അറിവിനൊപ്പം നൈപുണ്യ വികസനവും അനിവാര്യം; ഉന്നത വിദ്യാഭ്യാസ രംഗത്ത് തിരുവനന്തപുരത്തെ ഒരു ബ്രാന്‍ഡാക്കി മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖര്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസായ മേഖലയുമായി കൈകോര്‍ക്കണം

Published by

തിരുവനന്തപുരം: തിരുവനന്തപുരത്തെ അടുത്ത അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ മുന്‍നിര വിജ്ഞാന നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന പുതിയ വിദ്യാഭ്യാസ മാതൃക സ്‌കൂള്‍ തലം തൊട്ട് നടപ്പിലാക്കുമെന്നും തിരുവനന്തുപരത്തെ വിദ്യാഭ്യാസ വികസന സാധ്യതകളെ കുറിച്ച് സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍ സംസാരിക്കവെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ മോഡറേറ്റായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായും വിദ്യാര്‍ത്ഥികളുമായി രാജീവ് ചന്ദ്രശേഖര്‍ സംവദിച്ചു. ഗേവഷണം, നൂതനാശയം, വിദ്യാഭ്യാസം എന്നിവയിലൂന്നിയുള്ള വികസനമാണ് തിരുവനന്തപുരത്തിന് വേണ്ടത്. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്ത് അനിവാര്യമാണ്.

സ്‌കൂള്‍ തലം തൊട്ട് തന്നെ മാറ്റങ്ങളാരംഭിക്കണം. നഗരത്തിലെ 30 സ്‌കൂളുകളെ മികവുറ്റ സ്‌ക്കൂളുകളാക്കുമെന്നും ക്രമേണ ഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്കും ഈ വികസനം വ്യാപിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാങ്കേതികവിദ്യാ രംഗത്ത് മെയ്ഡ് ഇന്‍ ജപാന്‍ എന്നു പറയുന്നതുപോലെ വിദ്യാഭ്യാസ രംഗത്ത് എജുക്കേറ്റഡ് ഇന്‍ തിരുവനന്തപുരം എന്നത് ഒരു സവിശേഷതയാക്കി മാറ്റണമെന്നും അതിനു സാധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

വിദ്യാഭ്യാസ രംഗത്ത് വ്യവസായ മേഖലയുടെ സഹകരണം കൂടി ആവശ്യമാണ്. നൈപുണ്യത്തിന്റെ മാനങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാലെ നിലനില്‍പ്പുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by