അനേജദേകം മനസോ ജവീയോ
നൈനദ്ദേവാ ആപ്നുവന്‍ പൂര്‍വ്വമര്‍ഷത്
തദ്ധാവതോളന്യാനത്യേതി തിഷ്ഠത്
തസ്മിന്നപോ മാതരിശ്വാ ദധാതി
(ഇളകാത്തതും ഏകവും മനസ്സിനേക്കാള്‍ വേഗതയുള്ളതുമാകുന്നു. മുന്‍പ് പോകുന്ന ഇതിനെ ദേവന്മാര് പ്രാപിച്ചില്ല. ഒരിടത്ത് നിന്നുകൊണ്ട് ഓടുന്ന മറ്റുള്ളവയെ അതിക്രമിക്കുന്നു. വായു ആത്മതത്ത്വത്തില്‍ പ്രാണികളുടെ കര്‍മ്മങ്ങളെ വിഭജിക്കുന്നു.)
ഇതിലും അടുത്ത ശ്ലോകത്തിലുമായി വളരെ സുപ്രധാനമായ കാര്യമാണ് ഉപനിഷത്ത് വെളിവാക്കുന്നത്. സര്‍വവും വ്യാപിച്ചിരിക്കുന്ന പരമാത്മാവിനെ കുറിച്ച് പറഞ്ഞു. എന്നാല്‍ ജീവാത്മാവ് എന്ന പരിമിതമായ ‘ഞാന്‍’ ആരാണ്? ഈ ചെറിയ ശരീരത്തിലെ ഞാനും, വിശ്വ രൂപിയായ അവനും തമ്മില്‍ എന്താണ് ബന്ധം? അങ്ങനെ ഒരു ബന്ധം കല്പിക്കേണ്ടത് അനിവാര്യമാണോ? ഇവയ്ക്കെല്ലാമുള്ള ഉത്തരങ്ങള്‍ ഇതിലുണ്ട്. ആ ജീവാത്മാവിന്റെയും പരമാത്മാവിന്റെയും സ്വരൂപങ്ങളുടെ ചി ത്രത്തെ വ്യക്തമായി അറിയുന്നതിനായി, ഈ ശ്ലോകത്തെ നമുക്ക് ജീവാത്മാവിന്റെ പക്ഷത്ത് കൂടി സമീപിക്കാം.
അത് ഇളകുന്നില്ല. ശരിയാണ്, ഒരു വസ്തു ഇളകണം എങ്കില്‍ അത് ഇല്ലാത്ത സ്ഥലം ഉണ്ടാകണം. സര്‍വത്ര നിറഞ്ഞുനില്ക്കുന്ന, ആകാശസദൃശമായ അത് എവിടേക്ക് ഇളകാനാണ്. വ്യക്തമാക്കുന്നത് ഈശ്വരന് പരിമിതികളില്ലായെന്നാണ്. ഏകം എന്നാല്‍ അത് മാത്രമേ ഇവിടെയുള്ളൂ, പരിമിതികളില്ലാതെ വ്യാപിച്ചിരിക്കുന്ന ആ ഒന്നില്‍ നിന്ന് മാറി മറ്റൊന്നില്ലാ എന്നുപറയുമ്പോള്‍, ഉള്ളതെന്തോ അതെല്ലാം അതിനകത്താണ് എന്നാണ് മനസ്സിലാക്കേണ്ടത്.
തീര്‍ത്തും ആപേക്ഷികമായ അര്‍ത്ഥത്തിലാണ് അതിന് മനസ്സിനെക്കാള്‍ വേഗതയുള്ളതായി പറയുന്നത്. ഇളകിയാലല്ലേ ഒരു വസ്തുവിന് വേഗതയുണ്ടാവൂ. അതായത് അത് ഇളകുകയും ഇളകാതിരിക്കുകയും ചെയ്യുന്നുണ്ട് എന്ന് നാം മനസ്സിലാക്കുവാനാണ് ഈ രീതിയില്‍ അവതരിപ്പിക്കുന്നത്.
നമ്മള് എങ്ങനെയാണ് ‘വേഗത’ കണക്കാക്കുന്നത്? പിന്നിടേണ്ട ദൂരത്തെ, പിന്നിടാന്‍ എടുക്കുന്ന സമയത്തെ നോക്കിയാണല്ലോ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഭൂമിയില്‍ ഇളകുന്ന വസ്തുക്കളില്‍ വച്ച് ഏറ്റവും വേഗതയുള്ളത് മനസ്സിനാണ്. അതിന്റെ ചിന്തകള്‍ക്കാണ്, അഥവാ സങ്കല്പങ്ങള്ക്കാണ്. ഉദാഹരണമായി, നമ്മുടെ രാഷ്ട്രതലസ്ഥാനമായ ന്യൂദല്‍ഹിയിലെ രാഷ്ട്രപതിഭവന്റെ ഇപ്പോഴത്തെ നിറം എന്താണ്? ഇതിന്റെ ഉത്തരമല്ല നാം ശ്രദ്ധിക്കേണ്ടത്. പക്ഷെ ഇത് വായിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ രാഷ്ട്രം വന്നു, ന്യൂദല്‍ഹി വന്നു, അറിയാവുന്ന മനസ്സാണെങ്കില്‍ രാഷ്ട്രപതിഭവനില്‍ എത്തി നിറവും പരിശോധിച്ചിട്ടുണ്ടാവും. അത് താണ്ടിയ ദൂരവും അതിനെടുത്ത സമയവും നമുക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതാണ് മനസ്സിന്റെ വേഗത.
മനസ്സ് അതിന്റെ പരമാവധി വേഗതയില്‍ പ്രയാണം ചെയ്തതാലും ബോധത്തിനൊപ്പം വരില്ല. കാരണം മനസ്സ് ചിന്തിച്ച് തുടങ്ങുന്ന തിനു മുന്‍പേ ലക്ഷ്യവുമായി ബോധം ചെന്ന് ചേര്‍ന്ന് കഴിഞ്ഞിരിക്കും. എന്തെന്നാല്‍ പിന്നിടേണ്ട ആ ദൂരമെല്ലാം കടന്ന് എത്തിയത് പോലെ, അതിപ്പോഴേ ലക്ഷ്യവുമായി ലയിച്ച് കഴിഞ്ഞിരിക്കുകയാണ്. എല്ലായിടത്തും നിറഞ്ഞു നില്ക്കുന്ന ബോധത്തിന്റെ ആ അവ സ്ഥയെയാണ് ഇവിടെ വേഗതയായി പറയുന്നത്. അതുപോലെ സങ്കല്‍പ്പശക്തിയുടെ ആദ്യത്തെയും അവസാനത്തെയും വാക്കായി നാം അതിനെ അറിയണമെന്നും ഉപനിഷത്തിന് നിര്‍ബന്ധമുണ്ട്. കാരണം ബോധവും മനസ്സും ഒന്നാണ്. ബോധത്തിലുള്ള സങ്ക ല്പ്പശക്തിയാണ് നാം മനസ്സിലൂടെ അനുഭവിക്കുന്നത്. (എന്നാല്‍ ബോധത്തിലുള്ള സങ്കല്‍പ്പശക്തി നമ്മുടെ ചിന്തകള്‍ക്കെല്ലാം അപ്പൂറത്താണ്. ആ ശക്തി നേടിയ ഒരു മനസ്സ് ഇച്ഛിച്ചാല്‍ ഏത് അവസ്ഥയേയും മാറ്റിമറിക്കാം. മഹാതാപസ്സന്മാരുടെ ശാപത്തെയും വരത്തെയും സത്യമാക്കുന്നത്, അവരിലുള്ള ബോധത്തിലെ സങ്കല്‍പ്പശക്തിയാണ്).
യഥാര്‍ത്ഥ ബോധം നില്ക്കുന്ന തലം സാധാരണ മനസ്സിന് ഓടിയെത്തുവാന്‍ കഴിയൂന്നതല്ല. എന്നുപറഞ്ഞാല്‍ സ്ഥലകാലങ്ങള്‍ക്ക് അതീതമായ അത്, മനസ്സിന്റെ ഗ്രഹണശക്തിക്കും സങ്കല്പ്പശക്തിക്കും അപ്പുറത്താണ്. അതുകൊണ്ട് മനസ്സിന്റെ ഈ വേഗതയുടെ പരിധിയിലൊന്നും വരുന്നതല്ല പരമാത്മാവ്. ആ സത്യമാണ് മനസ്സിനേക്കാള്‍ വേഗതയുള്ളതെന്നും, ഒരിടത്ത് നിന്നുകൊണ്ട് തന്നെ ഓടുന്ന മറ്റുള്ളവയെ എല്ലാം അതിക്രമിക്കുന്നതായും പറഞ്ഞത്. ഇനിയിപ്പോള്‍ വളരെ പണിപ്പെട്ട് അവിടെ എത്തുന്നൂയെന്ന് വിചാരിക്കുക. അപ്പോള്‍, അതായത് സ്വയം അറിയുമ്പോള്‍, മനസ്സെന്ന സങ്കല്‍പ്പം ബോധത്തിന് പൂര്‍ണമായും നഷ്ടമായിരിക്കും. (ബോധമാണല്ലോ മനസ്സ്) ബോധം എങ്ങനെയാണ് മനസ്സായി നില്‍ക്കുന്നതെന്ന് ചിന്തിക്കാം.
ജീവനുള്ള സമയത്ത് നമ്മിലെ പ്രാണന്റെ പ്രതലത്തില്‍, ബോധമാകുന്ന ചൈതന്യം തിളങ്ങുമ്പോള്‍, അത് മനസ്സിന്റെ സൃഷ്ടിക്കും കാരണമാകുന്നു, എങ്ങനെയെന്നാല്‍ നമ്മുടെ ഇന്ദ്രിയങ്ങളില്‍ കൂടി, പുറം ലോകത്ത് നിന്നെത്തുന്ന വിവരങ്ങള്‍ എല്ലാം നഷ്ടപ്പെടാതെ നമ്മുടെ മസ്തിഷ്കത്തില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയൊന്നും നിര്ജ്ജീവമായിട്ടല്ല ആലേഖനം ചെയ്യുന്നത്. ഒരുവനിലെ ബോധചൈതന്യവുമായുള്ള സമ്പര്‍ക്കത്താല്‍ ചൈതന്യമായി തീര്‍ന്ന ബോധശകലങ്ങളായാണ് (പ്രകാശത്തിന്റെ തുണ്ടുകളായാണ്) വിവരങ്ങളെ കൂട്ടിവയ്ക്കുന്നത്. ഏതുപോലെയെ ന്നാല് പഞ്ചസാര ലായിനിയില്‍ വീണുപോയ ഒന്നിന് പഞ്ചസാരയുടെ ഗുണം കിട്ടുന്നതു പോലെ, ബോധത്തിന്റെ പല പല കഷണങ്ങളായി തീര്‍ന്ന വിവരങ്ങളെ ജീവികളുടെ തലച്ചോറില്‍ കൂട്ടി വയ്ക്കപ്പെടുന്നു. വളരെ പ്രധാനപ്പെട്ട സംഗതി, ഈ കൂട്ടിവയ്ക്കപ്പെടുന്ന വിവരങ്ങള്‍ പരമമായ ബോധത്തില്‍ നിന്ന് മാറിയല്ല, അതിനോട് ചേര്‍ന്നാണ് നില്‍ക്കുന്നതെന്നതാണ്. ഒരു കുഞ്ഞ് വളരുന്നതിനനുസ്സരിച്ച് ഈ കൂട്ടിവയ്ക്കപ്പെടുന്ന വിവരങ്ങളാണ് കൂടുന്നത്. ആ വളര്‍ച്ചയെ ബോധത്തിന്റെ വളര്‍ച്ചയായി നാം ചിന്തിക്കുന്നതും അതു കൊണ്ടാണ്. വിവരങ്ങളുമായുള്ള ഈ ചേര്ച്ചകാരണം യഥാര്ത്ഥചൈതന്യത്തിന്, അല്ലെങ്കില്‍ ആത്മാവായ ബോധത്തിന് സ്ഥലത്തിനും കാലത്തിനും അകത്തായിപ്പോയ ഒരു പ്രതീതിയും ഉണ്ടാകുന്നു. എന്തെന്നാല്‍ നേടിയവിവരങ്ങളെല്ലാം സ്ഥലവും കാലവും ഉള്ളവയായിരുന്നു. ഇതാണ് ജീവികളില്‍ ‘ഞാന്‍’ ‘ഞാന്‍’ എന്ന് വ്യവഹരിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: