കര്‍മ്മങ്ങള്‍ സാക്ഷീഭാവത്തോടെയാണ് ചെയ്യുന്നതെങ്കില്‍ അവ സ്വാര്ത്ഥരഹിതങ്ങളും ശ്രേഷ്ഠവുമാകുമെന്നും, അത് ഒരിക്കലും നിങ്ങളെ ബന്ധിക്കുകയില്ലെന്നും ഗീതയില്‍ ഭഗവാന് വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉണ്ടാകുന്നു. എന്താണ് കര്‍മ്മത്തില്‍ നിന്നുണ്ടാകുന്ന ബന്ധനം? ‘കര്‍മ്മം’ എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ അതുണ്ടാക്കുന്ന ബന്ധനം എന്താണെന്ന് നമുക്ക് മനസ്സിലാകൂ.
ഭഗവദ്ഗീതയില്‍, കര്‍മ്മത്തെ കുറിച്ച് വളരെ സമഗ്രമായി ഭഗവാന് പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ കര്‍മ്മം എന്നത് ഭൂതങ്ങളുടെ ഭാവവിശേഷങ്ങളെ ഉത്ഭവിപ്പിക്കുന്ന വിസര്ഗ്ഗമാണ്. മറ്റൊരിടത്ത് പറയുന്നത്, കര്‍മ്മം ഉപേക്ഷിക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്തെന്നാല്‍ ഇവിടെ എല്ലാപേരും അവശരായി കര്‍മ്മങ്ങള്‍ ചെയ്യിക്കപ്പെടുകയാ ണെന്നാണ്. ഈ പറഞ്ഞതിന്റെയെല്ലാം ലളിതമായ അര്‍ത്ഥം, ‘കര്‍മ്മം’ എന്നത് ഈ പ്രകൃതി വ്യവസ്ഥയിലെ നിഷേധിക്കാന്‍ കഴിയാത്ത ഭാഗമാണെന്നാണ്.
ഈശ്വരന്റെ ഇച്ഛയാണല്ലോ പ്രകൃതിയായി രൂപപ്പെടുന്നതും അതിനെ നിലനിര്‍ത്തുന്നതും. അവിടുത്തെ ഇച്ഛ, ഒരു സ്പന്ദനമായി ഇവിടത്തെ ഓരോ കണികയുടേയും ഉള്ളിലുണ്ട്. ആ സ്പന്ദനങ്ങളാണ് ഓരോ വസ്തുവിനേയും അതിന്റെ പൂര്‍ണമായ രൂപത്തി ലേക്ക് പരിണമിച്ചെത്തിക്കുകയും ആ രൂപത്തില്‍ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നത്. പ്രകൃതിയെ സൃഷ്ടിച്ചെടുക്കുന്നതും, നാശത്തെ മറികടന്ന് അതിനെ നിലനിര്‍ത്തുന്നതും, കണികകളോരോന്നിനോടും ചേര്ത്ത്വയ്ക്കപ്പെട്ട ഈ സ്പന്ദനങ്ങളിലൂടെയാണ്. ഒരുവനിലെ ചിന്തയും വാക്കും പ്രവൃത്തിയും അടക്കം ഈ ജഗത്തിലെ എല്ലാ ചലനങ്ങളും ഈ സ്പന്ദനങ്ങളുടെ വൃത്തത്തിലാണ്. ശരിക്കും, നമ്മുടെ ഉള്ളിലും പുറത്തുമായി നടക്കുന്ന, ഈ പ്രകൃതിയാല്‍ ഉളവാക്കപ്പെടുന്ന ചലനങ്ങളെയാണ് ‘കര്‍മ്മം’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഈ ജന്മത്തിന്റെയും നിലനില്പിന്റെയും ഭാഗമാണ്, ആയതിനാല്‍ കര്‍മ്മങ്ങള്‍ എന്തായാലും ചെയ്തേ പറ്റൂ.
കര്‍മ്മത്തെ പൂര്‍ണമായും ഉപേക്ഷിക്കുക എന്നത് മനസ്സിന്റെ ഒരു ഭ്രമമാണ്. ചെയ്യപ്പെടുന്നത് മാത്രമാണ് കര്‍മ്മം എന്നുള്ള അബദ്ധധാരണയില്‍ നിന്നാണ് ആ ചിന്ത വരുന്നത്. മരണത്തോടെയോ അല്ലെങ്കില്‍ സമാധിയുടെ ആഴങ്ങളില്‍ ശരീരവും മനസ്സും ചലനരഹിത മാകുമ്പോഴോ മാത്രമേ കര്‍മ്മത്യാഗം സത്യമാകൂ, അതുകൊണ്ടാണ് ‘ഇതിനെ ആര്‍ക്കും ഉപേക്ഷിക്കുവാന്‍ കഴിയില്ലായെന്നും’ ‘എല്ലാവരും അവശരായി കര്‍മ്മം ചെയ്യിക്കപ്പെടുന്നു’ എന്നെല്ലാം ഭഗവാന് പറഞ്ഞത്.
പ്രകൃതിയിലെ ഈ സ്പന്ദനങ്ങള്ക്കെല്ലാം നാം കാണാത്ത ഒരു തുടര്‍ച്ചയുണ്ട്. നമ്മെ സംബന്ധിച്ച് മരണത്തോടെ തീരുന്നതാണ് എല്ലാ സ്പന്ദനങ്ങളും. എന്നാല്‍ മരണം എന്നത് ജീവിതത്തിന് സംഭവിക്കുന്ന ഒരു പൂര്‍ണവിരാമമല്ല. അത് ഒരു പുതുക്കിപ്പണിയല്‍ മാത്രമാണ്. ജീവിച്ചിരിക്കുമ്പോള്‍ നമ്മിലെ ശരീരകോശങ്ങള്‍ നിരന്തരം മാറ്റപ്പെടൂന്നത് പോലെ ഒരു ഘട്ടമെത്തുമ്പോള്‍ ഈ ശരീരത്തെത്തന്നെയും പ്രകൃതി മാറ്റിയെടുക്കുന്നു. അപ്പോള്‍ സമൂലമായി നശിക്കുന്നത് ദ്രവ്യമാണ്; ഊര്‍ജമല്ല. പ്രകൃതിയിലെ ഒരുതരം ഊര്‍ജവും നശിക്കുന്നില്ല, അവയ്ക്ക് രൂപാന്തരങ്ങളെ സംഭവിക്കുന്നുള്ളൂ. ശാസ്ത്രീയമായി നാം അറിഞ്ഞ ഈ സത്യം തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്.
‘മരണം’ എന്നത് ഒരു ജീവിയുടെ ശരീരത്തിനാണ് സംഭവിക്കുന്നത്. അതിനോട് ചേര്‍ന്ന് കര്‍മ്മമായി വര്‍ത്തിച്ചിരുന്ന ഊര്‍ജം ഒരിക്കലും നശിക്കുന്നില്ല. അതിന് രൂപാന്തരങ്ങളേ സംഭവിക്കുന്നുള്ളൂ. അതായത് സചേതനവും അചേതനവുമായ വസ്തുക്കളായി പ്രകൃതി അതിനെ പുനര്‍സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഇന്നിവിടെ മനുഷ്യനായി ചരിക്കുന്ന ഊര്‍ജം നാളെ കല്ലായോ, മരമായോ, മൃഗമായോ പ്രകൃതി രൂപാന്തരപ്പെടുത്തുന്നു. ഈ തുടര്‍ച്ചയാണ് പുരാണങ്ങളില്‍ കല്ലിനും മരത്തിനുമെല്ലാം ശാപമോക്ഷം കിട്ടി, പൂര്‍വസ്ഥിതിയെ പ്രാപിച്ചതായി പറയുന്നത്. നമുക്ക് സമ്മതമായാലും ഇല്ലെങ്കിലും പ്രകൃതി അനുവര്‍ത്തിക്കുന്ന നിലനില്പിന്റെ നിയമം ഇതാണ്.
ജീവിച്ചിരിക്കുമ്പോള്‍ വൈവിധ്യമായ കര്‍മ്മങ്ങളില്‍ വ്യാപരിക്കുവാനും, അതില്‍ നിന്ന് ഫലങ്ങളായി ചിലത് കൂട്ടിവയ്ക്കാനും മനുഷ്യന്റെ മസ്തിഷ്കത്തിന് സവിശേഷമായ കഴിവുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമമായി അറിഞ്ഞിരുന്നതിനാലാണ്, ആലങ്കാരിക മായി ചിത്രഗുപ്തനെ അവതരിപ്പിച്ചത്. അയാള്‍ നിങ്ങളുടെ ചെയ്തികളെല്ലാം എഴുതി വയ്ക്കുന്നുണ്ടെന്നും മരണശേഷം അതിനെ ല്ലാം സമാധാനം പറയേണ്ടിവരുമെന്നും പൂര്‍വികര്‍ ഓര്‍മ്മിപ്പിച്ചിരുന്നത് ഇതുകൊണ്ടാണ്. വാസ്തവത്തില്‍ ചിത്തത്തില്‍ ഗുപ്തനായി ഇരിക്കുന്നവനാണ് (ഒളിച്ചിരിക്കുന്നവനാണ്) ഈ ചിത്രഗുപ്തന്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് എപ്പോഴും നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന, നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ള ഒരു സംവിധാനമാണ് അയാള്‍. ഇങ്ങനെ കൂട്ടിവയ്ക്കപ്പെടുന്നവയാണ് നമ്മിലെ സ്വഭാവത്തെ ഉണ്ടാക്കുന്നതും ഒരു ഘട്ടം കഴിഞ്ഞാല്‍ സ്വഭാവമായി മാറുകയും ചെയ്യുന്നത്. അതെങ്ങനെയെന്നാല്മരണാനന്തരം, നിങ്ങളില്‍ നിങ്ങള്‍തന്നെ കൂട്ടിവച്ചതിന്റെ അടിസ്ഥാനത്തില്‍, എവിടെയാണോ നിര്‍ത്തിയത് അവിടെനിന്നു തന്നെ നശിക്കാത്ത നിങ്ങളിലെ ഊര്‍ജം, അടുത്ത ജന്മമായി പുനര്‍വായന നടത്തുന്നു. എന്നാല്‍ അത്, നമ്മുടെ ബോധമനസ്സിലെ വിവരങ്ങളൂടെ പിന്തുടര്ച്ച ആകാത്തതിനാല്‍ നമുക്ക് അറിയുവാന്‍ കഴിയില്ല. പുതിയ സാഹചര്യത്തില്‍ പുതിയ സ്വഭാവവും മനസ്സും ശരീരവു മൊക്കെയായി നമ്മള് രൂപപ്പെടുമ്പോള്‍, കഴിഞ്ഞ ജന്മങ്ങളില് നിന്ന് നാം ആര്‍ജിച്ചതിന് മുകളിലാണ് പുതിയതെല്ലാം കെട്ടിപ്പൊക്കിയതെന്നുള്ളത് നമ്മുടെ സ്വപ്നങ്ങളില്‍ പോലും വരില്ല. അതാണ് വാസനകളായി നമ്മുടെ സ്വഭാവത്തില്‍ കിടക്കുന്നത്. അത് അനുസ രിച്ചാണ് ഇന്നത്തെ കര്‍മ്മങ്ങളെ നമ്മള് തിരഞ്ഞെടുക്കുന്നതും ചെയ്യുന്നതും. അങ്ങനെ ഇന്നലത്തെ സ്വഭാവത്തിന്റെ പരിഷ്കരിച്ചരൂപം, മരണം താണ്ടി നാളത്തെ സ്വഭാവമായി നമ്മളില്‍ എത്തുന്നു. (ശരിക്കും ഒരു ജന്മത്തിലെ വീഴ്ചകളും ഉയര്‍ച്ചകളും മറന്ന്, മനുഷ്യന് പൂര്‍വ്വാധികം ശക്തിയായി ജീവിതത്തെ പ്രണയിക്കുവാന്‍ പ്രകൃതി ഒരുക്കിയ മാര്‍ഗമാണ് സമ്പൂര്‍ണമായും മറന്നുള്ള ഈ പിന്തുടര്ച്ച. മനുഷ്യകുലം അതിവേഗം പൂരോഗമിക്കുന്നതിനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്).
ലളിതമായി പറഞ്ഞാല്‍… കര്‍മ്മഫലങ്ങളെ ശരീരമായും സ്വഭാവമായും ചേര്‍ത്ത് വച്ച് നിങ്ങളില്‍ നിന്ന് നിങ്ങളെ വീണ്ടും വീണ്ടും ഉണ്ടാക്കിയെടുക്കുന്ന ഒരു പുതുക്കിപ്പണിയല്‍ ഈ പ്രകൃതിയില്‍ നടക്കുന്നുണ്ട്. അതിനെയാണ് നമ്മുടെ പൂര്‍വികര്‍ കര്മ്മബന്ധനങ്ങളായി പറഞ്ഞത്.
അവരുടെ അഭിപ്രായത്തില്‍ കര്‍മ്മമെന്നത്, അന്തമില്ലാത്ത മുറികളും ഊട് വഴികളുമുള്ള ഒരു വലിയ കൊട്ടാരം പോലെയാണ്. അതിനകത്താണ് നമ്മള് ജനിക്കുകയും ജീവിക്കുകയും ഒടുവില്‍ അടുത്ത ജന്മങ്ങള്‍ക്ക് വേണ്ടതുമായി, മുറികള്‍ മാറിപ്പോകുകയും ചെയ്യുന്നത്. ‘ജീവിതം’ എന്ന കളിയുടെ നിയമമറിയാതെ കളിച്ച് കളിച്ച് അനേക ജന്മങ്ങളിലൂടെ, കൂട്ടിവച്ച കര്‍മ്മബന്ധങ്ങളുടെ ഭാരവുമായാണ് ഓരോ ജീവനും ഇവിടെ ജനിക്കുന്നത്. തുടര്‍ന്ന് പഴയ ബന്ധനങ്ങള്‍ക്ക് ഉത്തരങ്ങള്‍ കാണുന്നതിന് ഒപ്പം പുതിയവ കൂട്ടിച്ചേര്ക്കു കയും ചെയ്യുന്ന ജീവിതനാടകം നമ്മള് ആടുകയാണ്. മധുരമുള്ളത് കിട്ടുമ്പോള്‍ കൂടതല്‍ ആസ്വദിക്കുവാനും, കയ്ക്കുന്നവ കിട്ടുമ്പോള്‍ പൊട്ടികരയുവാനും പ്രേരിപ്പിക്കുന്ന ഈ അസംബന്ധ നാടകത്തില്‍ നമ്മള് കഥയറിയാത്ത കുറേ കഥാപാത്രങ്ങളാണ്.
മനുഷ്യജന്മത്തിന്റെ ശ്രേഷ്ഠതയും ലക്ഷ്യവും മറന്നുള്ള, നമ്മുടെ ദൈന്യതനിറഞ്ഞ ജീ വിതങ്ങള് കണ്ടിട്ട് പരിഹാരമായി അവര്‍ പറഞ്ഞതാണ്, നിങ്ങളുടെ ഓരോ നിമിഷത്തെ ചിന്തയും വാക്കും പ്രവൃത്തിയുമെല്ലാം, ഈശ്വരാര്‍പ്പണമായ മനോഭാവത്തോടും ത്യാഗ ബുദ്ധിയോടും കൂടി ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്. അതൊരു ഒറ്റമൂലിയാണ്. അതിന് പിന്നിലുള്ളത്, സ്രഷ്ടാവ് സൃഷ്ടിക്ക് നല്കിയ ഒരു ജീവിതരഹസ്യമാണ്. ഇവിടെ കര്‍മ്മങ്ങളില്‍ കൂടി നിങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന ബന്ധനത്തില്‍ നിന്നുള്ള മോചനവും ഈ കര്‍മ്മങ്ങളുടെ ആചരണത്തില്‍ തന്നെ അദ്ദേഹം വച്ചിട്ടുണ്ടെന്നുള്ള ജീവിത രഹസ്യം.
നാളിതുവരെ നാം നമ്മളോട് പറഞ്ഞത് ഈ കാണായ പ്രകൃതി തികഞ്ഞ മിഥ്യയാണെന്നും ഇതിനെ ഉപേക്ഷിച്ചേ പരമമായ സത്യത്തെ നേടാന്‍ കഴിയൂ എന്നൊക്കെയാണ്. അത്തരം ധാ രണകള്‍ തിരുത്തി ജീവിതത്തെ പൂര്‍ണമായും ത്യാഗബുദ്ധിയോടെ സ്വീകരിക്കുവാനാണ് ഇവിടെ പറയുന്നത്.
അങ്ങനെ സ്വീകരിക്കുമ്പോള്‍ അതില്‍ തള്ളിക്കളയുവാനായി വളരെ കുറച്ചേ ഉണ്ടാകൂ. ഇത് വളരെ വിപ്ലവകരമായ ഒരു ആശയമാണ്. അതായത് ലൗകികമെന്നും ആദ്ധ്യാത്മികമെ ന്നും രണ്ട് തരം വഴികള്‍ ജീവിതത്തിന് മുന്നിലില്ല. ഉള്ളത് ഒന്ന് മാത്രം. മഹാസംന്യാസിയ്ക്കും സാധാരണക്കാരനും ഒരേ പാതയാണ്. പരമപദത്തിലേക്ക് നീളുന്ന ആ വഴിയിലേക്കുള്ള വാതിലാണ് ഇവിടെ തുറന്ന് തരുന്നത്. അതിന്റെ ഗൗരവം ശരിക്ക് നാം അറിയുവാന്‍ വേണ്ടിയാണ് ഇതില്‍ നിന്നും അന്യമായി മറ്റൊന്നും നിങ്ങളുടെ മുന്നിലില്ല എന്ന് ദൃഢമായി ഉപനിഷത്ത് പറയുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: