നാം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ് ശാന്തി പാഠങ്ങള്‍ക്ക് ഒടുവില്‍ ചൊല്ലാറുള്ള മൂന്ന് ലോകങ്ങള്‍ക്കുമുള്ള ശാന്തികള്‍. അവ ബാഹ്യമായ അര്‍ത്ഥത്തില്‍ മാത്രമാണ് വേറെ വേറെ ലോകങ്ങളാകുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് മൂന്നും നമ്മുടെ ഈ ലോകം കടന്നുവന്ന മൂന്ന് പടവുകളാണ്. ഇതിലൂടെയാണ് ഈ ലോകം ഈരൂപത്തെ പ്രാപിച്ചിരിക്കുന്നത്. ശാന്തി ഇതില്‍ ഓരോന്നിലും ചെല്ലാതെ ആ പ്രാര്‍ത്ഥന പൂര്‍ണമാകില്ല. അതുകൊണ്ടാണ് ഒന്നായി കാണപ്പെടുന്ന ഈ ലോകത്തിന് ശാന്തി മൂന്നായി നേരുന്നത്. ഇവിടുത്തെ എല്ലാ പദാര്ത്ഥങ്ങളേയും (അവസ്ഥകളേയും) കാലം സൃഷ്ടിച്ചെടുക്കുന്നത്, അതിന്റെ ആധിഭൗതികവും ആധിദൈവികവും ആദ്ധ്യാത്മികവുമായ മൂന്ന് സ്പന്ദനങ്ങളിലൂടെയാണ്. നാം ഒരു വസ്തുവിനെ കാണുമ്പോള്‍ അതിന്റെ ദ്രവ്യഭാഗത്തെ മാത്രമാണ് കാണുന്നത്. അതിനൊരു കാലമുണ്ട്. അതാണ് ആധിഭൗതികം. എന്നാല്‍ ആ വസ്തുവിനെ ആ രൂപത്തിലാക്കുന്നത് വ്യക്തമായ ഒരു ഊര്ജത്തിന്റെസംവിധാനമാണ്. ആ ശക്തിലോകത്തെയാണ് ആധിദൈവികമെന്ന് പറയുന്നത്. അതിന് മ റ്റൊരു കാലമാണ്. എന്നാല്‍ എല്ലാത്തിലുമുള്ള ആത്മാവിന്റെ അല്ലെങ്കില്‍ ബോധത്തിന്റെ തലമാണ് ആദ്ധ്യാത്മികമെന്ന് പറയുന്നത്. അതിനുള്ളത് കാലാതീതമായ സത്തയാണ്.
ഉദാഹരണമായി നമുക്ക് നമ്മുടെ ശരീരത്തെതന്നെയെടുക്കാം. ഇതിന്റെ ദ്രവ്യമായ ഘടനയെയാണ് ശരീരമായി നാം കാണുന്നത്. അതാണ് ആധിഭൗതികമായ ലോകാവസ്ഥ. ഇതിന് ഇതിന്റേതായ ഒരു നിലനില്‍പ്പ് കാലമുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കാലമുണ്ട്. അതാണ് നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിച്ച് അതില്‍ നിന്ന് ഊര്‍ജത്തെ വേര്‍തിരിച്ച്, രക്തത്തിലൂടെ ശരീരഭാഗങ്ങളിലെല്ലാമെത്തിച്ച് എല്ലാ അവയവങ്ങളേയും പ്രവര്‍ത്തിപ്പിച്ച്, ജീവസ്സുറ്റതാക്കുന്ന ഒരു സംവിധാനമായി നില്‍ക്കുന്നത്.
ഈ ശരീരത്തെ ഉണ്ടാക്കിയെടുത്തതുമുതല് അത് നമ്മുടെ ഉറക്കത്തിലും ഉണര്‍വിലുമെല്ലാം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഈ ലോകമാകുന്ന ശരീരത്തിന് പുറകിലും ആ ശക്തിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഊര്‍ജത്തിന്റെ, അല്ലെങ്കില്‍ പ്രാണന്റെ ആ തലത്തിനെയാണ് ആധിദൈവികമായ ലോകം എന്ന് പറയുന്നത്. ഇത് ശരീരം നശിക്കുമ്പോള്‍ തീരുന്നതല്ല. ഊര്‍ജത്തിന് ദ്രവ്യത്തിന്റെ നാശമില്ലല്ലോ? അത് പിന്നേയും തുടരും. അതായത് ശരീരത്തിന്റേതല്ലാത്ത ഒരു കാലവിശേഷമാണ് അതിനുള്ളത്. ഇനിയുള്ളത് ആദ്ധ്യാത്മികമാണ്. അത് ബോധത്തിന്റെ തലമാണ്. ഒരുകാലത്തും നശിക്കാത്ത കാലാതീതമായ ഒരു നിലനില്‍പ്പ് അതിനുണ്ട്. മനസ്സ് അതിന്റെ ഭാഗമാണ്. ശരീരം ഉറങ്ങുമ്പോഴും സ്വപ്നമായി ഉണര്‍ന്നിരിക്കുവാനും, ശിക്ഷണത്തിലൂടെ ശരീരതലത്തെ വിട്ട് മറ്റ് കാലങ്ങ ളിലുള്ള ലോകങ്ങളിലേക്ക് മനസ്സിനെ ഉയര്‍ത്തുവാനും സാധിക്കുന്നത് അത് ശരീരത്തിന്റെ കാലത്തിലല്ലാതെ നില്‍ക്കുന്നത് കൊണ്ടാണ്.
ഹിന്ദു ദര്‍ശനങ്ങളുടെ അടിസ്ഥാനമാണ് ഈ കാഴ്ച. അതുകൊണ്ട് ഇത് നന്നായി മനസ്സിലാക്കിയിരിക്കണം. ഒരു ഉദാഹരണം കൂടി പറയാം. കാലത്തിനെ നാം ആരും കണ്ടിട്ടില്ല. എന്നാല്‍ അതിന് നമ്മള് രൂപം കൊടുത്തിട്ടുണ്ട്. റിസ്റ്റ് വാച്ചിലൂടെ കയ്യില്‍ കെട്ടുന്നതും നോക്കുന്നതും ആ കാലത്തിനെയാണ്.
അതില്‍ ക്ഷണികമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ് സെക്കന്റ് സൂചി. ക്ഷണികമെന്ന് പറയുവാന്‍ കാരണം നിമിഷങ്ങളുടെ ചലനമാണ് അത് കാണിക്കുന്നത്. അതിന്റെ വില നിമിഷങ്ങളില്‍ ഒതുങ്ങുന്നതാണ്. മാത്രമല്ല സാധാരണക്കാരായ നമ്മളെ സംബന്ധിച്ച് വാച്ച് ഓടുന്നുണ്ട് എന്ന സ്ഥിരീകരണം മാത്രമേ അത് ചെയ്യുന്നുള്ളൂ. അത്പോലെ സദാ ചലിച്ച് (മാറി) കൊണ്ടിരിക്കുന്ന ഈ ലോകവും, ഉണ്മയുടെ ഒരു സ്ഥിരീകരണം മാത്രമാണ്. നൈമിഷികമായ ആ സൂചിയുടെ നിലപോലെ ബാഹ്യമായി ചലിച്ചുനില്ക്കുന്ന, പ്രപഞ്ചമെന്ന വ്യവസ്ഥിതിയുടെ പ്രകടഭാവത്തെയാണ് ആധിഭൗതികമെന്ന് വിളിക്കുന്നത്.
എന്നാല്‍ ഇതിലെ ചെറിയ സൂചി മറ്റൊരു വേഗത്തിലാണ് ചലിക്കുന്നത്. അതാണ് ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള അക്കങ്ങളെ താണ്ടുന്നത്. ഓരോ അക്കത്തിലും അല്പനേരം നിന്ന് അതിനെല്ലാം ഉണ്മ ഉണ്ടാക്കി കൊടുക്കുന്നതുപോലെയാണ് അത് ചലിക്കുന്നത്. അതുപോലെ ഒന്നായ സത്തയെ ശരിക്കും പലതായി വ്യാഖ്യാനിച്ച് ഈ ലോകത്തെ ഉണ്ടാക്കുന്ന ഊര്‍ജത്തിന്റെ തലമാണ് രണ്ടാമത്തേത്. ഇതാണ്, ഈശ്വര സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് വൈവിധ്യമാര്‍ന്ന ലോകത്തെ സൃഷ്ടിച്ച് നിലനിര്‍ത്തുന്ന പ്രാപഞ്ചികമായ ശക്തിയുടെ, ആധിദൈവികമായ കാലസ്പന്ദനം. ഏകനായ ഈശ്വരനെ പലതാക്കി കാണിക്കുന്ന ദൈവികമായ ശക്തിമണ്ഡലം.
ഈ കാലത്തില്‍ നിന്നെല്ലാം മാറിയും അതേ സമയം ഇതിനെല്ലാം ഉണ്മയും കൊടുത്തുകൊണ്ട് കാലാതീതമായ ഒരു സത്തയും ഇതിലൂടെ വര്‍ത്തമാനമായ അവസ്ഥയില്‍ നിന്ന് പ്രകാശിക്കുന്നുണ്ട്. അങ്ങനെ കൈവരുന്ന ഒരു കാലസത്തയും ജീവികളിലെല്ലാമുണ്ട്. അതാണ് വലിയ സൂചി പ്രതിനിധീകരിക്കു ന്ന ആദ്ധ്യാത്മികമായ പ്രപഞ്ചസത്ത. ഒന്നിനോടും ബന്ധമില്ലാത്തതും എന്നാല്‍ എല്ലാമായും ബന്ധപ്പെട്ട് കിടക്കുന്ന കാലസത്തയാണ് അത്. ഈ മൂന്ന് കാലങ്ങളെയും ഗണിച്ചാണ് നമ്മള് വാച്ചിലൂടെ അനന്തമായ സമയത്തെ കാണുന്നത്. അതുപോലെ മൂന്ന് നിലകളിലൂള്ള സമയപാളികളെ കൂട്ടിച്ചേര്‍ത്ത്, കാണുവാന്‍ കഴിയാത്ത ലോകമെന്ന സങ്കല്‍പ്പത്തെ, കാണുവാന്‍ കഴിയുന്ന രീതിയില്‍ കാലം സൃഷ്ടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: