷ’ന്റെ നാടക കളരി പ്രവര്‍ത്തനവുമായി അട്ടപ്പാടിയില്‍ പോയപ്പോഴാണ് കുപ്പുസ്വാമിയെ പരിചയപ്പെടുന്നത്. അതോടെ സൂര്യകാന്തിയുടെ ഒരു പദ്ധതി നടത്തിപ്പു തലവനായി ചുമതല ഏല്ക്കുകയും ചെയ്തു. അതുകഴിഞ്ഞ് തപസ്യ കലാവേദിയുടെ ‘പഞ്ചമം’ എന്ന അഭിനയ പരിശീലന കളരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കുപ്പുസ്വാമി ആയിരുന്നു.
പോണ്ടിച്ചേരിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി തിരിച്ചെത്തിയ കുപ്പുസ്വാമി വനവാസി ഊരുകളില്‍ സാമൂഹിക ബോധവല്‍ക്കരണ നാടകങ്ങളാണധികവും ചെയ്തത്. ‘നമുക്കുനാമേ’ എന്നായിരുന്നു കുപ്പുവിന്റെ സ്വന്തം രംഗകലാ കേന്ദ്രത്തിന്റെ പേര്. അട്ടപ്പാടിയില്‍ വരുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊക്കെ ഒരു വിഭവസമാഹരണ ബൗദ്ധിക സഹായിയായി മാറി അവന്. അവന്റെ കഥയില്‍ പലരും ചലച്ചിത്രങ്ങള്‍ ചെയ്തു. തപസ്യ മുന്നോട്ടുവയ്ക്കുന്ന പല വലിയ രംഗകലാ പദ്ധതികളുടേയും ചുമതലക്കാരനായി അവന് വരണമെന്നും, വലിയ സ്ഥാനങ്ങളിലേക്ക് വളരണമെന്നും ഞങ്ങളാഗ്രഹിച്ചു. അതിന്റെ ആരംഭമെന്നോണം വനവാസി ബലിദാനി തലക്കര ചന്തുവിനെക്കുറിച്ചുള്ള നാടകം ‘ആരണ്യപര്‍വ്വ’ത്തിന്റെ രചന കുപ്പുവിനെ ഏല്‍പ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ആ സമയത്താണ് അസുഖലക്ഷണങ്ങളാരംഭിച്ചത്. അതോടെ അതു സാധ്യമല്ലാതായി. എന്നിട്ടും തന്റെ സംഘത്തിലെ രതീഷ്, വിനോദ് മരുതന്, ഹരി എന്നീ അഭിനേതാക്കളെ അവന് തപസ്യയുടെ നാടകത്തിനായി അയച്ചുതന്നു. രോഗം ഉറപ്പായതോടെ ആദ്യഘട്ടത്തില്‍ പ്രകൃതി ചികിത്സ തേടി. ആ സമയത്ത് വളരെ സുഖം ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. പിന്നെ എപ്പോഴാണത് ഇങ്ങനെയൊക്കെ വളര്ന്നുപോയതെന്നറിയില്ല. ഏതു സമയത്തും ഉത്സാഹവാനായിരുന്നു താനും.
ഷോളയൂരിലെ ഇരുള ഗോത്ര മൂപ്പനായിരുന്ന മരുതന്റെയും മണിയമ്മയുടെയും രണ്ടു മക്കളില്‍ മൂത്തവനായ കുപ്പുസ്വാമിക്ക് ഊരുമൂപ്പന് സ്ഥാനവും, അവരുടെ കുലദൈവതമായ കാരമട രംഗനാഥ സ്വാമിയുടെ മൂര്‍ത്തി ആവേശവും പരമ്പരാഗതമായി പകര്‍ന്നുകിട്ടിയതായിരുന്നു. കാരമട രംഗനാഥ ദാസന്മാര് എന്നാണവരറിയപ്പെടുന്നത്. വിശ്വാസംകൊണ്ട് വൈഷ്ണവരാണെന്നര്ത്ഥം. മരണാനന്തരം ഈ മൂര്‍ത്തി ശക്തിയെ രക്തബന്ധത്തിലുള്ള മറ്റാരിലേക്കെങ്കിലും ആവാഹിച്ചു മാറ്റിയശേഷമേ അവരാ ശരീരം സംസ്കരിക്കൂ. അങ്ങനെ ആവാഹിക്കപ്പെട്ട് തന്റെ ഉള്ളിലെത്തിയെന്ന് കുളിച്ച് ശുദ്ധനായി ഈറനണിഞ്ഞു നില്ക്കുന്ന ഒരാള്‍ ലക്ഷണം കാട്ടണം. അപ്പോഴേ അതംഗീകരിക്കപ്പെടൂ. അതുവരെ കൊട്ടും പാട്ടും പൂജാദി കര്‍മങ്ങളും തുടരും. കുപ്പു സ്വാമിയുടെ കാര്യത്തിലും ഈ ചടങ്ങുകളെല്ലാം നടന്നു. മരണം അവര്‍ക്ക് ദുഃഖഹേതുവല്ല. ആഘോഷമാണ്.
ആരണ്യ പര്‍വ്വത്തിന്റെ ആദ്യചര്‍ച്ചയില്‍ തന്നെ വനവാസി ഗോത്രങ്ങളുടെ മരണാനന്തര ക്രിയകളെ കുറിച്ചായിരുന്നു കുപ്പുവിനോടു ഞാന്‍ ചോദിച്ചറിയാന്‍ ശ്രമിച്ചത്. കുറിച്യരുടെ ക്രിയകള്‍ എങ്ങനെയായിരിക്കും എന്ന അന്വേഷണത്തിലായിരുന്നു അന്നു ഞങ്ങള്‍! ഇന്നവനെനിക്കത് കാട്ടിത്തന്നു. സ്വന്തം മരണത്തിലൂടെ! നമ്മുടെ ഗോത്രങ്ങളും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുമെല്ലാം വേരുകളാഴ്ത്തി നില്ക്കുന്ന തങ്ങളുടെ പ്രാക്തന ഗോത്ര സംസ്കൃതിയിലാണെന്ന് കാട്ടിത്തന്ന് എന്റെ കുപ്പു മടങ്ങി… ശാന്തിയിലേക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: