Categories: KeralaKollam

അങ്കത്തിനുറച്ച് കൊല്ലം; അറിയാം സ്ഥാനാര്‍ത്ഥികളെയും മണ്ഡലത്തേയും

Published by

ടന്‍ കൃഷ്ണകുമാറിലുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ ബിജെപി രംഗത്തിറക്കിയതോടെ കൊല്ലവും ത്രികോണപ്പോരിന്റെ ചൂടിലാണ്. എംഎല്‍എയും നടനുമായ എം. മുകേഷാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. സിറ്റിങ് എംപി ആര്‍എസ്പിയിലെ എന്‍.കെ. പ്രേമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

പടിപടിയായി വോട്ടുവിഹിതം വര്‍ധിപ്പിച്ച ചരിത്രമാണ് ബിജെപിയുടേത്. കൊല്ലം നഗരത്തിലെ നിര്‍ണായകമായ കോര്‍പ്പറേഷന്‍ ഡിവിഷനുകളിലെല്ലാം ബിജെപിക്ക് വലിയ സ്വാധീനമാണ്. ചാത്തന്നൂര്‍ നിയമസഭാമണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയാണ് പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്. എല്ലാ മണ്ഡലങ്ങളിലും ഗണ്യമായ വോട്ട് ബിജെപിക്കുണ്ട്. അതുകൊണ്ടുതന്നെ വന്‍ കുതിച്ചുചാട്ടത്തിനാണ് ഇക്കുറി പാര്‍ട്ടി ലക്ഷ്യമിടുന്നത്.

മോദിയുടെ ഗ്യാരന്റിയാണ് എന്‍ഡിഎ ജനങ്ങളുടെ മുന്നില്‍ വയ്‌ക്കുന്നത്. കൊല്ലം ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതും കൊല്ലം ചെങ്കോട്ട-റെയില്‍പ്പാത വൈദ്യൂതീകരിച്ചതും ബ്രോഡ് ഗേജാക്കിയതും ദീര്‍ഘദൂര തീവണ്ടികളനുവദിച്ചതും മോദിയാണ്. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ ലോകനിലവാരത്തിലാക്കുന്നു. പുനലൂര്‍ റെയില്‍വേ സ്റ്റേഷനും നവീകരണത്തിന്റെ പാതയിലാണ്.

കടമ്പാട്ടുകോണം-ഇടമണ്‍-മധുര ഹൈവേയും എംസി റോഡിന് സമാന്തരമായി വരുന്ന പുളിമാത്ത് അങ്കമാലി ഹൈവേയും ജില്ലയുടെ മുഖഛായ മാറ്റും. കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളില്ലാത്ത ഒരു വീടും മണ്ഡലത്തിലില്ലെന്നതും എന്‍ഡിഎ ഉയര്‍ത്തിക്കാട്ടുന്നു. കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും വോട്ടുകളാണ് കൊല്ലത്ത് നിര്‍ണായകം. വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ സാമുദായിക വോട്ടുകള്‍ക്കും പങ്കുണ്ട്.

2008ലെ മണ്ഡല പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് കൊല്ലം മണ്ഡലം രൂപീകൃതമായത്. ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. കുണ്ടറ ഒഴികെ മറ്റെല്ലായിടത്തും എല്‍ഡിഎഫ് എംഎല്‍എമാരാണ്. മണ്ഡല പുനഃക്രമീകരണത്തിനു മുമ്പ് കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ മണ്ഡലങ്ങളായിരുന്നു ഉള്‍പ്പെട്ടിരുന്നത്.

1957ല്‍ ഇടതുപക്ഷത്തിനായിരുന്നു മണ്ഡലത്തില്‍ നേട്ടം. 1962 മുതല്‍ 1977 വരെ നടന്ന നാല് തെരഞ്ഞെടുപ്പിലും ആര്‍എസ്പിയുടെ എന്‍. ശ്രീകണ്ഠന്‍ നായര്‍ക്കായിരുന്നു വിജയം. 1980ല്‍ കോണ്‍ഗ്രസിന്റെ ബി.കെ. നായര്‍ ജയിച്ചു. 84ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്. കൃഷ്ണകുമാര്‍ വിജയം നേടി. 89ലും 91ലും കൃഷ്ണകുമാര്‍ വിജയം ആവര്‍ത്തിച്ചു.

1996ലാണ് ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ വിജയിച്ചത്. 98ലും പ്രേമചന്ദ്രനായിരുന്നു വിജയം. 1999ല്‍ ആര്‍എസ്പിയില്‍ നിന്ന് സീറ്റ് തിരിച്ചെടുത്ത സിപിഎം പി. രാജേന്ദ്രനെ നിര്‍ത്തി വിജയിപ്പിച്ചു. 2004 ലും രാജേന്ദ്രന്‍ തന്നെ എംപിയായി. എന്നാല്‍ 2009ല്‍ നടന്ന കോണ്‍ഗ്രസിന്റെ എന്‍. പീതാംബര കുറുപ്പിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2014ലെ യുഡിഎഫിലെത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ വീണ്ടും ജയിച്ചു. 2019ലും പ്രേമചന്ദ്രന്‍ ജയം ആവര്‍ത്തിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക