Categories: Kerala

പൂഞ്ഞാര്‍ സംഭവം: മന്ത്രി വാസവന്റെയും ഐസക്കിന്റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം

Published by

പൂഞ്ഞാര്‍: സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ നടന്ന സംഭവം ഒത്തുതീര്‍പ്പായെന്ന മന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവനയും, സംഭവവുമായി ബന്ധപ്പെട്ട പൂഞ്ഞാര്‍ ഇടവകാംഗങ്ങളുടെ കൂട്ടമണി അടിച്ചുള്ള പ്രതിഷേധത്തെ കലാപശ്രമമെന്ന് ദുര്‍വ്യാഖ്യാനിച്ച തോമസ് ഐസക്കിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധവും അപലപനീയവുമെന്ന് ഇടവക സംരക്ഷണ സമിതി.

കോട്ടയം ജില്ലാ കളക്ടറുടെ ചേംബറില്‍ വിളിച്ച യോഗത്തില്‍ ഇരുവിഭാഗത്തിലെയും പ്രതിനിധികളുടെ ആശങ്കകളാണ് ചര്‍ച്ചയായത്. ഇപ്രകാരമുള്ള സംഭവങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകരുതെന്ന് വൈദിക പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേസില്‍ പുനരന്വേഷണം നടത്തി ഇരുവിഭാഗങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കാമെന്നാണ് യോഗത്തില്‍ തീരുമാനം ഉണ്ടായത്.

ഇതുവരെ യാതൊരു പുനരന്വേഷണവും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സംഭവമായി ബന്ധപ്പെട്ട് പള്ളിയുടെ മുറ്റത്ത് അതിക്രമിച്ച് കയറി വീഡിയോ എടുത്ത വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ പറ്റിയും ഇയാളെ ആക്രമിച്ചെന്ന് പറഞ്ഞ് കള്ളക്കേസില്‍ കുടുക്കിയ ക്രൈസ്തവ വിശ്വാസികളുടെ കേസിനെ സംബന്ധിച്ചും യാതൊരുവിധ പുനരന്വേഷണവും നടത്തിയിട്ടില്ല.

പള്ളിയില്‍ ആരാധനക്ക് തടസം വരുന്ന രീതിയില്‍ അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിട്ട കുറ്റവാളികളുടെ തെറ്റിനെ നിസാരവല്‍ക്കരിച്ച് തല്പരകക്ഷികള്‍ നടത്തുന്ന പ്രസ്താവനകള്‍ മതസൗഹാര്‍ദത്തിന് കോട്ടം വരുത്തുന്നതാണ്. ഇത് എല്ലാ മതേതര വിശ്വാസികളും തിരിച്ചറിയണമെന്നും, ക്രിസ്ത്യന്‍ സമൂഹത്തോട് മാപ്പ് പറയാന്‍ വി.എന്‍. വാസവനും തോമസ് ഐസക്കും ആര്‍ജവം കാണിക്കണമെന്നും ഇടവക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by