പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പടിവാതില്ക്കലേക്ക് കടക്കുമ്പോള്‍ ആഗോള, ആഭ്യന്തര വിപണികളില്‍ സ്വര്‍ണ്ണ വില പിടിവിട്ടു കുതിക്കുകയാണ്. പവന് അരലക്ഷം രൂപ കടന്ന് ഇന്നലെ സ്വര്‍ണ വില ഗ്രാമിന്(22 കാരറ്റ്) 6,275 രൂപയും പവന് 50,200 ഉം ആയി. തനിത്തങ്കം (24 കാരറ്റ്) ഗ്രാമിന് 6,642 രൂപ. ദു:ഖവെള്ളിയില്‍ 22 കാരറ്റിന്റെ വില പവന് 50,400 എത്തി ഇന്നലെ ഇത്തിരി കുറഞ്ഞതാണ്.
റഷ്യ-ഉക്രൈന് യുദ്ധം, ഹമാസിനെതിരായ ഇസ്രായേല്‍ സൈനിക നടപടി, അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് ആയ ഫെഡറല്‍ ബാങ്ക് പലിശ നിരക്കില്‍ വരുത്തുന്ന വ്യത്യാസം, ഓഹരി വിപണിയിലെ ചാഞ്ചാട്ടം, വിവിധ രാജ്യങ്ങളിലെ ആഭ്യന്തര വിപണികളില്‍ ആഭരണ വില്പനയില് വരുന്ന കയറ്റിറക്കങ്ങള്‍, വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്കു വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ അളവ് ഇങ്ങനെ സ്വര്‍ണ വിലയെ ആഗോള, ആഭ്യന്തര വിപണികളില്‍ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്.
വിലയേറുമ്പോള് ഒരു വെപ്രാളം
പൊന്നു വില പിടിവിട്ടു കുതിക്കുമ്പോള്‍ സാധാരണ മലയാളി കുടുംബങ്ങളില്‍ ഒരാശങ്കയാണ് ആദ്യം. വിവാഹപ്രായം എത്തിയ പെണ്‍കുട്ടികളുള്ള ഇടത്തരം വീടുകളിലെ വീട്ടമ്മമാര്ക്കാവും ഈ ആന്തല് ഏറെയും. പത്തു പവന്റെ ആഭരണം വാങ്ങണമെങ്കില്‍ അഞ്ചേകാല്‍ ലക്ഷം രൂപ സ്വര്‍ണ വില മാത്രമായി വേണം. 20 ശതമാനം പണിക്കൂലി കൂടിയായാല്‍ ആയിനത്തില്‍ ഒരു ലക്ഷം കൂടി ആവും. അപ്പോള്‍ വില ആറേകാല്‍ ലക്ഷമാകും. പിന്നെ നികുതി വേറെയും.
ധനശേഷി ഉയരുന്ന കുടുംബങ്ങള്‍
സ്വര്‍ണവിലയിലെ വര്‍ധന ശരാശരി കേരളീയ കുടുംബങ്ങള്‍ക്ക് ഊര്‍വശീശാപം പോലെ പരോക്ഷാനുഗ്രഹവും ആകുന്നുണ്ട്. ഇടത്തരം കേരളീയ കുടുംബത്തില്‍ എത്ര കുറഞ്ഞാലും പത്തു പവന്റെ ആഭരണം വീട്ടമ്മമാരുടെ കൈവശം കാണും. കുടുംബത്തിന് ഒരു അത്യാവശ്യം വന്നാല്‍ ഈ ഉരുപ്പടികള്‍ പണയംവച്ചോ വിറ്റോ പണമാക്കി മാറ്റുന്നതാണ് സാധാരണ പ്രവണത. സ്വര്‍ണ വിലകൂടുമ്പോള്‍ നിലവില്‍ ആഭരണമുള്ള കേരളീയ കുടുംബിനികളുടെ ധനശേഷി കൂടിയാണ് വര്‍ധിക്കുന്നത്. അപ്രതീക്ഷിതമായ ആശുപത്രി ചെലവു മുതല്‍ ആറ്റുനോറ്റാഗ്രഹിച്ച ഗൃഹോപകരണമോ, സെക്കന്‍ഡ്ഹാന്‍ഡ് കാറോ ഒക്കെ സ്വന്തമാക്കാന്‍ ഉയരുന്ന സ്വര്‍ണവില അവരെ പ്രാപ്തരാക്കുന്നു.
സ്വര്‍ണ വിലയുടെ നൂറ്റാണ്ടു ചരിത്രം
1925ല്‍ പവന് 13രൂപ 75പൈസ. ഇന്ന് 50,200. ദുഖവെള്ളിയിലാണ് സംസ്ഥാനത്ത് സ്വര്‍ണവില റിക്കോഡില്‍ എത്തിയത്. പവന് 50,400. കര്‍ക്കടകത്തില്‍ വില കുറയുകയും വിവാഹ സീസണായ ചിങ്ങത്തില് കതിക്കുകയുമായിരുന്നു പണ്ടൊക്കെ പതിവ്. പക്ഷേ ഇപ്പോള്‍ പഞ്ഞമാസമെന്നോ കല്യാണസീസണെന്നോ നോമ്പുകാലമെന്നോ ഉള്ള വ്യത്യാസമൊന്നും ഇല്ലാതെയാണ് പൊന്നു വിലയിലെ ചാഞ്ചാട്ടം. അല്ലെങ്കില്‍ ദുഖവെള്ളിയില്‍ വില ഇത്ര കുതിക്കില്ലായിരുന്നല്ലോ.
1945ല്‍ വില 45 രൂപ 49 പൈസ ആയി. 1950 മാര്‍ച്ച് 31ന് 72.75. 1955 മാര്‍ച്ച് 31ആയപ്പേഴേക്കും വില 58.11 ആയി കൂപ്പുകുത്തി. 1960ല്‍ വില ഉയര്‍ന്ന് 82.05-ല്‍ എത്തി.
1970 മാര്‍ച്ച് 31ന് വില 135 രൂപ 30 പൈസ. 1975 മാര്‍ച്ച് 31ന് 396 രൂപ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക, 1975 ആയപ്പോഴാണു വില രൂപയില്‍ റൗണ്ട് ചെയ്തത്. 1975 അടിയന്തരാവസ്ഥയുടെ പേരില്‍ മാത്രമല്ല ഇന്ത്യയില്‍ ചില്ലറക്കു വില ഇല്ലാതായ കാലം എന്ന നിലയില്‍ സാമ്പത്തിക ചരിത്രത്തില്‍ക്കൂടി ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്.
1980ല്‍ പവനു വില 975 രൂപ. ഇവിടെയും ഒരുകാര്യം ശ്രദ്ധിക്കാനുണ്ട്, 1980 വരെ സ്വര്‍ണവില പവന് ആയിരത്തില്‍ താഴെ മാത്രമായിരുന്നു എന്നതാണത്. 85-ല്‍ വില 1,573ഉം 1995ല്‍ 3,432 രൂപയുമായി. 96-ല്‍ 3784 ആയ വില 98-ല്‍ 2966 ആയി ഇടിഞ്ഞു. 2000 മാര്‍ച്ച് 31ന് 3212 രൂപ ആയി.
1960-80 വരെയുള്ള 20 വര്‍ഷത്തിനിടെ സ്വര്‍ണവില ഏതാണ്ട് 12 ഇരട്ടിയാണ് വര്‍ധിച്ചത്. ഈ 20 വര്‍ഷത്തിനിടെ ഭാരതം മൂന്ന് യുദ്ധങ്ങളിലൂടെ കടന്നുപോയി എന്നതും ഓര്‍ക്കണം. എന്നാല്‍ 1980-2000 വരെയുള്ള 20 വര്‍ഷത്തിനിടെ സ്വര്‍ണവില വര്ധിച്ചത്മൂന്നേകാല് ഇരട്ടി മാത്രം. പക്ഷേ 2000-2020 കാലത്തെ വില വര്‍ധനവ് 12.45 ഇരട്ടിയായിരുന്നു. 2023 മാര്‍ച്ചില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് പതിനെട്ടാം തീയതി ആയിരുന്നു. ഗ്രാമിന്(22 കാരറ്റ്) 5,530 ആയിരുന്നു അന്നു വില. പവന് 44,240. പിന്നീട് കേവലം ഏഴു മാസംകൊണ്ട് 6,000 രൂപയുടെ വര്‍ധന. ഈ ഹ്രസ്വകാല വര്‍ധനയെ സര്‍വകാല റെക്കോര്‍ഡ് എന്നു വിശേഷിപ്പിച്ചാലും തെറ്റാകില്ല.
രസകരമായ താരതമ്യം
കേരളത്തില്‍ 1955ല്‍ ആയിരം നാളികേരത്തിനു മൊത്തവില 137 രൂപ 10 പൈസ. സ്വര്‍ണത്തേക്കാള്‍ 2.36 ഇരട്ടി. 1970ല്‍ തേങ്ങ വില 575, സ്വര്‍ണത്തേക്കാള്‍ 4.25 ഇരട്ടി. ഇപ്പോള്‍ ആയിരം തേങ്ങയ്ക്കെത്ര, പവനെത്ര എന്ന് പ്രത്യേകം പറയേണ്ടല്ലോ. പൊന്നിനു പ്രിയമേറിയപ്പോള്‍ നാളികേരത്തിന്റെ നാട്ടില്‍ തെങ്ങിനു മാത്രമല്ല കൊപ്ര വിലയില്‍ വരെ മണ്ഡരി ബാധിച്ചതു പോലെ ആയി കാര്യങ്ങള്‍.
പൊടുന്നനേ വിലകൂട്ടിയ ചൈനീസ് വ്യാളി
സമീപനാളില്‍ സ്വര്‍ണവില കുത്തനെ ഉയരാന്‍ ഇടയാക്കിയതിന്റെ പ്രധാന കാരണം തിരയേണ്ടത് നീളുന്ന യുദ്ധത്തിലോ ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളിലോ അമേരിക്കന്‍ പണനയത്തിലോ ഒന്നുമല്ല, മറിച്ച് ചൈനയിലെ സംഭവ വികാസങ്ങളില്‍ ആണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ആഭരണപ്രിയത്തില് ഇന്ത്യന്‍ വനിതകളെ പിന്തള്ളി ചൈനീസ് വനിതകള്‍ ആഭരണം വാങ്ങാന്‍ ജ്വല്ലറികളിലേക്ക് ഓടുന്നതാണത്രേ പൊടുന്നനേ പൊന്നു വില കുത്തനെ കൂട്ടിയത്.
പ്രതിമാസം 50,000 കോടി രൂപയുടെ ആഭരണമാണേ്രത സമീപകാലത്തു ചൈനീസ് വനിതകള്‍ വാങ്ങുന്നത്. ചൈനീസ് കറന്‍സി യുവാന്‍ ദുര്‍ബലമാകുന്നതും ഭൂമി വില ഇടിയുന്നതും ഓഹരി വിപണയിലെ ചാഞ്ചാട്ടവും ഗാര്‍ഹിക സമ്പാദ്യത്തിലെ വര്‍ധനവും എല്ലാം ചൈനീസ് വനിതകളുടെ പൊടുന്നനേയുള്ള സ്വര്‍ണാഭരണ പ്രിയത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പോയവര്‍ഷം അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങി കരുതല്‍ ശേഖരത്തിലേക്കു ചേര്‍ത്തതും ചൈനീസ് സെന്‍ട്രല്‍ ബാങ്ക് ആയ പീപ്പിള്‍സ് ബാങ്ക് ആണ്. 225 ടണ്‍ സ്വര്‍ണം.
വില്‍ക്കണോ വാങ്ങണോ
വില കൂടിയ ഈ സമയം നോക്കി കൈയിലുള്ള അഞ്ചോ പത്തോ പവന് വില്‍ക്കുന്നവരുണ്ട്. ഭൂമിയോ വീടോ കൊതിച്ച വാഹനമോ അങ്ങനെ വല്ലതും സ്വന്തമാക്കാനാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ തികഞ്ഞ മഠയത്തരം. എന്നാല്‍ ആഭരണം വില്ക്കുമ്പോള് വിളക്കുതൂക്കം കുറയും. വാങ്ങിയപ്പോള്‍ നല്കിയ പണിക്കൂലി കിട്ടുകയുമില്ല. നാളെ മറ്റൊന്നു വാങ്ങാമെന്നു വച്ചാല്‍ അപ്പോഴും കൊടുക്കണം പണിക്കൂലി. അത്യാവശ്യത്തിനല്ലാതെ സ്വര്‍ണാഭരണം വില്‍ക്കുന്നത് നഷ്ടക്കളിയെന്നു ചുരുക്കം.
നിക്ഷേപമെന്ന നിലയില്‍ വാങ്ങേണ്ടത് ആഭരണങ്ങളല്ല. നിക്ഷേപകര്‍ വാങ്ങുന്നത് ബുള്യന്‍(തങ്കക്കട്ടി) ആണ്. 99.99ശതമാനം ശുദ്ധമായ തങ്കക്കട്ടിക്ക് എന്നായാലും 24 കാരറ്റിന്റെ വിപണി വില ഉറപ്പ്.
കുതിച്ചാലും കിതച്ചാലും ജ്വല്ലറികള്‍ക്ക് ചാകര
സ്വര്‍ണവില കുതിച്ചാലും കിതച്ചാലും ആഭരണശാലകള്‍ക്ക് ചാകരക്കോളാണ്. വില കുറയുമ്പോള്‍ ലാഭമെന്നോര്ത്ത് ജ്വല്ലറികളില്‍ വാങ്ങാന്‍ ആളുകള്‍ ഓടിക്കയറും. വില കയറുമ്പോള്‍ ഇനിയും കൂടിയാലോ എന്ന ആശങ്കയിലും ആളിടിച്ചുകയറും.
പക്ഷേ, സ്വര്‍ണത്തിലെ വില വ്യത്യാസം ബുദ്ധിമുട്ടിലാക്കുന്ന ഒരു ചെറിയ വിഭാഗം വേറെയുണ്ട്. കേരളത്തിലെ പതിനായിരത്തില്‍ അധികം വരുന്ന സ്വര്‍ണപ്പണയ സ്ഥാപനങ്ങളാണ് ഈ വിഭാഗം. വില ഉയരുമ്പോള്‍ ഉയര്‍ന്ന നിരക്കില്‍ കടം കൊടുക്കണം. ഉയര്‍ന്ന വില പൊടുന്നനേ താഴ്ന്നാലോ, ഇടപാടുകാരനെ പിന്നെ കാണുകയേ ഇല്ല. ഉയര്‍ന്ന നിരക്കുള്ളപ്പോള്‍ സ്വര്‍ണം പണയം വയ്ക്കുകയും തിരിച്ചെടുക്കേണ്ട സമയത്തു വില കുറവെങ്കില്‍ തിരിച്ചെടുക്കാത്തവരുമുണ്ട്. വാസ്തവത്തില്‍ അവര്‍ക്കും നഷ്ടമാണ്. വില ഇങ്ങനെ കുത്തനെ കയറുമ്പോഴാണ് അത്തരക്കാര്‍ക്ക് നഷ്ടം ബോധ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: