Categories: Cricket

വീണ്ടും പരാഗ്; മുംബൈ ഇന്ത്യന്‍സിനെ വീഴ്‌ത്തി രാജസ്ഥാന്‍ റോയല്‍സ്

Published by

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്‌ത്തി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഉയര്‍ത്തിയ 126 എന്ന വിജയ ലക്ഷ്യം 16ആം ഓവറിലേക്ക് വെറും 4 വിക്കറ്റ് നഷ്ടത്തില്‍ ജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനായി. ഈ വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. തുടക്കത്തില്‍ പതറിയെങ്കിലും ലക്ഷ്യത്തില്‍ എത്താന്‍ രാജസ്ഥാനായി. റിയാന്‍ പരാഗിന്റെ പക്വതയാര്‍ന്ന ബാറ്റിങ് ആണ് അവര്‍ക്ക് സഹായമായത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗിനിറങ്ങി. വാങ്കഡെയില്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ഞെട്ടിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച പ്രകടനമായിരുന്നു ബൗളര്‍മാരുടേത്. മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് പേര്‍ ഗോള്‍ഡണ്‍ ഡക്കായി പുറത്തായ മത്സരത്തില്‍ 34 റണ്‍സെടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. തിലക് വര്‍മ 32 റണ്‍സും ടിം ഡേവിഡ് 17ഉം ഓപ്പണര്‍ ഇഷന്‍ കിഷന്‍ 16ഉം റണ്‍സ് നേടി.

ട്രെന്റ് ബോള്‍ട്ടിന്റെ തീപാറുന്ന പേസുകള്‍ക്ക് മുന്നിലാണ് മുംബൈയുടെ മുന്‍നിര തകര്‍ന്നത്. രോഹിത് ശര്‍മ, നമന്‍ ധിര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരാണ് ബോള്‍ട്ടിന് മുന്നില്‍ ഗോള്‍ഡണ്‍ ഡക്കായി മടങ്ങിയത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ പറന്നു പിടിക്കുകയായിരുന്നു.

അടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് മുംബൈക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തന്റെ രണ്ടാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ ബോള്‍ട്ട് ഗള്ളിയില്‍ നാന്ദ്രെ ബര്‍ഗറിന്റെ കൈകളിലെത്തിച്ചപ്പോള്‍ മുംബൈ 14-3ലേക്ക് കൂപ്പുകുത്തി. പിന്നാലെ ഇഷന്‍ കിഷനും മടങ്ങിയതോടെ നാലിന് 20 എന്ന നിലയിലായി അവര്‍. പിന്നീട് അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയും ഹാര്‍ദികും ചേര്‍ന്ന കൂട്ടുകെട്ടാണ് മുംബൈയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 56 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ മുംബൈ ഇന്ത്യന്‍സ് വീണ്ടും തകര്‍ന്നു.

രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ബോള്‍ട്ടും യുസ്‌വേന്ദ്ര ചഹലും മൂന്നുവീതവും ബര്‍ഗര്‍ രണ്ടും വിക്കറ്റുകളും വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ രാജസ്ഥാന് ജയ്‌സ്വാളിനെയും സഞ്ജുവിനെയും നഷ്ടമായി. ജയ്‌സ്വാള്‍ 10 റണ്‍സും സഞ്ജു 12 റണ്‍സുമാണ് എടുത്തത്. വിക്കറ്റുകള്‍ പോയെങ്കിലും മറുവശത്ത് റണ്‍സ് വന്നത് രാജസ്ഥാന് ഗുണമായി. അധികം വൈകാതെ 13 റണ്‍സ് എടുത്ത ബട്‌ലറും പുറത്തായി.

അതിനു ശേഷം പരാഗും അശ്വിനും ചേര്‍ന്ന് പതിയെ രാജസ്ഥാനെ കരകയറ്റി. അശ്വിന്‍ 16 റണ്‍സ് എടുത്ത് പുറത്താകുമ്പോള്‍ രാജസ്ഥാന് 38 റണ്‍സ് മാത്രമെ ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. റിയാന്‍ പരാഗ് മികച്ച ഇന്നിംഗ്‌സ് കളിച്ച് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചു. പരാഗ് 39 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്തു. 3 സിക്‌സും 5 ഫോറും പരാഗ് അടിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by