വശിനി തുടങ്ങിയ വാക്‌ദേവതകള്‍ എട്ടു പേരാണ്. വശിനി, കാമേശ്വരി, മോദിനി, വിമലാ, അരുണാ, ജമിനീ, സര്‍വേശ്വരീ, കൗലിനീ. ഇവരുടെ ആസ്ഥാനം ശ്രീചക്രത്തിലെ ഏഴാമത്തെ ചുറ്റായ അഷ്ടകോണത്തിലാണ്. ദേവിയോട് വളരെ അടുപ്പമുള്ളവരാണ് ഈ ദേവതകള്‍. ഇവര്‍ക്ക് രഹസ്യയോഗികള്‍ എന്നും പേരുണ്ട്. ത്രൈലോക്യമോഹന ചക്രം, സര്‍വാശാപരിപൂരിക ചക്രം, സര്‍വസംക്ഷോഭരണ ചക്രം, സര്‍വാര്‍ത്ഥസാധക ചക്രം, സര്‍വസിദ്ധിപ്രദ ചക്രം. നടുവിലുള്ള ബിന്ദുവിനെ ചുറ്റിയുള്ള ത്രികോണത്തില്‍ ദേവിയുടെ ആയുധങ്ങളും മന്ത്രശക്തികളും. അതിനുതൊട്ടു സമീപമാണ് വാക്‌ദേവതകള്‍ സ്ഥിതി ചെയ്യുന്നത്.
ശ്രീചക്രത്തിന്റേയും ദേവീമന്ത്രരൂപത്തിന്റെയും രഹസ്യം വശിന്യാദി ദേവതകള്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ടാണ് അവരോട് സ്‌തോത്രം രചിക്കുവാന്‍ ആജ്ഞാപിച്ചത്. അരുണ, ഗുഹ്യക, ത്രിപുര തുടങ്ങിയ ഉപനിഷത്തുക്കളില്‍ ശ്രീചക്രത്തെപ്പറ്റി വിശദീരിക്കുന്നുണ്ട്. നാമങ്ങളെ ക്രമപ്പെടുത്തുവാനും മന്ത്രത്തിന്റെ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാനും വേണ്ടിയാണ് സ്‌തോത്രങ്ങള്‍ രചിക്കുവാന്‍ ആവശ്യപ്പെട്ടത്. വശിന്യാദി ദേവതകള്‍ക്കേ ഇതിന് കഴിയുകയുള്ളൂ. ശ്രീചക്രത്തില്‍ ബിന്ദു മുതല്‍ ദ്ദ്രപുരം വരെ ദേവിയുടെ ശരീരമാണ്. ചക്രത്തിനും ദേവിക്കും സ്ഥൂലം, സൂക്ഷ്മം, തത്ത്വമയം അല്ലെങ്കില്‍ വാസനാമയം എന്ന് മൂന്ന് അവസ്ഥകള്‍ ഉണ്ട്. നിര്‍ഗുണവും സര്‍വവ്യാപകവും ആയ പരബ്രഹ്മമാണ് ദേവി. ദേവിയുടെ സൃഷ്ടി, സ്ഥിതി, ലയനം, തിരോധാനം, അനുഗ്രഹം എന്നീ അഞ്ച് കൃത്യങ്ങള്‍ ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവയാലുള്ള ലീലകളാണെന്ന് ഭക്തര്‍ക്ക് ബോധ്യമായാല്‍ വാസനാമയമായ രഹസ്യം അറിയാന്‍ കഴിയും.അനാദിയായ പ്രപഞ്ചമാതാവിന്റെ ബീജാക്ഷരങ്ങള്‍ കാമ, യോഗി, കമലാ, വജ്രപാണി, ഗുഹാ, ഹസ്ഥാ, അതരീശ്വരന്‍, അഭ്ര, ഇന്ദ്ര, സകലമായ എന്നിവയെക്കുറിക്കുന്നു. ഏകാക്ഷര മന്ത്രത്തെ പിണ്ഡമെന്നും, രക്ഷരമുള്ളവയെ കര്‍ത്തരി എന്നും മുന്നു മുതല്‍ ഒമ്പത് വരെ അക്ഷരങ്ങളെ ബീജമെന്നും പത്തു മുതല്‍ ഒമ്പത് വരെയുള്ള അക്ഷരങ്ങളുള്ളവയെ മന്ത്രമെന്നും അതിനുമേല്‍ ഉള്ളവയെ മാലാ എന്നും പറയുന്നു.’ക’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മന്ത്രമാണ് കാദി. ‘ക’ എന്ന ദേവീരൂപം സകല അത്ഭുത ശക്തികളും പ്രദാനം ചെയ്യുന്നു. മറ്റ് വിദ്യകളില്‍ വച്ച് കാദി വിദ്യയാണ് മുന്നില്‍ നില്‍ക്കുന്നത്. അതില്‍ മാത്രമാണ് 36 തത്ത്വങ്ങളും എല്ലാറ്റിനും ഉപരിയായ ബ്രഹ്മത്തേയും സൂചിപ്പിക്കുന്നത്.
36 തത്ത്വങ്ങള്‍
ശിവ, ശക്തി, സദാശിവ, ഈശ്വര, ശുദ്ധവിദ്യ, മായ കാല കലാ വിദ്യാ രാഗ നിയതി പുരുഷ പ്രകൃതി അഹങ്കാര ബുദ്ധി മനസ്സ് ശ്രോത്രം ചക്ഷുസ്സ്, ജിഹ്വം (വാക്ക്) ത്വക്ക് നാസിക കൈ, കാല് ജിഹ്വ (രസം) ഉപസ്ഥം പായു ആകാശതന്മാത്ര വായുതന്മാത്ര അഗ്നിതന്മാത്ര ജലതന്മാത്ര പൃഥ്വിതന്മാത്ര, മഹാഭൂത ആകാശം മഹാഭൂത വായു, മഹാഭൂത അഗ്നി, മഹാഭൂത ജലം, മഹാഭൂത പൃഥ്വി. ഗായത്രിയിലെ തത് എന്നത് പഞ്ചദശാക്ഷരിയിലെ ആദ്യബീജാക്ഷരമായ ‘ക’ ആകുന്നു.
‘മഹാചതുഷഷ്ടികോടി യോഗിനീ ഗണസേവിതാ ‘എന്ന നാമത്തില്‍ ബ്രാഹ്മീ, മഹേശ്വരീ, കൗമാരീ, വൈഷ്ണവീ, വാരാഹീ, മാഹേന്ദ്രീ, ചാമുണ്ഡാ മഹാലക്ഷ്മി എന്ന പ്രകടയോഗിനികളും അവരുടെ അംഗങ്ങളില്‍ നിന്നുണ്ടായ യോഗിനിമാരുമെല്ലാം ദേവിയുടെ മൂര്‍ത്തീഭാവങ്ങളാകുന്നു.
ദേവിയുടെ വ്യത്യസ്ത ഭാവങ്ങളാണ് യോഗിനികള്‍ക്കുള്ളത്. അവര്‍ക്ക് 51 ശക്തികളുണ്ട്. ഇവരെ പൂജിച്ചാല്‍ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന യോഗിനിമാരുമായി ഐക്യഭാവനയുണ്ടാകും. യോഗിനികളാണ് സപ്തധാതുക്കളെ പുഷ്ടിപ്പെടുന്നത്. ഡാകിനി ത്വക്കിനെയും രാകിനി രക്തത്തിന്റെയും ലാകിനി മാംസത്തിന്റെയും കാകിനി മേദസ്സിന്റെയും സാകിനി അസ്ഥിയുടെയും ബാഹിനി മജ്ജയുടെയും യാകിനി ശുക്ലത്തിന്റെയും ശക്തിയെ വളര്‍ത്തുന്നു. ഇവരുടെ ചക്രവും യഥാക്രമം വിശുദ്ധി, അനാഹത, മണിപൂരകം, സ്വാധിഷ്ഠാനം, മൂലാധാരം, ആജ്ഞാ, സഹസ്രാരം എന്നിങ്ങനെയാണ്. ‘ക’ യില്‍ തുടങ്ങുന്ന പഞ്ചദശാക്ഷരീ ജപ അവസാനത്തില്‍ സഹസ്രനാമം ഉരുവിടണം. ശ്രീചക്രത്തില്‍ ദേവിയെ ആവാഹിച്ച് തുളസിയോ കൂവളമോ താമരപ്പൂവ് കൊണ്ടോ പൂജിക്കുകയാണെങ്കില്‍ ദേവി പെട്ടെന്ന് പ്രസാദിക്കുമെന്ന് പറയുന്നുണ്ട്.
പൂജയോ ജപമോ ഉപാസകന് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സഹസ്രനാമോച്ചാരണം മാത്രം മതിയാകും ദേവീകൃപ ലഭിക്കുവാന്‍. വശിന്യാദി വാഗ് ദേവതകള്‍ ശ്രീമാതാവിന്റെ ആജ്ഞയനുസരിച്ച് രചിച്ച സഹസ്രനാമം ‘രഹസ്യനാമ സാഹസ്രം’ എന്ന പേരില്‍ പ്രസിദ്ധമായി. ദേവിതന്നെ ദേവന്മാരോടും അനുചരരോടും സഹസ്രനാമ സ്‌തോത്രത്തെ നിത്യവും ഭക്തിയോടെ ജപിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പ്രീതി കൊണ്ട് ഭക്തരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റപ്പെടും. അതിനാല്‍ ശ്രദ്ധ, ഭക്തി എന്നിവയോടെ നാമം ജപിച്ചുകൊള്ളുക.
രഹസ്യങ്ങളില്‍ വച്ച് രഹസ്യമായതും ദേവിക്ക് പ്രീതി നല്‍കുന്നതുമാണിത്. സര്‍വരോഗ പ്രശമനവും ലൗകികാഭിവൃദ്ധിയും (സമ്പത്ത്) ദീര്‍ഘായുസ്സും ലഭിക്കും. പുത്രസമ്പത്ത് മാത്രമല്ല, അനേക കോടി പുണ്യവും ലഭിക്കും. ഒരു നാമം ഉച്ചരിക്കുന്നവന് പോലും മഹാപാപങ്ങള്‍ നശിക്കും. സഹസ്രനാമം പഠിക്കുന്നവന്റെ നേരെ ഏത് പാപം ചെയ്താല്‍ അതെല്ലാം ദേവി അവര്‍ക്കുനേരെ തിരിച്ചുവിടും. സഹസ്രനാമം നിത്യം ആദരവോടെ പാരായണം ചെയ്യുക. ഇഷ്ടയായ ദേവി എന്നും അഭീഷ്ടത്തെ തരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: