ഈശ്വരാരാധനാമന്ദിരങ്ങളായ ക്ഷേത്രങ്ങള്‍, മറ്റു മതക്കാരുടെ ആരാധനാലയങ്ങള്പോലെയല്ല. കല്ലിലും കുമ്മായത്തിലും പടുത്തുയര്‍ത്തിയ ‘ക്ഷേത്രപ്രാകാരങ്ങള്‍’ മനുഷ്യദേഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. താന്ത്രികയന്ത്രമാണ് ഹിന്ദുവിന്റെ ‘ക്ഷേത്ര’മെന്നു പൊതുവേ പറയാം.
ശ്രീകോവില്‍, അകത്തെ ബലിവട്ടം, വിളക്കുമാടം, പുറത്തെ ബലിവട്ടം, പുറമതില്‍ തുടങ്ങിയ പഞ്ചപ്രാകാരങ്ങള് സ്ഥൂലദേഹാംഗങ്ങളേയും പ്രതിഷ്ഠിതവിഗ്രഹത്തിനടിയിലുള്ള പീഠം, നപുംസകശില, യോഗനാളം, കൂര്‍മ്മം, പദ്മം, നിധികുംഭം, ആധാരശില എന്നിവ സഹസ്രാരം തൊട്ടു മൂലാധാരംവരെ സ്ഥിതിചെയ്യുന്ന യോഗചക്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂക്ഷ്മദേഹാവയവങ്ങളേയും പ്രതിനിധാനം ചെയ്യുന്നു.
ഭൂമിക്കു സമാന്തരമായും ലംബമായും സ്ഥൂലസൂക്ഷ്മദേഹങ്ങളെ വിന്യസിക്കുമ്പോള്‍, ഏറ്റവും മദ്ധ്യത്തിലുള്ളതും ഏറ്റവും ഉപരിതലത്തിലുള്ളതുമായ സഹസ്രാരസ്ഥാനത്തുതന്നെയാണ് ചൈതന്യമൂര്‍ത്തിയായ ദേവവിഗ്രഹം പ്രതിഷ്ഠിക്കപ്പെടുന്നത്. ഇങ്ങനെ പണിതീര്‍ത്ത ദേഹം വെറും സ്ഥൂലദേഹത്തെയാണല്ലോ പ്രതിനിധാനം ചെയ്യുന്നത്. അതില്‍ ജീവന് പ്രാണശക്തി രൂപേണ പ്രസരിപ്പിക്കുന്ന അവസരത്തില്‍ മാത്രമാണല്ലോ ദേഹം ചൈതന്യവത്തായിത്തീരുന്നത്.
അങ്ങനെ പണിതീര്‍ത്ത പ്രാസാദത്തില്‍, ശില്പി കൊണ്ടുവന്ന വിഗ്രഹം പൂജാ ഹോമ കലശാഭിഷേകങ്ങളായ സങ്കീര്‍ണ്ണതാന്ത്രികക്രിയകളിലൂടെ ആചാര്യന് പ്രതിഷ്ഠിക്കുമ്പോള്‍ വാസ്തവത്തില്‍ നടക്കുന്നത് കഠോരമായ തപശ്ശക്തിയാലും മന്ത്രോപാസനയാലും ആചാര്യദേഹത്തില് നിറഞ്ഞുനില്ക്കുന്ന ആദ്ധ്യാത്മികചൈതന്യത്തിന്റെ ഒരു ‘കണിക’ ക്ഷേത്രമാകുന്ന ദേഹത്തില്‍ നിക്ഷേപിക്കുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: