സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ഏറ്റവും ഒടുവില്‍ എഴുതിക്കാണിക്കുന്നത് ഇങ്ങനെയാണ്:
”ജീവിതകാലം മുഴുവന്‍ അഹിംസാത്മകമായ പ്രതിരോധത്തില്‍ ഉറച്ചുനില്‍ക്കുകയും, അതിനുവേണ്ടി വാദിക്കുകയും ചെയ്ത മഹാത്മാ ഗാന്ധി ഒടുവില്‍ ഒരു വെടിയുണ്ടയ്ക്ക് ഇരയായി വിടവാങ്ങിയപ്പോള്‍ ജീവിത കാലം മുഴുവന്‍ ഹിംസാത്മകമായ പ്രതിരോധത്തില്‍ ഉറച്ചുനില്‍ക്കുകയും അതിനുവേണ്ടി വാദിക്കുകയും ചെയ്ത വീര്‍ സവര്‍ക്കര്‍ അവസാനം ഉപവാസത്തിലൂടെ സ്വയം മരണത്തെ സ്വീകരിക്കുകയായിരുന്നു എന്നത് ഒരു വിരോധാഭാസമാണ.്”
നായകനായും സഹനടനായും ബോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള രണ്‍ദീപ് ഹൂഡ എന്ന നടന് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു യാത്രയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വന്തം പിതാവിന്റെ വിയോഗം നോക്കിനില്‍ക്കേണ്ടി വരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന ബാലനില്‍നിന്ന് വീര്‍ സവര്‍ക്കര്‍ എന്ന ഇതിഹാസതുല്യമായ ജീവിതത്തിലൂടെ പ്രേക്ഷകനെ കൈപിടിച്ചു നടത്തുന്നു ഈ ചിത്രം. ഈ യാത്രയില്‍ നമുക്ക് സവര്‍ക്കര്‍ എന്ന ദേശാഭിമാനിയുടെ വീക്ഷണത്തില്‍ തിലകനെയും ഗോഖലയെയും മഹാത്മാ ഗാന്ധിയെയും നെഹ്റുവിനെയും അംബേദ്കറെയും ജിന്നയെയും ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്രബോസിനെയുമൊക്കെ കാണാന്‍ കഴിയും. അതിനൊപ്പം ചരിത്രം വിസ്മൃതിലേക്കു തള്ളിയ, സ്വന്തം ജീവന് ഈ രാജ്യത്തിനുവേണ്ടി ഹോമിച്ച മദന്‍ലാല്‍ ധിംഗ്രയെപ്പോലുള്ള ഒരുപിടി മനുഷ്യരെയും നമുക്ക് കാണാം. അതിനൊപ്പംതന്നെ രണ്ടാമത് പരാമര്‍ശിച്ച ദേശാഭിമാനികളെക്കുറിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ പ്രതികരിച്ചു എന്നത് അന്നത്തെ പത്രവാര്‍ത്തകളെ ഉദ്ധരിച്ചു കാണിക്കുന്നുണ്ട്.
വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വ്യക്തി ആദ്യമായി അഭ്രപാളിയില്‍ എത്തുന്നത് സംവിധായകന് പ്രിയദര്ശന് ഒരുക്കിയ കാലാപാനി എന്ന ചിത്രത്തിലൂടെയാണല്ലോ. അന്ന് കപൂര്‍ അവതരിപ്പിച്ച ആ കഥാപത്രം കലാപാനിയില്‍ നായകന് ഗോവര്‍ധന്റെ വീക്ഷണത്തില്‍ കാണിക്കുന്ന ചരിത്രത്തില്‍ ഉള്ളതും ഇല്ലാത്തതുമായ നിരവധി കഥാപാത്രങ്ങളില്‍ ഒന്നു മാത്രമാണ്. എങ്കില്‍പോലും പൊതുവെ മലയാളി സമൂഹം നല്കാന് മറന്നുപോകാറുള്ള, അര്‍ഹിക്കുന്ന ബഹുമാനം ആ ചിത്രം സവര്‍ക്കര്‍ക്കു നല്‍കുന്നുണ്ട്. പിന്നീട് 2001 ല്‍ സവര്‍ക്കറെക്കുറിച്ച് ഒരു ചിത്രം വന്നെങ്കിലും വീഡിയോ റിലീസ് മാത്രമാണ് ആ ചിത്രത്തിന് ഉണ്ടായിരുന്നത്. പൂര്‍ണ അര്‍ത്ഥത്തില്‍ വീര്‍ സവര്‍ക്കര്‍ എന്ന വ്യക്തിത്വത്തിന് ഈ നാട് നല്കുന്ന, നൂറു ശതമാനം അര്‍ഹിക്കുന്ന ആദരാഞ്ജലിയായി രണ്‍ദീപ് ഹൂഡയുടെ ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രത്തെ കാണാവുന്നതാണ്.
എല്ലാം തുടങ്ങുന്നത് ആ പുസ്തകത്തില്‍നിന്ന്
തടവില്‍ കിടക്കുന്ന ഭഗത് സിങ്ങിനോട് ‘എല്ലാം എവിടെ നിന്നാണ് ആരംഭിച്ചത്’ എന്ന വോയ്സ് ഓവറിലൂടെ ആരംഭിക്കുന്ന ചിത്രത്തില്‍ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് എഴുതപ്പെട്ട ഒരു പുസ്തകം വായിക്കുന്നതില്‍ നിന്നാണെന്നു മറുപടി പറയുമ്പോള്‍, ആരാണ് ആ പുസ്തകം എഴുതിയത് എന്ന ചോദ്യത്തിന് നിര്‍ത്തി നിര്‍ത്തി പറയുന്ന മറുപടിയില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്: വിനായക്-ദാമോദര്‍-സവര്‍ക്കര്‍. ഒരുപക്ഷേ ഈ സിനിമയ്ക്കുവേണ്ടി രൂപപ്പെടുത്തിയ ഒരു രംഗമായിരിക്കാം ഇത്. എങ്കില്‍പ്പോലും ഈ ചിത്രത്തില്‍ ഭഗത് സിങ്ങും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടുന്ന ഒരു തലമുറയ്ക്ക് ആവേശവും പ്രചോദനവും പോരാട്ട വീര്യവും സ്വന്തം ജീവിതംകൊണ്ട് പകര്‍ന്നുകൊടുത്ത അക്കാലത്തെ അപൂര്‍വം ജീവിച്ചിരുന്ന വ്യക്തിത്വങ്ങളില്‍ ഒന്നായ വീര്‍ സവര്‍ക്കറെ, അടുത്ത തലമുറയിലെ സമാന ചിന്താഗതിക്കാരുമായുള്ള, പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ ആ ബന്ധത്തെ ഈ ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഇതിനോട് ചേര്‍ത്തുവയ്ക്കേണ്ട ഒരു വസ്തുതയുണ്ട്. ബിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ച, ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ‘ശിപായി ലഹള’ എന്ന പേരില്‍ കുഴിച്ചുമൂടിയ സംഭവത്തെ അപഗ്രഥിച്ച് അതിനെ യുക്തിയുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ 1857 ല്‍ നടന്നത് ഭാരതത്തിന്റെ ഒന്നാം സ്വന്തന്ത്ര്യസമരം ആയിരുന്നുവെന്ന് തന്റെ പുസ്തകത്തിലൂടെ ലോകത്തോട് വിളിച്ചുപറയാന്‍ വിനായക സവര്‍ക്കര്‍ എന്ന പ്രതിഭാസമ്പന്നനായ ആ ചെറുപ്പക്കാരന് കഴിഞ്ഞിരുന്നുവെന്നത് മറക്കാന്‍ പാടില്ല. ബ്രിട്ടീഷ് ഭരണകൂടത്തെ പിടിച്ചുകുലുക്കിയ ആ രചന പൂര്‍ത്തിയാകുമ്പോള്‍ സവര്‍ക്കര്‍ക്ക് കേവലം 24 വയസ്സായിരുന്നു പ്രായം. നിരോധിക്കപ്പെട്ട ഇതേ പുസ്തകം പഞ്ചാബിയിലും ഉര്‍ദുവിലും മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചതും ഭഗത് സിങ് ആയിരുന്നു.
തങ്ങള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും അപകടകാരിയായ മനുഷ്യനെന്ന് സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍ വാക്കുകള്‍കൊണ്ടും രേഖാമൂലവും പരാമര്‍ശിച്ചിട്ടുള്ളത് വീര്‍ സവര്ക്കറെക്കുറിച്ചാണ്. സ്വാതന്ത്ര്യാനന്തര ചരിത്രം സ്വാതന്ത്ര്യസമരനായകരായി കൊണ്ടാടിയിട്ടുള്ള ഒരു നേതാവിനെക്കുറിച്ചും അല്ലായിരുന്നു. അതെ, പല ഇന്ത്യന്‍ ചരിത്രകാരന്മാരും 2000 നു ശേഷം മനഃപൂര്‍വം ചവിട്ടിത്തേച്ച വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീര്‍ സവര്‍ക്കര്‍ ആയിരുന്നു ഇതെന്ന തിരിച്ചറിവ് പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ ഒരു നവാഗത സംവിധായകന് വിജയിച്ചിട്ടുണ്ടെങ്കില്‍ അതൊരു ചെറിയ കാര്യമായി കരുതാനാവില്ല.
എന്തുകൊണ്ടാണ് നിങ്ങള്‍ ഇംഗ്ലീഷുകാരെ ഇത്രയധികം വെറുക്കുന്നതെന്ന ബ്രിട്ടീഷ് ഓഫീസറുടെ ചോദ്യത്തിന്, വിലങ്ങുകളിലും ചങ്ങലകളിലും അവശനായി നില്ക്കുന്ന സവര്‍ക്കര്‍ നല്കുന്ന ”എനിക്ക് ഇംഗ്ലീഷുകാരോട് ഒരുവിധത്തിലുള്ള വെറുപ്പുമില്ല. പക്ഷേ ഞാന്‍ അടിമത്വത്തെ വളരെയധികം വെറുക്കുന്നു” എന്ന മറുപടി രാജ്യസ്നേഹമുള്ള ഏതൊരാളിലും ഉണ്ടാക്കുന്ന വികാരം വര്‍ണനാതീതമാണ്.
കണ്ണീരണിയിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങള്‍
മഹാത്മാഗാന്ധി ഈ ചിത്രത്തില്‍ ഒരു കഥാപാത്രമായി കുറച്ചു രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു വ്യക്തി എന്നതിലുപരി മഹാത്മാഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ പ്രതിനിധിയായിട്ടാണ് ആ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെന്ന് പലപ്പോഴും തോന്നിക്കുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി കൂട്ടിക്കെട്ടാനുള്ള തീരുമാനത്തെ എതിര്‍ക്കുന്ന ജിന്നയുടെ വാദങ്ങള്‍ക്ക് മുന്നില്‍, മലബാര്‍ കൂട്ടക്കൊലയ്ക്കുശേഷം തന്റെ മുന്നില്‍ പൊട്ടിത്തെറിക്കുന്ന അംബേദ്ക്കറുടെ മുന്നില്‍, ജാതിവ്യവസ്ഥയെ ഇല്ലാതാക്കുന്നതിനെക്കുറിച്ചും ന്യൂനപക്ഷ സംരക്ഷണത്തെപ്പറ്റിയും സംസാരിക്കുന്ന വീര്‍ സവര്‍ക്കറുടെ വാദങ്ങള്‍ക്കു മുന്നില്‍… ഇവിടെയെല്ലാം ഉത്തരമില്ലാതെ പകച്ചുനില്‍ക്കുന്നത് മഹാത്മാഗാന്ധി എന്ന വ്യക്തിയല്ല, മഹാത്മജി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ്.
ചിത്രത്തിന്റെ ആദ്യ പകുതി സവര്‍ക്കറുടെ ബാല്യ കൗമാരങ്ങള്‍ കടന്ന് പൂനെയിലെ ഫെര്ഗൂസണ് കോളജ് ദിനങ്ങളിലൂടെയും ലണ്ടന്‍ പഠനകാലത്തെ ഇന്ത്യ ഹൗസ് ദിനങ്ങളിലൂടെയും സഞ്ചരിക്കുന്നു. ഒടുവില്‍ അറസ്റ്റിലായി കാലാപാനിയില്‍ ഇരട്ട ജീവപര്യന്ത ശിക്ഷയ്ക്കായി എത്തുന്നിടത്ത് അവസാനിക്കുന്നു. രണ്ടാം പകുതി പറഞ്ഞുപോകുന്നത് കാലാപാനിയിലെ ശിക്ഷാകാലവും ജയില്‍ വിമോചിതനായ സവര്‍ക്കറുടെ ദേശീയ രാഷ്ട്രീയത്തിലെ ഇടപെടലുകളുമാണ്. ഒന്നാം പകുതിയില്‍ തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായുള്ള വിനായക സവര്‍ക്കറുടെ സംഭാവനകളെ എണ്ണിപ്പറയുമ്പോള്‍ അതിനോട് തുലനം ചെയ്യാന്‍ സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളികളായി പ്രകീര്‍ത്തിക്കുന്ന എത്ര നേതാക്കളുടെ ചരിത്രം കാണും എന്നത് ചിന്തനീയമാണ്.
പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്. എന്നാല്‍ അവയൊന്നും ഒരു സിനിമയിലെ അവിഭാജ്യഘടകങ്ങളില്‍ ഒന്നായ മെലോഡ്രാമക്കു വേണ്ടി ഉള്‍പ്പെടുത്തിയിട്ടുള്ളതല്ല. അവയില്‍ പലതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. തന്റെ സഹോദരനെ നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം ആന്‍ഡമാന്‍ ജയിലില്‍ കണ്ടുമുട്ടുന്ന നിമിഷം, കണ്ണട ഇല്ലാതെ മങ്ങിയ കാഴ്ചയിലൂടെ തന്റെ ഭാര്യയെയും സഹോദരനെയും ജയിലില്‍ കാണുന്ന രംഗം, മഹാത്മാ ഗാന്ധിയുമായുള്ള രണ്ടു കൂടിക്കാഴ്ചകള്‍, രാജ്യത്തിനു വേണ്ടി സര്‍വ്വവും ഹോമിച്ച ആ മനുഷ്യന് രത്നഗിരി ജയിലില്‍നിന്ന് പുറത്തിറങ്ങുന്ന രംഗം, ഭാരതത്തിന്റെ ഇലക്റ്റഡ് പ്രധാനമന്ത്രി അല്ല, സെലെക്ടഡ് പ്രധാനമന്ത്രിയാണ് നെഹ്റു എന്നു പറയുന്ന രംഗം, മാഡം കാമയെപ്പോലുള്ള നേതാക്കന്മാരുമായി ചേര്‍ന്ന് ഭാരതത്തിന്റെ ആദ്യത്തെ ദേശീയ പതാക രൂപകല്‍പ്പന ചെയ്യുന്ന രംഗം… ഇങ്ങനെ എണ്ണിപ്പറയാന്‍ കഴിയാത്തത്ര മുഹര്‍ത്തങ്ങളിലൂടെ ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു.
ആര്‍എസ്എസ് എന്ന സംഘടന, അവരുമായി സവര്‍ക്കര്‍ക്ക് ഉണ്ടായിരുന്ന ബന്ധം എന്നതിനെപ്പറ്റി ഈ ചിത്രം പൂര്‍ണമായ മൗനം പാലിക്കുന്നു. ആ ബന്ധം കൃത്യമായി പറയുന്നത് ചിത്രത്തിന്റെ നീളം കൂട്ടുമെന്നത് ഒരു കാരണമായിരിക്കാം. ഇതു പറയുമ്പോള്‍ തന്നെ ചുരുങ്ങിയ ഷോട്ടുകളിലൂടെ ഗോപാലകൃഷ്ണ ഗോഖലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മനോഭാവം, മുഹമ്മദലി ജിന്നയുടെ രണ്ടു വീക്ഷണ കാലഘട്ടങ്ങള്‍ ഇവയൊക്കെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും കാണിക്കുന്ന കയ്യടക്കം തികച്ചും അഭിനന്ദനീയമാണ്.
ഒരു നടന് എന്ന നിലയില്‍ ആണോ അതോ സംവിധായകന് എന്ന നിലയിലാണോ രണ്‍ദീപ് ഹൂഡ എന്ന വ്യക്തി ഈ ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നതെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. ചരിത്രത്തിലൂടെ നമ്മെ കൈപിടിച്ചു നടത്തുമ്പോള്‍ തന്നെ ഓരോ കാലഘത്തിലും വീര്‍ സവര്‍ക്കര്‍ എന്ന മനുഷ്യന്റെ ശാരീരികമായ മാറ്റങ്ങള്‍, ശരീരഭാഷയിലും ചലനങ്ങളിലും വരുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്നു. ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന ബയോ പിക്ചര്‍ എടുക്കുമ്പോള്‍ വരുന്ന ഡോക്യുമെന്ററി എഫക്റ്റ് ഇല്ലാതെ ചരിത്രത്തോട് പൂര്‍ണമായും നീതിപുലര്‍ത്തുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ഈ നിലയ്ക്ക് രണ്‍ദീപ് ഹൂഡ പ്രശംസ അര്‍ഹിക്കുന്നു. ആന്‍ഡമാനിലെ ഏകാന്ത തടവിന്റെ ഭീകര നിമിഷങ്ങള്‍ മികച്ച രീതിയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിര്‍മാണത്തിലും തിരക്കഥാ രചനയിലും സഹപങ്കാളി ആകുന്നതിനോടൊപ്പം സംവിധാന ചുമതല നിര്‍വഹിച്ച ഈ നടന് ഈ ചിത്രത്തിനുവേണ്ടി ഒരു ഘട്ടത്തില്‍ മുപ്പതു കിലോയോളം ഭാരം കുറച്ച വാര്‍ത്ത ശ്രദ്ധനേടിയിരുന്നു. സംവിധാനം ഉള്‍പ്പെടെയുള്ള പല മേഖലകളിലും രണ്‍ദീപ് ഹുദ്ദയുടെ ആദ്യ ചുവടുവെപ്പാണ് ഈ ചിത്രം എന്നത് ഇതിനു മാറ്റുകൂട്ടുന്നു. എന്നാല്‍ ഒരു തുടക്കക്കാരന്റെ ഒരു വിധത്തിലുള്ള പതര്‍ച്ചയോ ഇടര്‍ച്ചയോ ഒരിടത്തും നമുക്ക് കാണാന്‍ കഴിയുന്നുമില്ല.
ചിത്രത്തില്ലുടനീളം ഒരു മഹാമേരുപോലെ വീര്‍ സവര്‍ക്കര്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍തന്നെ ജീവിതയാത്രയില്‍ ഒരു നിഴലായിനിന്ന് ഉരുകിത്തീര്‍ന്ന യമുനാബായി സവര്‍ക്കര്‍ (അങ്കിത ലോഖണ്ഡലേ) എന്ന ഭാര്യ, ജേഷ്ഠനും സഹയാത്രികനുമായ ഗണേഷ് ദാമോദര്‍ സവര്‍ക്കര്‍, മറ്റേതൊരു ഭാരതീയനെയും പോലെ മഹാത്മാഗാന്ധിയെ ആരാധനയോടെ കണ്ടിരുന്ന ഇളയ സഹോദരന് നാരായണ്‍ സവര്‍ക്കര്‍ ഇവരൊക്കെ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. ഇതേ നാരായണ്‍ സവര്‍ക്കര്‍ ഗാന്ധി വധത്തെ തുടര്‍ന്ന് മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചിത്പാവന്‍ ബ്രാഹ്മണര്‍ക്കെതിരെ നടന്ന അക്രമങ്ങളിലും കൂട്ടക്കൊലയിലുംപെട്ട് കൊല്ലപ്പെടുകയായിരുന്നു.
ശരിയായ ചരിത്രം പറയുന്ന രംഗങ്ങള്‍
അഖണ്ഡ ഭാരതം എന്നത് ഒരു സ്വപ്നവും ലക്ഷ്യവും ആദര്‍ശവുമായി കണ്ടിരുന്ന ആദ്യത്തെ വ്യക്തികളില്‍ ഒരാള്‍, മതത്തിനതീതമായി രാഷ്ട്രത്തെ കാണാന്‍ പഠിപ്പിച്ച ആദ്യത്തെ വ്യക്തി, ജാതി വ്യത്യാസങ്ങള്‍ക്കെതിരെ ക്രിയാത്മകമായി പോരാടിയ വ്യക്തി, ആരാണ് ഹിന്ദു, എന്താണ് ഹിന്ദു രാഷ്ട്രം പോലുള്ള വീക്ഷണങ്ങള്‍ അവതരിപ്പിച്ച വ്യക്തി, ഹിന്ദു സമൂഹത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ച് ഗാന്ധിയുടേയും സവര്‍ക്കറുടെയും വീക്ഷണങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്നിങ്ങനെ നിരവധി വസ്തുതകള്‍ ഈ ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ശിപായി ലഹള എന്നു മുദ്രകുത്തപ്പെട്ട സംഭവം ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരമായി തിരുത്തപ്പെടാന്‍ കാരണമായ സവര്‍ക്കറുടെ വിസ്മരിക്കപ്പെട്ട പ്രയത്നങ്ങള്‍ ഈ ചിത്രം അടിവരയിട്ടു പറയുന്നുണ്ട്. അതുപോലെ ലോകമഹായുദ്ധത്തിനു പിന്തുണ തേടാനുള്ള ചര്‍ച്ചയില്‍ സവര്‍ക്കര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വതന്ത്ര ഭാരതത്തിന്റെ രൂപകല്പ്പനയെപ്പറ്റിയുള്ള ദീര്‍ഘവീക്ഷണം തെളിഞ്ഞു കാണാം. ജീവിതകാലം മുഴുവന്‍ നിരീശ്വരവാദി ആയിരുന്ന സവര്‍ക്കര്‍ ജാതിവ്യത്യാസങ്ങള്‍ക്കെതിരെ പോരാടുകയും പതിതപാവന്‍ എന്ന പേരില്‍ എല്ലാവര്ക്കും പ്രവേശനമുള്ള ക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചു എന്നത് പ്രേക്ഷകര്‍ക്ക് കൗതുകകരമായ ഒരു തിരിച്ചറിവായിരിക്കും.
ഏറ്റവും മനോഹരമായി പ്രേക്ഷകര്‍ക്ക് തോന്നാവുന്നത് ചിത്രത്തിന്റെ അവസാന രംഗമാണ്. തന്റെ മരണം അടുത്തെത്തുമ്പോഴും തികഞ്ഞ ആര്‍ജവത്തോടെ മുന്നോട്ടുപോകുന്ന ആ ധീരവ്യക്തിത്വത്തിന്റെ ജീവിത സംഗ്രഹം പ്രേക്ഷകരില്‍ ഒരു വേദനയായി ചിത്രം കണ്ട് പുറത്തുവരുമ്പോഴും അവശേഷിക്കും.
ഈ ചിത്രത്തില്‍ കാണിക്കുന്ന എല്ലാ വസ്തുതകള്‍ക്കും രേഖാപരമായ തെളിവുകള്‍ ഉള്ളതാണെന്ന് തുടക്കത്തില്‍ തന്നെ കാണിക്കുന്നുണ്ട്. അതോടൊപ്പം സവര്‍ക്കറുടെ വീക്ഷണങ്ങള്‍ പിന്തുടര്ന്നിരുന്നെങ്കില് നമുക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം ഭാരതത്തിന്റെ സൈനിക മേധാവിയായിരുന്ന ജനറല്‍ കരിയപ്പ പറഞ്ഞതായി കാണിക്കുന്നുണ്ട്. ഇതൊക്കെ ആണെങ്കിലും ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളുടെ പരിസരത്തു പോലും കാണാന്‍ കഴിയുന്നില്ല. ഇത് പ്രബുദ്ധതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പേരുകേട്ട കേരളത്തിന് അപമാനകരമാണ്. കശ്മീര്‍ ഫയല്‍സ്, ആര്‍ട്ടിക്കിള്‍ 370 പോലുള്ള പല സിനിമകള്‍ക്കും സമാനമായ അവസ്ഥ ഉണ്ടായതും ഇവിടെ ഓര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: