കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങുന്ന വ്യവസായ തൊഴില്‍ സംരംഭങ്ങളില്‍ 90 ശതമാനവും പരാജയമാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. വനിതാ തൊഴില്‍ സംരംഭകരെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല നിഷ്ക്രിയ ആസ്തികളില്‍ 13% ഇതുമായി ബന്ധപ്പെട്ടതുമാണ്. വ്യക്തമായ കാഴ്ചപ്പാടും സാധ്യതാ പഠനവും ഇല്ലാതെ ആണ് വ്യവസായ സംരംഭ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്നും തൊഴില്‍ സംരംഭകര്‍ക്ക് ഒട്ടും സാധ്യത ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും അശാസ്ത്രീയ രീതിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 26 ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ 5 വനിത വ്യവസായ കേന്ദ്രങ്ങളാണ് ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ വനിതാ തൊഴില്‍ സംരംഭകര്‍ക്കായി 47,400 രൂപ മുതല്‍മുടക്കില്‍ വാങ്ങിയ തയ്യല്‍ മെഷീനുകള്‍ ജാഗ്രത സമിതി ഓഫീസില്‍ തുരുമ്പെടുത്തു കിടക്കുന്നു.
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ 14 ലക്ഷം രൂപ മുടക്കി നിര്‍മാണം ആരംഭിച്ച ചെറുകിട വ്യവസായ സംരംഭ കെട്ടിടം കാടുപിടിച്ച് കിടപ്പാണ്. പാലാ ഗ്രാമപഞ്ചായത്തില്‍ 2,23,686 രൂപ ചെലവഴിച്ച് നിര്‍മിച്ച പേപ്പര്‍ കപ്പ്, പ്ലേറ്റ് നിര്‍മാണ യൂണിറ്റ്, പേപ്പര്‍-തുണി ബാഗ് നിര്‍മാണത്തിനായി ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ യന്ത്രോപകരണങ്ങളും 83,760 രൂപയുടെ കാറ്ററിങ് ഉപകരണങ്ങളും ഉപയോഗശൂന്യമായി മാറി.
ആര്യാട് ബ്ലോക്കില്‍ 19 ലക്ഷം മുടക്കി പണിതീര്‍ത്ത കയര്‍ കോമണ്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനരഹിതമാണ്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് 26 ലക്ഷത്തിന് വാങ്ങിയ എസ്സി വനിതാ വ്യവസായ കേന്ദ്രത്തിലെ യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നു. നാല് ലക്ഷം രൂപ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തിനായി മുടക്കിയ അയ്മനം പഞ്ചായത്തില്‍ നാളിതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മാടപ്പള്ളി ബ്ലോക്കില്‍ 24.50 ലക്ഷം രൂപ ചെലവിട്ടു തുടങ്ങിയ എസ്സി വനിത പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. ഉദയനാപുരത്ത് 11,21,085 ലക്ഷം രൂപയാണ് നിഷ്ക്രിയ ആസ്തിയായി കിടക്കുന്നത്.
ഏറ്റുമാനൂരില്‍ 5 ലക്ഷം ചെലവഴിച്ച കെട്ടിടം, അതിരമ്പുഴയില്‍ 9 ലക്ഷം രൂപയുടെ കെട്ടിടം, നീണ്ടൂരില്‍ 5 ലക്ഷം മുതല്‍മുടക്കിയ കെട്ടിടം, ആര്‍പ്പൂക്കര പഞ്ചായത്തില്‍ 5 ലക്ഷത്തിന്റെ വനിത വ്യവസായ കേന്ദ്രം ഇങ്ങനെ കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും വനിതാ സംരംഭക കേന്ദ്രങ്ങള്നിഷ്ക്രിയ ആസ്തി ആയെന്നു മാത്രമല്ല, സംരംഭകരെ പ്രതിസന്ധിയിലും ആക്കിയിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ 8 ലക്ഷം മുതല്‍മുടക്കി വനിത വ്യവസായ കേന്ദ്രം തുടങ്ങിയെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
ദിവ്യാംഗര്‍ക്ക് പോലും മതിയായ സൗകര്യം ഒരുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നതിന് ഉദാഹരണമാണ് നെടുങ്കണ്ടം പഞ്ചായത്തില്‍ അഞ്ചു ലക്ഷം ചെലവിട്ടു തുടങ്ങിയ യൂണിറ്റ്. ഇതും പൂട്ടിപ്പോയി. വടക്കാഞ്ചേരി പഞ്ചായത്തില്‍ 11.70 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വനിത വസ്ത്ര നിര്‍മാണ യൂണിറ്റും നാല് ലക്ഷം രൂപയുടെ വനിത വ്യവസായ യൂണിറ്റും പൂട്ടിക്കിടക്കുകയാണ്. കുഴല്‍മന്ദം ബ്ലോക്കില്‍ 11,62,916 രൂപ മുടക്കി നിര്‍മിച്ച എസ്ജിഎസ്വൈ വിപണനകേന്ദ്രവും പൂട്ടിപ്പോയി.
കൊഴിഞ്ഞാമ്പാറയില്‍ മൂന്നു ലക്ഷം മുടക്കിയ വനിതാ വ്യവസായ കേന്ദ്രവും പൂട്ടി. ഇതുകൂടാതെ ഒട്ടേറെ കെട്ടിടങ്ങള്‍ പണി പൂര്‍ത്തിയാകാതെ നിഷ്ക്രിയ ആസ്തിയായി വേറെയും കിടപ്പുണ്ട്. പണി പൂര്‍ത്തിയായതും ഉദ്ഘാടനം കഴിഞ്ഞവയും ഈ കൂട്ടത്തിലുണ്ട്. പത്തനംതിട്ട ചിറ്റാര്‍ പഞ്ചായത്തില്‍ 15 ലക്ഷം ചെലവിട്ട ശബരിമല ഇടത്താവളം, ആലപ്പുഴ ചെന്നിത്തലയില്‍ 14 ലക്ഷം മുടക്കിയ മൃഗാശുപത്രി കെട്ടിടം, ആല പഞ്ചായത്തില്‍ 12 ലക്ഷം രൂപയുടെ കമ്മ്യൂണിറ്റി ഹാള്‍, എരുമേലിയില്‍ മൂന്നര ലക്ഷത്തിന്റെ കാര്‍ഷിക വിജ്ഞാന കേന്ദ്രം, ചങ്ങനാശ്ശേരി നഗരസഭ നാലു ലക്ഷം മുടക്കിയ വനിതകളുടെയും കുട്ടികളുടെയും ലൈബ്രറി, കൊച്ചിന് കോര്‍പ്പറേഷന്റെ ആറര കോടിയുടെ കമ്മ്യൂണിറ്റി ഹാള്‍, പാലക്കാട് പെരുവമ്പയില്‍ 1,14,258 രൂപയുടെ കാര്‍ഷിക വിവര കേന്ദ്രം, വടക്കാഞ്ചേരി പഞ്ചായത്തില്‍ 15 ലക്ഷത്തിന്റെ അയ്യങ്കാളി സ്മാരക ഹാള്‍, കടമ്പഴിപ്പുറത്തെ അഞ്ച് ലക്ഷം രൂപയുടെ കൃഷിഭവന് തുടങ്ങി നിരവധി കെട്ടിടങ്ങളാണ് ഉപയോഗപ്രദം അല്ലാത്തതിനാല്‍ പൂട്ടിക്കിടക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: