പത്തനംതിട്ട: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുന്‍ എംഎല്‍എയും സിഐടിയു നേതാവും തമ്മില്‍ നടന്ന വാക് പോരും, കൈയാങ്കളിയും സംബന്ധിച്ച് മന്ത്രി വി.എന്‍. വാസവന് സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് നല്കി. കൈയാങ്കളി നടന്നതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് മന്ത്രി നല്‍കിയതെന്നാണ് ഇടതു കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. അടുത്ത ആഴ്ച ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും വിളിക്കാന്‍ നിര്‍ദേശം ലഭിച്ചതായും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് നേരിട്ട് യോഗത്തില്‍ പങ്കെടുക്കുമെന്നുമാണ് സൂചന.
സംഭവത്തിനു ശേഷം പാര്‍ട്ടി ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുന്‍ എംഎല്‍എ എ. പത്മകുമാര്‍ സന്നദ്ധത പ്രകടിപ്പിച്ചതും ആരോപണവിധേയരായവരെ ഫോണില്‍ ലഭിക്കാതിരുന്നതും മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടണ്ട്. പാര്‍ട്ടിക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ കൈയാങ്കളി ഐസക്കിന്റെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാനും ജില്ലാ കമ്മിറ്റി കഴിയുന്ന മുറയ്ക്ക് അടിയന്തരമായി ബ്രാഞ്ച് കമ്മിറ്റികള്‍ കൂടി അണികള്‍ക്ക് വിശദീകരണം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടി ഓഫീസില്‍ നടന്ന സംഭവം നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തറിഞ്ഞതും നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത് സെക്രട്ടേറിയറ്റിലെ പ്രമുഖന് ആണെന്ന നിഗമനത്തിലാണ് ജില്ലാ നേതൃത്വം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും കൂടിയായ എ. പത്മകുമാറിനെ സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ തര്‍ക്കത്തിന് ഒടുവില്‍ പിടിച്ചു തള്ളിയത്. സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു ഇരുവരെയും ഉള്‍പ്പെടുത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഭവം നിഷേധിക്കുകയും മറിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ നിയമ നടപടി എടുക്കുമെന്നു മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ജില്ലാ ഘടകത്തിലെ ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നത് അണികള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ചുമതല ഒഴിയാനാണ് പത്മകുമാറിന്റെ തീരുമാനം എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.
അതേസമയം, തെരഞ്ഞെടുപ്പു വേളയില്‍ പാര്‍ട്ടിയില്‍ മുമ്പെങ്ങും കേട്ടുകേള്‍വിപോലും ഇല്ലാത്ത സംഭവവികാസങ്ങളിലും അതേച്ചൊല്ലി ഉണ്ടായ വന്‍ മാധ്യമ ചര്‍ച്ചകളിലും കടുത്ത അസംതൃപ്തിയുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കും രംഗത്തെത്തി. പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ അപഹാസ്യമാക്കിയതിനെ കടുത്ത ഭാഷയിലാണ് ഐസക്ക് വിമര്‍ശിച്ചത്. മണ്ഡലത്തിനു സംസ്ഥാനതലത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നല്ലെന്ന ആക്ഷേപവും അദ്ദേഹം പാര്‍ട്ടി വേദികളില്‍ പ്രകടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: