തിരുവനന്തപുരം: നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചുകൊണ്ടുവരുവാനാണ് സ്മാര്‍ട്ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി ഇലക്ട്രിക് ബസുകള്‍ വാങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി ഫണ്ടും കിഫ്ബി വഴി ലഭിച്ച പണവുമാണ് ബസുകള്‍ വാങ്ങാന്‍ ഉപയോഗിച്ചത്. നഗരത്തില്‍ എല്ലായിടത്തും എത്തുന്ന ഇ ബസുകളെ തലസ്ഥാന ജനത ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
പക്ഷേ ഗതാഗത വകുപ്പില്‍ ആന്റണിരാജു മാറി കെ.ബി. ഗണേഷ്കുമാര് മന്ത്രിയായതോടെ ഇ ബസുകളുടെ ശനിദശയ്ക്ക് ആരംഭമായി. മന്ത്രിയായി ചാര്‍ജെടുത്ത അന്നുതന്നെ ഇലക്ട്രിക് ബസുകളോടുള്ള തന്റെ നിലപാട് കെ.ബി. ഗണേഷ്കുമാര് വ്യക്തമാക്കിയിരുന്നു.
ഇ ബസുകള്‍ നഷ്ടമാണന്നും ഇനി ഇ ബസുകള്‍ വാങ്ങില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഒരു ഇ ബസ് വാങ്ങുന്ന വിലയ്ക്ക് നാല് ഡീസല്‍ ബസുകള്‍ വാങ്ങാമെന്നും മന്ത്രി പറഞ്ഞുവച്ചു. പക്ഷേ ഇടതുമുന്നണിക്ക് അകത്തുനിന്നും പുറത്തും നിന്നും ഇ ബസിനെതിരായുള്ള മന്ത്രിയുടെ നിലപാടിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നതോടെയാണ് ഗണേഷ്കുമാര് നിലപാട് മയപ്പെടുത്തിയത്.
എന്നാലിപ്പോള്‍ വീണ്ടും മന്ത്രിയുടെ ഇ ബസ് വിരുദ്ധത മറനീക്കി പുറത്തുവന്നു. തലസ്ഥാന നഗരത്തില്‍ ഓര്‍ഡിനറിയായി സര്‍വീസ് നടത്തിയിരുന്ന ഇലക്ട്രിക് ബസുകള്‍ സിറ്റി ഫാസ്റ്റുകളാക്കി മാറ്റി മിനിമം നിരക്ക് പത്തില്‍ നിന്ന് പന്ത്രണ്ടു രൂപയാക്കി.
നഗരത്തിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനുമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ഇ ബസുകള്‍ നല്‍കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് ഇ ബസുകള്‍ ഓര്‍ഡിനറിയായി നഗരത്തില്‍ സര്‍വീസ് നടത്തിവരുന്നത്. നഗരത്തിനു പുറത്തേക്ക് ഇ ബസുകളുടെ സര്‍വീസ് നീട്ടിയാണ് അവയെ സിറ്റി ഫാസ്റ്റാക്കി മാറ്റിയത്.
കിഴക്കേക്കോട്ടയില്‍ നിന്ന് നെയ്യാറ്റിന്‍കര, വെഞ്ഞാറമൂട്, അയിരൂപ്പാറ, പോത്തന്‍കോട്, വെങ്ങാനൂര്‍ എന്നിവടങ്ങളിലേക്കാണ് ഇ ബസുകള്‍ ഫാസ്റ്റായി ഓടുന്നത്. 10,12,15 എന്നിങ്ങനെയാണ് ഓര്‍ഡിനറി നിരക്കെങ്കില്‍. 12,15,18 എന്നിങ്ങനെയാണ് സിറ്റിഫാസ്റ്റില് ഈടാക്കുന്നത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെ തന്നെ യാത്രക്കാരില്‍നിന്നും കൂടുതല്‍ തുക ഈടാക്കാമെന്ന സൗകര്യവും സിറ്റി ഫാസ്റ്റിലൂടെ ലഭിക്കുന്നു.
സിറ്റി സര്‍ക്കുലറായി ഓടുന്ന എട്ടു സര്‍ക്കിളില്‍ നിന്നു രണ്ട് ബസ് വീതം പിന്‍വലിച്ചാണ് പുതിയ പരിഷ്കാരം. ആദ്യഘട്ടമെന്ന നിലയില്‍ 16 ബസുകളെയാണ് സിറ്റി ഫാസ്റ്റാക്കി മാറ്റിയത്. മൊത്തം 113 ഇ ബസുകള്‍ നഗരത്തിലോടുന്നുണ്ട്. ക്രമേണ എല്ലാ ഇ ബസുകളും സിറ്റി ഫാസ്റ്റാക്കി വരുമാനം വര്‍ധിപ്പിക്കാനാണ് നീക്കം. നഗരത്തില്‍ എവിടേക്കും യാത്ര ചെയ്യാന്‍ പത്ത് രൂപ എന്നതാണ് സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ജനപ്രിയമാകാന്‍ കാരണം.
നഗരയാത്രയ്ക്ക് ഇ ബസുകളെ ജനങ്ങള്‍ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ തിരിച്ചടി നേരിട്ടത് സ്വകാര്യ ബസുകള്‍ക്കാണ്. 103 സ്വകാര്യബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ ഇ ബസുകള്‍ സര്‍വീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു.
അതുകൊണ്ട് തന്നെ സ്വകാര്യ ബസുകളുടെ ഉടമകള്‍ പ്രതിഷേധത്തിലുമാണ്. സ്വകാര്യ ബസ്സുടമകളെ സന്തോഷിപ്പിക്കാനാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഇ ബസുകളെ പിന്‍വലിച്ച് നഗരപ്രാന്തപ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: