സിദ്ധാര്‍ത്ഥിന്റെ ഓര്‍മയ്‌ക്കായി വീട്ടുമുറ്റത്ത് കുഴിമാടമൊരുക്കി രക്ഷിതാക്കള്‍

നെടുമങ്ങാട്: ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും കളിയും ചിരിയും കെട്ടടങ്ങി, വെറും ശൂന്യത മാത്രമായി. വീട്ടുമുറ്റത്ത് മകന്റെ ഓര്‍മയ്‌ക്കായി കുഴിമാടമൊരുക്കുകയാണ് ജയപ്രകാശ്. തങ്ങളുടെ കാലശേഷവും സിദ്ധാര്‍ത്ഥിന്റെ ഓര്‍മകള്‍ നിലനില്‍ക്കണം. പരസ്പരം കലഹിക്കുന്ന കലാലയ രാഷ്‌ട്രീയത്തോടുള്ള ചോദ്യമാകണം സിദ്ധാര്‍ത്ഥിന്റെ കൊലപാതകം. അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ട, അവന്‍ പിച്ചവച്ച ഈ മുറ്റത്ത് തന്നെ അവന്‍ ഉറങ്ങിക്കോട്ടെ…അവര്‍ പറയുന്നു. മനസ്സിലെ ഉണങ്ങാത്ത മുറിവുകളും മകന്റെ ഓര്‍മകളില്‍ തോരാത്ത കണ്ണീരുമായി ഈ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. ”തങ്ങളുടെ മകന് നീതി ലഭിക്കണം…”

പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയില്‍ കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ആത്മഹത്യയെന്ന് കെട്ടിച്ചമയ്‌ക്കാനുള്ള തിരക്കഥ പോലീസ് നടത്തുമ്പോഴും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ തങ്ങളെ തഴയില്ലെന്ന വിശ്വാസമായിരുന്നു മാതാപിതാക്കള്‍ക്ക്. എന്നാല്‍ എല്ലാം തെറ്റി. തങ്ങളെ മുഖ്യമന്ത്രിയും പുറന്തള്ളിയെന്ന് അവര്‍ പറയുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഭരണകൂടം സിബിഐ അന്വേഷണത്തിന് പ്രഖ്യാപിച്ചുവെങ്കിലും അത് വാക്കുകളില്‍ മാത്രം ഒതുക്കി നിര്‍ത്തിയ രാഷ്‌ട്രീയ തന്ത്രമായിരുന്നുവെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് പറയുന്നു.

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും കേസ് പൂഴ്‌ത്തിവയ്‌ക്കാനും സിദ്ധാര്‍ത്ഥിന്റെ ജീവന്റെ വിലയ്‌ക്കുവേണ്ടി പോരാടിയവരുടെ വാമൂടി കെട്ടാനുമുള്ള ഗൂഢനീക്കമായിരുന്നു സിബിഐ അന്വേഷണമെന്ന വെറും പ്രഖ്യാപനം. ഇപ്പോള്‍ പോലീസ് അന്വേഷണവും അവസാനിപ്പിച്ച മട്ടിലാണ്. സംഭവവുമായി ബന്ധമുള്ള 33 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച വിസിയുടെ നടപടി ഏറെ ഖേദകരമാണെന്നും മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതികളും നാളെ ഇതുപോലെ കുറ്റവിമുക്തരാക്കപ്പെടുമെന്നുമുള്ള ആശങ്കയിലാണ് തങ്ങളെന്നും രക്ഷിതാക്കള്‍ പറയുന്നു. കേരള ആഭ്യന്തര വിഭാഗം സിബിഐക്ക് ഇനി നല്‍കാന്‍ പോകുന്ന ഫോറം അപൂര്‍ണമാകുമോയെന്ന് ആശങ്കയുള്ളതായും സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ പറയുന്നു.

ഒപ്പം കളിച്ചും ഇണങ്ങിയും പിണങ്ങിയും വളര്‍ന്ന ചേട്ടന്റെ ഫോട്ടോയില്‍ നോക്കി സിദ്ധാര്‍ത്ഥിന്റെ അനുജന്‍ പവി ചോദിക്കുന്നു. ”എന്റെ ചേട്ടനെ അവരെന്തിനാ കൊന്നത്…? ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ഭരണകൂടം ബോധപൂര്‍വം കണ്ണും ചെവിയും മൂടുകയാണ്. തങ്ങള്‍ക്ക് നീതികിട്ടാന്‍ കേന്ദ്രത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് നീതിപൂര്‍വമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ സമീപിക്കാന്‍ തയാറാവുകയാണ് കുടുംബം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക