വലയെന്ന ജ്ഞാനം ഉണ്ടായിരുന്നത് ചിലന്തിയിലാണ്. അതനുസരിച്ച് വലയെ രൂപപ്പെടുത്തിയെടുക്കുന്നതും ചിലന്തിയാണ.് എല്ലാ കുറവുകളും നികത്തി ആ വലയെ നിലനിര്‍ത്തുന്നതും ചിലന്തി തന്നെ. ഒടുവില്‍ വലയെ ഉപേക്ഷിച്ച്, ഇതിനെയെല്ലാം വെറും മാറാലകൂട്ടമായി മാറ്റുന്നതും, ഇതേ ചിലന്തിയാണ്.
ഇപ്രകാരം സൃഷ്ടിക്ക് പിന്നിലെ ജ്ഞാനകാരണവും, അതിനെ ഉണ്ടാക്കി, നിലനിര്‍ത്തുന്ന സ്ഥിതിയുടെ കര്‍ത്താവും, ഒടുവില്‍ എല്ലാറ്റിനും കാരണമായ തന്റെ ഇച്ഛയെ പൂര്‍ണ്ണമായി പിന്‍വലിക്കുമ്പോള്‍ സൃഷ്ടിക്ക് നേരിടുന്ന സര്‍വനാശത്തിനും ഏക കാരണം, നിത്യസത്യമായ ആ ഈശ്വരനാണ്.
വാക്കുകള്‍ക്ക് അതീതമായ ‘അവന്റെ’ ഈ പ്രഭാവത്തെ നേരില്‍ അറിഞ്ഞ ഭാരതീയ ഋഷിമാര്‍, മൂന്ന് മുഖങ്ങളിലൂടെ അവനെ വ്യാഖ്യാനിച്ചു. അതാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന്. നാനാ ദിക്കിലേക്കും ഇതളുകളായി വിരിഞ്ഞുനില്ക്കുന്ന പ്രപഞ്ചമായ താമരയുടെ ഉള്ളിലെ ജ്ഞാനമാണ്, വേദങ്ങളുമായി താമരയ്ക്കുള്ളില്‍ ഇരിക്കുന്ന നാന്മുഖന്, അഥവാ സൃഷ്ടിയുടെ കര്‍ത്താവായ ബ്രഹ്മാവ്. ആ ഭാവത്തില്‍ അവിടുന്ന് ഇതെല്ലാം സൃഷ്ടിച്ച് എടുക്കുന്നു.
ജലത്തില്‍ നിന്ന്, ഉണ്ടായി വരുന്ന ഈ സൃഷ്ടിവ്യവസ്ഥിതിയുടെ നിലയും അദ്ദേഹം ജലത്തില്‍ തന്നെയാക്കി. മഴയായി പെയ്ത്, ആസന്നമായി രൂപപ്പെട്ട്, ബീജമായും അണ്ഡമായും മാറി ജലം തന്നെ ഈ ആവാസവ്യവസ്ഥയെ കാലങ്ങളായി നിലനിര്‍ത്തുന്നു. ഇതിന് ജലത്തെ പ്രാപ്തമാക്കുന്നത് അതില്‍ ലയിച്ച് ചേര്‍ന്നിരിക്കുന്ന സര്‍വേശ്വരന്റെ ഇച്ഛയാണ്. അതാണ് ജലത്തില്‍ ശയിക്കുന്ന (നാരത്തില് ശയിക്കുന്ന) ‘നാരായണന്’അഥവാ സ്ഥിതിയുടെ കര്‍ത്താവ് വിഷ്ണു. ആ രൂപത്തില്‍ അവിടുന്ന് ഇതിനെയെല്ലാം നിലനിര്‍ത്തുകയും അഥവാ പരിപാലിക്കുകയും ചെയ്യുന്നു.
ഒടുവില്‍ ആത്യന്തികമായ നാശം സംഭവിക്കുന്നത് സൃഷ്ടിക്കാണ്, ആത്മാവായി ഇതിനെയെല്ലാം ധരിക്കുന്ന ഈശ്വരന് അല്ല എന്ന മഹാതത്ത്വമാണ്, ചൂടലഭസ്മം പൂശിയ കാലനും കാലനായ (കാലത്തിനും അപ്പുറമുള്ള) സദാ ധ്യാനത്തിലിരിക്കുന്ന (‘സ്വ’ മഹിമയില്‍ സ്ഥിതിചെയ്യുന്ന) പരമശിവന്. ഒടുവില്‍ ‘ഞാനും’ ‘നീ’യുമെന്ന കളി മതിയാക്കി, കാലാതീതനായി, ഏകനായി വര്‍ത്തിക്കുന്ന സത്യസ്വരൂപന് നിലയാണ്, അവനെ സംഹാരങ്ങളൂടെ കര്‍ത്താവുമാക്കുന്നത്.
ഈ മൂന്ന് ഭാവങ്ങളിലുമായി ദര്‍ശിച്ച, ഏകനായ ഈശ്വരന്റെ ഇച്ഛാശക്തിയോടു ചേര്‍ന്ന് വര്‍ത്തിക്കുന്ന സാക്ഷാത്കാരശക്തിയെയും അവര്‍ മൂന്നായി തന്നെ കണ്ടു. അതാണ് സര സ്വതിയായും, ലക്ഷ്മിയായും, പാര്‍വതിയായും അവരോടൊപ്പം നില്‍ക്കുന്നത്. ഇങ്ങനെ പല പല രൂപങ്ങളിലായി ഭാരതീയര്‍ ആരാധിച്ച് വരുന്നത്, മനുഷ്യന്റെ പരിമിതികളിലേക്ക് ഒതുക്കുവാന്‍ കഴിയാത്ത, ആദിയും മധ്യവും അന്തവുമായി നിറഞ്ഞ് വ്യാ
പിക്കുന്ന അനന്തപ്രഭാവനായ ഒരേയൊരു ഈശ്വരനെത്തന്നെയാണ്.
ചിലന്തിയാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു മാറാല കൂട്ടമല്ല ഈ ലോകം. സൃഷ്ടിക്കപ്പെട്ട സമയം മുതല്‍ ഇതിനെ പൂര്‍ണമാക്കികൊണ്ട് അഥവാ പരിപാലിച്ചുകൊണ്ട് ഈശ്വരനും ഇവിടെതന്നെയുണ്ട്. ജീവാത്മാവായും പരമാത്മാവായും നില്ക്കുന്ന അവന്റെ പൂര്‍ണതയില്‍ നിന്ന് തുടങ്ങി, ആ പൂര്‍ണതയില്‍ കുറച്ച് സമയം നിലനിന്ന്, അതില്‍ തന്നെ ലയിച്ച് ചേരുകയും ചെയ്യുന്ന ഒരു ഭ്രമം മാത്രമാണ് ഈ ലോകം. ഇവിടുത്തെ ജീവിതമെന്ന ജീവന്റെ നാടകവും, അത് നടക്കുന്ന അരങ്ങും, കാണുന്ന പ്രേക്ഷകനും, അവന് ഇരിക്കുന്ന വിശാലമായ മൈതാനവും എല്ലാം, അനന്ത മായ ആ ബോധസ്വരൂപത്തിലെ വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ആ നിഗൂഢവും, സ്പഷ്ടവുമായ സത്യമാണ്, ജീവിതംകൊണ്ട് നാം അനുഭവിച്ച് അറിയേണ്ടത്.
നമ്മുടെ യഥാര്‍ത്ഥസ്വരൂപം ഈശ്വരീയമാണ്. അതാണ് നമ്മള് ആദ്യം തിരിച്ചറിയേണ്ട സത്യം. സ്വന്തം ജീവിതം കൊണ്ട് അവനവനിലുള്ള ആ ഈശ്വരനെയാണ് ഓരോ മനുഷ്യനും കണ്ടത്തേണ്ടത്. അത് മാത്രമാണ് ഭാരതസംസ്കൃതി വിഭാവനചെയ്യുന്ന മോക്ഷം. അതിന് സഹായകമാകട്ടെ ഈ ഉപനിഷത് പഠനം. സര്‍വലോകങ്ങളും വ്യാപിച്ചിരിക്കുന്ന പരമാത്മാവേ.. ആധിഭൗതികവും ആധിദൈവികവും ആദ്ധ്യാത്മികവുമായ താപത്രയങ്ങള്‍ക്ക് ശാന്തിയരുളേണമേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: