ആലപ്പുഴ: ഒരുവര്‍ഷം മുഴുവന്‍ പരിശീലനം നല്‍കിയതുകൊണ്ട് മാത്രം ഭാരതത്തിലെ ബാസ്‌ക്കറ്റ് ബോളിന് ലോകോത്തര നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കില്ലെന്ന് ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടീം പരിശീലകന്‍ വെസെലിന്‍ മാറ്റിക്.
ആലപ്പുഴ വൈഎംസിഎയില്‍ പരിശീലകര്‍ക്കായി ഒരുക്കിയ ശില്‍പ്പശാലയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാരത ടീമിന് വേണ്ടത് വിദേശ മത്സരങ്ങളുടെ പരിചയ സമ്പത്താണ്. വിദേശതാരങ്ങളുമൊത്ത് കളിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലേ ഇവിടുത്തെ കളിക്കാര്‍ക്ക് കരിയര്‍ മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
പ്രിന്‍സ്പാല്‍ സിംഗ്, സഹൈജ് സിംഗ് സെഖോണ്‍, പ്രണവ് പ്രിന്‍സ്, ആന്‍ മേരി, സഞ്ജന രമേഷ് തുടങ്ങി നിരവധി യുവതാരങ്ങളുടെ ഉയര്‍ച്ച ഭാരത ടീമിന് ഗുണം ചെയ്യുന്നു. ഇത് വരും കാലങ്ങളില്‍ ഭാരത ബാസ്‌ക്കറ്റ്ബോള്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കും എന്ന് വെസെലിന്‍ പറഞ്ഞു.
വിദേശത്തു നിന്നുള്ള കളിക്കാരെ ടീമില്‍ ഉള്‍പെടുത്താന്‍ മറ്റ് രാജ്യങ്ങള്‍ക്ക് വ്യവസ്ഥയുള്ളപ്പോള്‍ ഇന്ത്യന്‍ ടീമില്‍ അങ്ങനയൊരു ഒരു സ്വാഭാവിക കളിക്കാരനില്ലാത്തത് പ്രശ്‌നമായി വെസെലിന്‍ ചൂണ്ടിക്കാട്ടി. എല്ലാ ദേശീയ ടീമിലും വിദേശത്തുനിന്നുള്ള ഒരു കളിക്കാരന്‍ ഉണ്ട്. അവരില്‍ അമേരിക്കക്കാരോ മറ്റ് കളിക്കാരോ ഉണ്ട്, അത് അവരുടെ കളിനിലവാരം ഉയര്‍ത്തുന്നു. ദേശസാല്‍ക്കരിച്ച കളിക്കാരെ ഒരാള്‍ക്ക് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നത് പരിഹരിക്കപ്പെടണമെന്നും വെസെലിന്‍ അഭിപ്രായപ്പെട്ടു.
ആലപ്പുഴയിലെ ശില്‍പ്പശാലയിലെ രണ്ടാം ദിവസമായ ഇന്നലെയാണ് കോച്ചുമായുള്ള ആശയവിനിമയ സെഷന്‍ നടന്നത്. അതിലായിരുന്നു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വെസെലിന്‍ മാറ്റിക് മുന്നോട്ടുവച്ചത്. ശില്‍പ്പശാല ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: