വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ കർശനമാക്കണമെന്ന് അറിയിച്ച് എംവിഡി. 2019 ഏപ്രിൽ ഒന്ന് മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങൾക്കാണ് നിയമം ബാധകം. ഈ കാലയളവിൽ നിർമ്മിച്ച വാഹനങ്ങൾക്ക് രാജ്യമാകെ അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറിക്കിയിരുന്നു.
വാഹന നിർമ്മാതാക്കളാണ് നിബന്ധനകൾക്ക് അനുസൃതമായ നമ്പർപ്ലേറ്റുകൾ നിർമ്മിച്ചു നൽകുന്നത്. ശേഷം ഇത്തരം പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളുടെ വിവരങ്ങൾ ഡാറ്റവാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യണം. എങ്കിൽ മാത്രമെ ആർടി ഓഫീസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനാകൂ.
ഇത്തരം നമ്പർ പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയ്‌ക്കൊപ്പം ഉൾപ്പെടുത്തുന്നതായിരിക്കും. ഇതിന് പ്രത്യേക ചാർജ് ഈടാക്കുന്നതായിരിക്കില്ല. എന്നാൽ ഇത് പാലിക്കാതെ വാഹനം ഓടിച്ചാൽ 2,000 രൂപ മുതൽ 5,000 രൂപ വരെ പിഴ ലഭിച്ചേക്കാമെന്നും എംവിഡി വ്യക്തമാക്കി.
കേന്ദ്രസർക്കാർ നിബന്ധനകൾ
ഒരു മില്ലിമീറ്റർ കനമുള്ള അലുമിനീയം ഷീറ്റ് ഉപയോഗിച്ചായിരിക്കണം നമ്പർ പ്ലേറ്റ് നിർമ്മിക്കേണ്ടത്. കൂടാതെ ഇത് ടെസ്റ്റിംഗ് ഏജൻസി പാസാക്കിയതായിരിക്കണം. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിരിക്കും. വ്യാജപ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാനായി 20*20 മില്ലീമീറ്റർ ആകൃതിയിലുള്ള ഒരു ക്രോമിയം ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
ഹോളോഗ്രാമിൽ നീല നിറത്തിൽ അശോകചക്രമുണ്ടാകും. പ്ലേറ്റുകൾക്ക് ചുരുങ്ങിയത് അഞ്ച് വർഷത്തിനിടെ നശിച്ച് പോകാതിരിക്കുന്നതിനുള്ള ഗ്യാരന്റി ഉണ്ടാകും. ഇടത് ഭാഗത്ത് താഴെയായി പത്ത് അക്കങ്ങളുള്ള ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയിട്ടുണ്ടാകും. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളിൽ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്. പ്ലേറ്റിൽ ഇടതുഭാഗത്ത് നടുവിലായി ഐഎൻഡി എന്ന് നീല നിറത്തിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ടാകും. ഇത്തരം നമ്പർ പ്ലേറ്റുകൾ ഊരിമാറ്റാൻ സാധിക്കാത്ത വിധത്തിൽ സ്നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാകും ഘടിപ്പിക്കുക. ഇതിനാൽ തന്നെ ഊരിമാറ്റിയാൽ ഇവ പിന്നീട് ഘടിപ്പിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: