കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ‘പിണറായി സര്‍ക്കാര്‍ ശിക്ഷിക്കുന്ന’ സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്കൊപ്പം പീഡനത്തിനിരയായ അതിജീവിതയും. കോടതി നിര്‍ദേശിച്ചിട്ടും നഴ്സിങ് ഓഫീസര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയാത്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പിടിവാശികൊണ്ടാണെന്ന ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെടുന്നു.
അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി വിധിയുണ്ട്. അത് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 1 മുതല്‍ മെഡി. കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ അനിത നടത്തുന്ന സമരം അഞ്ച് ദിവസം പിന്നിട്ടു.
ഹൈക്കോടതിയുടെ അനുകൂല ഉത്തരവില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. കോടതി ഉത്തരവ് നടപ്പാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം വേണമെന്നുള്ള നിലപാടിലാണ് മെഡി. കോളേജ് അധികൃതര്‍. അനിത കോടതിയലക്ഷ്യത്തിന് കേസ് നല്‍കിയെങ്കിലും ഉത്തരവിനെതിരേ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. നഴ്സിങ് ഓഫീസര്‍ അനിതയ്ക്ക് വീഴ്ച പറ്റിയതുകൊണ്ടാണ് ജോലിയില്‍ തിരിച്ചെടുക്കാത്തതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുറ്റപ്പെടുത്തി. ഇതോടെ ഈ വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ ‘പിടിവാശി’ പരസ്യമായി. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച എന്താണെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അക്കാര്യത്തില്‍ തുടര്‍നടപടികളില്ലെന്ന് പി.ബി. അനിത വിശദീകരിക്കുന്നു. ’20 വര്‍ഷമായി മെഡി. കോളജില്‍ ജോലി ചെയ്യുന്നു. ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുതന്നെ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ്. അവസാന ആശ്രയമായിട്ടാണ് കോടതിയെ സമീപിച്ചത്. കോടതി കുറ്റക്കാരിയല്ലെന്ന് വിധിയെഴുതി. പക്ഷേ ഭരണകൂടം എന്നെ ഇപ്പോഴും കുറ്റക്കാരിയാക്കുന്നു. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും,’ അനിത ‘ജന്മഭൂമി’യോട് പറഞ്ഞു.
അനിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അതിജീവിത, തെറ്റായ നടപടിയാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിശദീകരിക്കുന്നു. ‘മന്ത്രിയെ നേരിട്ട് കാണാനും വിഷയം അവതരിപ്പിക്കാനും നിരവധി തവണ ശ്രമിച്ചതാണ്. എന്നാല്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നെ സിസ്റ്റര്‍ അനിത സഹായിച്ചു എന്നതാണ് അവര്‍ക്കെതിരെ കണ്ടെത്തിയ കുറ്റം. അക്രമത്തിന് ഇരയായ ആളെ സംരക്ഷിച്ചത് തെറ്റായാണ് സര്‍ക്കാര്‍ ഉള്‍പ്പെടെ കാണുന്നത്. പീഡിപ്പിക്കപ്പെട്ടയാളെ സംരക്ഷിക്കാന്‍ പാടില്ല എന്നതാണ് ഇത് നല്കുന്ന സന്ദേശം’ അവര്‍ പറഞ്ഞു. അനിതയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ കഴിയുകയായിരുന്ന യുവതിയെ 2023 മാര്‍ച്ച് 18നാണ് അറ്റന്‍ഡറായ ശശീന്ദ്രന് പീഡിപ്പിച്ചത്. തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിച്ചു. അതിനിടെയാണ് അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്കിയ സീനിയര്‍ നഴ്സിങ് ഓഫീസര്‍ അനിതയുടെ സ്ഥലംമാറ്റവുമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: