Categories: Samskriti

സന്താന സൗഭാഗ്യമേകി കൊല്ലംകോട് തൂക്കം

പത്തുനാള്‍ നീളുന്ന കൊല്ലംകോട് തൂക്കമഹോത്സവത്തിന് തുടക്കം

Published by

ക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലംകോട് ദേവീക്ഷേത്രം. തിരുവനന്തപുരത്തു നിന്ന് നാല്പത് കി.മീ. ദൂരെ, കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ക്ഷേത്രമുള്ളത്. ശ്രീകോവിലില്‍ ശ്രീഭദ്ര, ദുര്‍ഗ എന്നിങ്ങനെ രണ്ട് ദേവിമാര്‍ കുടി കൊള്ളുന്നു. പത്തുനൂറ്റാണ്ടോളം പഴക്കമുള്ള ക്ഷേത്രം പല തവണ പുതുക്കി പണിതിട്ടുണ്ട്. ആദ്യകാലത്ത് ക്ഷേത്രം ഓലപുരയിലായിരുന്നു. ഇന്ന് ചെമ്പുതകിടുകള്‍ പാകി മനോഹരമാക്കിയിരിക്കുന്നു. കൊല്ലംകോട് ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് തൂക്ക മഹോത്സവമാണ്. വട്ടവിളയിലാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം. തൂക്കഉത്സവം നടക്കുന്നത് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വെങ്കഞ്ഞി ക്ഷേത്രമുറ്റത്താണ്.

മീനത്തിലെ ഭരണി നക്ഷത്രത്തിലാണ് തൂക്ക മഹോത്സവം നടക്കുന്നത്. പത്ത് ദിവസം മുമ്പ് തന്നെ വട്ടവിള മൂലക്ഷേത്രത്തില്‍ നിന്നും രണ്ട് തിരുമുടികള്‍ (ശ്രീഭദ്ര, ശ്രീദുര്‍ഗ) വെങ്കഞ്ഞി ക്ഷേത്രമുറ്റത്തേയ്‌ക്ക് അലങ്കാര വാദ്യമേളങ്ങളോടെ എഴുന്നള്ളിക്കും. വെങ്കഞ്ഞി ക്ഷേത്രമുറ്റം വിശാലമാണ്. ചുറ്റിനും ആല്‍മരത്തിന്റെ ശോഭ കൊണ്ട് അലംകൃതമായ ക്ഷേത്രമുറ്റത്താണ് തൂക്കം നടക്കുന്നത്. സാക്ഷാല്‍ ആദി പരാശക്തിയുടെ രണ്ട് ഭാവങ്ങളായ ഭദ്രയുടെയും, ദുര്‍ഗയുടെയും തിരുമുമ്പിലാണ് ഒരു വയസ്സ് തികയാത്ത കുട്ടികളുടെ തൂക്ക നേര്‍ച്ച നടത്തുന്നത്. പിഞ്ചു കുഞ്ഞിനെ പട്ടില്‍ പൊതിഞ്ഞ് ഇരുകരങ്ങളിലെടുത്ത് വില്ലുവണ്ടിയിലെ തൂക്ക മരത്തില്‍ കച്ചകൊണ്ട് കെട്ടിയ തൂക്ക കൊളുത്തുകളില്‍ തൂങ്ങിയാടുന്ന കാഴ്‌ച്ച ആദരവോടെ മാത്രമേ ആര്‍ക്കും കാണാന്‍ കഴിയുകയുള്ളൂ.

സന്താന സൗഭാഗ്യത്തിനും സന്താന ഐശ്വര്യത്തിനും വേണ്ടിയാണ് തൂക്ക നേര്‍ച്ച നടത്തുന്നത്. തൂക്കത്തിന് പത്ത് ദിവസം മുമ്പ് തന്നെ തൂക്ക നേര്‍ച്ചക്കാര്‍ ക്ഷേത്രത്തിലെത്തി പേരുനല്‍കും. പത്ത് ദിവസത്തെ വ്രതം നിര്‍ബന്ധമാണ്. നറുക്കിലൂടെയാണ് ക്രമനമ്പര്‍ തയ്യറാക്കുന്നത്. വില്ല് വണ്ടിയില്‍ കയറുന്ന തൂക്കകാരെ, ആരോഗ്യ പരിശോധന കഴിഞ്ഞാണ് തിരഞ്ഞെടുക്കുന്നത്. തൂക്കത്തിന് നില്ക്കുന്ന നേര്‍ച്ചക്കാര്‍ കടലില്‍ കുളിച്ച് ശുദ്ധരായി ക്ഷേത്രമുറ്റത്തെത്തി പ്രാര്‍ത്ഥിക്കുന്നതോടെ വ്രതം ആരംഭിക്കുന്നു. നാലാം ദിവസം മുതലാണ് വ്രതം തുടങ്ങുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള പച്ചയും ചുമപ്പും നിറത്തിലുള്ള പട്ടുകള്‍ ധരിച്ച് ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന ആഹാര നിവേദ്യങ്ങള്‍ കഴിച്ച് ക്ഷേത്രത്തില്‍ തന്നെ തങ്ങിയാണ് തൂക്കത്തിന് തയ്യാറെടുക്കുന്നത്.

ആയിരത്തിലധികം തൂക്കക്കാരുടെ നമസ്‌കാരം കാണേണ്ട കാഴ്ചയാണ്. ആദ്യദിവസം പ്രഭാതത്തിലും ത്രിസന്ധ്യയിലും നടത്തുന്ന സൂര്യനമസ്‌കാരം ഓരോ ദിവസവും ഓരോന്നു കൂടി, തൂക്ക ദിവസത്തിന് മുമ്പേ ഒമ്പത് വലയം നമസ്‌കാരം എടുക്കും. ഇതോടെ തൂക്കക്കാര്‍ അരോഗദൃഢഗാത്രരാകും. തൂക്ക ദിവസം ഇവരുടെ കൈകളിലാണ് പിഞ്ചുകുഞ്ഞുങ്ങളെ സുരക്ഷിതരായി ഏല്പിക്കുന്നത്. 40 അടിയോളം പൊക്കമുള്ള വില്ലിന്റെ മരക്കമ്പില്‍ ഇരുവശത്തുമായി 4 പേര്‍ തൂക്കത്തിലുണ്ടാകും. വില്ലുവണ്ടിയില്‍ 2 തൂക്കക്കമ്പുകള്‍ ഉണ്ടായിരിക്കും. ക്ഷേത്രത്തിന് ഒരു വലം വയ്‌ക്കുന്നതുവരെ തൂക്കക്കാരും കുഞ്ഞുങ്ങളും തൂക്കുവണ്ടിയില്‍ കാറ്റത്താടി നില്‍ക്കും. രാവിലെ തുടങ്ങി പിറ്റേന്ന് രാവിലെ വരെ നീളുന്ന ഈ ചടങ്ങ് ഗിന്നസ്ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

ക്ഷേത്ര ഐതിഹ്യം

കൊടുങ്ങല്ലൂരില്‍ നിന്നും കന്യാകുമാരിക്ക് യാത്ര ചെയ്ത ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ കൊല്ലംകോട് എത്തിയപ്പോള്‍ അവിടെയുള്ള പുറക്കാല്‍ ഭവനത്തില്‍ തങ്ങി. വീട്ടുകാരുടെ പരിചരണത്തില്‍ സന്തുഷ്ടനായ അദ്ദേഹം പുറക്കാല്‍ വീട്ടിലെ കിണറ്റില്‍ രണ്ട് സാളഗ്രാമം ഐശ്വര്യം വരാനായി ഇട്ടുവെന്നാണ് വിശ്വാസം. പരിചാരകയായി നിന്ന വിശ്വകര്‍മ്മ സമുദായത്തിലെ സ്ത്രീക്ക് ജ്യോതിശാസ്ത്രപണ്ഡിതനായ ബ്രാഹ്മണന്‍ അനുഗ്രഹിച്ച് നല്‍കിയ സന്താന പരമ്പരയിലെ അംഗമാണ് ഇന്നും ക്ഷേത്രത്തിലെ പ്രധാന പൂജാരി.

പാക്കിന്റെ വലിപ്പത്തിലുള്ള സാളഗ്രാമം പണിക്കാരി സ്ത്രീ കോരിയെടുത്ത് അതിനെ മുറിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ രക്തം കണ്ട് മോഹാലസ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയവര്‍ പ്രശ്‌നം വച്ചപ്പോള്‍ ദേവീസാന്നിധ്യമുള്ള സാളഗ്രാമമെന്ന് കണ്ടെത്തി. തുടര്‍ന്ന് ദേവീക്ഷേത്രത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്ത് സാളഗ്രാമത്തെ പ്രതിഷ്ഠിച്ച് പൂജിച്ചു തുടങ്ങി. ആ സാളഗ്രാമമങ്ങളാണ് ശ്രീ ഭദ്രയായും ശ്രീ ദുര്‍ഗയായും ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തുള്ളത്.

ആദ്യകാലത്ത് നിത്യ പൂജ ഉണ്ടായിരുന്നില്ല. പിന്നീട് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രം പൂജ ആരംഭിച്ചു. പിന്നീട് നിത്യപൂജയായി. വിശ്വകര്‍മ്മ സമുദായക്കാരും പാണര്‍, നായര്‍ തുടങ്ങിയ മറ്റ് സമുദായക്കാരും സ്ഥാനിമാരും ക്ഷേത്രോത്സവത്തിന്റെ ഓരോ ചടങ്ങുകളില്‍ പങ്കാളികളാകുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by