Categories: Varadyam

കാലം വീണ്ടെടുത്ത റാണി കി വാവ്

Published by

ഠന സംബന്ധമായി ഞാന്‍ ഗുജറാത്തില്‍ താമസിക്കുമ്പോള്‍ ഗുജറാത്തിലെ ചരിത്രസംബന്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു.

പടിക്കിണറുകള്‍ക്ക് പ്രശസ്തമാണ് ഗുജറാത്ത്. ഏകദേശം നൂറിലധികം ചെറുതും വലതുമായ പടിക്കിണറുകള്‍ ഉണ്ട്. അവയുടെ റാണിയായി അറിയപ്പെടുന്ന ഒന്നാണ് റാണി കി വാവ് എന്ന പടിക്കിണര്‍.

2018 മുതല്‍ നൂറു രൂപ നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന നിര്‍മ്മിതി ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങള്‍? റാണി കി വാവ് എന്നറിയപ്പെടുന്ന അത്ഭുത നിര്‍മ്മിതിയുടെ ചിത്രമാണിത്. പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ടിട്ടുള്ള ഒരു ആര്‍ക്കിടെക്ച്ചറല്‍ വിസ്മയമാണ് റാണി കി വാവ് അഥവാ The Queen ‘s step well. ഗുജറാത്തിലെ പാട്ടനില്‍ സരസ്വതി നദിയുടെ തീരത്താണ് ഈ പടിക്കിണര്‍ ഉള്ളത്. ഇതിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കാം. പതിനൊന്നാം നൂറ്റാണ്ടില്‍ റാണി ഉദയമതി തന്റെ ഭര്‍ത്താവ് ഭീംദേവ് ഒന്നാമന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പണി കഴിപ്പിച്ചതാണ് ചരിത്ര പ്രസിദ്ധമായ ഈ പടിക്കിണര്‍ വെള്ളപ്പൊക്കം മൂലം മണ്ണിനടിയില്‍ ആയിപ്പോയ ഈ കിണര്‍ 1940 ഓടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ആണ് കണ്ടെത്തുന്നത്. റാണി കി വാവ് ഒരു ഭൂഗര്‍ഭ ജലസംഭരണിയാണ്. ഏഴ് പടവുകളാണ് ഈ കിണറിനുള്ളത്. വാസ്തുവിദ്യാ വിസ്മയങ്ങളാണ് ഓരോ പടവുകളും. കൊത്തുപണികളുടെ ഒരു വിസ്മയം തന്നെയാണ് ഈ കിണര്‍.

ചൗലുക്യ രാജവംശത്തിന്റെ കാലത്ത് നിര്‍മ്മിച്ച ഈ വിശേഷ പടിക്കിണറിന്റെ നിര്‍മ്മാണം വിദേശികളായ ആര്‍ക്കിയോളജിസ്റ്റുകളെപ്പോലും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ചുമരുകളില്‍ കാണുന്ന കൊത്തുപണികളില്‍ മിക്കതും മഹാവിഷ്ണുവിന്റെ കഥകളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇതില്‍ വരാഹം, വാമനന്‍, പരശുരാമന്‍ കല്‍കി, ദുര്‍ഗ, അപ്‌സരസുകള്‍, ഗണേശന്‍ തുടങ്ങിയവരെ കൂടാതെ ബ്രഹ്മ-സാവിത്രി, ലക്ഷ്മി-നാരായണ്‍, ഉമാ-മഹേശ്വരന്‍ തുടങ്ങിയവരുടെ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമുണ്ട്.

ഒന്നോര്‍ത്ത് നോക്കൂ, നൂറ്റാണ്ടുകള്‍ മുമ്പ് ഭാരതീയ വാസ്തുവിദ്യയുടെ കഴിവുകള്‍.

2014 ലാണ് ഈ പടിക്കിണര്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയത്. ഭാരത സംസ്‌കാര വൈവിധ്യത്തിന്റെയും പുരാവസ്തു മികവിന്റെയും ഈ നിര്‍മ്മിതി കാണാന്‍ സ്വദേശികളും വിദേശികളുമായ നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. 2016 ലെ ഇന്ത്യന്‍ ശുചിത്വ സമ്മേളനത്തില്‍ ഇത് ഇന്ത്യയുടെ വൃത്തിയുള്ള ഐക്കണിക് പ്ലേസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by