ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ നാല് പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വേണ്ടി വന്നെങ്കില്‍, സമാന്തര ബൈപ്പാസ് നിര്‍മാണം അതിവേഗത്തില്‍ കുതിക്കുന്നു.
പുതിയ ബൈപ്പാസിന്റെ ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. നിലവിലെ ബൈപ്പാസിന്റെ പടിഞ്ഞാറ് ഭാഗത്താണ് സമാന്തര ബൈപ്പാസ് നിര്‍മിക്കുന്നത്. പുതിയ ബൈപാസിന് ആകെ 350 ഗര്‍ഡറുകളാണുള്ളത്. ഇവ സ്ഥാപിക്കാന്‍ മൂന്നു മാസത്തോളം വേണ്ടി വരും. തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായ ബീച്ച് ഭാഗത്താണ് ആദ്യ ഘട്ടത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. തുടര്‍ന്നു മാത്രമേ കളര്‍കോട്, കൊമ്മാടി ഭാഗങ്ങളോടു ചേര്‍ന്നയിടങ്ങളില്‍ ഗര്‍ഡര്‍ സ്ഥാപിക്കൂ. ആകെയുള്ള 96 തൂണുകളില്‍ എണ്‍പതിലേറെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഗര്‍ഡറുകള്‍ സ്ഥാപിച്ച ശേഷം റൂഫ് സ്ലാബ് നിര്‍മാണമാണ് അടുത്ത ഘട്ടം. നാലു ഗര്‍ഡറുകളാണ് ഒരു സ്പാനില്‍ സമാന്തരമായി സ്ഥാപിക്കുക. അതിന് മുകളിലാണ് റൂഫ് സ്ലാബ് വരുന്നത്. ജൂലൈയില്‍ ബൈപ്പാസ് പൂര്‍ത്തിയാക്കാനാകുമെന്നാണു നിര്‍മാണക്കമ്പനിയുടെ പ്രതീക്ഷ.
സമാന്തര ബൈപ്പാസ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായാണ് നിര്‍മിക്കുന്നത്. അതിനാല്‍ നിര്‍മാണ ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. 2022 ആഗസ്ത് അഞ്ചിനാണ് സമാന്തര ബൈപ്പാസിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 3.43 കിലോമീറ്റര്‍ നീളത്തിലാണ് സമാന്തര ബൈപ്പാസിലെ ഉയരപ്പാത നിര്‍മിക്കുന്നത്. നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ഒടുവിലാണ് ആലപ്പുഴ ബൈപ്പാസ് 2021 ജനുവരിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകര്‍ഷണം. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969ലാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്.
മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിര്‍മാണോദ്ഘാടനം. 2001 ല്‍ ഒന്നാംഘട്ട പൂര്‍ത്തിയായി. 2004ല്‍ രണ്ടാംഘട്ടനിര്‍മാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം റെയില്‍വേ മേല്‍പ്പാലങ്ങളുടെ പേരിലും വര്‍ഷങ്ങളോളം നിര്‍മാണം വൈകി. കടമ്പകളെല്ലാം മറികടന്ന് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ 344 കോടി രൂപ ചെലവില്‍ പുതിയ എസ്റ്റിമേറ്റ് വന്നു. 2020 ജൂണ്‍ മാസത്തോടെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നെ അതിവേഗത്തില്‍ ടാറിങ്ങും നവീകരണ ജോലികളും തീര്‍ന്നു. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ ദൂരം. ഇതില്‍ 3.2 കിലോമീറ്റര്‍ ബീച്ചിന് മുകളിലൂടെയുള്ള മേല്‍പ്പാലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: