വിഷാദത്തില്‍ മുങ്ങിക്കിടന്ന ഒരു രാത്രി പുലരുന്നു. എങ്ങോട്ടെങ്കിലും പോയേ പറ്റൂ. ചെറിയ ഒരു ബാഗുമായി ശാന്തി തേടി ആനന്ദാശ്രമത്തിലേക്ക് തിരിച്ചു. ഭാഗവത സ്വാമികള്‍ (തിരുവണ്ണാമലയില്‍ ഏറെക്കാലം ഭാഗവതം വായിച്ചു കിട്ടിയ പേരാണ്) ഉണ്ടവിടെ. പ്രായമായി, മഹാ കാരുണ്യമുണ്ട്. സിദ്ധനല്ല, യോഗിയല്ല, ഹൃദയമുള്ള മനുഷ്യന്!
കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ സന്ദര്‍ശകരായ സംന്യാസിമാര്‍ക്ക് ഒരുക്കിയ ഹാളിലാണ് സ്വാമിയുടെ കൊതുക് വലയും കട്ടിലും ചില പുസ്തകങ്ങളും. അരാജകമായ പൂര്‍വ്വാശ്രമത്തിന്റെ ഓര്‍മകളെയും ശീലങ്ങളെയും അലഞ്ഞ് ദഹിപ്പിച്ചെങ്കിലും ചിലത് കണ്ണില്‍ നിന്ന് ഇറ്റുന്നു.
ആശ്രമത്തിലെ രാമനാമജപത്തിന് സ്വാമികള്‍ പോവുകയില്ല. ആശ്രമത്തിലെ അന്തേവാസികള്‍ രാമനാമ ജപത്തില്‍ പങ്കെടുക്കണം. സ്വാമി ഭാഗവതം വായിച്ചുകൊണ്ട് എപ്പോഴും മുറിയിലിരിക്കും. മൂന്ന് രാത്രികള്‍ ആശ്രമത്തിലെ അപരിചിതരും, പല നിറങ്ങളും ഭാഷകളുംകൊണ്ട് മനസ്സ് നിറച്ചവരുമായ മനുഷ്യരോടൊപ്പം ശാന്തിയും ഊര്‍ജവും സ്വാതന്ത്ര്യവും അനുഭവിച്ചു.
ഭാഗവത സ്വാമി ഹരിദ്വാറിലുള്ള ചെന്നൈ ശാസ്ത്രികളുടെ നമ്പര്‍ തിരുവണ്ണാമലയിലുള്ള കോഴിക്കോട് നിന്നുളള സംന്യാസിയെ വിളിച്ചുതരുന്നു. മുംബൈയിലേക്കാണ് വണ്ടി കയറിയത്. രണ്ട് മൂന്ന് ദിവസങ്ങള്‍ മുംബൈയെ പുണര്‍ന്നു. നാഗ്പാഡയില്‍ ഏതൊക്കെ വിചിത്രങ്ങളായ ജീവിതങ്ങള്‍ കയറിയിറങ്ങിയിട്ടുണ്ടാകും?
മുംബൈയും കാശിയും ഇന്ത്യയിലെ ഏറ്റവും വൈബ്രന്റായ ഇടങ്ങളാണ്. മുംബൈയ്ക്ക് വല്ലാത്ത ജീവിതച്ചൂട്, കാശിക്ക് ചുടലയുടെ ചൂട്. (കാശി യാത്രയെക്കുറിച്ച് പിന്നീടെഴുതാം)
ബാന്ദ്രയില്‍ നിന്ന് ഹരിദ്വാറിലേക്കുള്ള ചൂളംവിളിയിലേക്കോടിക്കിതച്ചു. സൂറത്തില്‍, രത്ലാമില്, കോട്ടയില്‍. മൂന്നിന്ത്യ പല നിറങ്ങളില്‍, കൊലുസുകളില്‍ ഓറഞ്ചുമായി കൈ നീട്ടുന്നു. എന്ത് മനോഹരമായ പൂന്തോട്ടമാണിത്! ഒരു വേരില്‍ പലതായ് പൂക്കുന്നു. ഇന്ത്യയുടെ പല മണങ്ങള്‍…
ഹരിദ്വാറിലേക്കൊരാളുണ്ട്, അന്‍പത് വയസ്സു തോന്നിക്കും സന്‍ജയ് ശര്‍മയെ കണ്ടാല്‍. മുംബൈയില്‍ ഹോട്ടലിലെ സെക്യൂരിറ്റിയാണ്. നക്കാപ്പിച്ച ശമ്പളം ഒന്നിനും തികയുന്നില്ലെന്ന് എനിക്ക് മനസ്സിലാകുന്ന ഹിന്ദിയില്‍ ഇടയ്ക്കിടെ പരാതി പറയുന്നുണ്ട്. പാന്‍ ചവയ്ക്കുന്നു. പാനിന്റെ മണം എനിക്കിഷ്ടമാണ്.
വല്ലപ്പോഴും ഒരു സിഗരറ്റ് തന്ന്, മാരോ എന്ന് പറയുന്നു. മുന്നിലെ സീറ്റില്‍ പുള്ളികളുള്ള സാരിയില്‍, നിറയെ വളകളും കാല്‍വിരലില്‍ ചെമ്പ് തളകളുമായ് ഒരിന്ത്യ കുങ്കുമം ചൂടിയിരിക്കുന്നു. തംബാക്കു തിരയ്ക്കുന്നുണ്ട്.
ഹരിദ്വാര്‍ ഇപ്പോള്‍ അര്ദ്ധകുംഭിന്റെ കൊടിയുയര്‍ത്തി നഗ്നയായ് ചിതാഭസ്മവും പൂശി നില്ക്കുണ്ടാവണം. മനസ്സ് പ്രാചീനമായ സ്വപ്നങ്ങളിലേക്ക് ചാഞ്ഞു.
വീണ്ടും ഹരിദ്വാറില്‍. സ്റ്റേഷനു മുന്നില്‍ മഹാദേവന്റെ രൂപം കൊത്തിവച്ചിരിക്കുന്നു. ആരാണ് ശിവന്? ദൈവമോ മനുഷ്യനോ അതോ ഉള്ളിലെ തീയോ? സംന്യാസിമാരും തീര്‍ത്ഥാടകരും വിദേശ ടൂറിസ്റ്റുകളും ബഹളം കൂട്ടുന്ന റിക്ഷക്കാരെ വകവയ്ക്കാതെ എവിടേക്കോ ലക്ഷ്യമാക്കി നീങ്ങുന്നു.
ഞാന്‍ എങ്ങോട്ട് പോകണം? ചെന്നൈ ശാസ്ത്രികള്‍ വരുമോ? ഒന്നുകൂടി റിംങ് ചെയ്തു. തമിഴും ഇംഗ്ലീഷും കലര്‍ന്ന മറുപടി ദാ മുന്നില്‍! കാഷായത്തെ പ്രതീക്ഷിച്ച എനിക്കു മുന്നില്‍ പാന്റും, തണുപ്പിനെ തടയുന്ന ഒരു കോട്ടും വെള്ളത്താടിയുമായ് സാമാന്യം നല്ല ഉയരവും ബലിഷ്ഠമായ ശരീരവും ഉള്ളൊരാള് വന്നുനില്ക്കുന്നു. സ്നേഹവായ്പ്പുകള്‍, തലോടല്‍. തിരുവണ്ണാമലയിലെ സ്വാമികളെ വിളിച്ച് ”എന്റെ കയ്യില്‍ കിട്ടിയിരിക്കുന്നു” എന്നുപറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. റിക്ഷക്കാരന് മഹാരാജ് എന്ന് ആദരവോടെ വിളിക്കുന്നു. കോട്ടിന്റെ പോക്കറ്റില്‍ നിന്ന് പച്ച നിറമുള്ള പാക്കറ്റിലെ പുകയില ഇടത് കയ്യിലിട്ട് തിരുമ്മുന്നു.
സംന്യാസിയാണെന്ന് പറഞ്ഞിട്ട്, കാഷായം എന്തേ ഇല്ല? സര്വ്വസംഗ പരിത്യാഗി ചുണ്ടില്‍ തിരുകുന്നോ? മനസ്സ് എന്തൊക്കെയോ പിറുപിറുക്കുന്നു.
റിക്ഷയില്‍ കയറി, കേരളത്തില്‍ നിന്നും അര്ദ്ധകുംഭിനായ് വന്നതാണെന്ന് റിക്ഷാ ഡ്രൈവറെ പരിചയപ്പെടുത്തുന്നു. പത്ത് മിനുറ്റുകളിലെ ചിന്തകളുമായി ഡ്രൈവര്‍ പഴയ ഒരു കടയ്ക്കരികില്‍ ഞങ്ങളെയുംകൊണ്ട് വന്നുനിന്നു.
പഴയ മോട്ടോറുകള്‍, നട്ട്, ബോള്‍ട്ട് എല്ലാം നന്നാക്കുന്ന കട. ഒരു പുരാതന സംസ്കൃതിയെ ഓര്‍മിപ്പിക്കുന്നു. കരിപുരണ്ടിരിക്കുന്നു സാബ്ജിയുടെ കൈകളില്‍. ജീവിതച്ചൂടും. ഹൃദയമുള്ള മുഖം, നോട്ടം. എഴുപത് വയസ്സുണ്ടാകും.
”സാബ്ജി യേ കേരള് സേ…”
”ബൈഠിയേ ബേഠാ…”
തൊട്ടടുത്ത് പാനും ചായയും ചില മിഠായികളും സിഗരറ്റും വില്‍ക്കുന്ന ചെറിയ കടയില്‍ നിന്നും കിട്ടിയ ചൂട് ചായ തണുപ്പിനെ ഒന്നു തൊട്ടു.
കടയ്ക്ക് പുറകിലെ, വയലുകള്‍ക്ക് നടുവില്‍ നനയ്ക്കാന്‍ വേണ്ടി കെട്ടുന്ന ഷീറ്റിട്ട മുറിയെ ഓര്‍മിപ്പിക്കുന്ന പഴയ പൊടിഞ്ഞു തുടങ്ങിയ ഇഷ്ടിക മുറിയില്‍ ബാഗ് വച്ചു. സാബ്ജി കടയിലേക്ക് തിരിച്ചു പോയി.
ഇതെന്താണിത്? ഒരുപായക്കട്ടില് മാത്രം. അവിടെ ശാസ്ത്രികള്‍ കിടക്കും, അപ്പോ ഞാന്‍? ഈ തണുപ്പത്ത് ഞാന്‍ ചാകുമോ?
ടോയ്ലറ്റ് കാണാനില്ല. ആലോചനക്കിടയില്‍ ഒരു പഴയ സ്വെറ്റര്‍ എടുത്ത് തരുന്നു.
”ഒരു ഐനൂറ് രൂപ എട്,
മണി, സ്വല്പ്പം ടൈറ്റ്”
ചെന്നൈ ശാസ്ത്രികളുടെ ഇച്ചിരി കനത്ത തമിഴ്.
ആ ചോദ്യത്തില്‍ പന്തവും പന്തളവും എന്റെ ചെറിയ മനസ്സിലൂടെ കടന്നല്‍കൂട്ടങ്ങളെപ്പോലെ പാറിപ്പോയി!
അഞ്ഞുറ് രൂപ ആശങ്കകളോടെ കൊടുത്ത് ഞാന്‍ കടയില്‍ പോയി വരാം എന്നു പറഞ്ഞ് സാബ്ജിയുടെ അരികിലേക്ക് നടന്നു.
”സാബ്ജി, മഹാരാജ് ക്യോം യഹാം രഹ് രഹാ ഹേ?”
”വോ ആശ്രം ചോട് ദിയാ, അബി ശരാബ്…” സാബ്ജി പറഞ്ഞു തീരുമ്പോഴേക്കും ശാസ്ത്രികള്‍ കടയ്ക്കു മുന്നിലേക്ക് വന്നുനിന്നു. ആശ്രമത്തില്‍ നിന്നും പുറത്താക്കിയതോ? അതോ സ്വയം പുറത്ത് പോയതോ എന്നു ചോദിക്കാന്‍ കഴിഞ്ഞില്ല!
തിരുവണ്ണാമലയിലെ സ്വാമികള്‍ ഇതറിഞ്ഞിട്ടുണ്ടാകുമോ? മനസ്സ് അസ്വസ്ഥമായി. എന്റെ കയ്യില്‍ നിന്ന് വാങ്ങിയ അഞ്ഞൂറ് രൂപയുമായി എന്നെയും കൂട്ടി തെരുവിലൂടെ നടക്കുന്നു. വൃത്തിഹീനമായ ഒരു ലോക്കല്‍ ബാറിലേക്ക് നോക്കി, ശാസ്ത്രികളുടെ കണ്ണുകള്‍ തിളങ്ങി. കുറെക്കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി റിക്ഷയില്‍ കയറി എങ്ങോട്ടോ പോകുന്നു. ഫുഡ് കഴിക്കണ്ടേ എന്നു ചോദിച്ച് റിക്ഷക്കാരനോട് ശാസ്ത്രികള്‍ നിര്‍ത്താന്‍ പറഞ്ഞു.
ഒരു കടയുടെ മുന്നില്‍ റിക്ഷ വന്നു നിന്നു. പരിചയമുള്ള കാഴ്ച എന്ന ഭാവത്തില്‍ സാബ്ജി എന്തോ തുടയ്ക്കുകയാണ്. മുറിയിലേക്ക് പോയ എന്നോട് വീണ്ടും അധികാരത്തോടെയുള്ള തമിഴുയര്ന്നു..
”ഒരു ഐനൂറ് രൂപ…” ഇത് പറഞ്ഞതും, ഒരു വെള്ളം വാങ്ങിയിട്ട് വരാം എന്നുപറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി. തിരുവണ്ണാമലയിലെ സ്വാമികള്‍ ഫോണിന്റെ മൂന്നാമത്തെ റിങ്ങിലെടുത്തു.
”ഞാനിതൊന്നും അറിഞ്ഞില്ല, ശാസ്ത്രി കാഷായമുപേക്ഷിച്ചോ” എന്നീ ആത്മഗതങ്ങള്‍ ഞാന്‍ കേട്ടു നിന്നു.
”ഉടനെ അവിടുന്ന് ഇറങ്ങണം, ഒരു പൈസ പോലും കൊടുക്കരുത്.”
സ്വാമി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
മുറിയില്‍ നിലം പൊത്തിയിരിക്കുന്നു ശാസ്ത്രികള്‍.
ബാഗുമെടുത്ത് ഞാനിറങ്ങി. സാബ്ജിയോട് കാര്യങ്ങള്‍ പറഞ്ഞു, സാബ്ജിക്കെല്ലാം അറിയാവുന്നതു പോലെ. കാരുണ്യത്തോടെ നോക്കുന്നു. ഒരു റിക്ഷ എനിക്കായ് വന്നുനിന്നു.
”അഭേദ ഗംഗാമയ്യാ ആശ്രമം,
കണ്ങ്കലിലേക്ക് ഉടനെ പോകൂ.”
ഫോണില്‍ ഞങ്ങളുടെ സംഭാഷണമെല്ലാം കേട്ട തിരുവണ്ണാമല സ്വാമികള്‍ എന്റെ സുരക്ഷയില്‍ വല്ലാതെ ആശങ്കപ്പെടുന്നു.
റിക്ഷ എന്നെയും കൊണ്ട് അഭേദ ഗംഗാമയ്യാ ആശ്രമത്തിന്റെ മുന്നില്‍ വന്നുനിന്നു. മലയാളികളുടെ ആശ്രമം.
ഓം ത്രയംബകം യജാമഹൈ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വാരുക……..
മഹാമൃത്യുഞ്ജയ മന്ത്രം ഉയരുന്നു…
ആശ്രമത്തിന്റെ ഗേറ്റ് കടന്നതും അഭിഷേകം കഴിഞ്ഞ ഒരു ശിവലിംഗവും, കൊത്തിവച്ചിരിക്കുന്ന സംന്യാസിയുടെ തേജസ്സാര്‍ന്ന രൂപവും എന്നെ നോക്കുന്നു.
ഞാന്‍ അഭേദഗംഗാമയ്യാ ആശ്രമത്തില്‍!
”മലയാളിയാണോ, എവിടുന്നാ?”
മെലിഞ്ഞ്, വൃദ്ധനായ ജടയില്ലാത്ത,
പൂര്‍ണ്ണമായി നരച്ച ഒരു ശബ്ദം.
”കോഴിക്കോട്, കൃഷ്ണാനന്ദ സ്വാമികളെ കാണണം. തിരുവണ്ണാമലയിലെ സ്വാമികള്‍ പറഞ്ഞിട്ടു വന്നതാണ്.”
ഒരു നിമിഷം നില്ക്കൂ എന്നുപറഞ്ഞ് ഗേറ്റിനോട് ചേര്‍ന്ന ആദ്യമുറിയിലേക്ക് കയറിപ്പോവുകയും, തിരിച്ചു വന്ന് സ്വാമി വിളിക്കുന്നു എന്നും പറഞ്ഞ് മറ്റൊരു മുറിയിലേക്ക് നടന്നുപോയി.
ഞാന്‍ ബാഗുമായി കൃഷ്ണാനന്ദസ്വാമികളുടെ മുറിയിലേക്ക് പോയി. ഉയരം കുറഞ്ഞ ഒരു മനുഷ്യന് ജടയും, കറുപ്പും വെളുപ്പും കലര്‍ന്ന നിബിഡമായ താടിയുമായി തേജസ്സാര്‍ന്ന രൂപം.
ഞാന്‍ കാലില്‍ തൊട്ടു, എന്റെ സര്‍വ്വ അഹങ്കാരങ്ങളും നശിച്ചിരിക്കുന്നു.
”എവിടുന്ന് വരുന്നൂ, കുറ്റം ചെയ്തിട്ടുണ്ടോ?”
കൃഷ്ണാനന്ദ സ്വാമികളുടെ പൂര്‍വ്വാശ്രമം കോഴിക്കോട്, ബാലുശ്ശേരി ഭാഗത്തായിരിക്കണം, എനിക്ക് പരിചിതമായ ഭാഷാപ്രയോഗങ്ങള്‍.
”കുറ്റം ചെയ്തിട്ടില്ല” ഞാന്‍ പറഞ്ഞവസാനിപ്പിച്ചതും, കുറ്റം ചെയ്താലും ഇവിടെ വന്ന് നിങ്ങളെ ആരും കൊണ്ടുപോവുകയില്ല എന്ന വാക്കുകള്‍ എത്രപേര്‍ക്ക് സാന്ത്വനം നല്കിയിട്ടുണ്ടാകും. രത്നാകരന് വാത്മീകിയാകാന് കഴിയുന്ന, അരബിന്ദ ഘോഷിന് അരബിന്ദ മഹര്‍ഷിയാകാന്‍, സിദ്ധാര്ത്ഥന് ഗൗതമ ബുദ്ധനാകാന്‍ പാകമായ മണ്ണിനെ ഞാന്‍ ഓര്‍ത്തു.
”കുംഭമേള കാണാന്‍ വന്നതാണ്. അതുവരെ ഇവിടെ താമസിക്കാമോ?” ഞാന്‍ ചോദിച്ചു.
”ഇവിടെ എത്ര കാലംവേണമെങ്കിലും താമസിക്കാം, ആശ്രമ നിയമങ്ങള്‍ പാലിക്കണമെന്നു മാത്രം.”
വലിയ അശാന്തിയിലാണെന്നും, വിഷാദവും മദ്യപാനവും വല്ലാതെ തകര്‍ത്തുവെന്നും ഞാന്‍ പറഞ്ഞു.
”പോയ് ഗംഗയില്‍ മുങ്ങി വരൂ, എല്ലാം നിയോഗം പോലെ വരും.”
നേരത്തെ വന്ന സ്വാമിയെ വിളിച്ച് എനിക്ക് മുറി കാണിച്ചു തരാന്‍ പറഞ്ഞു.
നാല് കട്ടിലുകളുള്ള വൃത്തിയുള്ള മുറിയുടെ വാതില്‍ തുറന്നതും ഞാന്‍ ബാഗ് അവിടെ വച്ചു. കണ്ണൂരില്‍ നിന്നും വന്ന, കുംഭമേള കാണാന്‍ വന്ന യോഗ അദ്ധ്യാപകനായ രാജേഷിനെ മുറി കാണിച്ചു തന്ന സ്വാമി പരിചയപ്പെടുത്തി. മുണ്ട് വാങ്ങിക്കാന്‍ എന്റെ കൂടെ വരാന്‍ ഏര്‍പ്പാട് ചെയ്തു.
രാജേഷിനൊപ്പം കവലയിലേക്ക് പോയി മുണ്ടും, അത്യാവശ്യം വേണ്ട സാധനങ്ങളും വാങ്ങി. ഗംഗയിലേക്ക് പോയി മുങ്ങി നിവര്‍ന്നു.
”ഗംഗാ മയ്യാ.. ശാന്തി തരൂ” മനസ്സ് മന്ത്രിച്ചു.
തിരിച്ച് മുറിയിലേക്ക് പോകുമ്പോള്‍ രാജേഷ് നിര്‍ത്താതെ സംസാരിക്കുന്നു. ചില പരാതികള്‍, പരിഭവങ്ങള്‍.
നീണ്ട യാത്രയുടെ നല്ല ക്ഷീണമുണ്ട്. മുറിയില്‍ കയറിയതും ഞാന്‍ ചാഞ്ഞു. എണീറ്റപ്പോള്‍ സന്ധ്യയായി. ആശ്രമത്തില്‍ അത്താഴത്തിനുള്ള സമയമായി.
രാജേഷിനൊപ്പം സംന്യാസികളുടെ കൂടെ പോയി ഇരുന്നു. കൃഷ്ണാനന്ദ സ്വാമികള്‍ മഠാധിപതിയാണ്. എല്ലാരും ഒരുമിച്ചിരുന്നു.
നല്ല വിശപ്പ്. ചപ്പാത്തിയും സബ്ജിയും കഴിച്ചു. നല്ല തണുപ്പ്. ക്ഷീണംകൊണ്ട് അന്ന് നന്നായുറങ്ങി. പുലര്‍ച്ചെ ഒരാള്‍ വന്ന് മുട്ടുന്നു.
”ധ്യാനത്തില്‍ പങ്കെടുക്കണം.”
നല്ല തണുപ്പ്. സംന്യാസിമാര്‍ക്ക് ശീലമായിരിക്കും. ധ്യാനം കഴിഞ്ഞ്, പ്രാതലും കഴിഞ്ഞ് രുദ്രാഭിഷേകം.
എന്നോടും ചെയ്യാന്‍ പറഞ്ഞു. പൂവ് നേദിക്കുമ്പോള്‍ മനസ്സിലാണ് പൂ വിടരുന്നത്. എന്റെ ഹൃദയ കമലങ്ങളാണ് രുദ്രാഭിഷേകത്തില്‍ വിടരുന്നത് എന്ന് ഞാന്‍ അനുഭവിക്കുന്നു.
അര്‍ദ്ധ കുംഭമേളയ്ക്ക് ഇനി പതിനഞ്ച് ദിവസങ്ങളേയുള്ളൂ. ആദ്യമായി കുംഭമേള കാണാം എന്ന ചിന്ത വലിയ ഊര്‍ജം നല്കുന്നു. അന്ന് വൈകിട്ട് രാജേഷിനൊപ്പം വിശാലമായ ഗംഗാ തീരത്തെ കുംഭമേളയുടെ ഒരുക്കങ്ങള്‍ മണല്‍ത്തിട്ടയിലൂടെ നടന്നു കണ്ടു. വലിയ സുരക്ഷയിലാണ് ഹരിദ്വാര്‍. വിജനമായ ഗംഗയുടെ തീരങ്ങളിലേക്ക് ഞങ്ങള്‍ നടന്നു.
സംന്യാസിമാരോടൊപ്പം കുറച്ച് ദിവസങ്ങള്‍ ധ്യാനത്തിലും രുദ്രാഭിഷേകത്തിലും. സന്ധ്യാ സമയത്തെ കുംഭമേള പ്രമാണിച്ചുള്ള ഹോമകുണ്ഡത്തിലേക്ക് വിറകിന് കഷ്ണങ്ങളും കമ്പുകളും സമര്‍പ്പിച്ച് ഞങ്ങളും സംന്യാസിമാര്‍ക്കൊപ്പം പങ്കാളികളായി.
മഹത്തായ ഊര്‍ജമുള്ള ദിനങ്ങള്‍ കടന്നുപോകുന്നു. സ്വാമി ഹിമാലയന്‍ ചികിത്സയില്‍ പ്രഗത്ഭനാണ്. വജ്രസമാനനായ ജ്യോതിഷിയാണ്. ആശ്രമത്തിന്റെ ശീലങ്ങളിലേക്ക് ഞാന്‍ വഴുതിവീണുതുടങ്ങി. എനിക്ക് മഹത്തായ ശാന്തിയുണ്ടാകുന്നു.
ആശ്രമത്തിലെ അന്തേവാസികളില്‍ എന്റെ ഗ്രാമത്തില്‍ നിന്നും ഒരാള്‍, എനിക്കതിശയം തോന്നി. ചിലര്‍ പരാജിതരാണെന്ന് കണ്ണുകള്‍ പറയുന്നു. ചിലരുടെ കണ്ണുകള്‍ മൂര്‍ച്ചയുളളതാണ്. സംന്യാസം തേടി വന്നവരാണ്.
കഠോപനിഷത്തിന്റെ പഠനം കഴിഞ്ഞ ഒരു ഉച്ച സമയം സ്വാമി എന്നെ വിളിപ്പിച്ചു.
”നിങ്ങള്‍ തിരിച്ച് പോയ്ക്കോളൂ, ഇപ്പോള്‍ സമയമായിട്ടില്ല.”
”ഞാന്‍ കുംഭ മേള കഴിഞ്ഞിട്ട് പോകാം.” ഞാന്‍ നിരാശയോടെ പറഞ്ഞു.
”വേണ്ട, പിന്നെ നിങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. ഇന്നുതന്നെ തിരിച്ചുപോയ്ക്കോളൂ.” സ്വാമി ഉറച്ചുനില്‍ക്കുന്നതു പോലെ.
”ഒരിക്കല്‍ വരും, അപ്പോള്‍ കാണാം, ഇപ്പോള്‍ സമയമായില്ല പോയ്ക്കോളൂ.”
”എത്രയോ ജീവിതങ്ങള്‍ ഇവിടെ കയറിയിറങ്ങിയിരിക്കുന്നു. ഇനിയും താമസിച്ചാല്‍ നിങ്ങള്‍ തിരിച്ചുപോകുകയില്ല. ഇപ്പോള്‍ മറ്റു നിയോഗങ്ങളുണ്ട്. അത് നിറവേറ്റിയാലും.”
അര്‍ദ്ധ കുംഭ് കാണാതെ, മാറാപ്പുമായ് ഞാന്‍ മടങ്ങുന്നു.
സമയമായില്ല, സമയമായില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: