ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള 63 റണ്‍സ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ടീം ശിവം ഡുബേ(51), രച്ചിന്‍ രവീന്ദ്ര(46) എന്നിവരുടെ ബാറ്റിംഗ് മികവിന്റെ ബലത്തില്‍ ചെന്നൈ 206/6 എന്ന സ്‌കോര്‍ നേടിയപ്പോള്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സേ നേടാനായുള്ളു.
രചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയ്‌ക്ക് ലഭിച്ചത്. പിന്നീട് നായകന്‍ റുതുരാജ് ഗെയ്‌ക്ക്‌വാദ് ബാറ്റണ്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഇരുവരും ചേര്‍ന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടില്‍ 5.2 ഓവറില്‍ 62 റണ്‍സെടുത്തു. രചിന്‍ രവീന്ദ്രയാണ് ആദ്യം പുറത്തായത്. പിന്നീടെത്തിയ അജിങ്ക്യ രഹാനെയെ കാഴ്‌ച്ചക്കാരനാക്കി റുതുരാജ് തുടര്‍ന്നു. താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ രണ്ടാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ 12 റണ്‍സേ രഹാനെയുടെ സംഭാവന ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 104ലെത്തിയപ്പോള്‍ രഹാനെയാണ് പുറത്തായത്. പിന്നീട് റുതുരാജിനൊപ്പം ശിവം ദുബെ കൂടി വന്നതോടെ സ്‌കോര്‍ വീണ്ടും കുതിച്ചു. 23 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറികളും സഹിതം 51 റണ്‍സാണ് ശിവം ദുബെ നേടിയത്. ഡാരില്‍ മിച്ചല്‍ പുറ്തതാകാതെ 24 റണ്‍സെടുത്ത് നിന്നു.
ടോസ് നേടിയ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. റഷീദ് ഖാന്‍ രണ്ട് വിക്കറ്റും സായി കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ചേസിംഗിന്റെ ഒരു ഘട്ടത്തിലും ചെന്നൈയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഗുജറാത്തിന് സാധിച്ചിരുന്നില്ല. കൃത്യമായ ഇടവേളകില്‍ വിക്കറ്റ് വീഴ്‌ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ചെന്നൈയ്‌ക്ക് സാധിച്ചിരുന്നു. 37 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍.
ചെന്നൈയ്‌ക്ക് വേണ്ടി ദീപക് ചഹാര്‍, മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: